Sub Lead

കര്‍ഷക കൂട്ടക്കൊല: അമിത് ഷായുടെ വീട് വളഞ്ഞ് യൂത്ത് കോണ്‍ഗ്രസ്

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കാത്തതിലും, കര്‍ഷകരെ കൊലചെയ്ത മകന്‍ ആശിഷ് മിശ്രയെ അറസ്റ്റു ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് അമിത് ഷായുടെ വീടിന് മുന്‍പില്‍ സമരം നടത്തുന്നത്.

കര്‍ഷക കൂട്ടക്കൊല:  അമിത് ഷായുടെ വീട് വളഞ്ഞ് യൂത്ത് കോണ്‍ഗ്രസ്
X



ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരനായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ വീട് വളഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കാത്തതിലും, കര്‍ഷകരെ കൊലചെയ്ത മകന്‍ ആശിഷ് മിശ്രയെ അറസ്റ്റു ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് അമിത് ഷായുടെ വീടിന് മുന്‍പില്‍ സമരം നടത്തുന്നത്. അമിത് ഷായുടെ വസതിയിലേക്ക് പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് മുന്നോട്ട് കുതിച്ച പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു.


ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് ബിജെപി സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. അതേസമയം, തെളിവുകളില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന നിലപാടിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവരും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. സുപ്രിംകോടതിയുടെ പറയുന്നതുപ്രകാരം ആരെയും തെളിവുകളില്ലാതെ അറസ്റ്റുചെയ്യാന്‍ കഴിയില്ല. അന്വേഷണം തുടരുകയാണ്. രേഖാമൂലമുള്ള പരാതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആരെയും ഒഴിവാക്കിയിട്ടില്ല. ആര്‍ക്കും നീതി ലഭിക്കാതിരിക്കുകയുമില്ല. എന്നാല്‍, സമ്മര്‍ദങ്ങളുടെ പേരില്‍ ആര്‍ക്കെതിരെയും നടപടി സ്വീകരിക്കില്ലെന്നും യോഗി വ്യക്തമാക്കി.


കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും തെളിവില്ലെന്ന് പറഞ്ഞ് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് യുപി ഭരണകൂടം സ്വീകരിക്കുന്നതെന്ന് സമരക്കാര്‍ പറഞ്ഞു.

ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. നാലുകര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായിയിരുന്നു.

Next Story

RELATED STORIES

Share it