Sub Lead

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: സുള്ള്യയില്‍ സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടത് കാസര്‍കോട്ടെ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ (വീഡിയോ)

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: സുള്ള്യയില്‍ സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടത് കാസര്‍കോട്ടെ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ (വീഡിയോ)
X

മംഗളൂരു: യുവമോര്‍ച്ച പ്രാദേശിക നേതാവ് പ്രവീണ്‍കുമാര്‍ നെട്ടരുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സുള്ള്യയില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത് കാസര്‍കോട്ടെ ബിജെപി- ആര്‍എസ്എസ് നേതാവ് പി രമേശന്റെ നേതൃത്വത്തില്‍. കാസര്‍കോട് ബിജെപി മുന്‍ ജില്ലാ വൈസ് പ്രസിഡന്റും ഇപ്പോള്‍ നഗരസഭാ കൗണ്‍സിലറുമായ രമേശന്‍ അക്രമം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കമാണ് പുറത്തുവന്നിരിക്കുന്നത്. തെരുവില്‍ അക്രമം അഴിച്ചുവിട്ട പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കര്‍ണാടക പോലിസ് ലാത്തിവീശിയപ്പോള്‍ പ്രതിഷേധവുമായി രമേശന്‍ രംഗത്തുവരുന്നുമുണ്ട്.


പോലിസിനെതിരേ രമേശന്‍ കയര്‍ക്കുന്നതും പോലിസ് രമേശന് നേരേ ലാത്തിച്ചാര്‍ജ് നടത്തുന്നതും വിരട്ടിയോടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാസര്‍കോട്, മഞ്ചേശ്വരം ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് സുള്ള്യയിലും ബെല്ലാരിയിലും അക്രമം നടത്തിയത്. അക്രമാസക്തരായ പ്രവര്‍ത്തകര്‍ മുസ്‌ലിം പള്ളിക്ക് നേരേ കല്ലെറിയുകയും ചെയ്തു. കഴിഞ്ഞ ദിവസം സുള്ള്യയില്‍ ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ മുഹമ്മദ് മസ്ഊദിന്റെ മൃതദേഹം മറവുചെയ്ത മസ്ജിദിന് നേരേയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഈ സംഭവം നടക്കുന്നത് രമേശന്റെ സാന്നിധ്യത്തിലാണ്.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരുന്നവരെ നേരിടാന്‍ പോലിസെത്തിയതോടെ പ്രവര്‍ത്തകര്‍ സമീപത്ത് അടച്ചിട്ട കടകളുടെ ഭാഗത്തേക്ക് ഓടിക്കയറി. എന്നാല്‍, പോലിസ് പിന്നാലെയെത്തി ഇവരെ ലാത്തിവീശി വിരട്ടിയോടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രവീണ്‍ കുമാര്‍ നെട്ടറുവിന്റെ കൊലപാതകത്തില്‍ ബിജെപിക്കെതിരേയും പ്രതിഷേധമുണ്ടായി. രമേശന്റെ നേതൃത്വത്തിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എംപിയുടെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. നളിന്‍, മന്ത്രി സുനില്‍കുമാര്‍, പുത്തൂര്‍ എംഎല്‍എ സഞ്ജീവ മറ്റന്തൂര്‍ എന്നിവര്‍ ബെല്ലാരെയില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലിസ് ലാത്തിചാര്‍ജ് നടത്തിയാണ് ഓടിച്ചത്.

ഹിന്ദുത്വ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത് തടയാന്‍ കഴിയാത്തതില്‍ ബിജെപി നേതൃത്വത്തിനും കര്‍ണാടക സര്‍ക്കാരിനുമെതിരേ രോഷാകുലരായ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. 'ഡൗണ്‍ ഡൗണ്‍ ബിജെപി' എന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് കര്‍ണാടകയുടെ പല ഭാഗങ്ങളിലും യുവമോര്‍ച്ച അംഗങ്ങള്‍ സംഘടനയില്‍ നിന്ന് കൂട്ടരാജി പ്രഖ്യാപിച്ചിരിക്കുകയാണ്.

മംഗളൂരുവിലെ മൂന്ന് താലൂക്കുകളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വിശ്വഹിന്ദു പരിഷത്ത് ബന്ദിന് ആഹ്വാനവും ചെയ്തിരുന്നു. കാസര്‍കോട് ബിജെപിയിലെ വിഭാഗീയതയെത്തുടര്‍ന്ന് ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചയാളാണ് രമേശന്‍. സംസ്ഥാന നേതൃത്വത്തിനെതിരേയും രമേശന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം രംഗത്തുവന്നിരുന്നു.

കേന്ദ്ര സര്‍വകലാശാല നിയമനങ്ങളില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വന്‍ തുക കോഴ വാങ്ങിയെന്നായിരുന്നു ബിജെപി നേതാക്കളുടെ ആരോപണം. പണം നല്‍കിയിട്ടും നിയമനം ലഭിക്കാത്തവര്‍ ജില്ലാ പ്രസിഡന്റ് രവീശ തന്ത്രിക്ക് പരാതി നല്‍കി. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാടിനെതിരേ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാത്തത് സുരേന്ദ്രന്റെ കോഴ ഇടപാട് ഇവര്‍ പുറത്തുവിടുമെന്ന് ഭയന്നാണെന്നും രമേശന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it