Sub Lead

യുഎസ് തിരഞ്ഞെടുപ്പ്: വര്‍ഗീയ വിഷം ചീറ്റി സീ ന്യൂസ്

ഡോണള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തെ 'ദേശീയത'യും 'മുസ്ലിം കാര്‍ഡും' തമ്മിലുള്ള ഏറ്റുമുട്ടലായാണ് ടീറ്റിലൂടെ സീ ന്യൂസ് പ്രചരിപ്പിച്ചത്.

യുഎസ് തിരഞ്ഞെടുപ്പ്: വര്‍ഗീയ വിഷം ചീറ്റി സീ ന്യൂസ്
X

ന്യൂഡല്‍ഹി: യുഎസ് തിരഞ്ഞെടുപ്പിന് സാമുദായിക നിറം നല്‍കി സീ ന്യൂസിന്റെ വര്‍ഗീയ വിഷം ചീറ്റല്‍. ഡോണള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തെ 'ദേശീയത'യും 'മുസ്ലിം കാര്‍ഡും' തമ്മിലുള്ള ഏറ്റുമുട്ടലായാണ് ടീറ്റിലൂടെ സീ ന്യൂസ് പ്രചരിപ്പിച്ചത്.

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ഷോയെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ട്വീറ്റിലായിരുന്നു 'ദേശീയത' വിജയിക്കുമോ അതോ 'മുസ്ലിം കാര്‍ഡ്' വിജയിക്കുമോ എന്ന് സീ ന്യൂസ് ട്വീറ്റിലൂടെ പ്രേക്ഷകരോട് ചോദിച്ചത്.

ഡോണള്‍ഡ് ട്രംപിനെ ദേശീയതുമായും ഇന്ത്യന്‍ ഭരണകൂടത്തിന്റെ അജണ്ടകളുമായും ഭംഗിയായി ബന്ധിപ്പിക്കുകയും അതുവഴി അദ്ദേഹത്തെ കൂടുതല്‍ അഭിലഷണീയമായ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. അതേസമയം, ബൈഡനെയും ഡമോക്രാറ്റുകളേയും മുഴുവന്‍ ലിബറലുകളേയും 'മുസ്ലിം കാര്‍ഡ്' എന്ന് വിളിച്ചാണ് ചാനല്‍ അധിക്ഷേപിക്കുന്നത്.

2017 ജനുവരിയില്‍ ഡോണള്‍ഡ് ട്രംപ് പ്രധാനമായും ഏഴ് ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യുഎസിലേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ഡെമോക്രാറ്റുകള്‍ ശക്തവും രൂക്ഷവുമായി വിമര്‍ശിച്ചിരുന്നു. കൂടാതെ ലിബറല്‍ സംഘടനകളായ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ (എസിഎല്‍യു) ഉള്‍പ്പെടെ നിരവധി സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പുകളും ഈ നീക്കത്തിനെതിരേ കടുത്ത പ്രതികരണവുമായി മുന്നോട്ട് വന്നിരുന്നു.

അതേസമയം, സീ ന്യൂസിന്റെ ട്വീറ്റിനെതിരേ ശക്തമായ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.




Next Story

RELATED STORIES

Share it