Apps & Gadgets

ലോകത്ത് ഇന്റര്‍നെറ്റ് അടച്ചുപൂട്ടല്‍ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാക്കിയ നഷ്ടം 1,000 കോടി

ലോകത്ത് ഇന്റര്‍നെറ്റ് അടച്ചുപൂട്ടല്‍ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാക്കിയ നഷ്ടം 1,000 കോടി
X

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് അടച്ചുപൂട്ടല്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവച്ചതായി റിപോര്‍ട്ട്. ടോപ് ടെന്‍ വിപിഎന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഗോളതലത്തിലുള്ള ഇന്റര്‍നെറ്റ് വിച്ഛേദിക്കലിനെത്തുടര്‍ന്ന് 1,000 കോടിയുടെ നഷ്ടം സംഭവിച്ചതായി വ്യക്തമാക്കുന്നു. 2021 ലെ നഷ്ടത്തെ അപേക്ഷിച്ച് ഇപ്പോഴത്തേത് ഇരട്ടിയോളം വരും. 2021 ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2022 ലെ ആറ് മാസങ്ങളില്‍ ഇതിനകം തന്നെ കൂടുതല്‍ ഇന്റര്‍നെറ്റ് അടച്ചുപൂട്ടലുകളുണ്ടായിട്ടുണ്ടെന്ന് റിപോര്‍ട്ട് അടിവരയിടുന്നു. 16 രാജ്യങ്ങളിലെ പ്രധാന അടച്ചുപൂട്ടലുകളാണ് റിപോര്‍ട്ടില്‍ വിശകലനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 50 പ്രധാന അടച്ചുപൂട്ടലുകളുടെ ഫലമായി 540 കോടിയോളം രൂപയാണ് നഷ്ടമുണ്ടായതെങ്കിലും ഈവര്‍ഷം 1,060 കോടിയുടെ നഷ്ടമാണ് ഇന്റര്‍നെറ്റ് തടസ്സപ്പെട്ടത് മൂലം ഇതുവരെ രേഖപ്പെടുത്തിയത്. മൂന്ന് തരത്തിലുള്ള അടച്ചുപൂട്ടലുകളെക്കുറിച്ചാണ് റിപോര്‍ട്ട് പ്രധാനമായും പരാമര്‍ശിക്കുന്നത്. ഇന്റര്‍നെറ്റ് പൂര്‍ണമായും സ്തംഭിക്കല്‍, സോഷ്യല്‍ മീഡിയ അടച്ചുപൂട്ടല്‍, മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് വോയ്‌സ് കോളുകളും ടെക്‌സ്റ്റ് സന്ദേശങ്ങളും മാത്രം കൈമാറാന്‍ കഴിയുന്ന കടുത്ത നിയന്ത്രണം എന്നിവയുടെ ഭാഗമായാണ് ആഗോള സമ്പദ്‌വ്യവസ്ഥയില്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. 1060 കോടിയുടെ നഷ്ടത്തില്‍ ഭൂരിഭാഗവും അതായത് 870 കോടിയോളമുണ്ടായത് യുക്രെയ്‌നില്‍ റഷ്യ നടത്തിയ അധിനിവേശത്തെത്തുടര്‍ന്നുണ്ടായ ഇന്റര്‍നെറ്റ് അടച്ചുപൂട്ടലിന്റെ പേരിലാണ്.

യുദ്ധത്തിന്റെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരുന്നതിനെ തടയുന്നതിനായി റഷ്യയാണ് ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വര്‍ഷം ഫെബ്രുവരിയിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷമാണ് ഇന്റര്‍നെറ്റ് അടച്ചുപൂട്ടലുകള്‍ ആരംഭിച്ചതുതന്നെ. സുദാന്‍, സിറിയ, അള്‍ജീരിയ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ പരീക്ഷകളില്‍ കോപ്പിയടിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി.

ആഗോള തലത്തിലുണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് നെറ്റ്‌ബ്ലോക്കുകളും ഇന്റര്‍നെറ്റ് സൊസൈറ്റിയുടെ ഷട്ട്ഡൗണ്‍ ടൂളും ഉപയോഗിച്ചതായി റിപോര്‍ട്ട് പറയുന്നു. ദേശീയ ജിഡിപിയുടെ അനുപാതമായി പ്രദേശത്തിന്റെ സാമ്പത്തിക ഉല്‍പ്പാദനത്തില്‍ നിന്നാണ് പ്രാദേശിക അടച്ചുപൂട്ടലിന്റെ പേരിലുണ്ടായ നഷ്ടക്കണക്കുകള്‍ ഉരുത്തിരിഞ്ഞത്. ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് വരിക്കാര്‍ക്കുള്ള ഇന്റര്‍നെറ്റ് ലഭ്യത പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നതിലൂടെയാണ് അടച്ചുപൂട്ടല്‍ യാഥാര്‍ഥ്യമാവുന്നത്. ഇന്റര്‍നെറ്റ് ലഭ്യതയില്ലാതാവുന്നതോടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെയും അത് ബാധിക്കുന്നു.

Next Story

RELATED STORIES

Share it