Web & Social

ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍ ഡിലീറ്റ് ചെയ്യാം

ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍ ഡിലീറ്റ് ചെയ്യാം
X

കോഴിക്കോട്: നിങ്ങളുടെ മൊബൈലിലെ ബ്രൗസിങ് ഹിസ്റ്ററിയില്‍നിന്ന് ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ 15 മിനിറ്റില്‍ ഡിലീറ്റ് ചെയ്യാന്‍ പുതിയ സംവിധാനം. സാധാരണഗതിയില്‍ നാം ഗൂഗിളില്‍ എന്തെങ്കിലും സെര്‍ച്ച് ചെയ്താല്‍ നമ്മുടെ സെര്‍ച്ച് ഹിസ്റ്ററി ഗൂഗിള്‍ സൂക്ഷിക്കും. എന്തൊക്കെയാണ് നമ്മള്‍ സെര്‍ച്ച് ചെയ്തത് എന്നത് നമുക്ക് വിവരം നല്‍കുക എന്നതും ഉപഭോക്താവിന്റെ സെര്‍ച്ച് രീതിയനുസരിച്ച് ഉചിതമായ പരസ്യങ്ങളും വാര്‍ത്തകളും പ്രദര്‍ശിപ്പിക്കുക എന്നതാണ് ഉദ്ദേശം. ഗൂഗിള്‍ ഹിസ്റ്ററിയില്‍പ്പെടാത്ത രീതിയില്‍ സെര്‍ച്ച് സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി 'ഇന്‍കോഗ്‌നിറ്റോ മോഡ്' ആണ് തിരഞ്ഞെടുക്കുക.

ഇന്‍കോഗ്‌നിറ്റോ മോഡ് ആണെങ്കിലും 100 ശതമാനം ട്രാക്ക് ചെയ്യപ്പെടാത്ത സെര്‍ച്ച് രീതിയല്ല അത് എന്നതാണ് സത്യം. അതേസമയം, ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യുക എന്നതാണ് ഏറ്റവും നല്ലത്. ഈ പ്രവൃത്തി എളുപ്പമാക്കും വിധം ക്വിക്ക് ഡിലീറ്റ് എന്ന ഒരു ഓപ്ഷനാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ഗൂഗിളിന്റെ ആസ്ഥാനമായ കാലഫോര്‍ണിയയിലെ മൗണ്‍ടണ്‍ വ്യൂയില്‍നിന്നും നടന്ന ഗൂഗിള്‍ ഐ/ഓ (Google I/O) ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ക്വിക്ക് ഡിലീറ്റ് ഫീച്ചര്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 12 ബീറ്റ പതിപ്പില്‍ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചര്‍ അവസാന 15 മിനിറ്റ് നേരം ഗൂഗിളില്‍ നിങ്ങള്‍ സെര്‍ച്ച് ചെയ്ത കാര്യങ്ങളുടെ വിശദാംശങ്ങള്‍ ഒറ്റ ക്ലിക്കില്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് നല്‍കുന്നത്.

ഐഫോണ്‍ ഉപഭക്താക്കളുടെ ഗൂഗിള്‍ ആപ്പിലാണ് ഈ സേവനം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ ആന്‍ഡ്രോയിഡ് ഫോണുകളിലും ഇത് ലഭിക്കുമെന്നാണ് ഗൂഗിളിന്റെ അറിയിപ്പ്. ഡെസ്‌ക്‌ടോപ്പിലും ഇന്‍സ്റ്റന്റ് ഡെലീറ്റ് ഓപ്ഷന്‍ നിലവില്‍ പ്രവര്‍ത്തിക്കില്ല. ലൊക്കേഷന്‍ ഹിസ്റ്ററിയിലും ആക്ടിവിറ്റി ഡാറ്റയിലും സൂക്ഷിക്കുന്ന സെര്‍ച്ച് ഹിസ്റ്ററി വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി എപ്പോള്‍ ഡെലീറ്റ് ചെയ്യണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാന്‍ കഴിയും. ഒരിക്കല്‍ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള സമയപരിധി ഗൂഗിള്‍ അക്കൗണ്ടില്‍ നല്‍കിയാല്‍ പിന്നീട് കൃത്യമായ ഇടവേളയില്‍ ഗൂഗിള്‍ തന്നെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യും.

നിലവില്‍ മൂന്ന് മാസം, 18 മാസം, 36 മാസം എന്നിങ്ങനെയാണ് സെര്‍ച്ച് ഹിസ്റ്ററി ഓട്ടോ ഡിലീറ്റ് പ്രവര്‍ത്തിക്കുന്നത്. ഇതിലേക്കാണ് 15 ദിവസത്തിനുള്ളില്‍ എന്ന ഓപ്ഷന്‍കൂടി ഉള്‍പ്പെടുത്തുന്നത്. താത്പര്യമുള്ള ഓട്ടോ ഡെലീറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഉപഭോക്താക്കള്‍ക്ക് തന്നെ കാലാവധി നിശ്ചയിക്കാവുന്നതാണ്. ലോഗിന്‍ ചെയ്തിട്ടുള്ള നിങ്ങളുടെ ഗൂഗിള്‍ സെര്‍ച്ച് പേജില്‍ മുകളില്‍ ഒരുഭാഗത്തായി അക്കൗണ്ട് മെനു കാണുന്നില്ലേ? അവിടെ ക്ലിക്ക് ചെയ്താല്‍ തുറന്നുവരുന്ന ഡ്രോപ്പ് ഡൗണ്‍ ബോക്‌സില്‍ സെര്‍ച്ച് ഹിസ്റ്ററിയ്ക്ക് താഴെയായി ഡിലീറ്റ് ലാസ്റ്റ് 15 മിന്‍സ് (Delete last 15 mins) എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. ഇവിടെ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. കഴിഞ്ഞ 15 മിനിറ്റ് നേരത്തെ സെര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ആവും. അതേസമയം, ഗൂഗിള്‍ അക്കൗണ്ട് സെറ്റിങ്‌സിലൂടെ കഴിഞ്ഞ മൂന്നുമാസത്തെയോ, ആറ് മാസത്തെയോ, ഒന്നര കൊല്ലത്തെയോ സെര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാനും സാധിക്കും.

Next Story

RELATED STORIES

Share it