Web & Social

വാട്ട്‌സാപ്പ് ഇന്ത്യ വിടുമോ? സര്‍ക്കാരിന്റെ നിലപാട് അനുസരിച്ചിരിക്കുമെന്ന് കമ്പനി

വാട്ട്‌സാപ്പിന്റെ സ്വകാര്യതാ ഫീച്ചറായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനാണ് പുതിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

വാട്ട്‌സാപ്പ് ഇന്ത്യ വിടുമോ? സര്‍ക്കാരിന്റെ നിലപാട് അനുസരിച്ചിരിക്കുമെന്ന് കമ്പനി
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ വാട്ട്‌സാപ്പ് ഇന്ത്യ വിടാന്‍ ഒരുങ്ങുന്നതായി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു. വാട്ട്‌സാപ്പിന്റെ സ്വകാര്യതാ ഫീച്ചറായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനാണ് പുതിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. സന്ദേശം അയച്ചാല്‍ ഇടയിലൊരാള്‍ക്ക് വായിക്കാന്‍ സാധിക്കാത്ത രീതിയിലുള്ള സുരക്ഷാ സംവിധാനമാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍.

എന്നാല്‍, വാട്ട്‌സാപ്പ് വഴി നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ട്രേസ് ചെയ്യുന്നതിന് ഈ സ്വകാര്യതാ സംവിധാനം തടസ്സമാവുന്നുവെന്നും അത് ഒഴിവാക്കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. കേന്ദ്ര ഐടി മന്ത്രാലയം ഉടന്‍ പുറത്താനിരിക്കുന്ന സോഷ്യല്‍ മീഡിയ നിയന്ത്രണ ചട്ടത്തില്‍ ഈ നിബന്ധന ഉള്‍പ്പെട്ടിരിക്കുന്നതായാണ് വിവരം.

ഇതിന് നിര്‍ബന്ധിച്ചാല്‍ വാട്ട്‌സാപ്പ് ഇന്ത്യ വിടുമെന്ന പ്രചാരണമാണ് നടക്കുന്നത്. എന്നാല്‍, ഇത് സംബന്ധമായ ചോദ്യത്തിന്, വാട്ട്‌സ്ആപ്പ് ഹെഡ് ഓഫ് കമ്യൂണിക്കേഷന്‍ കാള്‍ വൂഗ് വ്യക്തമായി ഉത്തരം നല്‍കാന്‍ തയ്യാറായില്ല. പുതിയ മാറ്റം കപ്പലില്‍ നിന്ന് വെള്ളത്തിലേക്ക് ചാടുന്നതിന് തുല്യമാണ്. ലോകജനത പൊതുവേ ആവശ്യപ്പെടുന്ന സ്വകാര്യതാ സംരക്ഷണമെന്ന ആവശ്യത്തിന് എതിരുമാണിതെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ പുതിയ നിയന്ത്രണങ്ങള്‍ വന്നാല്‍ ഇന്നത്തെ രൂപത്തില്‍ വാട്ട്‌സ്ആപ്പിന് ഇന്ത്യയില്‍ തുടരാന്‍ സാധിക്കില്ല. വിപുലമായ അഴിച്ചുപണി വാട്ട്‌സ്ആപ്പിന്റെ ഘടനയില്‍ തന്നെ വേണം. അത് ഇന്ത്യയില്‍ മാത്രമായി നടക്കുമോ എന്നും പറയാന്‍ പറ്റില്ല.

ഇന്ത്യയില്‍ മാത്രം ദിവസം 200 ദശലക്ഷം സജീവ ഉപയോക്താക്കളുള്ള സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്‌സ്ആപ്പ്. ആഗോളതലത്തില്‍ വാട്ട്‌സ്ആപ്പിന് ഇത് 1.5 ശതകോടിയാണ്.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നിരോധിക്കേണ്ട കാര്യമില്ലെന്നും കുറ്റകൃത്യങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കത്തോട് തങ്ങള്‍ പരമാവധി സഹകരിക്കുന്നുണ്ടെന്നുമാണ് വാട്ട്‌സ്ആപ്പ് പറയുന്നത്. ഓരോ മാസവും 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ ആഗോള തലത്തില്‍ തങ്ങള്‍ നിരോധിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it