Web & Social

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി ഓര്‍മകളില്‍

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി ഓര്‍മകളില്‍
X

മുംബൈ: പ്രമുഖ വെബ് ബ്രൗസറായ മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി ഓര്‍മകളില്‍ മാത്രം. 1995 ല്‍ വിന്‍ഡോസ് 95 ഒഎസിനൊപ്പമെത്തിയ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 27 വര്‍ഷത്തെ സേവനത്തിനുശേഷമാണ് ഐടി ലോകത്തുനിന്ന് വിടപറയുന്നത്. പുറത്തിറങ്ങിയ ആദ്യനാളുകളില്‍ വ്യാപകമായി ഉപയോഗിക്കപ്പിട്ടിരുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 2003 ല്‍ 95 ശതമാനം ഉപയോക്താക്കളെ നേടിയിരുന്നു. എന്നാല്‍, പിന്നീട് ഗൂഗിള്‍ കരുത്താര്‍ജിച്ചതോടെയാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പിന്നാക്കം പോയത്. മല്‍സരരംഗത്തേക്ക് ഗൂഗിള്‍ ക്രോം അടക്കമുള്ളവര്‍ എത്തിയതോടെ ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറയാന്‍ തുടങ്ങി.

ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഒട്ടനേകം നല്ല ഓര്‍മകളില്‍ മാത്രം ഇനി ഈ ബ്രൗസര്‍ ബാക്കിയാവും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വേള്‍ഡ് വൈഡ് വെബിലേക്കുള്ള ആദ്യജാലകമായി പ്രവര്‍ത്തിച്ചതും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ആണ്. 1995ലാണ് ആഡ് ഓണ്‍ പാക്കേജ് പ്ലസിന്റെ ഭാഗമായി വെബ് ബ്രൗസര്‍ ആദ്യമായി പുറത്തിറങ്ങിയത്. പിന്നീടുള്ള പതിപ്പുകള്‍ സൗജന്യ ഡൗണ്‍ലോഡ് അല്ലെങ്കില്‍ ഇന്‍സര്‍വീസ് പായ്ക്കുകളായി ലഭ്യമായിരുന്നു. വിന്‍ഡോസ് 95ന്റെ യഥാര്‍ഥ ഉപകരണ നിര്‍മാതാവിന്റെ സേവന റിലീസുകളിലും വിന്‍ഡോസിന്റെ പിന്നീടുള്ള പതിപ്പുകളിലും ഉള്‍പ്പെടുത്തി.

പുതിയ ബ്രൗസറായ മൈക്രോസോഫ്റ്റ് എഡ്ജിന് അനുകൂലമായി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനുള്ള പുതിയ ഫീച്ചര്‍ വികസനം 2016ല്‍ നിര്‍ത്തലാക്കി. എന്നാല്‍, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ സാവധാനം നിര്‍ത്തലാക്കാന്‍ മെക്രോസോഫ്റ്റ് തീരുമാനമെടുത്തത് ഇതാദ്യമാണ്. 2021 ആഗസ്ത് 17 ന് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് 365 അവസാനിപ്പിച്ചിരുന്നു. വിന്‍ഡോസ് 10 പതിപ്പുകളില്‍ 2022 ജൂണ്‍ 15 മുതല്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പ്രവര്‍ത്തനരഹിതമാവുമെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ വര്‍ഷം മെയില്‍തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഉപയോക്താക്കളോട് പുതിയ വെബ് ബ്രൗസറായ മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് മാറാനും അന്നവര്‍ നിര്‍ദേശിച്ചു. ഇപ്പോള്‍ ക്രോമിയം അടിസ്ഥാനമാക്കി എഡ്ജ് ബ്രൗസര്‍ അവതരിപ്പിച്ചതോടെ പഴയ പ്രതാപത്തിലേക്ക് മടങ്ങാനുള്ള പുറപ്പാടിലാണ് മൈക്രോസോഫ്റ്റ്. സുരക്ഷാവീഴ്ച കാരണം ക്രോം നിരന്തരം വിവാദത്തില്‍പ്പെടുന്ന സാഹചര്യം മുതലെടുത്ത് തങ്ങളുടെ എഡ്ജ് ബ്രൗസറിനെ മാര്‍ക്കറ്റ് ചെയ്യുകയാണ് ബില്‍ ഗേറ്റ്‌സിന്റെ കമ്പനി.

വിന്‍ഡോസ് പിസികളില്‍ നിലവില്‍ ഏറ്റവും മികച്ച അനുഭവം തരുന്ന ബ്രൗസറായി എഡ്ജ് പേരെടുത്തിട്ടുണ്ട്. നിലവില്‍ ഗൂഗിളിന്റെ ക്രോം ആണ് ഇന്റര്‍നെറ്റ് ബ്രൗസറുകളിലെ രാജാവ്. 65 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഇപ്പോള്‍ ക്രോമിനെ വിശ്വസിക്കുന്നത്. ആപ്പിളിന്റെ സഫാരിയാണ് ക്രോമിനു പിന്നിലുള്ളത്. പുതിയ ബ്രൗസറുകളുമായി പിടിച്ചുനില്‍ക്കാന്‍ കഴിയാതെയാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വിടവാങ്ങുന്നത്.

Next Story

RELATED STORIES

Share it