Thejas Weekly

ദുരൂഹതകളില്‍ മറഞ്ഞ ചെമ്പരിക്ക ഖാസി

ദുരൂഹതകളില്‍ മറഞ്ഞ ചെമ്പരിക്ക ഖാസി
X

പി.സി അബ്ദുല്ല




''വ്യക്തിപരവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങളെല്ലാം മുറപോലെ നടത്തിയിട്ടുണ്ട്. ഇനിയിപ്പോള്‍ വിദ്യാഭ്യാസ രംഗത്തും 'ഖളാഇ'ന്റെ കാര്യത്തിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അല്ലാഹുവിന്റെ വിളിയും കാത്തുനില്‍പ്പാണ്. അവന്റെ പൊരുത്തത്തിലേക്കു തിരിച്ചുപോവാന്‍...''

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മുസ്‌ല്യാരുടെ 'എന്റെ കഥ; വിദ്യാഭ്യാസത്തിന്റെയും' എന്ന ആത്മകഥയിലെ വരികളാണിത്.

അന്തിമ യാത്രയ്ക്കു നാഥന്റെ വിളിയാളവും പൊരുത്തവും കാത്തിരുന്ന പരമ സാത്വികനായ പണ്ഡിതന്‍, ഒരു ഡസനിലേറെ പ്രാമാണിക ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, സമസ്ത ഫത്‌വാ കമ്മിറ്റിയംഗം, ഒട്ടേറെ മത സാമൂഹിക സ്ഥാപനങ്ങളുടെ അമരക്കാരന്‍... അങ്ങനെയൊരാള്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു സ്വയം ദുര്‍മരണം വരിക്കുമോ?

സി.എം അബ്ദുല്ല മുസ്‌ല്യാരുടെ അപമൃത്യുവില്‍ കാലം ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്. ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യ തന്നെയെന്ന നിലപാടില്‍ പോലിസ് ഉറച്ചുനില്‍ക്കുന്നു. സാഹചര്യ തെളിവുകളും സി.ബി.ഐയും അതേറ്റുപിടിക്കുന്നു. ഖാസിയുടെ സ്വന്തം പണ്ഡിത സഭയായ സമസ്തയാവട്ടെ, ആത്മഹത്യാ വാദത്തിനും കൊലപാതക സാധ്യതയ്ക്കുമിടയില്‍ നിലപാടില്ലാതെ ഒളിച്ചുകളിച്ച് ആരോപണവിധേയരെ സംരക്ഷിക്കുകയും ചോദ്യങ്ങള്‍ ഉന്നയിച്ചവരെ പുറത്താക്കുകയും ചെയ്യുന്നു.

2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി.എം അബ്ദുല്ല മുസ്‌ല്യാരുടെ മൃതദേഹം വീട്ടില്‍ നിന്നു മാറി 900 മീറ്റര്‍ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. നാട്ടുകാര്‍ മല്‍സ്യത്തൊഴിലാളികളുടെ സഹായത്തോടെ മയ്യിത്ത് കരയ്‌ക്കെത്തിച്ചു. ഖാസിയുടെ ചെരിപ്പും ഊന്നുവടിയും ടോര്‍ച്ചും കരയോടു ചേര്‍ന്ന പാറക്കൂട്ടങ്ങളുടെ മുകളില്‍ അടുക്കിവച്ച നിലയിലായിരുന്നു. വീടിനോടു ചേര്‍ന്ന ഖാസിയുടെ സ്വകാര്യ മുറി പുറത്തുനിന്നു താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.

ലക്ഷ്യത്തിലെത്താത്ത അന്വേഷണങ്ങള്‍

വാര്‍ഡ് മെംബര്‍ അബ്ദുല്‍ മജീദിന്റെ പരാതിപ്രകാരം ക്രൈം നമ്പര്‍ 102/2019 ആയി ബേക്കല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. 12 ദിവസം കഴിഞ്ഞാണ് പോലിസ് ഖാസിയുടെ വീട്ടില്‍ മൊഴിയെടുക്കാനെത്തിയത്. 2010 മാര്‍ച്ചില്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ഒരു മാസം തികയുന്നതിനു മുമ്പേ സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറി. സി.ബി.ഐ തുടക്കത്തില്‍ ചില നിര്‍ണായക നീക്കങ്ങള്‍ നടത്തിയെങ്കിലും അന്വേഷണം വഴിമുട്ടി.

തുടര്‍ന്ന്, ആത്മഹത്യയെന്ന നിഗമനത്തില്‍ അന്വേഷണം നിര്‍ത്തി. അന്വേഷണം അവസാനിപ്പിച്ചതിനെതിരേ ഖാസിയുടെ മകന്‍ നല്‍കിയ ഹരജിയില്‍ രണ്ടു പ്രാവശ്യം കോടതി ആവശ്യപ്പെട്ടിട്ടും സി.ബി.ഐ സംഘം സമയം നീട്ടിച്ചോദിച്ചു. മൂന്നാം തവണ റീജ്യനല്‍ കോടതി ശാസിച്ചപ്പോഴാണ് സി.ബി.ഐ റിപോര്‍ട്ട് സമര്‍പ്പിച്ചത്. സി.ബി.ഐ കോടതിയിലും മകന്‍ സി.ബി.ഐക്കെതിരേ 2013ല്‍ പ്രൊട്ടസ്റ്റ് ഫയല്‍ ചെയ്തു. ഹൈക്കോടതിയില്‍ ജസ്റ്റിസ് കെമാല്‍ പാഷ കീഴ്‌ക്കോടതിയില്‍ വാദം തുടരാന്‍ നിര്‍ദേശിച്ചു റിട്ട് പെറ്റീഷന്‍ ക്ലോസ് ചെയ്തു. സി.ജെ.എം കോടതിയില്‍ നടന്ന വാദങ്ങള്‍ക്കൊടുവില്‍ 2016ല്‍ സി.ബി.ഐയുടെ റിപോര്‍ട്ട് തള്ളിയ കോടതി കൂടുതല്‍ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടു. അന്വേഷണം അവസാനിപ്പിച്ചതായി അറിയിച്ചു തൊട്ടടുത്ത വര്‍ഷം സി.ബി.ഐ നല്‍കിയ രണ്ടാമത്തെ റിപോര്‍ട്ടും തൃപ്തികരമല്ലെന്നു കണ്ടു കോടതി 2018ല്‍ നിരസിച്ചു. പക്ഷേ, പുനരന്വേഷണത്തിനു സി.ബി.ഐ തയ്യാറായില്ല. പുതിയ ടീമിനെ വച്ചു സി.ബി.ഐ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടു കര്‍മ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ അനിശ്ചിതകാല സമരം നടക്കുകയാണ്.

എങ്ങനെ കടപ്പുറത്തെത്തി..?



ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് സി.എം അബ്ദുല്ല മൗലവി ചെമ്പരിക്ക കടപ്പുറത്തെ ദുരൂഹതകളില്‍ മറഞ്ഞത്.

അബ്ദുല്ല മുസ്‌ല്യാരുടേത് ആത്മഹത്യയല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന നാട്ടുകാരും ബന്ധുക്കളും നിരത്തുന്ന കാരണങ്ങള്‍ ഗൗരവമുള്ളതാണ്. എന്നാല്‍, പോലിസ്, ക്രൈംബ്രാഞ്ച്, സി.ബി.ഐ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പ്രധാന സംശയങ്ങളിലേക്കൊന്നും പരിശോധനകള്‍ നീണ്ടതുമില്ല.

പരസഹായമില്ലാതെ പുറത്തിറങ്ങാത്ത സി.എം അബ്ദുല്ല മുസ്‌ല്യാര്‍ വീട്ടില്‍നിന്ന് 900 മീറ്റര്‍ അകലെ കടപ്പുറത്ത് പാതിരാത്രി എങ്ങനെ എത്തിപ്പെട്ടു എന്നതിന് അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ല. മരിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പ് ശസ്ത്രക്രിയയ്ക്കു വിധേയനായ ഖാസി അവശനായിരുന്നു. കണ്ണടയും തലപ്പാവും ധരിക്കാതെ അദ്ദേഹം പുറത്തിറങ്ങാറില്ല. എന്നാല്‍, മരിച്ച നിലയില്‍ കാണപ്പെട്ട ദിവസം അവ രണ്ടും മുറിയിലാണ് കണ്ടെത്തിയത്.

ആത്മഹത്യ ചെയ്യാനായി ഖാസി പാറക്കെട്ടുകളുള്ള കടലിലേക്ക് ചാടിയതാണെങ്കില്‍ തലയ്‌ക്കോ മുന്‍ഭാഗത്തോ നട്ടെല്ലിനോ ക്ഷതമേല്‍ക്കേണ്ടതാണ്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ അത്തരം യാതൊരു ചതവും കണ്ടെത്തി യില്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കഴുത്തെല്ല് പൊട്ടിയിട്ടുണ്ട്. കടലിലേക്കു ചാടുമ്പോള്‍ പിന്നിലെ കഴുത്തെല്ല് പൊട്ടാന്‍ സാധ്യതയില്ല. കണ്ണിന്റെ ഇരുവശത്തെയും മുറിവുകള്‍, കടലില്‍ ചാടി ആത്മഹത്യ ചെയ്യുന്ന ഒരാള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയില്ല.

ഖാസിയുടെ മൃതദേഹം കാണപ്പെട്ടതിനടുത്ത പാറയില്‍ അദ്ദേഹത്തിന്റെ ചെരിപ്പ്, വടി, ടോര്‍ച്ച് എന്നിവ ചിട്ടയോടെ അടുക്കിവച്ചതായാണ് കാണപ്പെട്ടത്. ആത്മഹത്യക്കൊരുങ്ങുന്ന മനോവിഭ്രാന്തിയുള്ളൊരാള്‍ ഇങ്ങനെ ചിട്ടയോടെ പെരുമാറുമോ?

കൊലപാതക സംശയത്തിന് ആക്കം കൂട്ടുന്നത്...

ചെമ്പരിക്ക കടപ്പുറത്തെ താമസക്കാരനായ അബ്ദുല്ല എന്നയാള്‍ ഖാസിയുടെ മൃതദേഹം കാണപ്പെട്ടതിന്റെ തൊട്ടുമുമ്പത്തെ രാത്രി മൂന്നു മണിയോടെ കടപ്പുറത്ത് വെളുത്ത കാര്‍ കണ്ടതായി സാക്ഷിമൊഴി നല്‍കിയിരുന്നു.

അതേ രാത്രി ഒരാളുടെ അലര്‍ച്ച കേട്ടതായി അയല്‍വാസി സ്ത്രീയുടെ മൊഴിയുമുണ്ട്. രാത്രികാലങ്ങളില്‍ സ്ഥിരമായി മണല്‍ ഊറ്റാന്‍ ധാരാളം പേര്‍ എത്തുന്നതാണ് ചെമ്പരിക്ക കടപ്പുറം. അവിടെ ഖാസി മരിച്ച ദിവസം മാത്രം ആരും മണല്‍ വാരാനെത്തിയില്ലത്രേ. അന്നു രാത്രി മണല്‍ക്കടത്ത് പരിശോധിക്കാന്‍ പോലിസ് എത്തുമെന്ന് ആരോ മണല്‍ക്കടത്തുകാരെ അറിയിച്ചെന്നും അത് ആസൂത്രിത നീക്കമെന്നുമാണ് ആരോപണം.

ഖാസി മരിച്ച ദിവസം ചെമ്പരിക്ക പ്രദേശത്ത് അസാധാരണമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നതായും ചിലര്‍ പറയുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നാണ് പോലിസ് നിലപാട്. സി.ബി.ഐയും ഈ ആക്ഷേപങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല.

അണിയറയിലെ പ്രമാണി; ആരോപണങ്ങളിലെ അദൃശ്യന്‍

സൂചനകളും സാധ്യതകളും ആരോപണങ്ങളും കൂട്ടിയിണക്കി സമഗ്രമായ അന്വേഷണം നടന്നാല്‍ 24 മണിക്കൂറിനകം കൊലയാളികളെ കണ്ടെത്താനാവുമെന്നു ഖാസിയുടെ ബന്ധുക്കളും പൊതു സമൂഹവും ഉറച്ചു വിശ്വസിക്കുന്നു.

ഖാസിയുടെ മരണത്തിനു മുമ്പും പിന്നാലെയും കേസ് അട്ടിമറിക്കാനുതകും വിധമുള്ള കൃത്യമായ ആസൂത്രണം അരങ്ങേറിയെന്നാണ് പല കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നത്. അണിയറയില്‍ കാസര്‍കോട്ടെ ഒരു പ്രമാണിയും കാഞ്ഞങ്ങാട്ടെ മുന്‍ ഡിവൈ.എസ്.പിയും ശിങ്കിടികളായ ചില പത്രക്കാരും പിന്നെ ഒരു പ്രബല രാഷ്ട്രീയപ്പാര്‍ട്ടിയും ഖാസിയുടേത് ആത്മഹത്യയാക്കി മാറ്റാന്‍ കരുക്കള്‍ നീക്കിയെന്നാണ് ആരോപണം.



ഖാസി എന്തിന് ആത്മഹത്യ ചെയ്യണമെന്ന ചോദ്യത്തിന്റെ ഉത്തരമില്ലായ്മയില്‍ നിന്നാണ് ഖാസിയെ ആര്, എന്തിനു വകവരുത്തണം എന്ന സ്വാഭാവിക ചോദ്യവുമുയരുന്നത്. ആ ചോദ്യത്തിനുള്ള ഉത്തരങ്ങളിലാണ് അദൃശ്യനായ ഒരു പൗരപ്രമാണിയെക്കുറിച്ച ആരോപണങ്ങളിലേക്കുള്ള അരങ്ങേറ്റം. അന്വേഷണം നടക്കാതിരിക്കുകയോ അന്വേഷണത്തില്‍ കാണാതെ പോവുകയോ ചെയ്ത ആക്ഷേപങ്ങളുടെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്:

കോണ്‍ഗ്രസ്സുകാരനെങ്കിലും എല്ലാ രാഷ്ട്രീയ നേതൃത്വത്തിലും സ്വാധീനമുള്ള പ്രമുഖ വ്യക്തി. കാസര്‍കോട് ചട്ടഞ്ചാലില്‍ സി.എം അബ്ദുല്ല മുസ്‌ല്യാര്‍ സ്ഥാപിച്ച സ്ഥാപനമാണ് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്. സ്ഥാപനവുമായി ബന്ധപ്പെട്ടു ചില പ്രതിസന്ധികള്‍ ഉയര്‍ന്നിരുന്നു. ആരോപണവിധേയനായ പ്രമുഖ വ്യക്തിക്ക് സ്ഥാപനവുമായി അടുത്ത ബന്ധം. സ്ഥാപനത്തിന്റെ മറവില്‍ അദ്ദേഹം അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയതും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതും പ്രസിഡന്റായ അബ്ദുല്ല മുസ്‌ല്യാര്‍ എതിര്‍ത്തു. അതു ശത്രുതയ്ക്കു കാരണമായി. പിന്നീട് അബ്ദുല്ല മുസ്‌ല്യാരെ സ്ഥാപനത്തില്‍നിന്നു പുകച്ചു പുറത്തു ചാടിക്കാന്‍ നീക്കങ്ങളുണ്ടായി. അതിനു സ്ഥാപന ഭാരവാഹികളെ തന്നെ കൂട്ടുപിടിച്ചു. അതിന്റെ ഭാഗമായി, പ്രസിഡന്റായ അബ്ദുല്ല മുസ്‌ല്യാര്‍ക്ക് ഉള്ളതുപോലെ മറ്റൊരു ഭാരവാഹിക്കും കാര്‍ വേണമെന്ന ആവശ്യം ചിലര്‍ ഉയര്‍ത്തി. എന്നാല്‍, പ്രസിഡന്റ് വഴങ്ങിയില്ല. പിന്നീട് താന്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ സാമ്പത്തിക ബാധ്യത സ്വന്തം കൈയില്‍ നിന്നെടുത്ത് അബ്ദുല്ല മുസ്‌ല്യാര്‍ വീട്ടുകയും ചെയ്തു. ഏറെ കഴിയും മുമ്പാണ് അബ്ദുല്ല മുസ്‌ല്യാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.



ഇക്കാര്യങ്ങളില്‍ സി.ബി.ഐക്ക് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചുവെന്നും ചില അറസ്റ്റുകള്‍ നടക്കേണ്ടതിന്റെ തലേന്ന് കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥനെ ചെന്നൈയിലേക്ക് മാറ്റിയെന്നുമാണ് ആരോപണം.

ഖാസിയുടെ മരണത്തിനു പിന്നിലെ ആക്ഷേപങ്ങള്‍ പരസ്പരബന്ധിതമാണെന്ന പോലെ ആരോപണവിധേയര്‍ പരസ്പര ബന്ധമുള്ളവരുമാണെന്നതു കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഖാസിയുടെ മയ്യിത്ത് കടപ്പുറത്തുനിന്നു പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതു മുതലുള്ള സംഭവവികാസങ്ങള്‍ നിയന്ത്രിച്ചതു നേരത്തേ പറഞ്ഞ പ്രമാണിയും അദ്ദേഹത്തിന്റെ ബന്ധു കൂടിയായ മുന്‍ ഡിവൈ.എസ്.പിയുമാണത്രേ. ഔദ്യോഗികമായി അന്വേഷണച്ചുമതലയോ മേല്‍നോട്ടമോ ഇല്ലാതിരുന്ന അന്നത്തെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ ആദ്യാവസാനമുള്ള ഇടപെടലുകള്‍ സംശയ ദൃഷ്ടിയോടെയാണ് ഖാസിയുടെ ബന്ധുക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഡിവൈ.എസ്.പി ഹബീബ് റഹ്മാന്‍ ആരോപണങ്ങളെല്ലാം അര്‍ഥശങ്കയ്ക്കിടയില്ലാതെ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, ആ വിശദീകരണങ്ങള്‍ ഒരു പരിധിവരെ പൊതു സമൂഹത്തിനും തൃപ്തികരമല്ല.

ഖാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോയ ഉടനെ കുറുക്കുവഴിയിലൂടെ ഖാസിയുടെ വസതിയിലെത്തിയ ഡിവൈ.എസ്.പി ഫോറന്‍സിക് പരിശോധനയ്ക്കു മുമ്പേ ഖാസിയുടെ മുറി പൂട്ട് പൊളിച്ചു തുറന്നു, മുറിയില്‍നിന്നു കിട്ടിയ ബുര്‍ദ ബൈത്തിന്റെ കുറിപ്പ് ആത്മഹത്യാ കുറിപ്പാണെന്ന വ്യംഗേനെ സംസാരിച്ചു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവരും മുമ്പേ ഖാസിയുടേത് ആത്മഹത്യയാണെന്നു ഡിവൈ.എസ്.പി പ്രചരിപ്പിച്ചു. ഡിവൈ.എസ്.പിയുമായി അടുപ്പമുള്ള ഒരു സായാഹ്ന പത്രക്കാരനെ ഉപയോഗിച്ച് അത്തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിപ്പിച്ചു തുടങ്ങിയവയാണ് ഹബീബ് റഹ്മാനെതിരായ ആരോപണങ്ങള്‍.

ചെമ്പരിക്ക ഖാസിയുടെ മരണത്തിനു പിറകെ നടന്ന രണ്ടു ദുരൂഹ മരണങ്ങളെക്കുറിച്ചും അന്വേഷണം നടന്നിട്ടില്ലെന്നു ബന്ധുക്കളും സമരസമിതിയും പറയുന്നു. കൊല്ലപ്പെട്ടതില്‍ ഒരാള്‍ ഒരു തങ്ങളാണ്. ചെമ്പരിക്ക ഖാസിയെ അപായപ്പെടുത്താന്‍ വന്ന സംഘം സഞ്ചരിച്ച വാഹനത്തെക്കുറിച്ചു കുടുംബത്തിനു വിവരം നല്‍കിയത് ഇദ്ദേഹമായിരുന്നുവെന്നാണ് നിഗമനം. ഒരു രാത്രിയില്‍ മകളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ റോഡരികില്‍ അദ്ദേഹം മരിച്ചുകിടക്കുന്നതാണ് പിന്നെ കണ്ടത്. മരിച്ച മറ്റൊരാള്‍ കാണിയ മഹ്മൂദ് എന്നയാളാണ്. ചെമ്പരിക്ക ഖാസിയുടെ ഫോണിലേക്ക് അവസാനം വന്നത് ഇയാളുടെ വിളിയായിരുന്നു. ഈ മരണങ്ങളൊന്നും അന്വേഷണ പരിധിയില്‍ വരാതിരുന്നതിനു പിന്നില്‍ വമ്പന്‍മാരാണെന്ന ആക്ഷേപവും പ്രബലമാണ്.

ചെമ്പരിക്ക ഖാസി പ്രസിഡന്റായിരുന്ന സമസ്തയുടെ കീഴിലുള്ള എം.ഐ.സി (മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്) സ്ഥാപനത്തിന്റെയും സമസ്തയുടെയും ജില്ലാ സെക്രട്ടറിയായ യു.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ക്ക് എം.ഐ.സിയുടെ ചെലവില്‍ കാര്‍ വേണമെന്ന ആവശ്യം അബ്ദുല്ല മുസ്‌ല്യാര്‍ ശക്തമായി എതിര്‍ത്തിരുന്നുവത്രേ. അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാരെ കൂട്ടുപിടിച്ചാണ് ചില ശക്തികള്‍ ചെമ്പരിക്ക ഖാസിയെ ഇല്ലാതാക്കാന്‍ കരുക്കള്‍ നീക്കിയതെന്നും അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ക്ക് എല്ലാമറിയാമെന്നും ഖാസിയുടെ ബന്ധുക്കള്‍ തറപ്പിച്ചു പറയുന്നു. ഖാസിയുടെ ഒരു മരുമകനെ ശത്രുപക്ഷത്താക്കിയതും ഈ ശക്തികളാണത്രേ. എന്നാല്‍, പോലിസ് രേഖകളിലോ അന്വേഷണ നാള്‍വഴികളിലോ ഈ ആരോപണങ്ങള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല.

സമസ്ത സത്യത്തിന്റെ പക്ഷത്തോ?



സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മുസ്‌ല്യാരുടെ മരണം സംബന്ധിച്ചു സമസ്തയുടെ പ്രമുഖ വക്താവ് ഡോ. ബഹാഉദ്ദീന്‍ നദ്‌വി 2019 മാര്‍ച്ച് 10ന് 'സുപ്രഭാതം' ദിനപത്രത്തില്‍ എഴുതിയതിങ്ങനെയാണ്:

''സമസ്തയുടെ സമുന്നതനായ ഒരു പണ്ഡിതനെ ഇരുട്ടിന്റെ മറവില്‍ നിഷ്‌കാസനം ചെയ്തു പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ അത് ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ചില ദുശ്ശക്തികള്‍ നടത്തുന്നത്. അദ്ദേഹം വിയര്‍പ്പൊഴുക്കി സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപന സമുച്ചയങ്ങളുടെ ഭരണസാരഥ്യത്തിന്റെ മറവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ചില വന്‍തോക്കുകളാണ് ഘാതകരായതെന്നാണ് കാസര്‍കോട് മേഖലയിലെ ചില അഭിജ്ഞവൃത്തങ്ങളുടെ നിഗമനം.''

ഖാസിയുടെ മരണം കൊലപാതകമെന്ന് ആദ്യം പറഞ്ഞത് എസ്.കെ.എസ്.എസ്.എഫാണ്. തുടര്‍ന്ന്, സമരപരിപാടികളുമായി അവര്‍ മുന്നോട്ടു വന്നു. സംയുക്ത സമരസമിതികള്‍, ആക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

എന്നാല്‍, സ്വന്തം ഉപാധ്യക്ഷന്റെ ദുരൂഹ മരണത്തില്‍ സമസ്തയും വക്താക്കളും ഇ.കെ സുന്നി യുവ തുര്‍ക്കികളുമൊക്കെ നിശ്ശബ്ദമാവുന്നതാണ് കാലാന്തരേണ കണ്ടത്. ഖാസിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സമസ്തയും പോഷക സംഘടനകളും പ്രഖ്യാപിച്ച പ്രക്ഷോഭങ്ങള്‍ ജലരേഖയായി. എന്നു മാത്രമല്ല, ഖാസിയുടെ മരണത്തില്‍ ആരോപണ പ്രതിക്കൂട്ടിലുള്ള നേതാവിനെ ജില്ലയില്‍നിന്നു സ്ഥാനക്കയറ്റം നല്‍കി സംസ്ഥാന ഉപാധ്യക്ഷനാക്കി ചിറകിനടിയിലൊളിപ്പിക്കുകയും ചെയ്തു സമസ്ത!

കേസില്‍ ഇ.കെ സമസ്തയ്‌ക്കെതിരേ ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. പ്രതികളാണെന്നു സംശയിക്കുന്ന ചിലര്‍ സമസ്തയുടെ ജില്ലാ കമ്മിറ്റിയിലും മുസ്‌ലിംലീഗിലുമാണെന്നും അവരെ സമസ്ത സംരക്ഷിക്കുകയാണെന്നും കുടുംബം വിശ്വസിക്കുന്നു. സമസ്തയുടെ അന്നത്തെ ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ യു.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ക്കു കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ ആദ്യം മുതലേ ശ്രമിച്ചത് ഇയാളാണെന്നും കുടുംബം ആരോപിക്കുന്നു.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതൃത്വം പ്രക്ഷോഭത്തിനു തയ്യാറായെങ്കിലും അവരെ സമസ്ത നേതാവ് പിന്തിരിപ്പിച്ചുവെന്നും നിയമപരമായി കേസിനെ നേരിടാന്‍ സമസ്ത മുന്‍കൈയെടുത്തിട്ടില്ലെന്നും ഖാസിയുടെ കൊച്ചുമകന്‍ റാഷിദ് ഹുദവി പറഞ്ഞു.

''സമസ്ത ജില്ലാ നേതൃത്വം ഇന്നേവരെ പ്രക്ഷോഭങ്ങള്‍ക്കു താല്‍പ്പര്യം കാണിച്ചിട്ടില്ല. സമരങ്ങള്‍ക്കു മുന്നിട്ടിറങ്ങിയ വിദ്യാര്‍ഥി സംഘടനയെ നിരുല്‍സാഹപ്പെടുത്തുകയും ചെയ്തു. ഖാസിയുടെ മരണത്തില്‍ ഹൈദരലി ശിഹാബ് തങ്ങളും ജിഫ്രി തങ്ങളും ആലിക്കുട്ടി മുസ്‌ല്യാരുമൊക്കെ പ്രഖ്യാപിച്ച സമരപ്രക്ഷോഭങ്ങള്‍ കടലാസിലൊതുങ്ങി. കാസര്‍കോട് ജില്ലാ സമസ്ത കൃത്യമായി മുശാവറ കൂടുകയോ ഈ കേസ് വിശദമായി ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. ഒരു അനുശോചനാ യോഗം പോലും മിനുട്‌സിലില്ല''- റാഷിദ് ഹുദവി ആരോപിക്കുന്നു.

സംസ്ഥാന നേതൃത്വത്തിനു ഖാസിയുടെ മകന്‍ ഷാഫി അയച്ച മൂന്നു കത്തിനും സമസ്ത മറുപടി നല്‍കിയിട്ടില്ല. അതേസമയം, ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടവര്‍ക്കെതിരേ സമസ്ത അച്ചടക്ക നടപടിയെടുക്കുകയും ചെയ്തു. 2019 മാര്‍ച്ച് 10ന് കോഴിക്കോട്ട് നടന്ന സമസ്തയുടെ പ്രതിഷേധ സമ്മേളന നഗരിയില്‍ അച്ചടക്കലംഘനം നടത്തിയെന്നാരോപിച്ചാണ് ഖാസിയുടെ പേരക്കുട്ടിയും എസ്.കെ.എസ്.എസ്.എഫ് റൈറ്റേഴ്‌സ് വിങ് അംഗവുമായ സലിം ദേളിയടക്കം 11 പേരെ സമസ്ത പുറത്താക്കിയത്.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം- യു.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍

ചെമ്പരിക്ക ഖാസി വിഷയത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ പറയുന്നു. ''ചിലയാളുകളും ചില പത്രക്കാരും പടച്ചുണ്ടാക്കിയ ആരോപണങ്ങളാണ്. താന്‍ പ്രതിക്കൂട്ടിലല്ല. കൂടുതല്‍ വിശദീകരിക്കാനില്ല.''

ഇനി പ്രതികരിക്കാനില്ല- ഹബീബ് റഹ്മാന്‍



ചെമ്പരിക്ക ഖാസി വിവാദത്തില്‍ ഇനി പ്രതികരിക്കാനില്ലെന്നു മുന്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഹബീബ് റഹ്മാന്‍ പറഞ്ഞു. ''പറയേണ്ട കാര്യങ്ങളെല്ലാം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.'' ആരോപണങ്ങളെല്ലാം അക്കമിട്ടു നിരത്തിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍. വിവാദത്തിന്റെ മറവില്‍ തന്റെ കുടുംബത്തെയും വേട്ടയാടുന്നതായി അദ്ദേഹം പറയുന്നു.

(തേജസ് വാരിക, ജൂലൈ 12 2019)

Next Story

RELATED STORIES

Share it