- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാല്‍പ്പാറ: പുലിയിറങ്ങും ഗ്രാമങ്ങളിലൂടെ ഒരു യാത്ര
പ്ലാന്റ് വാലി, വില്ലോണി, അണലി, തോണി മുടി, തായ്മുടി, മുത്തുമുടി, നെടുമല എസ്‌റ്റേറ്റുകളിലായി ഇതുവരെ ഒമ്പത് കുരുന്നുകളേയാണ് പുലി വേട്ടയാടിയത്. രണ്ട് ദിവസങ്ങളിലായി പുലിയിറങ്ങിയ ഓരോ ഗ്രാമങ്ങളിലും ഞങ്ങളെത്തി. സമാനമായ കഥകളാണ് ഓരോ ഗ്രാമത്തിനും പറയാനുണ്ടായിരുന്നത്.
-റിപ്പോര്‍ട്ട: പി എച്ച് അഫ്‌സല്‍
-ചിത്രങ്ങള്‍: അബ്ദുല്‍ മനാഫ് പട്ടിക്കര
അവസാനമായി സുഫിയാ ഖാതൂണ്‍ അവരുടെ മകനെ കുളിപ്പിച്ചു. അന്ത്യയാത്രക്ക് ഒരുക്കുകയാണെന്ന് അറിയാതെയാണ് അവനു മേല്‍ വെള്ളം കോരിയൊഴിച്ചത്. വാല്‍പ്പാറയിലെ മരം കോച്ചുന്ന തണുപ്പില്‍ നിന്ന് രക്ഷതേടി സൈദുല്‍ ഇസ്്‌ലാം എന്ന നാല് വയസ്സുകാരന്‍ അമ്മയോട് ചേര്‍ന്ന് നിന്നു. കുളിപ്പിക്കുന്നതിനിടെ കുസൃതി നിറഞ്ഞ കളികള്‍ക്കിടയിലും അവന്റെ കൈകളില്‍ സുഫിയാ ഖാതൂന്‍ മുറുകെ പിടിച്ചിരുന്നു. പകല്‍ പുലിയെ കണ്ടതിന്റെ ഭയം അവരില്‍ നിന്ന് വിട്ടുമാറിയിരുന്നില്ല.
ക്വാര്‍ട്ടേഴ്‌സിന് അരികെ തേയിലത്തോട്ടങ്ങള്‍ക്കിടയിലാണ് പുലിയെ കണ്ടത്. നെടുമല എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും പുലിയെ വിരട്ടിയോടിച്ചിരുന്നു. എസ്‌റ്റേറ്റില്‍ ഇരുട്ടു വീഴുന്നതിന് മുന്‍പ് കുട്ടികളെ വീട്ടിനകത്താക്കാനുള്ള തിരക്കിലായിരുന്നു തോട്ടം തൊഴിലാളികള്‍. ഞൊടിയിടയിലാണ് സൈദിനെ പുലി തട്ടിയെടുത്തുകൊണ്ടുപോയത്. അമ്മയുടെ കൈയ്യില്‍ നിന്നും. ഇരുട്ടില്‍, തേയില ചെടികള്‍ക്കിടയിലേക്ക് മകനേയും കൊണ്ട് പുലി മറയുമ്പോള്‍ അവന്റെ ഉറക്കേയുള്ള കരച്ചില്‍ മാത്രം കേള്‍ക്കാമായിരുന്നു. ചേതനയറ്റ മകന്റെ മുഖം പോലും പിന്നെ ആ അമ്മക്ക് കാണാന്‍ കഴിഞ്ഞില്ല. മകനെ മുന്നൂറ് മീറ്ററോളം ദൂരേക്ക് തേയില തോട്ടത്തിനിടയിലേക്ക് വലിച്ചുകൊണ്ടു പോയ പുലി അവന്റെ ശരീരം മാത്രമാണ് ബാക്കിയാക്കിയത്.
2018 ഫെബ്രുവരി എട്ടിന് നാല് വയസ്സുകാരനെ പുലി പിടിച്ച വാര്‍ത്തയാണിത്. അതിന് മുന്‍പ് എട്ട് കുരുന്നുകളെ വാല്‍പ്പാറയില്‍ പുലി പിടിച്ചിരുന്നു. ഒമ്പതമനായിരുന്നു സൈദുല്‍ ഇസ്്‌ലാം. അസം സ്വദേശികളായ മുഷ്‌റഫ് അലിസൂഫിയാ ഖാതൂന്‍ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് സൈദ്. 2017ലാണ് ഇവര്‍ തേയില തോട്ടത്തില്‍ തൊഴില്‍ തേടി വാല്‍പ്പാറയിലെ നെടുമല എസ്‌റ്റേറ്റില്‍ എത്തുന്നത്. ഇവിടേയും അവരെ ദുരന്തം വേട്ടയാടി. രണ്ട് വര്‍ഷം മുന്‍പ് മൂന്നര വയസ്സുകാരനായ മൂത്ത മകന്‍ മരിച്ചതിന്റെ ഓര്‍മകളില്‍ കഴിയുന്നതിനിടേയാണ് രണ്ടാമത്തേ മകനെ പുലി പിടിച്ചത്. പുലി ഭീതിയില്‍ കഴിയുന്ന വാല്‍പ്പാറയിലെ ഓരോ ഗ്രാമങ്ങള്‍ക്കും ഇത്തരം കഥകള്‍ പറയാനുണ്ടായിരുന്നു.
പുലിയിറങ്ങുന്ന എസ്റ്റേറ്റുകള്‍
പ്ലാന്റ് വാലി, വില്ലോണി, അണലി, തോണി മുടി, തായ്മുടി, മുത്തുമുടി, നെടുമല എസ്‌റ്റേറ്റുകളിലായി ഇതുവരെ ഒമ്പത് കുരുന്നുകളേയാണ് പുലി വേട്ടയാടിയത്. രണ്ട് ദിവസങ്ങളിലായി പുലിയിറങ്ങിയ ഓരോ ഗ്രാമങ്ങളിലും ഞങ്ങളെത്തി. സമാനമായ കഥകളാണ് ഓരോ ഗ്രാമത്തിനും പറയാനുണ്ടായിരുന്നത്.
ഓരോ ഗ്രാമങ്ങളിലും മൂന്നിനും അഞ്ചിനും ഇടയിലുള്ള കുരുന്നുകളേയാണ് പുലി പിടിച്ചത്. 2001 ലാണ് ആദ്യമായി വാല്‍പ്പാറയില്‍ പുലി ഇറങ്ങി നരവേട്ട നടത്തുന്നത്. പ്ലാന്റ് വാലി എസ്‌റ്റേറ്റിലെ നാലു വയസ്സുകാരന്‍ സത്യരാജ്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടേയാണ് പുലി വേട്ടയാടിയത്. 2006 ല്‍ വില്ലോണി എസ്‌റ്റേറ്റിലെ മൂന്നര വയസ്സുകാരി രമ്യയേയും അടുത്ത വര്‍ഷം അവിടെ തന്നെ നാല് വയസ്സുകാരി കൗസല്യയേയും പുലി പിടിച്ചു. 2008 ല്‍ അണലി എസ്‌റ്റേറ്റില്‍ അഞ്ചു വയസ്സുകാരിയായ ഗായത്രിയെ പുലി പിടിച്ചു. ഇതോടെ ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എസ്റ്റേറ്റുകളില്‍ ഇറങ്ങുന്ന പുലികളെ വെടിവയ്ച്ച് കൊല്ലാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവര്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ നടത്തി. അധികൃതര്‍ കൂട് സ്ഥാപിച്ച് ഗ്രാമത്തിലിറങ്ങുന്ന പുലികളെ പിടിച്ച് പ്രതിഷേധങ്ങള്‍ തണുപ്പിച്ചു. പിടികൂടുന്ന പുലികളെ ദൂരെ കാട്ടില്‍ തുറന്നു വിട്ടു.
പിന്നെ രണ്ട് വര്‍ഷത്തോളം ഗ്രാമങ്ങളില്‍ പുലി ഇറങ്ങിയിരുന്നില്ല. പുലി ഭീതിയില്‍ നിന്ന് തോട്ടം തൊഴിലാളികള്‍ മുക്തമാകുന്നതിനിടേയാണ് 2010 ല്‍ നാലു വയസ്സുകാരനെ പുലി പിടിക്കുന്നത്. തോണി മുടി എസ്‌റ്റേറ്റിലെ മുകേശ്വരന്‍ എന്ന കുട്ടിയെയാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പുലി പിടിച്ചത്. തേയില തോട്ടത്തിന്റെ ഇടയിലൂടെ ഇരുനൂറ് മീറ്ററോളം കുട്ടിയെ വലിച്ചുകൊണ്ടുപോയെങ്കിലും തോട്ടം തൊഴിലാളികള്‍ ഓടിയെത്തിയതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് കയറി. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
അതേ വര്‍ഷം തന്നെ തോണി മുടിയില്‍ എട്ടുവയസ്സുകാരന്‍ മണി ശങ്കര്‍ എന്ന കുട്ടിയെ പുലി പിടിച്ചു. രാത്രി 7.30ന് വീടിന് തൊട്ടടുത്തുള്ള മാരിയമ്മന്‍ കോവിലേക്ക് കൂട്ടുകാരോടൊത്തം വേലക്ക് പോകുന്നതിനിടേയാണ് പുലി പിടിച്ചത്. ഗ്രാമവാസികള്‍ നടത്തിയ തിരച്ചിലിനിടയില്‍ തേയില തോട്ടത്തിനിടയില്‍ അവശനായ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തോണി മുടി എസ്‌റ്റേറ്റിലെ ഗാന്ധികവിത ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയതായിരുന്നു മണി ശങ്കര്‍. മകന്‍ മരിച്ചതോടെ ദമ്പതികള്‍ തോണി മുടി വിട്ട് പോയി.
തൊട്ടടുത്ത വര്‍ഷം ജനനി എന്ന മൂന്ന് വയസ്സുകാരിയെ പുലി പിടിച്ചതോടെ വാള്‍പ്പാറയിലെ തോട്ടം തൊഴിലാളികളുടെ ഭീതി ഇരട്ടിച്ചു. തായ്മുടിയില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം ബസ്സിറങ്ങി വരുന്നതിനിടേയാണ് പുലി പിടിച്ചത്. ബസ് സ്‌റ്റോപ്പിന് തൊട്ടടുത്ത് വച്ച് അമ്മയുടെ കയ്യില്‍ നിന്നാണ് മൂന്ന് വയസ്സുകാരിയെ തട്ടിയെടുത്ത് പുലി തേയിലതോട്ടത്തില്‍ മറഞ്ഞത്. 2012 ല്‍ മുത്തുമുടി എസ്‌റ്റേറ്റില്‍ ജെറിന്‍ ടോറിനോ എന്ന അഞ്ചു വയസ്സുകാരനേയും പുലി പിടിച്ചു.
കാട് മുടിക്കുന്ന വികസനം
സഞ്ചാരികളുടെ പറുദീസയാണ് തഴിനാട്ടിലെ കോയമ്പത്തൂര്‍ ജില്ലയില്‍പ്പെട്ട വാല്‍പ്പാറ. കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന നിത്യ ഹരിത വനങ്ങള്‍ അതിരണിയുന്ന തേയില തോട്ടങ്ങള്‍. സില്‍വര്‍ റോക്ക് മരങ്ങളും പൂമരങ്ങളും മനോഹരമാക്കുന്ന കുന്നിന്‍ ചരുവുകള്‍. കാട്ടരുവികളും തണ്ണീര്‍ത്തടങ്ങളും. ആനകളുടേയും പുലികളുടേയും വിഹാര കേന്ദ്രമായ ആനമല കടുവാ സങ്കേതം.
കരടിയും പുള്ളിമാനും മുള്ളന്‍പന്നികളും വംശനാശ ഭീഷണി നേരിടുന്ന സിംഹ വാലന്‍ കുരങ്ങുമെല്ലാം സ്വച്ചമായി കഴിഞ്ഞിരുന്ന വാല്‍പ്പാറ കാടുകളുടെ ജീവതാളം തെറ്റുന്നത് 1864 മുതലാണ്. കാട് കയ്യേറി മരങ്ങള്‍ പിഴുതെറിഞ്ഞ് മനുഷ്യന്‍ കാപ്പിച്ചെടികള്‍ വച്ചു പിടിപ്പിക്കാന്‍ തുടങ്ങി. 1875 ല്‍ ബ്രിട്ടീഷ് രാജകുമാരന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി വാല്‍പാറയിലേക്ക് റോഡുകളും വെട്ടി. പരിവാരങ്ങള്‍ക്കും സൈന്യത്തിനും താമസിക്കാനായി കുന്നുകള്‍ നിരത്തി ഗസ്റ്റ് ഹൗസുകള്‍ പണിതുയര്‍ത്തി. ഇതോടെയാണ് കൊടും വനമായിരുന്ന ഈ മേഖലയിലേക്ക് മനുഷ്യന്റെ കുടിയേറ്റം ആരംഭിച്ചത്. സമുദ്ര നിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മല മുകളിലേക്ക് എസ്‌റ്റേറ്റ് മുതലാളിമാര്‍ തൊഴിലാളികളെ എത്തിച്ചു. കാടിനോട് ചേര്‍ന്ന് എസ്‌റ്റേറ്റ് ക്വാര്‍ട്ടേഴ്‌സുകള്‍ പണിതു. 56 എസ്‌റ്റേറ്റുകളിലാണ് ആയിരക്കണക്കിന് തോട്ടം തൊഴിലാളികളാണ് ഇപ്പോള്‍ ഇവിടെ കഴിയുന്നത്. തേയില കമ്പനികള്‍ ദിനം പ്രതി കാടുകള്‍ വെട്ടിത്തെളിച്ചു. യാതൊരു നിയന്ത്രണവും ഇല്ലാതെ ഹെക്ടര്‍ കണക്കിന് കാട് കയ്യേറിയതോടെ വന്യജീവികള്‍ നാടിറങ്ങാന്‍ തുടങ്ങി. തങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ന്ന വന്യമൃഗങ്ങള്‍ ഇര തേടി എസ്‌റ്റേറ്റുകളിലേക്ക് ഇറങ്ങി. കരടിയും പുലികളും മനുഷ്യനെ ആക്രമിക്കാന്‍ തുടങ്ങി. ഒമ്പത് കുരുന്നു ജീവനുകളെ പുലി കവര്‍ന്നു. മാസങ്ങള്‍ക്കിടേ രണ്ട് തോട്ടം തൊഴിലാളികളേയാണ് കരടി വകവരുത്തിയത്.
വാല്‍പ്പാറയില്‍ വൈദ്യുതി വേലി കെട്ടിയും കിടങ്ങുകള്‍ തീര്‍ത്തും വന്യജീവി ശല്യം കുറക്കാന്‍ കഴിയില്ലെന്ന് ഗ്രാമവാസികള്‍ തന്നെ പറയുന്നു. തേയില തോട്ടങ്ങളും വനവും ഇടതൂര്‍ന്ന് കിടക്കുന്ന മേഖലയില്‍ വൈദ്യുതി വേലികള്‍ പ്രായോഗികമല്ല. കാടുകള്‍ സംരക്ഷിക്കുക മാത്രമാണ് വന്യജീവികളുമായുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ സര്‍ക്കാരിന് മുന്നിലുള്ള ഏക മാര്‍ഗം. അവരുടെ ആവാസ വ്യവസ്ഥ അവര്‍ക്ക് വിട്ടുകൊടുക്കുക. മനുഷ്യ ജീവന്‍ നഷ്ടപ്പെട്ടാല്‍ തോട്ടം തൊഴിലാളികള്‍ തെരുവിലിറങ്ങും. അവര്‍ക്ക് മുന്നില്‍ മറ്റുമാര്‍ഗങ്ങില്ല. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന വന്‍കിട തേയില കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. കാടുകളും മനുഷ്യജീവനും സംരക്ഷിക്കപ്പെടണം.
ചുരം കയറി, വനത്തിലൂടെ...
കേരളത്തില്‍ നിന്നും വാല്‍പ്പാറയിലേക്കുള്ള യാത്രയുടെ ഏറ്റവും വലിയ ആകര്‍ഷണം തന്നെ അവിടേക്ക് എത്തിച്ചേരുന്നതിനുള്ള വഴികളാണ്. ആതിരപ്പിള്ളി വെള്ളച്ചാട്ടവും വാഴച്ചാലും മലക്കപ്പാറയും കടന്നുള്ള യാത്ര തന്നേ ഒരു ഹരമാണ്.
കേരളത്തില്‍ നിന്നും പ്രധാനമായും മൂന്നു വഴികളിലൂടെ വാല്‍പ്പാറയില്‍ എത്തിച്ചേരാം. പാലക്കാട്-പൊള്ളാച്ചി-ആളിയാര്‍ വഴി, ചാലക്കുടി- അതിരപ്പിള്ളി-മലക്കപ്പാറ വഴി. അല്ലെങ്കില്‍ മൂന്നാര്‍-മറയൂര്‍-ചിന്നാര്‍-ആനമല വഴി വാല്‍പ്പാറ. ചാലക്കുടി വഴിയുള്ള യാത്ര ആരംഭിക്കുമ്പോള്‍ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളും കാണാം. ആതിരപ്പിള്ളി കഴിഞ്ഞു വാഴച്ചാലിലെത്തി കുറച്ചു സമയം അവിടെ ചെലവഴിക്കാം. തുടര്‍ന്നുള്ള യാത്ര വനത്തിലൂടെയാണ് ഏതു സമയവും ആനയും കാട്ട് പോത്തും ഇറങ്ങുന്ന വഴി. വന്യ മൃഗങ്ങളുടെ സൈ്വര്യ വിഹാരങ്ങള്‍ക്ക് തടസ്സമാകാതിരിക്കുവാന്‍ രാത്രിയാത്രാ നിരോധനമുണ്ടിവിടെ. രാവിലെ ആറ് മണിക്ക് തന്നെ ചെക്ക് പോസ്റ്റില്‍ എത്തി യാത്ര തുടങ്ങുന്നതാണ് കാടിന്റെ വന്യമായ സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും നല്ലത്.
RELATED STORIES
ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി
15 Jan 2025 4:45 AM GMTസര്‍ക്കാര്‍ ഓഫീസില്‍ അമ്മക്ക് പകരം ജോലിയെടുത്ത മകന്‍ അറസ്റ്റില്‍
15 Jan 2025 4:36 AM GMT''ബ്ലഡി ബ്ലിങ്കന്‍, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്‍''; ആന്റണി...
15 Jan 2025 3:52 AM GMTഎസ്കലേറ്ററില്‍ നിന്ന് വീണ് മൂന്നുവയസുകാരന് മരിച്ചു
15 Jan 2025 3:34 AM GMTപെരിയ ഇരട്ടക്കൊല: കേസ് നടത്തിപ്പിന് പ്രത്യേക പിരിവുമായി സിപിഎം
15 Jan 2025 3:26 AM GMTമുസ്ലിംകള്‍ക്കെതിരേ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന് ബിജെപി മുന്‍...
15 Jan 2025 3:10 AM GMT