- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍ ഐഎയ്ക്കുള്ള താക്കീതും കാണാതാവുന്ന സ്ത്രീകളും
പ്രതികള്‍ക്ക് വേഗത്തിലുള്ള വിചാരണ നല്‍കാനുള്ള സാഹചര്യമില്ലെങ്കില്‍ കുറ്റാരോപണം എത്ര കടുത്തതാണെങ്കിലും ജാമ്യപേക്ഷയെ എതിര്‍ക്കാന്‍ ആരും വരരുത്. സുപ്രിംകോടതി ചിലപ്പോഴൊക്കെ കാണിക്കുന്ന ആര്‍ജവത്തിന്റെ വാക്കുകളില്‍ ഏറ്റവും അവസാനമായി വന്നതില്‍ ഒന്നാണിത്. ഭരണഘടനയുടെ 21ാം വകുപ്പിലെ ജീവിക്കാനുള്ള അവകാശത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഒന്നുകൂടെ ഓര്‍മ്മിപ്പിക്കുന്നതായി ജസ്റ്റിസുമാരായ പര്‍ദിവാലയുടേയും ഉജ്ജ്വല്‍ഭുയാന്റേയും വാക്കുകള്‍. ജാമ്യം നല്‍കാതിരിക്കുന്നത് ഒരു ശിക്ഷാനടപടിപോലെ കണക്കാക്കി തീരുമാനങ്ങളെടുക്കുന്ന കീഴ്‌ക്കോടതികളെക്കുറിച്ചും ഇവരുടെ പരാമര്‍ശങ്ങളുണ്ടായി.
യു എ പി എ പ്രകാരം എന്‍ ഐ എ കസ്റ്റഡിയിലെടുത്ത പ്രതിക്ക് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. നാലുകൊല്ലമായി കസ്റ്റഡിയിലുള്ള പ്രതിയുടെ വിചാരണ നടപടികളിലേക്ക് ഇതുവരെ കോടതി കടന്നിട്ടില്ല. വിചാരണ ആദ്യഘട്ടമായ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കല്‍ വരെ ഇതുവരെ നടന്നിട്ടില്ലെന്നതാണ് കോടതിക്ക് അസ്വാരസ്യമുണ്ടാക്കിയത്. നടപടികള്‍ ആരംഭിച്ചാല്‍ തന്നെ എന്‍ ഐ എ ഹാജരാക്കിയ ലിസ്റ്റിലുള്ള 80 സാക്ഷികളെ വിസ്തരിച്ചു കഴിയുമ്പോഴേക്കും കാലം കുറേക്കഴിയുമെന്നതും പ്രതിക്ക് അനുകൂലമായി കാര്യങ്ങളെ കാണാന്‍ കോടതിയെ പ്രേരിപ്പിക്കുകയായിരുന്നു. എന്‍ ഐ എ നിയമപ്രകാരം പ്രത്യേക കോടതികള്‍ സ്ഥാപിച്ചതിന്റെ ലക്ഷ്യം തന്നെ അതിവേഗം വിചാരണ നടക്കുകയെന്നതാണ്. അതിനു സാധിക്കുന്നില്ലെങ്കില്‍പ്പിന്നെ നീതിയെ കളിയാക്കുന്ന പരിപാടിക്ക് നില്‍ക്കരുത് കോടതി കര്‍ശനമായാണ് താക്കീത് നല്‍കിയത്.
സുപ്രീംകോടതിയില്‍നിന്നു ഇങ്ങനെയൊക്കെ കേള്‍ക്കുന്നുണ്ടെങ്കിലും ഡല്‍ഹി ഹൈക്കോടതിയില്‍നിന്നു വരുന്ന വാര്‍ത്തകള്‍ അത്ര ആശ്വാസ്യകരമല്ല. ശര്‍ജീല്‍ ഇമാം അടക്കമുള്ള ഡല്‍ഹി കലാപക്കേസില്‍ ജയിലില്‍ കഴിയുന്ന ഒന്‍പതാളുകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ബഞ്ചില്‍നിന്നും ജസ്റ്റിസ് അമിത് ശര്‍മ പിന്മാറിയെന്നാണ് വാര്‍ത്ത. 2023മുതല്‍ ഇവര്‍ ജാമ്യാപേക്ഷകള്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ വര്‍ഷമാദ്യം പുതിയ ബഞ്ച് രൂപീകരിച്ചു, അവര്‍ ചില ജാമ്യാപേക്ഷകള്‍ തള്ളി. അതില്‍ ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചു. അപേക്ഷ ബേല ത്രിവേദിയുടെ ബഞ്ചിലാണ് എത്തിയത്, സ്വാഭാവികമായും അതും തള്ളി. മറ്റു പലരുടേയും അപേക്ഷ ഹൈക്കോടതിയില്‍ത്തന്നെയാണുള്ളത്. അപ്പോഴേക്കും ഇതിനായി വേറെ ബെഞ്ചുണ്ടാക്കി, അവര്‍ വീണ്ടും ജാമ്യേപക്ഷ കേള്‍ക്കണം. അതിനിടയിലാണ് ബഞ്ചിലെ ഒരാളായ അമിത് ശര്‍മ പിന്‍വാങ്ങിയത്. ഇനി പുതിയ ജഡ്ജി വരണം. സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചില ജഡ്ജിമാരും നിരന്തരം വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും, അതിനായുള്ള ചില നടപടികളെടുക്കുകയും ചെയ്യും. പക്ഷേ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിലേക്കെത്തുമ്പോള്‍ എല്ലാകേസുകളും ഒരു ബഞ്ചിലേക്കെത്തും, എല്ലാറ്റിനും ഒരേ വിധിയും വരും.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ മുപ്പത്തിയൊന്നായിരം സ്ത്രീകളെ കാണാതായെന്നാണ് മധ്യപ്രദേശില്‍നിന്നും വരുന്ന വാര്‍ത്ത. സംസ്ഥാനസര്‍ക്കാര്‍ നിയമസഭയില്‍ വെച്ച ഈ കണക്കു പ്രകാരം കാണാതായവരില്‍ 2994 പേര്‍ പെണ്‍കുട്ടികളാണ്. അതായത് ദിവസവും ഏകദേശം 28സ്ത്രീകളെ കാണാതാവുന്നവെന്ന് സാരം. ഇതില്‍ മിക്കവാറും കേസുകള്‍ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെടാറില്ല. കണക്കുകള്‍ പ്രകാരം ഇന്‍ഡോറില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്ത്രീകളെ കാണാതിയിരിക്കുന്നത്. 2384 പേരെയാണ് ഇത്തരത്തില്‍ കാണാതായിരിക്കുന്നത്. ഇത്തരം കേസുകളില്‍ കുടുംബം പരാതി നല്‍കാതിരിക്കാന്‍ പല കാരണങ്ങളുണ്ട്. അത്തരം വാര്‍ത്തകള്‍ പുറത്തുവന്നാലുണ്ടാകാവുന്ന മാനഹാനി, സാമൂഹികമായ ഒറ്റപ്പെടുത്തലുകള്‍, പോലീസിലും മറ്റു അധികാരകേന്ദ്രങ്ങളിലുമുള്ള വിശ്വാസക്കുറവ് എന്നിവയൊക്കെ കാരണമാണ് പലരും ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ മടിക്കുന്നത്.
പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളെ താല്‍പര്യപ്പെടുന്ന രാജ്യത്തിന്റെ സാമൂഹിക സാമ്പത്തികാവസ്ഥയാണ് പ്രശ്‌നങ്ങളുടെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ വിജയിക്കാന്‍ ആണ്‍കുട്ടികളെ വേണമായിരുന്നുവെന്നതില്‍നിന്നും വളരെയൊന്നും നാട് മുന്നോട്ടുപോയിട്ടില്ലെന്നര്‍ത്ഥം. കാണാതാവലിന്റെ കാര്യത്തിലെ രാജ്യത്തെ മൊത്തം കണക്കും ഇതു ശരിവെക്കുന്ന തരത്തിലുള്ളതാണ്. 2019 2021വര്‍ഷത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം പതിമൂന്ന് ലക്ഷത്തിലധികം സ്ത്രീകളെയാണ് രാജ്യത്ത് കാണാതായത്. പെണ്‍കുട്ടികളെ കാണാതാവുന്ന കാര്യത്തില്‍ പശ്ചിമബംഗാളായിരുന്നു ഒന്നാംസ്ഥാനത്ത്. രണ്ടാംസ്ഥാനത്ത് മധ്യപ്രദേശും. മാനസിക രോഗങ്ങള്‍, കൊലപാതകം, ലൈംഗിക ചൂഷണം, ബാലവേല, വീട്ടുജോലി, ഗാര്‍ഹിക പീഡനം ഇതൊക്കെയാണ് ഇത്തരം കാണാതാവലുകള്‍ക്കു പിന്നിലുള്ള കാരണങ്ങളായി ഔദ്യോഗികമായി വിശദീകരിക്കപ്പെട്ടിട്ടുള്ളത്. ഇതുപോലുള്ള അപകടരമായ അവസ്ഥയില്‍ നിന്നും രക്ഷപ്പെടുന്നവരും സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങുന്നവരും ഈ കാണാതാവയവരുടെ പട്ടികയില്‍ വരും. വീട്ടുകാര്‍ പരാതി കൊടുക്കുന്നതോടെ അവരുടെ എണ്ണവും സര്‍ക്കാര്‍ രേഖയില്‍ വരും. ചിലപ്പോഴത് കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണമാവാം, ചിലപ്പോള്‍ ആരുടേയെങ്കിലും കൂടെ ഒളിച്ചോടിയതാവാം, പരീക്ഷയിലെ പരാജയം കാരണം വീടുവിട്ടിറങ്ങിയതാവാം. അതേ സമയം കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഭവങ്ങളും, മനുഷ്യക്കടത്തുമൊക്കെ ഈ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഒരു കണക്കുപ്രകാരം ഓരോ വര്‍ഷവും 40,000 കുട്ടികളെ കാണാതാവുന്നതില്‍ 11000പേരുടെ വിവരവും കിട്ടാറില്ലത്രെ. പട്ടിണിയും മഹാമാരിയുമൊക്കെ ഇത്തരത്തിലുള്ള മനുഷ്യക്കടത്തുകള്‍ക്കും കച്ചവടത്തിനുമൊക്കെ കാരണമാവുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പശ്ചിമബംഗാളിലെ നോര്‍ത്ത് പര്‍ഗാനയില്‍നിന്നും വന്ന ഒരു വാര്‍ത്ത നാം മറന്നിരിക്കാനിടയില്ലല്ലോ. ഒരു ലക്ഷത്തിനടുത്ത്
വിലവരുന്ന ഐ ഫോണ്‍ 14 വാങ്ങാന്‍ വേണ്ടിയാണ് അവിടെ ദമ്പതികള്‍ തങ്ങളുടെ എട്ടുമാസം പ്രായമായ കുഞ്ഞിനെ വിറ്റത്. തങ്ങളുടെ യാത്രകളുടെ റീലുകള്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യക്തതയോടെ പോസ്റ്റ് ചെയ്യാനായിരുന്ന്രേത ഈ ഐ ഫോണ്‍ശിശു കച്ചവടം.
ഇങ്ങനെയൊക്കെയാണ് അവസ്ഥയെങ്കിലും മധ്യപ്രദേശ് സര്‍ക്കാറിന്റെ ഇത്തവണത്തെ ബജറ്റില്‍ കഴിഞ്ഞതിനേക്കാള്‍ 16ശതമാനം അധികതുക മാറ്റിവച്ചിരിക്കുന്ന എന്തിനാണെന്നു കൂടി അറിയുന്നത് നന്നാവും. സാംസ്‌കാരിക വികസനം, കന്നു കന്നുകുട്ടി പരിപാലനം, മതസ്ഥാപനങ്ങളുടെ വികസനം, എക്‌സ്പ്രസ് വേ നിര്‍മാണം ഇതിനൊക്കെയാണ് വന്‍തുക നീക്കിവച്ചിരിക്കുന്നത്. പശു സംരക്ഷണത്തിനും മൃഗങ്ങളുടെ പ്രജനനത്തിനുമായി 252 കോടി, പശുക്കളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കും ഉല്‍പാദനകേന്ദ്രത്തിനുമായി 100 കോടി, തീവ്രമൃഗവികസന പദ്ധതിക്ക് 895 കോടി, മൂന്നു ലക്ഷം പശുക്കളേയുമായി 2190 ഗോശാലകള്‍ എന്നിങ്ങനെ തകര്‍പ്പന്‍ പരിപാടികളാണ് ഇവിടെ നടക്കാന്‍ പോകുന്നത്. ഇതിനിടെ കാണാതാവുന്ന പെണ്‍കുട്ടിക്കളെക്കുറിച്ചാലോചിക്കാന്‍ ആര്‍ക്കാണ് നേരം.
ടാറ്റാ ട്രസ്റ്റില്‍നിന്നും പണം കിട്ടാത്തതുകൊണ്ട് നൂറോളം ജോലിക്കാരെ പിരിച്ചുവിട്ടെന്നും പിന്നീട് തിരിച്ചെടുത്തുമെന്നുമുള്ള ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍നിന്നുള്ള വാര്‍ത്തകള്‍ ഒരേ സമയം ആശ്വാസവും അതേസമയം ആശങ്കയും നല്‍കുന്നതാണ്. പിരിച്ചുവിടപ്പെട്ടവരില്‍ അന്‍പതിലേറെപ്പേര്‍ പത്തുവര്‍ഷത്തോളമായി അവിടുത്തെ അധ്യാപകരാണെന്നാണ് വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ചിലരൊക്കെ സ്ഥിരനിയമനം ലഭിച്ചവരുമായിരുന്നു. അല്ലാത്തവരൊക്കെ മെയ് മുപ്പതിന് കരാര്‍ അവസാനിക്കുന്ന തൊഴിലാളികളും. എല്ലാവര്‍ഷവും കരാര്‍ പുതുക്കി നല്‍കാറാണ് പതിവത്രെ. പക്ഷേ ഇത്തവണ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിലും മറ്റും പങ്കുവഹിച്ചവരാണ് പരിഷ്‌കരണത്തോടെ പുറത്താക്കപ്പെട്ട അവസ്ഥയിലെത്തിയത്. അധികാര കേന്ദ്രങ്ങളോട് കലഹിക്കുന്ന അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും പ്രവൃത്തികളാണ് ഈ പിരിച്ചുവിടലിലേക്ക് നയിച്ചതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. അതേസമയം സാമൂഹികശാസ്ത്ര വിഷയങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടുന്ന പൊതു വിദ്യാഭ്യാസ അവസ്ഥയും ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നുണ്ടെന്നുള്ള അഭിപ്രായവുമുണ്ട്.
ഇന്ത്യയിലെത്തന്നെ ഉന്നതമായ വിദ്യഭ്യാസ സ്ഥാപനമെന്നു വിലയിരുത്തപ്പെടുന്ന ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍സയന്‍സെന്ന ഡീംഡ് യൂനിവേഴ്‌സിറ്റിയിലെ അധ്യാപകരുടെ ജോലി പോലും സുരക്ഷിതമല്ലെന്ന അവസ്ഥ ഏതായാലും ശുഭസൂചകമല്ല. ടാറ്റാ ട്രസ്റ്റിന്റെ കൈയില്‍ ഇവര്‍ക്കു വേണ്ട ശമ്പളം കൊടുക്കാനുള്ള ഫണ്ടില്ല എന്ന കാരണം ശരിയാണെങ്കില്‍ അതിന്റെ പരിണിതി ചെറുതാവുകയുമില്ല.
നിന്ന സീറ്റുകളിലൊക്കെ എട്ടുനിലയില്‍ പൊട്ടിയ തമിഴ്‌നാട് ബി ജെ പിയുടെ നേതാവ് അണ്ണാമലൈ തല്‍ക്കാലം ബ്രിട്ടനിലേക്ക് വിമാനം കയറുകയാണ്. സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ നടക്കുന്ന ഒരു അവധിക്കാല കോഴ്‌സില്‍ പങ്കെടുക്കാനാണ് ചീവനിങ്ങ് ഗുരുകുല സ്‌കോളര്‍ഷിപ്പോടെയുള്ള അദ്ദേഹത്തിന്റെ പോക്ക്. അല്ലാതെ ചില കുബുദ്ധികള്‍ പറഞ്ഞുപരത്തുന്ന പോലെ തമിഴ്‌നാട്ടിലെ തോല്‍വിയില്‍ മനംനൊന്തും സീനിയര്‍ നേതാക്കളുടെ പിന്തുണകിട്ടാത്തതിലുള്ള സങ്കടം കൊണ്ടുമൊന്നുമല്ല ഈ പോക്ക്. ഒക്‌സ്ഫഡ് സര്‍വകലാശാലയിലെ ഈ കോഴ്‌സ് കഴിവുറ്റ നേതൃപാടവമുള്ള വ്യക്തികള്‍ക്കായാണ് നടത്തപ്പെടുന്നത്. തിരഞ്ഞെടുപ്പിനു മുമ്പുതന്നെയുള്ള പ്ലാനായിരുന്നു ഇത്. കോയമ്പത്തൂരില്‍ ജയിച്ചിരുന്നെങ്കിലും അദ്ദേഹം പോകുമെന്നു തന്നെയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നത്. കൂടുതല്‍ നേതൃപാടവം നേടി അണ്ണാമലൈ തിരിച്ചുവരുമെന്നു തന്നെയാണ് അവരുടെ വിശ്വാസം. നിരവധി തവണ ഇന്ത്യന്‍ പ്രധാനമന്ത്രി കോയമ്പത്തൂരില്‍ വന്നിട്ടും പോയിട്ടും പ്രസംഗിച്ചിട്ടും അണ്ണാമലൈക്ക് ലോക്‌സഭയിലെത്താന്‍ കഴിഞ്ഞില്ല. അതിരുകളില്ലാത്ത ആകാശത്തിലേക്ക് അണ്ണാമലൈ തിരുമ്പിവരും, തീര്‍ച്ച. അതുവരെ കേന്ദ്രത്തില്‍ അങ്ങേരുടെ കണ്‍കണ്ടദൈവങ്ങള്‍ വാണാല്‍ മതിയായിരുന്നു.
RELATED STORIES
ജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTപാലക്കാട് ബസ് മറിഞ്ഞു; നിരവധി പേര്ക്ക് പരിക്ക്
15 Nov 2024 4:19 PM GMTലെബനീസ് വിപ്ലവകാരി ജോര്ജ് ഇബ്റാഹീം അബ്ദുല്ലയെ മോചിപ്പിക്കാന്...
15 Nov 2024 3:56 PM GMTഏഴു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്
15 Nov 2024 3:07 PM GMTകോട്ടക്കല് കുറ്റിപ്പുറം ആലിന്ചുവട് ജുമാമസ്ജിദിലെ ഇരട്ടക്കൊല; പത്ത്...
15 Nov 2024 2:51 PM GMTഇപിയെ പിന്തുണച്ച് പിണറായി; പറഞ്ഞ കാര്യങ്ങളൊന്നും ആത്മകഥയില് ഇല്ല
15 Nov 2024 2:32 PM GMT