Articles

അമൃതാനന്ദമയി മഠവും നിസാമുദ്ദീന്‍ മര്‍ക്കസും: ഇടിഞ്ഞുവീഴുന്ന മതേതര പൊയ്ക്കാലുകള്‍

നിസാമുദ്ദീന്‍ മര്‍ക്കസിലെത്തിയ തബ്‌ലീഗ് പ്രവര്‍ത്തകരെ രാജ്യത്തെ വിവിധ ജയിലുകളിലും കേന്ദ്രങ്ങളിലും തടവിലിട്ടപ്പോള്‍ തന്നെയാണ് ഇവിടെ കേരളത്തിലെ ആള്‍ദൈവം അമൃതാനന്ദമയിയുടെ കേന്ദ്രത്തിലെത്തിയ വിദേശികള്‍ ഒരു പരിശോധനയും നടപടിയുമില്ലാതെ വളരെ സുരക്ഷിതരായി കഴിഞ്ഞുപോരുന്നത്. നിസാമുദ്ദീനില്‍ തബ്‌ലീഗ് പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ കൊവിഡ് പടര്‍ത്താന്‍ കാരണമാകുമ്പോള്‍ അമൃതപുരിയിലെ കൂടിച്ചേരല്‍ നിയമത്തിനു മുന്നില്‍ കൊവിഡ് മുക്തമാണ്.

അമൃതാനന്ദമയി മഠവും നിസാമുദ്ദീന്‍ മര്‍ക്കസും: ഇടിഞ്ഞുവീഴുന്ന മതേതര പൊയ്ക്കാലുകള്‍
X

ന്യൂഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍ക്കസ് സന്ദര്‍ശിക്കാനെത്തിയ വിദേശികളും സ്വദേശികളുമായ തബ്‌ലീഗുകാര്‍ എത്രപെട്ടന്നാണ് രാജ്യദ്രോഹികളായി മാറിയതെന്നതിന്റെ വേഗം കണക്കാക്കിയാല്‍ അതു തന്നെയാകും മതേതര ഇന്ത്യയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആര്‍എസ്എസ് ലക്ഷ്യമിടുന്ന ഹിന്ദുത്വ ഇന്ത്യയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ സമയം. സ്ഥാപിക്കപ്പെട്ട കാലം മുതല്‍ ഇന്ത്യയിലെ തബ്‌ലീഗ് ജമാഅത്തിന്റെ കേന്ദ്രമായ നിസാമുദ്ദീനിലെ മര്‍ക്കസിലേക്ക് എത്രയോ വിദേശികള്‍ എത്തിയിട്ടുണ്ട്. ടൂറിസ്റ്റ് വിസയിലെത്തുന്ന അവര്‍ നിസാമുദ്ദീനിലും പിന്നെ പല സംസ്ഥാനങ്ങളിലെ തബ്‌ലീഗ് പ്രവര്‍ത്തനങ്ങളിലും പങ്കാളിയായ ശേഷം നാട്ടിലേക്കു തിരിച്ചുപോകും. ആര്‍ക്കും ഒരു പരാതിക്കും ആക്ഷേപത്തിനും ഇടനല്‍കാതെയാണ് അവരുടെ പ്രവര്‍ത്തനം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്‍പ്പടെ വിദേശികള്‍ പങ്കെടുത്ത തബ്‌ലീഗ് ജമാഅത്തുകള്‍ നടന്നിട്ടുണ്ട്. വിദേശികളെത്തുമ്പോള്‍ പാലിക്കേണ്ട എല്ലാ നിയമങ്ങളും അനുസരിച്ച് പോലിസിനും സര്‍ക്കാറിനും കൃത്യമായി വിവരങ്ങള്‍ നല്‍കി തന്നെയാണ് അതെല്ലാം. കൊവിഡ് മഹാമാരിയെകുറിച്ചുള്ള ആശങ്ക ശക്തമാകുന്നതിനു മുന്‍പ് നിസാമുദ്ദീനിലെത്തിയവരാണ് കൊവിഡ് പരുത്തുന്നവര്‍ എന്ന പേരില്‍ ജയിലിലടക്കപ്പെട്ടത്. കൊവിഡ് ഒരു ഭീതി പോലുമല്ലാതിരിക്കുകയും പാര്‍ലമെന്റ് സമ്മേളനം വരെ ചേരുകയുമുണ്ടായ ദിവസങ്ങളിലാണ് വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരും നിസാമുദ്ദീനിലെത്തിയത്. പക്ഷേ അവരെല്ലാം കൊവിഡ് പരത്തുന്നവരും മറ്റുള്ളവരെല്ലാം അതിന്റെ ഇരകളുമായി മാറി. തബ്‌ലീഗ് കൊവിഡ് എന്ന പദപ്രയോഗം എത്രവേഗമാണ് ചര്‍ച്ചകളില്‍ ഇടം നേടിയത്.


വിസാനിയമം അനുസരിച്ച് എത്തുന്നവര്‍ മതപരമായ കൂടിച്ചേരലുകളില്‍ പങ്കെടുക്കുന്നു എന്ന വലിയ വിമര്‍ശമാണ് വിദേശത്തു നിന്നുമെത്തിയ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ആദ്യം ഉന്നയിച്ചത്. അതിര്‍ത്തി നുഴഞ്ഞുകയറിയോ, കള്ളക്കടത്ത് കപ്പലുകളിലോ അല്ലാതെ പാസ്‌പോര്‍ട്ടും വിസയും ഉപയോഗിച്ച് ഇന്ത്യയിലെത്തിയവരെ പെട്ടെന്നു തന്നെ ദേശവിരുദ്ധരാക്കി മാറ്റി. വിമാനത്താവളത്തില്‍ ഇറങ്ങുന്ന സമയം മുതല്‍ പോലിസിനെ അറിയിച്ചു മാത്രം സഞ്ചരിച്ച അവരുടെ സഞ്ചാരപഥങ്ങള്‍ തീവ്രാദ പ്രവര്‍ത്തനങ്ങളിലേക്കുള്ള മാര്‍ഗ്ഗമായി വ്യാഖ്യാനിക്കപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി വിദേശസഞ്ചാരികളായി ഇന്ത്യയിലെത്തിയ തബ്‌ലീഗ് പ്രവര്‍ത്തകര്‍ ജയിലിലടക്കപ്പെട്ടു, അല്ലെങ്കില്‍ തമിഴ്‌നാട്ടിലെപ്പോലെ ജയിലിനെക്കാള്‍ മോശമായ ഇടങ്ങളില്‍. അവരില്‍ ഗര്‍ഭിണികളുണ്ട്. ചെറിയ കുഞ്ഞുങ്ങളുണ്ട്. പ്രായമായവരുമുണ്ട്. സന്ദര്‍ശക വിസക്ക് പണമടച്ച് വിനോദസഞ്ചാരികളായി എത്തിയവരെയാണ് ഒരു തെറ്റും ചെയ്യാതെ തുറുങ്കിലച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെയെല്ലാം കടത്തിവെട്ടി തമിഴ്‌നാട് സര്‍ക്കാര്‍ തബ്‌ലീഗ് പ്രവര്‍ത്തകരോട് ഉള്ളിലുള്ള വംശീയ വിദ്വേഷമെല്ലാം പുറത്തെടുത്തു. കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തുവന്ന വിദേശികളെ വേറൊരു നിയമം ഉപയോഗിച്ച് ജയിലിലേക്കു തന്നെ മടക്കി അയച്ചു. പുറത്തെത്തിയ മലേസ്യന്‍ സ്വദേശികളെ നാട്ടിലെത്തിക്കാന്‍ ആ രാജ്യം ചെന്നൈ എയര്‍പോര്‍ട്ടിലേക്ക് വിമാനം അയച്ചപ്പോള്‍ അതില്‍ കയറാന്‍ അനുവദിക്കാതെ അവരെയും ഗവര്‍ണ്ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സിന്റെ പേരില്‍ വീണ്ടും ജയിലിലടച്ചു.


ഒരേ രാജ്യത്ത് പല നിയമങ്ങളാണ് വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവരുന്നത്. രാജസ്ഥാനില്‍ കസ്റ്റഡിയിലായ തബ്‌ലീഗ് പ്രവര്‍ത്തകരെല്ലാം 1000 രൂപ അടച്ച് വളരെവേഗം പുറത്തിറങ്ങി. രണ്ടാം മോദി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ പോലും കോടതി വഴി പലരും പുറത്തിറങ്ങി നാട്ടിലേക്കു മടങ്ങി. പക്ഷേ തമിഴ്‌നാട്ടില്‍ മാത്രം ഇതൊന്നും ബാധകമല്ല. പാര്‍പ്പിക്കാവുന്നതിലധികം പേരെ കുത്തിനിറച്ച് ഹോസ്റ്റലുകളില്‍ കൃത്യമായ ഭക്ഷണവും വെള്ളവും നല്‍കാതെയാണ് വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെ പാര്‍പ്പിക്കുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നവരെ അവിടെ തന്നെ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു.


നിസാമുദ്ദീന്‍ മര്‍ക്കസിലെത്തിയ തബ്‌ലീഗ് പ്രവര്‍ത്തകരെ രാജ്യത്തെ വിവിധ ജയിലുകളിലും കേന്ദ്രങ്ങളിലും തടവിലിട്ടപ്പോള്‍ തന്നെയാണ് ഇവിടെ കേരളത്തിലെ ആള്‍ദൈവം അമൃതാനന്ദമയിയുടെ കേന്ദ്രത്തിലെത്തിയ വിദേശികള്‍ ഒരു പരിശോധനയും നടപടിയുമില്ലാതെ വളരെ സുരക്ഷിതരായി കഴിഞ്ഞുപോരുന്നത്. നിസാമുദ്ദീനില്‍ തബ്‌ലീഗ് പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ കൊവിഡ് പടര്‍ത്താന്‍ കാരണമാകുമ്പോള്‍ അമൃതപുരിയിലെ കൂടിച്ചേരല്‍ നിയമത്തിനു മുന്നില്‍ കൊവിഡ് മുക്തമാണ്. വിദേശികള്‍ മതപരമായ കൂടിച്ചേരലുകളില്‍ പങ്കെടുക്കരുത് എന്നു പറഞ്ഞ് തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ എയ്തുവിട്ട നിയമത്തിന്റെ ആവനാഴി അമൃദാനന്ദമയീ മഠത്തിലെ വിദേശികള്‍ക്കു നേരെയാകുമ്പോള്‍ ശൂന്യമാണ്. അവര്‍ക്ക് സന്ദര്‍ശക വിസയില്‍ ഏത് കൂടിച്ചേരലുകളിലും പങ്കെടുക്കാം. അമൃതാനന്ദമയിക്കൊപ്പം പലയിടങ്ങളില്‍ സഞ്ചരിച്ച് കൂട്ടിച്ചേരലുകളിലെ ഭാഗമാകാം. അവര്‍ക്കു നേരെ ചോദ്യങ്ങളില്ല, ഒരു തരത്തിലുള്ള ചോദ്യം ചെയ്യലും നിയമത്തിന്റെ ഇടപെടലുമില്ല. എല്ലാവരും ബഹുമാനിക്കപ്പെടേണ്ട വിദേശ സഞ്ചാരികള്‍ മാത്രം. അതിഥി ദേവോ ഭവ എന്നൊക്ക പറയുന്ന തനി ഭാരതീയ സംസ്‌ക്കാരത്താല്‍ ആദരിക്കപ്പെടേണ്ടവര്‍.


നിസാമുദ്ദീനിലെ വിദേശ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരും, അമൃതാനന്ദമയീ മഠത്തിലെ വിദേശികളും ഒരേ നിയമമുപയോഗിച്ചാണ് ഇന്ത്യയിലെത്തിയത്. ഇവിടെ താമസിക്കുന്ന കാലമത്രയും അവര്‍ക്കുള്ള നിയന്ത്രണങ്ങളും ഒരുപോലെ തന്നെയാണ്. പിന്നെ എങ്ങിനെയാണ് ഒരു കൂട്ടര്‍ മാത്രം തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റപ്പെടുന്നത്? എങ്ങിനെയാണ് സ്ത്രീകളും കൂട്ടികളുമുള്‍പ്പടെ ഒരു വിഭാഗം മാത്രം നാട്ടിലേക്കു തിരികെപ്പോകാനാകാതെ തടങ്കല്‍ കേന്ദ്രങ്ങളില്‍ ദുരിതജീവിതം നയിക്കേണ്ടി വരുന്നത്? ഒരേ വിസാ നടപടികള്‍ ഉപയോഗിച്ച് ഇന്ത്യയിലെത്തിയവരില്‍ ഒരു വിഭാഗം ദേശദ്രോഹികളും മറ്റുള്ളവര്‍ ആദരിക്കപ്പെടേണ്ട അഥിതികളുമായി മാറുന്നതിന്റെ മാനദണ്ഡം എന്താണ്? അവര്‍ വിശ്വസിക്കുന്ന മതമാണ് വേര്‍തിരിവുകളുടെ അടിസ്ഥാനമെങ്കില്‍ രാജ്യത്തിന്റെ മതേതരത്വ സങ്കല്‍പ്പങ്ങള്‍ വെറും പൊയ്ക്കാലാണ് എന്ന സമ്മതിക്കേണ്ടിവരും. തകര്‍ന്ന പൊയ്ക്കാലുകളില്‍ നിലനില്‍ക്കുന്ന അടിസ്ഥാന തത്വങ്ങളാണ് ഒരു രാജ്യത്തിന്റെ ഭരണഘടനക്കുള്ളതെങ്കില്‍ ആ രാജ്യം അപകടത്തിലേക്കു തന്നെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്.




Next Story

RELATED STORIES

Share it