Articles

'സിബിഎസ്ഇയുടെ ക്രൂരകൃത്യങ്ങള്‍... കുട്ടികളോടിത് വേണ്ടായിരുന്നു'

സിബിഎസ്ഇയുടെ ക്രൂരകൃത്യങ്ങള്‍... കുട്ടികളോടിത് വേണ്ടായിരുന്നു
X

എന്‍ എം സിദ്ദീഖ്

നടപ്പ് 10, 12 സിബിഎസ്ഇ ആദ്യടേം ബോര്‍ഡ് പരീക്ഷകളിലെ അത്യാചാരങ്ങള്‍

'ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ കലാപം ഏത് സര്‍ക്കാരിന്റെ കാലത്തായിരുന്നു?' ആ ഒറ്റച്ചോദ്യം കൃത്യമായിരുന്നു. ഇളംതലമുറ അറിയേണ്ട ഉത്തരവും അത്രമേല്‍ കൃത്യമായിരുന്നു. 12ാം ക്ലാസിലെ സോഷ്യോളജി പരീക്ഷയിലായിരുന്നു ചോദ്യം. കലാപത്തിന്റെ ഉത്തരവാദി, അന്നത്തെ മുഖ്യമന്ത്രി, ഇന്ത്യന്‍ പ്രധാനമന്ത്രിയായും, അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി രാജ്യ ആഭ്യന്തരമന്ത്രിയായും എലവേറ്റഡായി, വിദ്യാഭ്യാസമടക്കം ചരിത്രത്തിലും സംസ്‌കാരത്തിലും സകലതിലും നഞ്ച് കലക്കവേ, കിണ്ണം കാച്ചിയ ചോദ്യമായി അത്, അച്ചോദ്യം മാത്രം, അത് സംഘികളെ പ്രകോപിതരുമാക്കി.

കണക്ക്, ഇംഗ്ലീഷ് പരീക്ഷകള്‍ വിദ്യാര്‍ഥികളെ വലച്ചു. പരീക്ഷാമുറികളില്‍ കണ്ണീരടര്‍ന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ നടത്തുന്ന 10, 12 ബോര്‍ഡ് പരീക്ഷകള്‍ വിദ്യാര്‍ഥികളുടെ ചങ്കിടിപ്പ് കൂട്ടി, രക്ഷിതാക്കളെ പരിഭ്രാന്തരാക്കി പുരോഗമിക്കവെ, ചോദ്യങ്ങളേറെയും ചോദ്യംചെയ്യലുകളാകവേ, ലോക്‌സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ സീറോ അവറില്‍ പ്രശ്‌നമുന്നയിച്ചു. അതിനുശേഷവും പരീക്ഷകളും സിലബസ്സിന് പുറത്തുനിന്ന് പിന്നെയും ചോദ്യങ്ങളുമുണ്ടായി.

'ഭാര്യമാരുടെ വിമോചനം കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം ഇല്ലാതാക്കി. ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുന്നവളാവണം എന്ന കാഴ്ചപ്പാട് കുട്ടികള്‍ക്ക് മേല്‍ ഭാര്യയ്ക്ക് കൃത്യമായ അധികാരമുണ്ടാക്കാനായിരുന്നു. ഭര്‍ത്താവിന്റെ അധികാരം അംഗീകരിക്കുന്നതിലൂടെ കുട്ടികളെ നിയന്ത്രിക്കാനും അവരില്‍ അച്ചടക്കമുണ്ടാക്കാനും സ്ത്രീകള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍, 20ാം നൂറ്റാണ്ടില്‍ സ്ത്രീ സ്വാതന്ത്ര്യവാദം ഉയര്‍ന്നതോടെ കുടുംബത്തില്‍ അച്ചടക്കമില്ലാതായി. പിതാവിന്റെ വാക്ക് വിശുദ്ധമാണെന്ന കാഴ്ചപ്പാട് ഇല്ലാതായി. സ്ത്രീ- പുരുഷ തുല്യത നടപ്പാക്കിയതോടെ എല്ലാം താളംതെറ്റി'. അങ്ങേയറ്റം പാട്രിയാര്‍ക്കലായ, ബ്രാഹ്മണിക്കലായ, ലിംഗനീതിക്കെതിരായ ഇപ്പരാമര്‍ശം മനുസ്മൃതിയില്‍നിന്നുദ്ധരിച്ചതല്ല.

'ജെഎസ്‌കെ-1' സീരീസിലെ സെക്ഷന്‍ എ ഒന്നാം ഭാഗത്ത് മൂന്ന് ഖണ്ഡികകളിലായി നടപ്പ് 10ാം ക്ലാസ് സിബിഎസ്ഇ ആദ്യടേം ബോര്‍ഡ് പരീക്ഷയിലെ ചോദ്യമാണത്. സ്ത്രീകളെ അപമാനിക്കുന്ന ചോദ്യത്തില്‍ സിബിഎസ്ഇ മാപ്പ് പറയണമെന്ന് സോണിയാഗാന്ധി ലോക്‌സഭയിലാവശ്യപ്പെട്ടു. അധികൃതര്‍ ഖേദം പ്രകടിപ്പിക്കയും ചോദ്യം പിന്‍വലിക്കയും ഖണ്ഡികയിലെ എട്ട് വിവാദചോദ്യങ്ങള്‍ക്കുള്ള എട്ട് മാര്‍ക്ക് എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്‍കുമെന്നും സിബിഎസ്ഇ ഉദാരമായി.

12ാം ക്ലാസ് കണക്ക് പരീക്ഷാ ചോദ്യങ്ങള്‍ ഏറെയും വിദ്യാര്‍ഥികളെ കുഴപ്പിക്കുന്ന തരം ദൈര്‍ഘ്യമുള്ള, സിലബസിന് പുറത്തുനിന്നുള്ളവയായിരുന്നു. ഇംഗ്ലീഷ് പരീക്ഷയെഴുതിയ പല പഠിതാക്കള്‍ക്കും കൗണ്‍സലിങ് വേണ്ടത്ര മാനസിക ആഘാതമുണ്ടായി. വിദ്യാര്‍ഥികളുടെ ഭാവി പഠനത്തിന്റെയും കരിയറിന്റെയും ഗതി നിര്‍ണയിക്കുന്ന 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷ ഐഎഎസ് നിലവാരത്തിലാക്കി ചോദ്യകര്‍ത്താക്കള്‍ അശ്ലീലമായ ആത്മഹര്‍ഷമനുഭവിച്ചു. കൊവിഡ് സമ്പൂര്‍ണ ലോക്ക് ഡൗണില്‍ രണ്ടുവര്‍ഷമായി ഓണ്‍ലൈനില്‍ പഠിക്കുന്ന കൗമാരത്തിനോടാണിതത്രയും ചെയ്തത്.

സമാനസംഭവമുണ്ടായ കഴിഞ്ഞ വര്‍ഷത്തെപ്പോലെ മൂല്യനിര്‍ണയം ഉദാരമാക്കി വിദ്യാര്‍ഥികളോട് പ്രായശ്ചിത്തം ചെയ്തില്ലെങ്കില്‍ സിബിഎസ്ഇ മേലാളന്‍മാരെ ഒരു തലമുറ ശപിക്ക തന്നെ ചെയ്യും. ഐസിഎസ്ഇ, സ്റ്റേറ്റ് സിലബസുകളിലെ ഇതേ പരീക്ഷകള്‍ ഏറെ ഉദാരമായിരുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് അവരോട് മല്‍സരിക്കേണ്ട സിബിഎസ്ഇ വിദ്യാര്‍ഥികള്‍ ഹതാശരാവുകയാണ്.

വിദ്യാര്‍ഥികളും രക്ഷിതാക്കളും, ഒരുവേള അധ്യാപകരും കരയുകയാണ്. അപ്പോഴും മോദി ചിരിക്കുകയാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നത് തന്നെ കുറ്റമാണെന്നും ഉണ്ടായിട്ടുള്ളതും ഉണ്ടാവാന്‍ പോവുന്നതുമായ സകലചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഹിന്ദുത്വ രാഷ്ട്രീയമാണെന്നും ഉദ്‌ബോധിപ്പിച്ച്, വാരാണസിയില്‍, ഫാഷിസ്റ്റ് ലഹരിയടിച്ച് കെമിക്കലായി പൊട്ടിത്തെറിക്കുന്ന നിരവധി സംഘി കാഷായധാരികളെ സാക്ഷിയാക്കി, കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി സമുദ്ഘാടനം ചെയ്ത്, ഗംഗയില്‍ നനഞ്ഞിറങ്ങി മോദി കൊലച്ചിരി ചിരിക്കയാണ്.

Next Story

RELATED STORIES

Share it