- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമം നീതിയുക്തമാവുമ്പോഴേ ജനാധിപത്യം അര്‍ഥപൂര്‍ണമാവുകയുള്ളൂ
അഡ്വ. പി സി വിവേക് വേണുഗോപാല്‍
രാജ്യദ്രോഹക്കുറ്റമടക്കം നിരവധി നിയമങ്ങളിലൂടെ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാരങ്ങളെയും തങ്ങള്‍ക്കനുകൂലമായി ഭരണകൂടം കൂച്ചുവിലങ്ങിടുന്ന ഇന്നത്തെ സാഹചര്യം, ജനാധിപത്യ വിശ്വാസികള്‍ തെല്ലൊന്ന് ആശങ്കയോടെയും ഉള്‍ക്കാഴ്ച്ചയോടെയും കാണേണ്ടതാണ്. ഈയടുത്ത കാലത്ത് നടന്ന പല സംഭവ വികാസങ്ങളില്‍ നിയമത്തിന്റെ (തെറ്റായ) പ്രയോഗങ്ങള്‍ സാധാരണക്കാരെ പോലും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പൗരസ്വാതന്ത്ര്യ /മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ നിയമത്തിന്റെ സാധ്യതയും പ്രായോഗികതയും സമകാലീന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണിവിടെ
എന്തുകൊണ്ട് ഐപിസി 124(എ) പിന്‍വലിക്കപ്പെടണം..?
ഒന്നര നൂറ്റാണ്ടു മുമ്പ് ഉണ്ടായിരുന്ന കൊളോണിയല്‍ നിയമ വ്യവസ്ഥയുടെ തീര്‍ത്തും മൃതമായ അവശേഷിപ്പുകളെ നിര്‍ലജ്ജം നമ്മുടെ നാട്ടില്‍ കൊണ്ടുനടക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 124(എ) വകുപ്പ്. സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും 1870ല്‍ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താനായി കൊളോണിയല്‍ ഭരണകൂടം കൊണ്ടുവന്ന രാജ്യദ്രോഹ നിയമം ഇപ്പോഴും നിര്‍ത്തേണ്ടതിന്റെ ആവശ്യമുണ്ടോ എന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ ചോദ്യം ഭരണകൂടത്തിന്റെ നേര്‍ക്കു മാത്രമല്ല നിയമത്തിന്റെ സാധുതയെയും തെറ്റായ പ്രയോഗങ്ങളെയും നിസംഗതയോടെ നോക്കിക്കാണുന്ന മുഴുവനാളുകളോടുമുള്ള ചോദ്യമാണ്. അന്നും ഇന്നും ഈ നിയമം ഭരണാധികാരത്തിന് പ്രിയമാവുന്നത് അത് എക്കാലവും നിര്‍വഹിച്ചുപോന്ന അതിന്റെ ജന്മദൗത്യം ഒന്നായത് കൊണ്ടു മാത്രമാണ്. 2010നും 2020നുമിടയിലുള്ള പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ 798 കേസുകളിലായി പതിനായിരത്തില്‍പ്പരം ആളുകള്‍ക്കെതിരെയാണ് രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. നിസ്സാരസംഭവങ്ങളുടെ പേരില്‍, സര്‍ക്കാറിനെതിരേ അഭിപ്രായ പ്രകടനം നടത്തുന്നവര്‍ക്കെതിരേ വളരെ ലാഘവത്തോടെ പ്രയോഗിക്കാവുന്ന ഒന്നായി ഇതു മാറിയെന്നു കാണിക്കുന്ന റിപോര്‍ട്ടാണിത്. ബ്രിട്ടീഷ് ഭരണകൂടം സ്വാതന്ത്ര്യ സമര മുന്നേറ്റത്തെ നേരിടാനായി നടപ്പിലാക്കിയ നിയമ ഭേദഗതി ഇന്നും, സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ഉയരുന്ന പ്രതിരോധ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള എറ്റവും മുന്തിയ വടിയാണ്. പ്രതിപക്ഷ ശബ്ദങ്ങള്‍ക്ക് തെല്ലും വില കല്‍പ്പിക്കാത്ത ഏകാധിപതികള്‍ വാഴുന്ന നാട്ടില്‍ പ്രത്യേകിച്ചും! അതുകൊണ്ടാണ്, ക്രിക്കറ്റ് കളിയില്‍ പാക്കിസ്താനെ പിന്തുണച്ചതിന്റെ പേരില്‍ കശ്മീരി യുവക്കള്‍ക്കെതിരെയും, ടി വി ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞതിന് ഐഷാ സുല്‍ത്താനക്കെതിരേയും കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ അസീം ത്രിവേദിക്കെതിരെയുംഗോമൂത്രത്തിനെതിരേ സംസാരിച്ചതിന് ലിമ്പോച്ചം എറന്‍ഡയും ഈ നിയമപ്രകാരം നടപടി നേരിടേണ്ടി വരുന്നത്. നിയമത്തിന്റെ പ്രയോഗവല്‍ക്കരണത്തില്‍ അവശ്യം വേണ്ട ജാഗ്രതയും നീതിബോധവും പാലിക്കപ്പെടാതെയുള്ള നീക്കങ്ങള്‍ സുപ്രീം കോടതിക്കു പോലും അമ്പരപ്പുളവാക്കുന്നു എന്നുവേണം കരുതാന്‍.
ജനവിരുദ്ധ നിയമങ്ങള്‍ക്ക് ശക്തി കൂട്ടുന്നു
'ഏതൊരനീതിയും നീതിക്ക് എല്ലായിടത്തും ഭീഷണിയാണ്' (Injustice anywhere is a threat to justice everywhere.- Martin Luther king) എന്ന പ്രശസ്തമായ വാക്യം ഇവിടെ അന്വര്‍ത്ഥമാണ്. അനീതി മുഖമുദ്രയായിരിക്കുന്ന ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ നീതിയെന്നത് നിയമത്തിലൂടെ മാത്രം സൃഷ്ടിച്ചെടുക്കാവുന്ന കാര്യമാണെന്ന് ധരിക്കുന്നത് മൂഢമാണ്. മതന്യൂനപക്ഷങ്ങളില്‍ പ്രത്യേകിച്ച് മുസ് ലിംകളിലും, ദലിത്ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയിലും ഉണ്ടായി വന്നിട്ടുള്ളഅരക്ഷിതാവസ്ഥയുടെയും ആശങ്കകളുടെയും ഫലമായി അവര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധസ്വരങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് ആ ജനസമൂഹത്തിനു നേരെ വലിയ തോതില്‍ ആക്രമണമഴിച്ചുവിടുകയാണിന്ന്. ഇസ് ലാമോഫോബിയ പോലുള്ള ചില സാമൂഹിക സംജ്ഞകളിലൂടെ പൊടിപ്പും തൊങ്ങലും വച്ച് അപരവിദ്വേഷത്തിന്റെ മസാലകള്‍ ചേരുംപടി ചേര്‍ത്ത് പടച്ചു വിടുന്ന സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ മുസ് ലിം ജനവിഭാഗങ്ങള്‍ക്കെതിരേയുള്ള വര്‍ഗ്ഗീയ പൊതുബോധം ചെറുതല്ലാത്ത വിധത്തില്‍ നമ്മുടെ കേരളത്തിലടക്കം വികസിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. മുസ് ലിം ചെറുപ്പക്കാരെ കുഴപ്പക്കാരായി ചിത്രീകരിക്കാനുള്ള വെമ്പല്‍ എല്ലായിടത്തും കാണാം. തെറ്റായ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ഉയര്‍ന്നു വരുന്ന പ്രതിഷേധ സ്വരങ്ങളെ മതം നോക്കി തരം തിരിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഭരണകൂടവര്‍ഗീയത, മറുവശത്ത് മനുഷ്യാവകാശ വിഷയങ്ങളിലും ജനകീയ സമരങ്ങളിലും നിര്‍ഭയം ഇടപെടുന്നവരെ മാവോവാദി ബന്ധം ചാര്‍ത്തി ജയിലറയ്ക്കുള്ളിലെറിയുകയാണ്. ഇന്ന് ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന യുഎപിഎ (The Unlawfal Activities Prevention Act) നിയമം നിലവില്‍ വന്നത് 1967ലാണെങ്കിലും മാരകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് 2008ല്‍ ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്തെ ഭേദഗതിയോടുകൂടിയാണ്. അന്ന് സിപിഐ(എം), സിപിഐ, മുസ് ലിം ലീഗ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടുകൂടിയാണ് ഈ ഭേദഗതി നിലവില്‍ വന്നത് എന്ന് കയ്‌പേറിയ സത്യമാണ്..!
ഒരു വ്യക്തിയെ തിരയാനോ അറസ്റ്റ് ചെയ്യാനോ വിധത്തില്‍ പര്യാപ്തമായ അളവില്‍ സംശയിക്കപ്പെടുന്ന കാരണങ്ങള്‍ ഉണ്ടാവണമെന്ന ക്രിമിനല്‍ നടപടി സംഹിതയുടെയും ഭരണഘടനയുടെയും താല്‍പ്പര്യത്തിന് നേര്‍ എതിരാണ് യുഎപിഎ. കുറ്റം ചെയ്തിരിക്കുന്നുവെന്ന് ഏതെങ്കിലും വ്യക്തിയോ രേഖയോ നല്‍കുന്ന വിവരം വച്ചോ അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വിവരം വച്ചോ അറസ്റ്റ് ചെയ്യാനും വസ്തുവഹകള്‍ പിടിച്ചെടുക്കാനും ജാമ്യമില്ലാതെ തുടര്‍ച്ചയായി 180 ദിവസം വരെ വിചാരണ തടങ്കലില്‍ പാര്‍പ്പിക്കാനും യുഎപിഎ വ്യവസ്ഥ ചെയ്യുന്നു. 'ജാമ്യമാണ് നിയമം, ജയില്‍ ഒരു അപവാദമാണ്.'(Bail is the rule and jail is an exception), 'കുറ്റം തെളിയുന്നതുവരെയും ഒരാള്‍ കുറ്റക്കാരനാവുന്നില്ല(A person is not guitly until proven) തുടങ്ങി 'ജീവിക്കാനുള്ള ഭരണഘടനാ അവകാശം (Right to live)' ഉറപ്പുനല്‍കുന്ന വ്യവസ്ഥാപിതമായ നിയമ അനുശാസനങ്ങളെ കാറ്റില്‍ പറത്തിയാണ് യുഎപിഎ അടക്കമുള്ള ജനവിരുദ്ധ നിയമങ്ങളുടെ പ്രയോഗം നടക്കുന്നത്.
മുംബൈ ആക്രമണത്തിന്റെ സാഹചര്യത്തെ മുതലെടുത്തു കൊണ്ടാണ് യുഎപിഎയ്ക്ക് പിന്നാലെ പ്രത്യേക അന്വേഷണ ഏജന്‍സിയായ എന്‍ഐഎ രൂപം കൊണ്ടത്. 2019ല്‍ നടപ്പാക്കിയ എന്‍ഐഎ ഭേദഗതി നിയമപ്രകാരം ഇതുവരെ സംഘടനകളെ നിരോധിക്കാനും വസ്തു വഹകള്‍ കണ്ടുകെട്ടാനുമുള്ള അധികാരം വ്യക്തികളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. ഇത്തരത്തില്‍, ഭരണകൂട അടിച്ചമര്‍ത്തലിന്റെ പ്രഹരശേഷി വര്‍ധിച്ചതിനുള്ള ആഘാതമായാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റും കസ്റ്റഡിമരണവും വിലയിരുത്താനാവുക. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുസ് ലിം ചെറുപ്പക്കാര്‍ക്കും മാവോവാദി അനുഭാവത്തിന്റെ പേരില്‍ ദലിത് ജനവിഭാഗങ്ങള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരേ യാതൊരു ന്യായീകരണവുമില്ലാതെ ഭീകരനിയമങ്ങള്‍ വ്യാപകമായി ചുമത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്തതിന് ആയിരക്കണക്കിന് യുവാക്കളെ നാഷനല്‍ സെക്യൂരിറ്റി ആക്ട്(NSA 1980) പ്രകാരം യുപി സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തി പീഢിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ഭൂരിഭാഗം കേസുകളിലും കുറ്റാരോപണം നടത്തിക്കൊണ്ടുന്നയിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും ഗൗരവപരമല്ലാത്തതും നിസാരമായവയുമാണ്. ഇത്തരം കേസുകളില്‍ 70 ശതമാനത്തിലേറെ കുറ്റം തെളിയിക്കാനാവാതെ പോവുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ, വിചാരണ കാലയളവില്‍ വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിച്ചുകൊണ്ട് അതിക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് ഭരണകൂടം നടത്തുന്നത്. ഭീമാ കൊറേഗാവ് കേസില്‍ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ചതടക്കമുള്ള ആസൂത്രിതമായ നീക്കങ്ങള്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളിലേക്ക് നമ്മെ എത്തിക്കുന്നു.
ജന വിരുദ്ധ സാമ്പത്തിക-രാഷ്ട്രീയ നയങ്ങളെ സംരക്ഷിക്കാന്‍ ഭീകരനിയമങ്ങള്‍ക്ക് കോപ്പുകൂട്ടുന്നു
ഭീകരനിയമങ്ങളെന്നാല്‍ ക്രിമിനല്‍ നടപടി സംഹിതയ്ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നവയാണെന്ന് കരുതരുത്. കച്ചവടം, കരാറുകള്‍, കൃഷി മേഖല, വ്യാപാരം, മല്‍സ്യ ബന്ധനം, വ്യവസായം, തൊഴില്‍തൊഴിലാളി മേഖലകള്‍, വ്യക്തിനിയമങ്ങള്‍, വൈവാഹിക വിഷയങ്ങള്‍, കുടിയേറ്റം തുടങ്ങി ജീവതത്തിന്റെ നാനാതുറകളിലുള്ളവിഷയങ്ങളില്‍ കരുതിക്കൂട്ടിയുള്ള പൗരന് ദോഷകരമായി ബാധിക്കുന്ന ഇടപെടലുകളാണ്. രാജ്യത്തെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ത്ത് കോര്‍പറേറ്റ് ഫാമിങ്ങിന് കളമൊരുക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും വൈദ്യുതി നിയമവും കൊളുത്തി വിട്ട പ്രതിഷേധം പാര്‍ലമെന്റിലേക്ക് ഇരച്ചുകയറുന്ന ഘട്ടത്തിലാണിപ്പോള്‍. എട്ടു മാസക്കാലമായി നടക്കുന്ന ഐതിഹാസികമായ കര്‍ഷക സമരത്തെ അവഗണിക്കുന്ന സര്‍ക്കാര്‍ അന്താരാഷ്ട്ര തലത്തില്‍ത്തന്നെ അപമാനിതരായിക്കൊണ്ടിരിക്കുകയാണ്. ഈ മൂന്നു ജനവിരുദ്ധ നിയമങ്ങള്‍ക്കു വേണ്ടി സ്വന്തം ജനതയെ ഊട്ടുന്ന കര്‍ഷകരെ കൊല്ലാക്കൊല ചെയ്യുന്ന സര്‍ക്കാര്‍ എന്തു നീതിയാണ് നിയമം വഴി പൗരന് പ്രദാനം ചെയ്യുന്നത്..?. ചരിത്രപരവും ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങളെപരിഗണിക്കാതെ, മതപരവും തികച്ചും വിഭാഗീകവുമായ ലക്ഷ്യം മുന്‍നിര്‍ത്തി നിര്‍മിച്ചെടുത്ത പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യമെമ്പാടും കള്ളക്കേസുകള്‍ ചമയ്ക്കുന്ന സര്‍ക്കാര്‍ ആരുടെ ജീവനും ജീവിതോപാധിയുമാണ് സംരക്ഷിക്കുന്നത്..?. വിവിധ മേഖലകളില്‍ സാമ്പത്തിക-രാഷ്ട്രീയ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി ഭേദഗതിയോടു കൂടിയോ അല്ലെങ്കില്‍ പുതുതായോ നിര്‍മിക്കപ്പെടുന്ന നിയമങ്ങളും അതിന്റെ തെറ്റായ പ്രയോഗങ്ങളും നമ്മുടെ രാജ്യത്തെ വലിയൊരു 'തുറന്ന ജയിലായി' മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഭരണകൂടാധികാര സ്വഭാവമാണ് പ്രധാനം
ഒരു ആധുനീക ജനാധിപത്യ രാഷ്ട്ര സങ്കല്‍പ്പം ഒരിക്കലും ഭീകരനിയമങ്ങള്‍ക്കനുകൂലമാവില്ല. സാമ്പത്തികരാഷ്ട്രീയ ചൂഷണം അനുഭവിക്കുന്നവര്‍ സ്വാഭാവികമായും ഉയര്‍ത്തുന്ന പ്രതിഷേധങ്ങളോട് സഹിഷ്ണതയോടെ പ്രതികരിക്കാന്‍ ഭരണകൂടത്തിനാവുന്നില്ല. കാരണം, അത്രമേല്‍ അത് മുതലാളിത്ത താല്‍പ്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നതിനാലാണ്. പൗരന്റെ സ്വതന്ത്ര്യം ഉറപ്പാക്കപ്പെടുന്ന സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-പരിസ്ഥിതി വികസിപ്പിച്ചെടുക്കാന്‍ സാധിക്കാത്തത് കമ്പോളത്തെയും അതിന്റെ ലാഭത്തെയും മാത്രം ആഗ്രഹിക്കുന്ന ഭരണകൂടാധികാരത്തിന്റെ സ്വഭാവം കാരണമാണ്. അതു കൊണ്ടുതന്നെ നിയമം ഇല്ലാതായതു കൊണ്ടു മാത്രം, അല്ലെങ്കില്‍ നിയമത്തിലുള്ള മാറ്റം കൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. മറിച്ച് നീതി ഉറപ്പാക്കപ്പെടുന്ന സാമൂഹികക്രമത്തെ സൃഷ്ടിച്ചെടുക്കാനുള്ള പരിശ്രമങ്ങള്‍ വിജയത്തിലെത്തേണ്ടതുണ്ട്. പൗരന്റെ ഓരോ ചലനവും തങ്ങള്‍ക്കെതിരാവാമെന്ന മുന്‍ ധാരണയോടെ ഒരോരുത്തരെയും 'സ്‌ക്രീനിങ്'(screening) നടത്തിയും പ്രതിഷേധമുള്ളവരെയും പ്രതിഷേധിക്കാന്‍ സാധ്യതയുള്ളവരെയും എവ്വിധവും തളച്ചിടാനുള്ള ശ്രമങ്ങള്‍ നടത്തിയും തങ്ങളാഗ്രഹിക്കുന്ന സാമൂഹിക പരിസരം സൃഷ്ടിച്ചെടുക്കാനാവുമെന്ന് അവര്‍ കണക്കുകൂട്ടുന്നുണ്ട്.
നിയമം സാങ്കേതികമാണ്(Technical) എന്നതുകൊണ്ടുതന്നെ അതിന്റെ പ്രായോഗികമായ പരിണാമം സംഭവിക്കുന്നത് വ്യാഖ്യാനങ്ങളിലൂടെയാണ്(interpretations). പൗരസ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഭരണകൂടത്തിന്റെ സ്വഭാവം നിര്‍ണായകമാവുന്നത് ഇവിടെയാണ്. ജനാധിപത്യ ഭരണകൂടത്തിന്റെ നാല് തൂണുകളില്‍(Four pillars of democracy) നിയമനിര്‍മാണ സഭയും(Legislature), ഭരണനിര്‍വ്വഹണ വകുപ്പും (Executive) ഭൂരിഭാഗം ജനതയുടെയും താല്‍പ്പര്യങ്ങള്‍ക്ക് പൂര്‍ണമായും എതിരെ തിരിയുമ്പോള്‍ ജുഡീഷ്യറിയുടെയും (Judiciary) മാധ്യമങ്ങളുടെയും(Media) ഇടപെടലുകള്‍(പരിമിതിയുണ്ടെങ്കിലും) പ്രസക്തമാകുന്നത് അതുകൊണ്ടാണ്. തിരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ ഇന്ത്യ കണ്ടതില്‍ എക്കാലത്തെയും ഏകാധിപതിയായിരുന്ന ഇന്ദിരാഗാന്ധിക്കെതിരേ വിധി പ്രസ്താവം നടത്തിയതുള്‍പ്പെടെ ചങ്കുറപ്പോടെ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ അസംഖ്യമുണ്ടെങ്കിലും, ഭരണ നേതൃത്വത്തോടുള്ള വിധേയത്വ നിലപാടിലേക്ക് ജുഡീഷ്യറി എത്തിപ്പെടുന്ന കാഴ്ചയാണ് മിക്കപ്പോഴും ഇന്ന് കാണുന്നത്. ചുരുക്കം പറഞ്ഞാല്‍ ഉജ്വലമായ മനുഷ്യ സംസ്‌കാരവും സാമൂഹികാവസ്ഥയും പ്രോജ്ജ്വലിപ്പിക്കാന്‍ സാധിക്കാത്ത ഭരണകൂടം നിലനില്‍ക്കുന്നിടത്തോളം ജനവിരുദ്ധനിയമങ്ങളും അടിച്ചമര്‍ത്തലുകളും തുടരും. അതിനര്‍ത്ഥം, നാം നിരാശരാവണമെന്നല്ല. എല്ലാ വിഭാഗീയതകള്‍ക്കുമതീതമായ സര്‍ഗ്ഗസംഗീതം പോലെ വിമോചന പാത നമുക്ക് വെട്ടിപ്പിടിക്കാനാവണം. മനുഷ്യ സംസ്‌കൃതിയുടെ പരിണാമ ചരിത്രം കാണിച്ചു തന്ന പാഠവുമതാണ്. ജനതയുടെ ഐക്യമാണ് നീതിക്കുവേണ്ടിയുള്ള വ്യവസ്ഥിതി കെട്ടിപ്പടുക്കാനുള്ള മുന്നുപാധി.
പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്ത് ഉയര്‍ന്നു വന്ന അതിശക്തമായ പ്രക്ഷോഭം, ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന അചഞ്ചലമായ കര്‍ഷക സമരം, രാജ്യത്ത് മുക്കിലും മൂലയിലും നടന്നുകൊണ്ടിരിക്കുന്ന എണ്ണിയാലൊടുങ്ങാത്ത ചെറുതും വലുതുമായ പ്രക്ഷോഭങ്ങള്‍... ഇവയെല്ലാം കാണിച്ചുതരുന്നത് ഏതു ഉരുക്കുമുഷ്ടിയേയും തട്ടിത്തെറിപ്പിക്കാനുള്ള ഇച്ഛാശക്തി നേടിയാല്‍, ജനത്തിന്റെ ഐക്യത്തെ തോല്‍പ്പിക്കാന്‍ ഒരു കരിനിയമത്തിനും ഫാഷിസ്റ്റിനും സാധ്യമാവില്ല എന്നതാണ്.
RELATED STORIES
തിരഞ്ഞെടുപ്പില് മത്സരിക്കില്ല; രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് ജസ്റ്റിന്...
16 Jan 2025 2:01 PM GMTതായ്ലാന്ഡില് നിന്നൊരു ഹച്ചിക്കോ; യജമാനന് മരിച്ചതറിയാതെ...
16 Jan 2025 10:15 AM GMTവയസ്സ് 124; ക്യൂ ചൈഷിയുടെ ദീര്ഘായുസ്സിന്റെ രഹസ്യങ്ങള് ഇതാണ്
16 Jan 2025 6:45 AM GMTഗസയില് ഇസ്രായേല് വ്യോമാക്രമണം തുടരുന്നു; 30 ഫലസ്തീനികള്...
16 Jan 2025 2:08 AM GMTതൂഫാനുല് അഖ്സ ഇസ്രായേലിന് എല്പ്പിച്ച പ്രഹരം ചരിത്രത്തില്‍ എക്കാലവും ...
16 Jan 2025 1:13 AM GMTഫലസ്തീന് ജനതയുടെ സ്ഥിരോല്സാഹത്തിന്റെയും ചെറുത്തുനില്പ്പിന്റെയും...
15 Jan 2025 7:35 PM GMT