- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം വിവേചനത്തിന്റെ പ്ലസ് ടു മോഡല്‍- ഇര്‍ഷാദ് മൊറയൂര്‍
76633 വിദ്യാര്‍ത്ഥികള്‍ക്ക് 57976 സീറ്റുകള്‍. 18657 കുട്ടികള്‍ക്ക് ജില്ലയില്‍ പഠിക്കാന്‍ ഒരു മാര്‍ഗവും ഇല്ലാതാകും.

എസ്എസ്എല്‍സി വിജയാരവങ്ങള്‍ ഏതാണ്ട് കെട്ടടങ്ങി. വിജയത്തിന്റെ പിതൃത്വം അവകാശപ്പെട്ടുള്ള വാക്ക്‌പ്പോരുകളും അരങ്ങൊഴിഞ്ഞു. ഇനി ബാക്കിയാകുന്നത് തനിക്ക് ഇഷ്ടപ്പെട്ട വിഷയം പഠിക്കാനുള്ള ഓരോ വിദ്യാര്‍ത്ഥിയുടെയും ആഗ്രഹങ്ങളും പ്രതീക്ഷകളും മാത്രമാണ്. അവരുടെ ആഗ്രഹങ്ങള്‍ക്ക് ഭരണകൂടം ഉത്തരം നല്‍കുമോ അതല്ല, കാലങ്ങളായി തുടരുന്ന വിവേചനവും അവഗണനയും തുടരുമോ എന്നാണ് അറിയേണ്ടത്.
മലപ്പുറം ജില്ല നേരിടുന്ന വിവേചനത്തിന്റെ ആഴം മനസ്സിലാക്കാന്‍ ഈ കണക്കുകള്‍ സംസാരിക്കും. 77685 പേരാണ് ഇത്തവണ ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. അതില്‍ 76633 (39168 ആണ്‍കുട്ടികളും 37465 പെണ്‍കുട്ടികളും) ഉപരിപഠനത്തിന് യോഗ്യത നേടി. സിബിഎസ്ഇ ഉള്‍പ്പെടെ മറ്റു സിലബസുകളില്‍ നിന്നുള്ള റിസള്‍ട്ട് കൂടി വന്നാല്‍ എണ്ണം ഇനിയും കൂടും. എന്നാല്‍ ഇത്രയും കുട്ടികള്‍ക്ക് ഉപരിപഠനത്തിന് മലപ്പുറം ജില്ലയില്‍ ആകെയുള്ളത് ഗവ, എയിഡഡ് മേഖലയില്‍ 41200 സീറ്റുകളാണ്. ഇനി മറ്റു സാധ്യതകള്‍ കൂടി പരിഗണിച്ചാല്‍, അണ്‍ എയിഡഡ് മേഖലകളിലുള്ള 11375 സീറ്റുകളും ജില്ലയിലെ 27 വിഎച്ച്എസ്ഇകളില്‍ 87 ബാച്ചുകളിലായി 2820 സീറ്റുകളും 4 സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ്, 3 സ്വാശ്രയ പോളിടെക്‌നിക്ക് കോളജുകളിലായി 1494 സീറ്റുകളും ആര്‍ സര്‍ക്കാര്‍ ഐടിഐകളില്‍ 1087 സീറ്റികളുമുണ്ട്.
ഇവയെല്ലാം കൂടി പരിഗണിച്ചാല്‍ തന്നെ 57976 സീറ്റുകളാണ് ജില്ലയില്‍ ഉപരിപഠനത്തിന് ആകെയുള്ളത്. വ്യക്തമായി പറഞ്ഞാല്‍ 76633 വിദ്യാര്‍ത്ഥികള്‍ക്ക് 57976 സീറ്റുകള്‍. 18657 കുട്ടികള്‍ക്ക് ജില്ലയില്‍ പഠിക്കാന്‍ ഒരു മാര്‍ഗവും ഇല്ലാതാകും. മറ്റു സിലബസുകളും സേ പരീക്ഷാ ഫലവും ഗള്‍ഫ് ട്രാന്‍സ്ഫറും സമീപ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന അപേക്ഷകള്‍ കൂടി പരിഗണിച്ചാല്‍ ഇരുപതിനായിരത്തിന് മുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ ഉപരിപഠനത്തിന് ഒരു സാധ്യതയും ഇല്ലെന്ന് ചുരുക്കം.
എറണാംകുളം മുതല്‍ പത്തനംതിട്ട വരെയുള്ള ജില്ലകളില്‍ ഇപ്പോള്‍ തന്നെ പതിനായിരത്തോളം സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുമ്പോള്‍ കാസര്‍കോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ 57115 സീറ്റുകള്‍ കുറവാണ്. അതില്‍ ഏറ്റവും കുറവ് അനുഭവപ്പെടുന്നത് മലപ്പുറവുമാണ്. (സര്‍ക്കാര്‍ ഇനി സംസ്ഥാനത്ത് ആകെ സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ കൂടുതല്‍ ബാക്കിയാകും. മലബാറില്‍ സീറ്റിന്റെ കുറവ് പൂര്‍ണ്ണമായി പരിഹരിക്കപ്പെടുകയും ചെയ്യില്ല.)
ഇനി തെക്കന്‍ മേഖലയിലെ 4 ജില്ലകളിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുടെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ എത്രമാത്രം അവഗണനയാണ് ജില്ല നേരിടുന്നത് എന്ന് വ്യക്തമാകും. എറണാംകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളികളില്‍ ആകെ എസ്എസ്എല്‍സി വിജയിച്ചവരുടെ എണ്ണം 84130 ആണ്. അതിന് ഈ നാല് ജില്ലകളിലും കൂടി 437 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുമുണ്ട്. എന്നാല്‍ അത്രതന്നെ വിദ്യാര്‍ത്ഥികള്‍ വിജയിച്ച മലപ്പുറത്ത് ആകെയുള്ളത് 246 ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ മാത്രമാണ്. 191 സ്‌കൂളുകളുടെ കുറവ്. 4 ജില്ലകളില്‍ സര്‍ക്കാര്‍ മേഖലയില്‍ 155 സ്‌കൂളുകളുള്ളപ്പോള്‍ മലപ്പുറത്ത് 86 എണ്ണം മാത്രമാണുള്ളത്. അവിടെ ഗവ, എയിഡഡ് സ്ഥാപനങ്ങളെ ആശ്രയിക്കുമ്പോള്‍ ഇവിടെ അണ്‍എയിഡഡ് സ്ഥാപനങ്ങളെയാണ് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്.
ഈ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളില്‍ ഒന്ന് മലപ്പുറമെന്ന 'വലിയ ജില്ലാ' എന്നത് തന്നെയാണ്. ജില്ലകള്‍ക്ക് സ്‌കൂളുകള്‍ക്കും ബാച്ചിനും അനുമതി കിട്ടുമ്പോള്‍ മലപ്പുറത്തിന്റെ നാലില്‍ ഒന്ന് വിദ്യാര്‍ഥികള്‍ ഉള്ള വയനാടിനും പത്തനംതിട്ടക്കും ഇടുക്കിക്കും ലഭിക്കുന്ന എണ്ണം സ്‌കൂളുകളും ബാച്ചുകളും തന്നെയാണ് മലപ്പുറത്തിനും ലഭിക്കുന്നത്. ഇവിടെയാണ് ജില്ലാ വിഭജനമെന്ന ആവശ്യം ഉയര്‍ന്നു വരുന്നത്. ഈ പറഞ്ഞ നാല് ജില്ലകളിലെയും വിദ്യാഭ്യാസ ജില്ലാ, ഉപജില്ലാ എന്നിവയിലെ വിദ്യാര്‍ഥികളുടെ എണ്ണം മലപ്പുറത്തെത്തിനോട് താരതമ്യം ചെയ്താല്‍ കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാകും. പത്താം ക്ലാസ് വരെ ഏകദേശം 8 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മലപ്പുറം ജില്ലയില്‍ ആകെയുള്ളത് നാലു വിദ്യാഭ്യാസ ജില്ലകളും 17 വിദ്യാഭ്യാസ ഉപജില്ലകളും. മലപ്പുറത്തെ വിദ്യാഭ്യാസ ജില്ലയിലുള്ളതിന്റെ നാലില്‍ ഒരുഭാഗം വിദ്യാര്‍ത്ഥികളെ മറ്റു ജില്ലകളിലെ വിദ്യാഭ്യാസ ജില്ലകളിലൊള്ളു.. സ്‌കൂള്‍ വിദ്യാഭ്യാസം കാര്യക്ഷമമാവണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കാനുപാതികമായി വിദ്യാഭ്യാസ ജില്ല, ഉപജില്ലകള്‍ വേണമെന്നിരിക്കെ അനിവാര്യമായിട്ടും ജില്ല, ഉപജില്ലാ വിഭജനം നടത്തുന്നില്ല.
വലിയ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല എങ്കില്‍ ഈ വര്‍ഷവും ഇതിന് പരിഹാരം ഉണ്ടാകാനിടയില്ല. കാരണം, എല്ലാ വര്‍ഷത്തെയും പോലെ ഇനി നടക്കാനുള്ള നാടകങ്ങള്‍ എന്തെന്ന് വ്യക്തമാണ്. പ്രതിഷേധം ഉയരുമ്പോള്‍ പത്തോ ഇരുപതോ ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും. 65 കുട്ടികളും 3 ശാരീരിക പ്രയാസമുള്ള കുട്ടികളുമടക്കം 68 പേരാണ് കഴിഞ്ഞ വര്‍ഷം മലപ്പുറത്തെ ഒരു ക്ലാസിലിരുന്നത്. അത് തന്നെ ഇതിന് സൗകര്യമുള്ള സ്‌കൂളുകളില്‍ മാത്രം. ഈ അധികരിപ്പിക്കല്‍ തന്നെ സര്‍ക്കാര്‍ നടത്തുന്നത് അലോട്ട്‌മെന്റ് നടപടികളുടെ അവസാനഘട്ടത്തിലായിരിക്കും. അപ്പോഴേക്കും ഉള്ള അവസരം നഷ്ടപ്പെടുമെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ മറ്റു വഴികള്‍ തേടിയിട്ടുമുണ്ടാകും. എന്നിട്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് പറഞ്ഞ് വലിയ പുകമറ ഉണ്ടാക്കുകയും ചെയ്യും.
വര്‍ഷങ്ങള്‍ നീണ്ട പ്രശ്‌നമായിരുന്നിട്ടും നമ്മുടെ സര്‍ക്കാരുകള്‍ എന്താണ് ചെയ്തത്. മലബാറില്‍ സീറ്റുകളുടെ എണ്ണം കുറവാണ് എന്നു ബോധ്യമായിട്ടും അത് പരിഹരിക്കാന്‍ വേണ്ട ഇടപെടലുകള്‍ സര്‍ക്കാരുകള്‍ നടക്കാത്തത് എന്ത് കൊണ്ടാണ്? മലബാര്‍ എന്താ കേരളത്തിലല്ലേ!! മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലക്ക് മുസ്‌ലിം ലീഗിന് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സാധിക്കുമോ?
മലപ്പുറത്ത്, പ്രത്യേകിച്ചു മലബാറില്‍ ഇതിന് പരിഹാരം കാണാന്‍ മാറി മാറി വരുന്ന സര്‍ക്കാരുകളുടെ തട്ടിക്കൂട്ട് നാടകങ്ങള്‍ കൊണ്ടാകില്ല, അതിന് കൃത്യമായ പ്ലാനിങ് കൂടി വേണം എന്നാണ് മനസ്സിലാവുന്നത്. നിലവിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ സീറ്റ് വര്‍ധന ഇനി പ്രായോഗികമല്ല എന്നിരിക്കെ പുതിയ ബാച്ചുകള്‍ അനുവദിക്കുകയാണ് വേണ്ടത്. അതിന് എല്ലാ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ഭൗതിക സൗകര്യങ്ങളോട് കൂടിയ ബാച്ചുകള്‍ അനുവദിക്കണം. നിലവിലെ ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കണ്ടറിയാക്കി ഉയര്‍ത്തണം. തെക്കന്‍ ജില്ലകളില്‍ ഒഴിവ് വരുന്ന സീറ്റുകള്‍ മലബാര്‍ ജില്ലകളിലേക്ക് ഷിഫ്റ്റ് ചെയ്യണം ( ഇത് പ്രകാരം സര്‍ക്കാരിന് അധിക ബാധ്യത വരുന്നുമില്ല ) ഇങ്ങനെയൊക്കെ കാര്യമായ ഇടപെടല്‍ നടത്തിയാല്‍ മാത്രമേ മലപ്പുറത്ത് സീറ്റ് ഇല്ലാത്ത പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ..
ഈ വിവേചനം ഈ വര്‍ഷം മാത്രമുള്ള പ്രതിഭാസമാണെന്ന് കരുതരുത്. ഇടതും വലതും മാറിമാറി ഭരിച്ച കേരളത്തിലെ കാഴ്ച്ചയാണിത്. നമ്മുടെ വികസന മോഡല്‍ തീര്‍ത്തും വിവേചനപൂര്‍ണമായ ഒന്നായിരുന്നു എന്ന തിരിച്ചറിവിലാണ് ഇതേക്കുറിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ നമ്മെ എത്തിക്കുക. വിദ്യാഭ്യാസ മേഖലയില്‍ അത് ഏറ്റവും പ്രകടവും രൂക്ഷവുമാണ് എന്നേയുള്ളൂ. ഈ കൊടിയ വിവേചനത്തിനെതിരെ വിവിധ സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ പല സന്ദര്‍ഭങ്ങളായി നടത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ആത്മാര്‍ത്ഥത ഇല്ലാത്ത ചില പൊടിക്കൈകള്‍ സര്‍ക്കാറുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശാശ്വത പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറുകള്‍ സന്നദ്ധമായിട്ടില്ല.
എന്നല്ല, ഇപ്പോള്‍ ഇങ്ങനെയൊരു പ്രശ്‌നമില്ല എന്ന് സമര്‍ഥിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തെക്കന്‍ കേരളത്തില്‍ അധികമുള്ളതും ഒഴിഞ്ഞുകിടക്കുന്നതുമായ സീറ്റുകളുടെ കണക്ക് പറഞ്ഞാണ് അവര്‍ മലബാറിലെ വിദ്യാര്‍ഥികളുെട പഠിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നത്. ഈ കൊടിയ വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായേ മതിയാവൂ. അനീതിയും വിവേചനവും അധികനാള്‍ ഒരു ജനതയും സഹിക്കില്ല.
RELATED STORIES
ലോകകപ്പ് യോഗ്യത; നെയ്മര്, കസിമറോ, റിച്ചാര്ലിസണ്; വമ്പന്മാരെ...
21 May 2025 10:05 AM GMTക്രിസ്റ്റ്യാനോ റൊണാള്ഡോക്ക് ക്ലബ്ബ് ഫുട്ബോള് ലോകകപ്പ് കളിക്കാന്...
21 May 2025 9:30 AM GMTഏയ്ഞ്ചല് ഡി മരിയ ക്ലബ്ബ് ഫുട്ബോളില് നിന്നും വിരമിക്കുന്നു
21 May 2025 9:08 AM GMT119 വര്ഷത്തെ കാത്തിരിപ്പ്; വെംബ്ലിയില് പുതുചരിത്രമെഴുതി ക്രിസ്റ്റല് ...
18 May 2025 5:29 AM GMTഇടവേളയ്ക്ക് ശേഷം ഐപിഎല് ഇന്ന് തിരിച്ചെത്തുന്നു; ആര്സിബിയും...
17 May 2025 7:25 AM GMTലോകകപ്പ് ഫുട്ബോള് യോഗ്യതാ മല്സരം; അര്ജന്റീനന് ടീമിനെ പ്രഖ്യാപിച്ചു
17 May 2025 7:03 AM GMT