- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹരിത രാഷ്ട്രീയം: പെണ്കുട്ടികളെ പരിഗണിച്ചാല് നിങ്ങള്ക്ക് കൊള്ളാം
ഖാദര് പാലാഴി
വളാഞ്ചേരിക്കടുത്ത പൂക്കാട്ടിരിയിലെ ഇസ്ലാമിക് റസിഡന്ഷ്യല് സ്കൂളിലെ എന്റെ ഒരു മാഷ് അനുഭവംകൊണ്ട് തുടങ്ങാം. 1990-92 കാലമാണ്. പ്രൈവറ്റായി 17ാം വയസ്സില് ഓറിയന്റല് എസ്എസ്എല്സി എഴുതിപ്പിക്കുന്ന വിദ്യാലയമാണ്. റസിഡന്ഷ്യല് ആണെങ്കിലും ഡേ സ്കോളേഴ്സും ധാരാളമുണ്ട്. ക്ലാസില് ആണ്കുട്ടികളും പെണ്കുട്ടികളും പരസ്പരം കാണാതിരിക്കാന് ഒരു മൂവബ്ള് വുഡന് മറയുണ്ട്. ഞങ്ങള് യൗവനം തുളുമ്പി നില്ക്കുന്ന മാഷന്മാര്ക്ക് പക്ഷേ ഇരുകൂട്ടരെയും കാണാം. പടുകൂറ്റന് 'മതിലി'ന് പോലും വൈക്കം മുഹമ്മദ് ബഷീറിനെയും നാരായണിയെയും അടക്കിനിര്ത്താനായിട്ടില്ല.
എന്നിട്ടല്ലേ ഈ ചെറുമതില്. എന്നെ പോലുള്ള സ്ട്രിക്ട് കുറഞ്ഞ അധ്യാപകര് ബോര്ഡില് എഴുതാന് തിരിയുമ്പോള് കടലാസ് മടക്കി അമ്പുണ്ടാക്കി അങ്ങോട്ടുമിങ്ങോട്ടും സന്ദേശം മറയ്ക്ക് മുകളിലൂടെ പറക്കുന്നത് കണ്ടിട്ടുണ്ട്. ലെറ്റ് ദെം സ്പീക്ക് എന്ന് മനസ് പറഞ്ഞതുകൊണ്ട് അതൊക്കെ കണ്ടില്ലെന്ന് നടിച്ചിട്ടേയുള്ളൂ. ജമാഅത്തെ ഇസ്ലാമിയുടെ വിത്ത് കേരളത്തില് മുളപ്പിച്ചെടുത്ത വി പി മുഹമ്മദലി സാഹിബിന്റെ നാടാണ് എടയൂരും പുക്കാട്ടിരിക്കുമൊക്കെ. ആ സംഘടനയുടെയും ആ കുടുംബത്തിന്റെയും നിയന്ത്രണത്തിലുള്ള സ്കൂളാണ് അന്നും ഇന്നും ഈ സ്ഥാപനം.
ഈ കുറിപ്പെഴുതാനിരുന്നപ്പോള് ആ മറ ഇപ്പോഴുമുണ്ടോയെന്ന് ആ നാട്ടുകാരിയായ എന്റെ പഴയ ശിഷ്യയോട് വിളിച്ച് ചോദിച്ചു. അതൊക്കെ എന്നോ പോയി എന്നായിരുന്നു മറുപടി. പോയത് പുതിയ ഖുര്ആന് വചനമോ ഹദീശോ ഇറങ്ങിയത് കൊണ്ടല്ല. മുമ്പുണ്ടായിരുന്ന വചനങ്ങളെ തെറ്റായി ഉള്ക്കൊണ്ടതിന്റെ പ്രായശ്ചിത്തം തീര്ത്തതാണ്. സ്ത്രീകളോടുള്ള സമീപനത്തില് ജമാഅത്തെ ഇസ്ലാമി പക്ഷേ, ഇപ്പോള് വല്ലാതെ മാറിയിട്ടുണ്ട്. സ്ഥാപകനും താത്വികാചാര്യനുമായ മൗലാനാ മൗദൂദിക്ക് താലിബാനികളേക്കാള് കടുത്ത നിലപാടാണ് ഇക്കാര്യത്തിലുണ്ടായിരുന്നത്.
അദ്ദേഹത്തിന്റെ പര്ദ്ദ എന്ന പുസ്തകം മലയാളത്തിലിറക്കിയാല് തങ്ങളുണ്ടാക്കിയ പുരോഗമന ഗോപുരം ഇടിഞ്ഞുവീഴുമെന്ന് ഭയന്ന് അവരത് പരിഭാഷപ്പെടുത്തിയില്ലെങ്കിലും ഏതോ വിളഞ്ഞ കാന്തപുരക്കാര് അത് മലയാളം കാണിക്കുകതന്നെ ചെയ്തു. സ്ത്രീകളുടെ മുഖം മൂടണമെന്ന് ശഠിച്ച മൗദൂദി പെണ്കുട്ടികളെ നഴ്സിങ്ങിനൊക്കെ പറഞ്ഞയക്കുന്നതിനേക്കാള് ഭേദം അവരെ കുഴിച്ചുമൂടുന്നതാണെന്ന് വരെ പറഞ്ഞുകളഞ്ഞു.
ജമാഅത്തില് മുമ്പ് സ്ത്രീകള്ക്ക് സ്റ്റഡീ ക്ലാസ് എടുക്കുന്നവര് പെണ്ണുങ്ങളെ കാണുമായിരുന്നില്ല. എന്നാലിന്ന് എത്രത്തോളം മാറിയെന്നുവച്ചാല് കേരള ജമാഅത്തെ ഇസ്ലാമിയുടെ ടെഹ്റാനായ ചേന്ദമംഗല്ലൂരിലെ ഒതയമംഗലം ജുമുഅത്ത് പള്ളിയില് മിംബറിന് താഴെ ഇമാമിന്റെ സ്ഥാനത്ത് നിന്ന് സ്ത്രീകളുടെ ഉദ്ബോധന പ്രസംഗം വരെ നടക്കുന്നു. പള്ളിക്കമ്മിറ്റി തിരഞ്ഞെടുപ്പില് സ്ത്രീകള്ക്കും വോട്ടുണ്ട്. കമ്മിറ്റി യോഗത്തില് പുരുഷനൊപ്പം സ്ത്രീകളും പങ്കെടുക്കുന്നു. ജമാഅത്ത് സംസ്ഥാന ശൂറയില് മൂന്ന് സ്ത്രീകള് അംഗങ്ങളാണ്.
അഖിലേന്ത്യാ പ്രതിനിധി സഭയിലും അവര്ക്ക് പ്രാതിനിധ്യമുണ്ട്. കേന്ദ്ര ശൂറയില് പക്ഷേ ക്ഷണിതാക്കള് മാത്രം. മതവും രാഷ്ട്രീയവും രണ്ടെല്ലാന്നാണ് ജമാഅത്തിന്റെ അടിസ്ഥാന തത്വമെങ്കിലും പ്രസ്ഥാന ഘടനയില് രണ്ടും രണ്ടുതന്നെ. എസ്ഐഒയും സോളിഡാരിറ്റിയും മുസ്ലിം ആണ്കുട്ടികളുടെ മാത്രം വേദിയാണെങ്കില് 15-30 പ്രായമുള്ള മുസ്ലിം പെണ്കുട്ടികള്ക്ക് വേണ്ടിയാണ് ജിഐഒ. എന്നാല്, രാഷ്ട്രീയ രൂപമായ വെല്ഫയര് പാര്ട്ടിയിലും ഫ്രട്ടേണിറ്റിയിലും എല്ലാ ജാതിമതക്കാര്ക്കും എത് ലിംഗത്തിലുള്ളവര്ക്കും പ്രവര്ത്തിക്കാം. ഫ്രട്ടേണിറ്റിയുടെ സംസ്ഥാന പ്രസിഡന്റ് തന്നെ ഒരു പെണ്കുട്ടിയാണ്.
സിഎഎ- എന്ആര്സി സമരത്തിന്റെ ഐക്കണായി മാറിയ പെണ്കുട്ടി പോലും ജമാഅത്ത് പശ്ചാത്തലത്തില്നിന്നാണ്. സ്ത്രീകളെ വെളിയില് നിര്ത്തുകയോ അകത്ത് കെട്ടിപ്പൂട്ടി നിര്ത്തുകയോ ചെയ്യുന്ന രീതി ജമാഅത്തിന് പഴയതുപോലെയില്ല എന്നാണിതെല്ലാം കാണിക്കുന്നത്. ഒരു ന്യൂഡല്ഹി അനുഭവവും കൂടി പറയാം. പബ്ലിക് റിലേഷന്സ് വകുപ്പില് അസിസ്റ്റന്റ് എഡിറ്ററായി പ്രൊമോഷന് ലഭിച്ച് 2006 ഒക്ടോബര് 6 നാണ് ഞാന് തലസ്ഥാനത്തെ കേരള ഹൗസില് ജോലി തുടങ്ങുന്നത്. ആ വര്ഷാവസാനമാണോ 2007 ന്റെ തുടക്കത്തിലാണോ എന്നോര്മയില്ല.
നമ്മുടെ നാട്ടിലെ പ്രധാന ഇസ്ലാമിക സംവാദകന് ന്യൂഡല്ഹിയിലെ മലയാളികള്ക്കായി അതിവിശിഷ്ട പ്രദേശമായ സൗത്ത് അവന്യൂവിലെ എംപീസ് ക്ലബ്ബില് ഒരു കൂട്ടായ്മ വിളിച്ചുചേര്ക്കുന്നു. ഡല്ഹിയിലെ അഫഌവന്റ് ക്ലാസില്പെട്ട മുസ്ലിം- അമുസ്ലിം സ്ത്രീ പുരുഷന്മാര്ക്കൊക്കെ ക്ഷണമുണ്ട്. ഞാനും പോയിരുന്നു. അവിടെയെത്തിയപ്പോഴാണ് ഹാളില് സ്ത്രീകള്ക്കായി മറയിട്ടത് കണ്ടത്. ക്ഷണിക്കപ്പെട്ട സ്ത്രീകളില് ചിലര് ഞങ്ങളുടെ ഓഫിസില് വരുന്നവരാണ്. മറ കണ്ട ഞാന് വരുന്നവര് കാണാത്ത പൊസിഷ്യനില് നിലയുറപ്പിച്ചു. ഏതായാലും പ്രബോധനം തീരുംമുമ്പുതന്നെ ഏതാണ്ടെല്ലാ വിഐപി സ്ത്രീകളും അപ്രത്യക്ഷമായിരുന്നു.
ഈ അവസ്ഥയില്നിന്ന് കെഎന്എം മുന്നോട്ടുനടന്നില്ലെന്ന് മാത്രമല്ല, പിന്നോട്ട് നടക്കുന്നതിന്റെ ലക്ഷണങ്ങള് കാണുന്നുമുണ്ട്. ISM, MSM, MGM. പതിവ് തെറ്റാത്ത രീതികള്, നിന്നേടത്ത് തന്നെ നില്ക്കുമെന്ന ശാഠ്യങ്ങള്. ഇക്കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന നാസ്തിക ഇസ്ലാം സംവാദ പുസ്തക പ്രകാശന വേദിയാണ് ഈ നിശ്ചലതയുടെ ഏറ്റവും ഒടുവിലത്തെ അധ്യായം. ക്ലബ്ബ് ഹൗസിലും മറ്റ് സോഷ്യല് മീഡിയാ പ്ലാറ്റ്ഫോമുകളിലും ജബ്ര സംഘി- ക്രിസംഘി കൂട്ടുകെട്ട് നടത്തുന്ന ഇസ്ലാം അധിക്ഷേപങ്ങള്ക്കെതിരേ അഭ്യസ്ഥവിദ്യരായ സ്ത്രീകള് അഭിമാനകരമായ പോരാട്ടം നടത്തുന്ന ഇക്കാലത്ത് അവരില്നിന്ന് ഒരാളെ പങ്കെടുപ്പിക്കുന്നത് ആലോചിക്കുക പോലും ചെയ്യാതെയായിരുന്നു ആ പുസ്തക പ്രകാശനം.
ദൈനംദിന പ്രവര്ത്തനങ്ങളില് ഊര്ജസ്വലത ദൃശ്യമാണെങ്കിലും വിസ്ഡം ഗ്രൂപ്പ് സ്ത്രീകളെ മാറ്റിനിര്ത്തുന്നതിന്റെ ന്യായങ്ങള് പ്രത്യയശാസ്ത്രവല്ക്കരിച്ചവരാണ്. പിളര്ന്ന് പോയ ശേഷവും മാതൃസംഘടനയുടെ പേര് ഉപയോഗിക്കാതിരിക്കുക എന്ന നന്മ അവര് സമുദായത്തോടും നാട്ടിലെ ചുവരുകളോടും ചെയ്തിട്ടുണ്ട്. അവര്ക്കുമുണ്ട് വെവ്വേറെ സ്ത്രീവിദ്യാര്ഥിനി സംഘങ്ങളൊക്കെ. എന്നാല്, സ്ത്രീ ശാക്തീകരണത്തില് പ്രതീക്ഷയ്ക്കൊന്നും വകയില്ലെന്നാണ് എന്റെയൊരിത്. പിളര്പ്പിന്റെ ആവശ്യം സാധൂകരിക്കുന്നതാണ് ഇത്തിരിയെങ്കിലും വെട്ടം തെളിയുന്ന മര്ക്കസുദ്ദഅവ കെഎന്എമ്മിന്റെ നിലപാട്. അവര് സംസ്ഥാന കൗണ്സിലിലും എക്സിക്യുട്ടീവിലും 15% വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
സെക്രട്ടേറിയറ്റില് എംജിഎമ്മിന്റേയും ഐജിഎമ്മിന്റേയും ഓരോ പ്രതിനിധികള്ക്ക് പങ്കെടുക്കാം. പളളി കമ്മിറ്റികളില് സ്ത്രീകളെ ഉള്പ്പെടുത്താന് നിര്ദേശിച്ചുകൊണ്ടുള്ള സര്ക്കുലര് നാമമാത്രമായ പള്ളിക്കമ്മിറ്റികളെങ്കിലും നടപ്പാക്കിയിട്ടുണ്ട്. ഇരുസമസ്തകളും ചില സലഫികളും സ്ത്രീകളുടെ പൊതുയിട പങ്കാളിത്തത്തെക്കുറിച്ച് കാര്യമായ അഭിപ്രായവ്യത്യാസമില്ലാത്തവരാണ്. എങ്കിലും ത്രിതല പഞ്ചായത്തുകളിലെ 50% സ്ത്രീ സംവരണം അവരെ മൗനികളാക്കിയത് നല്ലൊരു മുന്നോട്ടുപോക്കായിരുന്നു. എന്നാല്, സംവരണമില്ലാത്ത നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പില് എന്തിന് മുസ്ലിം സ്ത്രീകളെ നിര്ത്തുന്നുവെന്ന ചോദ്യം അവര് ഉന്നയിച്ചുകൊണ്ടിരിക്കുന്നുണ്ട്.
കാന്തപുരക്കാര് പക്ഷേ, ഈ ചോദ്യം കാനത്തില് ജമീലമാര് നില്ക്കുന്നിടത്ത് ചോദിക്കുന്നില്ലെന്ന് മാത്രമല്ല, അവരില് ചിലര് അന്തിയുറങ്ങിയത് പോലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലായിരുന്നു. ഇ കെ സമസ്തയിലെ ചെങ്കുപ്പായക്കാരും ഈ ഒരട്ട ന്യായക്കാരാണ്. ഇതൊക്കെയാണെങ്കിലും ഇരുസുന്നികളും പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതില് ഒരുപാട് മുന്നോട്ടുപോയിട്ടുണ്ട്. അവരുടെ ഡ്രസ്കോഡ് സൈബറിടങ്ങളില് ആള്ക്കൂട്ടങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും. ഏതാണ്ടെല്ലാ മുജാഹിദ് സംഘടനകളും പ്രോഫ്കോണ് എന്ന പേരിലോ മറ്റെന്തെങ്കിലും പേരിലോ പ്രൊഫഷനല് വിദ്യാര്ഥി കോണ്ഫറന്സ് നടത്തുന്നുണ്ട്. ഈ വിദ്യാര്ഥികളില് പകുതിയിലധികം പേര് പെണ്കുട്ടികളാണ്.
ഒരുമിച്ചൊരു ബസ്സിലോ ട്രെയിനിലോ കാറിലോ ആണ് പ്രോഫ്കോണിന് വരുന്നതെങ്കിലും നൂറുകൂട്ടം സെഷനുകളിലൊന്നായ വിദ്യാര്ഥിനീ സെഷനുകളില് മാത്രമാണ് പെണ്പ്രൊഥഷനലുകളെ സ്റ്റേജിലിരിക്കാന് അനുവദിച്ചുകാണാറുള്ളൂ. ജമാഅത്തെ ഇസ്ലാമി ഉള്പ്പെടെയുള്ള ഏതാണ്ടെല്ലാ സ്ത്രീവിമോചന വായാടികളും പ്രവാചക കാലത്തെ സ്ത്രീ പള്ളി പ്രവേശത്തെക്കുറിച്ച് നാവിട്ടടിക്കുമെങ്കിലും ഇരുള്മുറ്റിയ ഇരുണ്ട വഴികളിലൂടെ കോണിക്കൂട്ടിലോ മുകളിലത്തെ കാറ്റ് കടക്കാത്ത അറകളിലോ ആണ് ഇവര് സ്ത്രീകള്ക്ക് നിസ്കാര സൗകര്യം ഒരുക്കാറ്. ഇതുകാരണം സ്ത്രീകള് കൂട്ടമായെത്തുന്ന ജുമുഅ അല്ലാത്ത സമയം ഒഴികെ ഒരു സ്ത്രീയുടെ പള്ളിപ്രവേശം ഭീതിജനകമാണ്.
ഓഡിറ്റോറിയങ്ങളില് നടക്കുന്ന നിക്കാഹ് ഖുതുബകളില് വധുവിനും സ്ത്രീ ബന്ധു ജനങ്ങള്ക്കും സദസ്സിലിരിക്കാന് സുന്നി ജമമുജകള്ക്കൊക്കെ ഫിഖ്ഹി മസ്അല തടസ്സമല്ലെങ്കിലും വീട്ടിലെ നിക്കാഹില് പെണ്ണും കുടുംബാംഗങ്ങളും അകത്തളങ്ങളില് ഇരുന്നുകൊള്ളണം. ഹാളിലും വീട്ടിലും നിക്കാഹിന് ശേഷം സ്റ്റേജില് സ്ത്രീ-പുരുഷ കൂടിച്ചേരലുകളും ഫോട്ടോ സെഷനും ഉലമാഉമറാക്കള് ഹലാലാക്കിയിട്ടുണ്ടെങ്കിലും നിക്കാഹ് വേളയില് വധുവിനും ഉമ്മമാര്ക്കും ഇത് ഹറാമാക്കിയത് ഏത് കിതാബിന്റെ അടിസ്ഥാനത്തിലാണെന്ന് തോന്നിപ്പോയാല് ദീനിന് പുറത്താവുമോ എന്നറിയില്ല. കല്യാണ വീട്ടിലേക്ക് സ്ത്രീകള്ക്ക് അടുക്കള വഴിമാത്രം പ്രാവശനമനുവദിക്കുന്ന ഏക സമുദായമാണിത്.
സലഫികളുടെ പ്രത്യയശാസ്ത്ര അടുക്കളയുള്ള സൗദി അറേബ്യ പക്ഷേ സ്ത്രീകളെ ഖുര്ആന്റെ വെളിച്ചത്തില് വിമോചിപ്പിക്കാന് രണ്ടും കല്പ്പിച്ചിറങ്ങിയതിന്റെ അലയൊലികള് വൈകിയെങ്കിലും കേരളക്കരയിലുമെത്തുമെന്ന് പ്രത്യാശയേ ഇനി ബാക്കിയുള്ളൂ. ഏറ്റവും അദ്ഭുതകരമായിട്ടുള്ളത് ജമാഅത്തെ ഇസ്ലാമിയും മുജാഹിദുകളുമൊക്കെ സ്ത്രീകള്ക്ക് പബ്ലിക് സ്പേസില് ഒരു കസേരയെങ്കിലും ഇടാന് ആലോചിക്കുന്നതിന് പതിറ്റാണ്ടുകള്ക്ക് മുമ്പ് തന്നെ സര്വേന്ത്യാ മുസ്ലിം ലീഗില് അവര്ക്ക് നിരവധി കസേരകള് നിരത്തിയിട്ടിരുന്നുവെന്നതാണ്. അന്ന് ലീഗിന്റെ ദേശീയ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റികളിലും സ്ത്രീകളുണ്ടായിരുന്നു. ബീഗം ജഹാനാര ഷാനവാസ് 1937ല് പഞ്ചാബ് നിയമസഭയിലേക്ക് ലീഗ് അംഗമായി തിരഞ്ഞെടുക്കപ്പെടുകയും വിദ്യാഭ്യാസ പൊതുജനാരോഗ്യ മന്ത്രിയാവുകയും ചെയ്തു.
ലണ്ടനില് നടന്ന വട്ടമേശ സമ്മേളനത്തില് മുസ്സിംലീഗ് പ്രതിനിധികളില് ഒരാളായി പങ്കെടുത്തത് ജഹാനാരയായിരുന്നു. യുപി വിധാന് സഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ബീഗം അഹ്സാസ് റസൂല് പിന്നീട് ഇന്ത്യന് ഭരണഘടനാ നിര്മാണ സമിതിയിലും അംഗമായി. ബീഗം വഖാറുന്നിസ പഞ്ചാബിലെ കൈസര് മന്ത്രിസഭക്കെതിരേ നടന്ന പ്രക്ഷോഭങ്ങളില് പങ്കെടുത്ത് മൂന്ന് തവണ അറസ്റ്റ് വരിച്ചയാളാണ്. മുസ്ലിം വിദ്യാര്ഥി ഫെഡറേഷന് സ്ഥാപകരിലൊരാളായ ബീഗം ഷായിസ്ത ഇക്റമുല്ല വിഭജനാനന്തരം പാക് ഭരണഘടനാ നിര്മാണസഭയില് അംഗമായി. ബീഗം ഹബീബുല്ല, ബീഗം റാണാ ലിയാഖത്ത്, ബീഗം മുഹമ്മദലി തുടങ്ങി ഒട്ടേറെ വനിതകള് ലീഗിന്റെ നേതൃനിരയിലുണ്ടായിരുന്നു.
കേരളത്തിലെ ആദ്യ വനിതാ പത്രാധിപ എന്ന ചരിത്രപദവി ലഭിച്ച ഹലീമ ബീവി ഒരു സര്വേന്ത്യാ മുസ്ലിം ലീഗുകാരിയാണ്. ഭാരത ചന്ദ്രികയായിരുന്നു അവരുടെ പ്രസിദ്ധീകരണം. പ്രദേശിക ദേശീയ, അന്താരാഷ്ട്ര വിഷയങ്ങള് ഗൗരവമായി ചര്ച്ച ചെയ്തിരുന്ന അതിന്റെ കോപ്പികള് ഇന്ന് ലൈബ്രറികളില് ലഭ്യമാണ്. ഭാരത ചന്ദ്രിക എന്ന പൊതുപ്രസിദ്ധീകരണത്തോടൊപ്പം മറ്റ് മൂന്ന് വനിതാ പ്രസിദ്ധീകരണങ്ങളുടെ പ്രസാധകയായും അവര് പ്രവര്ത്തിച്ചിട്ടുണ്ട്. പത്രപ്രവര്ത്തനത്തോടൊപ്പം സജീവ രാഷ്ട്രീയപ്രവര്ത്തനവും അവര് കൊണ്ടുനടന്നു. സ്ത്രീകള്ക്ക് ഒരു സംവരണവുമില്ലാതിരുന്ന അക്കാലത്ത് അവര് പാര്ട്ടിയുടെ തിരുവല്ല മണ്ഡലം ജനറല് സെക്രട്ടറിയായിരുന്നു.
മാത്രമല്ല, തിരുവല്ല മുനിസിപ്പാലിറ്റിയിലേക്ക് കൗണ്സിലറായും അവര് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവിടത്തെ പാര്ട്ടിയില് അന്ന് പുരുഷന്മാരേക്കാള് കൂടുതല് സ്ത്രീകള്ക്കായിരുന്നു അംഗത്വം. തീര്ത്തും ജനാധിപത്യരീതിയില് നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് അവര് ജനറല് സെക്രട്ടറിയായത്. ഇക്കാലത്ത് electionന് പകരം selection ആണ് ഏറ്റവും വലിയ ജനാധിപത്യ പാര്ട്ടിയായ കോണ്ഗ്രസില് പോലും നടക്കുന്നത്. പുരുഷന്മാരെയും സ്ത്രീകളെയും രാഷ്ട്രീയമായി സംഘടിപ്പിക്കുന്നതോടൊപ്പം അവരില് മതപരമായ അറിവ് പകരാനും മാര്ഗനിര്ദേശം നല്കാനും ഹലീമ ബീവി മുന്നിട്ടിറങ്ങിയിരുന്നു. 80ാം വയസില് 2000 ലാണ് അവര് മരണപ്പെടുന്നത്. ആ വര്ഷം അവരുടെ അഭിമുഖം ചന്ദ്രിക ദിനപത്രം പ്രസിദ്ധീകരണമായ മഹിളാ ചന്ദ്രികയാണ് പ്രസിദ്ധീകരിച്ചതെന്നത് സമകാലീന രാഷ്ട്രീയ വിവാദങ്ങളില് എടുത്തുപറയുന്നത് പ്രസക്തമായിരിക്കും.
1906ല് രൂപീകരിച്ച സര്വേന്ത്യാ മുസ്ലിം ലീഗിന്റെ ഭാഗമല്ല 1948ല് രൂപീകരിച്ച ഇന്ത്യന് യൂനിയന് മുസ്ലിം ലീഗെന്നത് സാങ്കേതികമായി ശരിയാണെങ്കിലും അത് ഇന്ത്യയില് തുടരാന് ആഗ്രഹിച്ച പഴയ സര്വേന്ത്യാ ലീഗുകാരാല് സ്ഥാപിക്കപ്പെട്ടതാണ്. എന്നാല്, വിമന് ഇംക്ലൂഷന്റെ കാര്യത്തില് സര്വേന്ത്യാ ലീഗിന്റെ നൈരന്തര്യം ഇന്ത്യന് യൂനിയന് മുസ്ലിം ലീഗിലുണ്ടായില്ല. കേരളത്തില് അത് കൂടുതല് കൂടുതല് മതസംഘടനകളാല് വലയം ചെയ്യപ്പെട്ടതോടെ സ്ത്രീകളെ സ്ഥാനാര്ഥികളാക്കുന്നത് പുരുഷന്മാര്ക്കുള്ള വോട്ടുപോലും നഷ്ടപ്പെടുത്തുന്ന അന്തരീക്ഷമുണ്ടാക്കി. ത്രിതല പഞ്ചായത്തുകളില് നിര്ബന്ധിത സംവരണം വന്നതോടെ ഈ മതസംഘടനകള് അര്ധസമ്മതം മൂളുകയായിരുന്നു.
പാര്ലമെന്റ് നിയമസഭാ തിരഞ്ഞെടുപ്പില് സംവരണം വന്നാല് കൊടുത്തോളൂ എന്നായിരുന്നു അവരുടെ നിലപാട്. 25 വര്ഷം മുമ്പ് ഖമറുന്നിസ അന്വര് തോറ്റതില് പിന്നെ ഈ വാദത്തിന് മൂര്ച്ച കൂടി. എന്നാല് സാമൂഹിക മാധ്യമക്കാലത്ത് ഒരു സ്ത്രീക്കെങ്കിലും സീറ്റുകൊടുക്കാതിരുന്നാല് പ്രത്യാഘാതമുണ്ടാവുമെന്ന തിരിച്ചറിവാണ് ലീഗിന് ആരുടെ മുമ്പിലും ഉയര്ത്തിക്കാണിക്കാവുന്ന പ്രഗല്ഭയായ നൂര്ബിന റഷീദിന് കഴിഞ്ഞ തിരഞ്ഞെടുപ്പില് സീറ്റ് നല്കാന് കാരണം. നൂര്ബിന തോറ്റതില് ആഹ്ലാദം പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും സങ്കടം പരസ്യമായി പ്രകടിപ്പിച്ചില്ല !
പൊതു ഇടങ്ങളിലുള്ള സ്ത്രീകളെക്കുറിച്ച് യാതൊരു തെളിവിന്റെയും പിന്ബലവുമില്ലാതെ ഇല്ലാത്തത് പറയുന്നതും അതിന്റെ പേരില് പരിഹാസച്ചിരി ഉയര്ത്തുന്നതും എല്ലാ പാര്ട്ടിക്കകത്തും പുറത്തുമുള്ള ആണ് കൂട്ടങ്ങളുടെ പതിവ് വിനോദപരിപാടിയാണ്. ഖുര്ആന് ഉറക്കെ പ്രഖ്യാപിച്ച ഏഴ് വന്പാപങ്ങളില് അഞ്ചാമത്തേതാണ് പതിവ്രതകളായ സ്ത്രീകളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുക എന്നത്. ഇത് കാരണം നിരവധി സ്ത്രീകള് പൊതുപ്രവര്ത്തനം അവസാനിപ്പിച്ചുപോയിട്ടുണ്ട്. ചില കുടുംബങ്ങളൊക്കെ തകര്ന്നിട്ടുണ്ട്.
എന്നാല്, പുതുതലമുറയിലെ പെണ്കുട്ടികളില് ഭൂരിഭാഗവും ആരോപണം കേള്ക്കുമ്പോഴേക്ക് ഓടിയൊളിക്കുന്നവരല്ലെന്ന് മാത്രമല്ല, ചെറുത്ത് തോല്പ്പിക്കുന്നവരുമാണ്. അവരിന്ന് ചര്ച്ച ചെയ്യുന്നത് പുതുതായിറങ്ങിയ കോസ്മെറ്റിക്സുകളെക്കുറിച്ചോ കുപ്പിവളക്കകളെക്കുറിച്ചോ അല്ല. രാഷ്ട്രീയം അവരുടെ തലക്ക് പിടിച്ചിരിക്കുന്നു. അനീതിക്കെതിരെയും ജനാധിപത്യവിരുദ്ധതക്കെതിരെയും അവരുടെ കൈകളുയരുകയും നാവുകള് ചലിക്കുകയും ചെയ്തിരിക്കുന്നു. കാംപസുകള് എണ്ണത്തിലും വണ്ണത്തിലും അവര് കീഴടക്കിയിരിക്കുന്നു.
ഈ രാഷ്ട്രീയവല്ക്കരണം ഏറ്റവും കൂടുതല് വേഗതയില് സംഭവിക്കുന്നത് തട്ടമിട്ടവരുടെ ഇടയിലാണെന്നത് അതിശയോക്തിയല്ല. ഹരിതരാഷ്ടീയക്കാരും സ്വത്വരാഷ്ട്രീയക്കാരും അല്ലാത്തവരുമൊക്കെ ഇവര്ക്കിടയിലുണ്ട്. കേരളത്തിലും ഇന്ത്യയിലും ലോകത്തുമുളള രാഷ്ട്രീയ ചലനങ്ങളൊക്കെ അവര് സാകൂതം വീക്ഷിക്കുന്നുണ്ട്. കാംപസുകളിലെ ചില വിപ്ലവ സിംഗങ്ങളൊക്കെ കരുതിയിരുന്നത് ഈ കുട്ടികളൊക്കെ മദ്റസാ പൊട്ടത്തികളാണെന്നും ഏതോ കാരണവശാല് കാംപസില് എത്തിപ്പെട്ടവരും തങ്ങളെപോലെ വിവരങ്ങളത്രയും തലയില് പേറുന്നവരുടെ രാഷ്ട്രീയാടിമകളായി കഴിയേണ്ടവരുമാണെന്നാണ്.
എന്നാല്, ഈ പെണ്കുട്ടികള് ഇവരോട് രാഷ്ട്രീയം തിരിച്ചുപറയാന് തുടങ്ങിയപ്പോള് തടുക്കാന് അവരുപയോഗിക്കുന്ന പരിചകളാണ് തീവ്രവാദം, സാമുദായികത, മതമൗലികവാദം, വര്ഗീയവാദം, ഭീകരവാദം തുടങ്ങിയവയൊക്കെ. സോഷ്യല് മീഡിയയില് നവനാസ്തികതയുടെ അടിസ്ഥാന വേരുകളെക്കുറിച്ച് ഈ പെണ്കുട്ടികള് ഉയര്ത്തുന്ന മൗലികമായ ചോദ്യങ്ങള്ക്ക് മറുപടി പറയാനാവാതെയാണ് അവര് സംഘികളേയും ക്രിസംഘികളെയും കൂട്ട് പിടിച്ച് കാഫിറുകളെ കണ്ടേത്തെുവച്ച് കൊല്ലാന് 'പറഞ്ഞ'തിലും ആയിഷയുടെ കല്യാണത്തിലും ഇന്ത്യയെ ഇസ്ലാമീകരിക്കാന് മുഹമ്മദ് 'നിര്ദേശിച്ച 'തിലുമൊക്കെ അഭയം തേടുന്നത്.
പറഞ്ഞുവരുന്നത് ഇതാണ്. കാംപസുകളിലെ പോളിങ് ബൂത്തിലെത്തേണ്ടവരില് പകുതിയിലധികം പേര് പെണ്കുട്ടികളാണ്. പുറത്ത് വോട്ടുചെയ്യേണ്ടവരില് പകുതിയും സ്ത്രീകള്തന്നെ. കാംപസുകളില് ആണുങ്ങള് കല്പിക്കുന്ന ഉത്തരവ് തൊണ്ട തൊടാതെ വിഴുങ്ങാന് ഇനി അവരെ കിട്ടില്ല. തെറ്റ് മയപ്പെടുത്തന്നവരോടല്ല അത് ഗൗരവമായെടുക്കുന്നവരോടാണ് അവര് ആഭിമുഖ്യവും അംഗീകാരവും നല്കുക. ലോകത്താകെ മുസ്ലിം വനിതകളുടെ രാഷ്ട്രീയ ഇടപെടല് ശക്തമായിക്കൊണ്ടിരിക്കയാണ്. ഇതിനെതിരേ എക്കാലവും താലിബാനിസം രംഗത്തുണ്ടായിരുന്നു. ഇസ്ലാമിന്റെ പേരില് എതിര്പ്പിന്റെ സ്വരമുയര്ത്തിയ പല പേരുകളിലുള്ള താലിബാനികളെ അവഗണിച്ചാണ് അവര് മുന്നേറിയിട്ടുള്ളത്.
ഏറ്റവും അടിവരയിടേണ്ട കാര്യം ഇത്തരം താലിബാനിസത്തിന്റെ യാതൊരു ഭീഷണിയുമില്ലാത്ത കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലൊന്നും ഇക്കാലംവരെ ഒരു വനിത പോലും രാജ്യത്തിന്റേയോ പാര്ട്ടിയുടേയോ തലപ്പത്ത് വരികയുണ്ടായില്ല എന്നതാണ്. ഇന്ത്യയില് ഇക്കാലം വരെ ഒരു വനിതാ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയോ പാര്ട്ടി ജനറല് സെക്രട്ടറിയോ ഉണ്ടായിട്ടില്ല. മുതലാളിത്തത്തിന്റേയും ലിബറലിസത്തിന്റേയും തലസ്ഥാനമായ അമേരിക്കയില് പോലും ഇക്കഴിഞ്ഞ വര്ഷമാണ് ഒരു വനിത വൈസ് പ്രസിഡണ്ടെങ്കിലുമായത്. എന്നാല്, മുസ്ലിം സ്ത്രീകള് അഭൂതപൂര്വമായ രാഷ്ട്രീയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
സ്ത്രീകള് വീടിന്റെയുള്ളിന്റെയുള്ളിന്റെയുള്ളില് കഴിയണമെന്ന് ശഠിക്കുന്ന അഫ്ഗാനിസ്ഥാനില് മസൗദ ജലാലും സിമ സമറും ഫൗസിയ കൂഫിയും മറ്റനേകം പേരും ഏത് നിമിഷവും തുളച്ചുകയറാവുന്ന വെടിയുണ്ടകളെ അവഗണിച്ച് മുന്നേറിയത്. മസൗദ ജലാല് 2004ല് അഫ്ഗാനിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പില് സ്ഥാനാര്ഥിയായിരുന്നു. തോറ്റെങ്കിലും 2004 മുതല് 2006 വരെ അവര് രാജ്യത്തിന്റെ വനിതാക്ഷേമ മന്ത്രിയായിരുന്നു. അഫ്ഗാന് മനുഷ്യാവകാശ പ്രവര്ത്തകയായിരുന്ന സിമ സമര് 200103ല് വനിതാക്ഷേമ മന്ത്രിയായിരുന്നു.
ഫൗസിയ കൂഫിയാവട്ടെ അഫ്ഗാന്- യുഎസ്- താലിബാന്- ദോഹ സമാധാന ചര്ച്ചയില് അഫ്ഗാന് പ്രതിനിധി സംഘാംഗമായിരുന്നു. ഇവര് നേരത്തെ പാര്ലമെന്റംഗവും നാഷനല് അസംബ്ലി വൈസ് പ്രസിഡന്റുമായിരുന്നു. കിര്ഗിസ്ഥാനിലെ അതാഴുര്ത് പാര്ട്ടി നേതാവും 2010- 11 കാലം രാജ്യത്തിന്റെ പ്രസിഡന്റുമായിരുന്ന റോസ ഒതുന്ബയേവ, 2015 മുതല് 18 വരെ മൗറീഷ്യസ് പ്രസിഡന്റായിരുന്ന അമീന ഗരീബ്, 2011- 16 ല് കൊസോവയുടെ പ്രസിഡന്റായിരുന്ന ഐഫ്തെ ജഹ് ജഗ, 2011-12 കാലത്ത് മാലി പ്രസിഡന്റായിരുന്ന സിസെ മറിയം കൈ ദാമ സിദിബ്. 2017 മുതല് ഇറാന് വൈസ് പ്രസിഡന്റും 1997- 2005 ല് രാജ്യത്തിന്റെ പരിസ്ഥിതി മന്ത്രിയുമായിരുന്ന മഷ്യൂമെ എബ്ദകര് എന്നിവര് മറ്റ് ചിലരാണ്.
ജീവിതനിലവാര ഇന്ഡക്സില് ബംഗ്ലാദേശിനെ ഇന്ത്യയേക്കാളും പാകിസ്താനേക്കാളും മുന്നിലെത്തിച്ച പ്രഗല് ഭയായ ഭരണാധികാരിയാണ് ബംഗ്ലാദേശ് അവാമി ലീഗ് നേതാവ് കൂടിയായ ഹസീന വാജിദ്. 1996 2001 കാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇവര് 2009 മുതല് തുടര്ച്ചയായി പന്ത്രണ്ടാം വര്ഷവും സ്ഥാനത്ത് തുടരുന്നു. ബംഗ്ലാദേശില് തന്നെയുള്ള ഖാലിദ സിയ 199196, 20012006 കാലത്ത് പ്രധാനമന്ത്രിയായിരുന്നു. രാജ്യത്തെ മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേള് നാഷനലിസ്റ്റ് പാര്ട്ടിയെ വീട്ടുതടങ്കലിലിരുന്ന് നയിക്കുകയാണിപ്പോള് അവര്. സെനഗല് ഡെമോക്രാറ്റിക് പാര്ട്ടി നേതാവും 2001- 2002 ല് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന മമെ മാദിയോര് ബൊയെ ,1996-97 ല് തുര്ക്കി ഉപപ്രധാനമന്ത്രിയും1993-95 ല് പ്രധാനമന്ത്രിയുമായ താന്സു സില്ലര്, 1999-2001 ല് ഇന്തോനേസ്യ വൈസ് പ്രസിഡന്റും 2001- 2004ല് പ്രസിഡന്റുമായ മെഘാവതി സുകര്ണോ പുത്രി, 1988-90 ലും 1993-96 ലും പാകിസ്താന് പ്രധാനമന്ത്രിയും പാകിസ്താന് പീപ്പിള്സ് പാര്ട്ടിയുടെ സമുന്നത നേതാവായിരിക്കെ 2007 ല് ഇലക്ഷന് പ്രചാരണത്തിനിടെ ചാവേറിനാല് കൊല്ലപ്പെടുകയും ചെയ്ത ബേനസീര് ഭൂട്ടോ, 2017 മുതല് സിംഗപ്പൂര് പ്രസിഡന്റായ ഹലീമ യാഖൂബ്, 2021 മെയ് 4ന് ടാന്സാനിയ പ്രസിഡന്റായി അധികാരമേറ്റ സാമിയ സുലുഹു ഹസന് അങ്ങനെ എത്രയെത്ര പേര്.
അധികാരത്തിന്റെ വിവിധ തട്ടുകളിലും പാര്ട്ടി സ്ഥാനങ്ങളിലും സജീവമായവരുടെ പേരുകള് പതിനായിരക്കണക്കിനുണ്ടാവും. കേരളത്തിലെ മുസ്ലിം വനിതകളും ഉയിര്ത്തെഴുന്നേല്ക്കുകയാണ്. അവരെ പരിഗണിച്ചാല് പരിഗണിക്കുന്നവര്ക്ക് നന്ന്. അവഗണിച്ചാല് സ്പെഷ്യല് കണ്സിഡറേഷന് ഓഫറുമായി ആളുകള് കാത്തിരിപ്പുണ്ട്. ദ ചോയ്സ് ഈസ് യുവേഴ്സ്. യുവേഴ്സ് എന്ന് പറഞ്ഞാല് ശക്തമായ അടിവേരുകളോടെ ന്യൂനപക്ഷ സ്വത്വരാഷ്ട്രീയം വളര്ത്തിക്കൊണ്ടുവന്നവര്.
RELATED STORIES
മദ്യലഹരിയില് കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര് സ്ക്രീന്ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില് റിപ്പോര്ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര് അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMT