- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നവോത്ഥാന ചരിത്രം എന്തിന് മറച്ചുപിടിക്കുന്നു?
ഒരുഭാഗത്ത് തമസ്‌കരണവും മറുഭാഗത്തു പര്‍വതീകരണവും. കേരള നവോത്ഥാന ചരിത്രത്തിനും അതുതന്നെയാണ് സംഭവിച്ചത്. കേരളത്തെ പിറകോട്ടടിപ്പിച്ച ശക്തികള്‍ വൈദേശിക അധിനിവേശവും ചൂഷക ജന്മിത്വവുമാണ്. ഇതു രണ്ടും ഒന്നായിച്ചേര്‍ന്ന കാലത്തൊക്കെ അതിനെതിരേ പോരാടിനിന്ന ജനതയെ നവോത്ഥാന ചരിത്രമെഴുത്ത് എന്തുകൊണ്ട് കാണാതെ പോയി?
സി. അബ്ദുല്‍ ഹമീദ്
കേരളത്തിന്റെ സാമൂഹിക നവോത്ഥാനം ഏതെങ്കിലും സമുദായത്തിന്റെയോ വിഭാഗത്തിന്റെയോ മാത്രം പ്രയത്‌നം കൊണ്ടു സംഭവിച്ചതല്ല. വിവിധ വിഭാഗങ്ങള്‍ പല ഘട്ടങ്ങളിലായി കഠിനപ്രയത്‌നത്തിലൂടെ നേടിയെടുത്തതാണതെന്നു നമുക്കു ബോധ്യമുണ്ട്. നവോത്ഥാന വനിതാ മതിലിന്റെ സംഘാടകരിലൊരാളായ എസ്.എന്‍.ഡി.പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്‍ നവോത്ഥാനകാലത്ത് മുസ്‌ലിംകളും ക്രിസ്ത്യാനികളും അതില്‍ ഇല്ലായിരുന്നുവെന്നു പ്രസ്താവിച്ച സാഹചര്യത്തില്‍ കേരള നവോത്ഥാനത്തിന്റെ നാള്‍വഴികള്‍ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതുണ്ട്.
നവോത്ഥാന സങ്കല്‍പ്പം എന്താണെന്ന് ആദ്യം വിലയിരുത്തേണ്ടതുണ്ട്. യൂറോപ്പില്‍ 14ാം നൂറ്റാണ്ടില്‍ ആവിര്‍ഭവിക്കുകയും 15ഉം 16ഉം നൂറ്റാണ്ടുകളിലായി നിലനില്‍ക്കുകയും ചെയ്ത സാമൂഹിക-വൈജ്ഞാനിക മണ്ഡലങ്ങളെ സ്വാധീനിച്ച പരിവര്‍ത്തനമാണ് നവോത്ഥാനം എന്ന അര്‍ഥത്തില്‍ വ്യവഹരിക്കപ്പെടുന്നത്. ഈ നവോത്ഥാനം തന്നെ അക്കാലത്ത് യൂറോപ്പില്‍ പ്രചരിച്ച ഇസ്‌ലാം സൃഷ്ടിച്ച വൈജ്ഞാനിക കുതിപ്പിനെ മറച്ചുവയ്ക്കാനായി അവതരിപ്പിച്ച പടിഞ്ഞാറന്‍ പദ്ധതിയാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ചുരുക്കത്തില്‍ പല വഴികളിലായി ആധുനികതയിലേക്കുള്ള പ്രയാണമാണ് നവോത്ഥാനം എന്നു കരുതാം. കേരളത്തിലെ നവോത്ഥാനകാലം മേല്‍സൂചിപ്പിച്ച 14 മുതല്‍ 16 വരെയുള്ള നൂറ്റാണ്ടുകളാണോ എന്നതു മറ്റൊരു വിഷയമാണ്. അതുകൊണ്ടുതന്നെ നവോത്ഥാനകാലത്തെ ഇസ്‌ലാം സാന്നിധ്യം എന്ന പ്രയോഗം തന്നെ അബദ്ധമാണ്. കൊച്ചിയിലും തിരുവിതാംകൂറിലും നടന്ന ചില സാമുദായിക പരിഷ്‌കരണമോ മതനവീകരണ ശ്രമങ്ങളോ മാത്രമാണ് കേരള നവോത്ഥാനം എന്നാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്.
ഇവിടെ ചരിത്രനിര്‍മിതിയില്‍ കാലാകാലങ്ങളിലായി നടന്നുവരുന്ന ഒരു പ്രവണത ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഏതു ചരിത്രത്തിലും ചില പ്രദേശങ്ങളോ വിഭാഗങ്ങളോ മാത്രം വിശദചര്‍ച്ചയ്ക്കു വിധേയമാക്കുകയും മറ്റുചിലരെ നാമമാത്രമായി പരാമര്‍ശിക്കുകയും ചെയ്യുന്നു. ഇന്ത്യാ ചരിത്രത്തില്‍ ഉത്തരേന്ത്യക്കായി വാള്യങ്ങള്‍ ചെലവഴിക്കുമ്പോള്‍ ദക്ഷിണേന്ത്യയുടെ സംഭാവനകള്‍ ഏതാനും താളുകളില്‍ ഒതുങ്ങുന്നതിനെക്കുറിച്ചു റൊമീലാ ഥാപ്പറും രാമചന്ദ്ര ഗുഹയുമൊക്കെ പരാമര്‍ശിച്ചിട്ടുണ്ട്. അതുപോലെ കേരള ചരിത്രത്തിലെ പല സംഭവങ്ങളും ഒരു ഭാഗത്ത് തമസ്‌കരണത്തിനു വിധേയമായിട്ടുണ്ട്. ബ്രിട്ടിഷ്‌വിരുദ്ധ സമരങ്ങള്‍ക്കു നേതൃത്വം നല്‍കുകയും വെടിയുണ്ടകളേറ്റു രക്തസാക്ഷ്യം വരിക്കുകയും ചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയെന്ന വ്യക്തിയെക്കുറിച്ച് ആദ്യമായി പാഠപുസ്തകത്തില്‍ അച്ചടിമഷി പുരണ്ടത് ഏതാനും വര്‍ഷം മുമ്പു മാത്രം 'മതമില്ലാത്ത ജീവന്‍' ചര്‍ച്ചയായ ടെക്സ്റ്റ് ബുക്കിലാണ്. എന്നാല്‍, ഇതേ കുഞ്ഞഹമ്മദാജിയെ കുറിച്ചും അദ്ദേഹത്തിന്റെ സമരത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ലെനിന്‍ അറിയുകയും സഹപ്രവര്‍ത്തകനായ അബനി മുഖര്‍ജിയോട് പഠിച്ചു റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതും തദടിസ്ഥാനത്തില്‍ അബനി മുഖര്‍ജി റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതു ചരിത്രമാണ്. പ്രമുഖ ഇന്തോളജിസ്റ്റായ ഗ്രിഗറി കുട്ടൊവ്‌സ്‌കി ഇതേ വിഷയത്തില്‍ പഠിച്ചു ഗവേഷണ പ്രബന്ധം തയ്യാറാക്കിയ മറ്റൊരു വ്യക്തിയാണ്.
ഇത്തരം തമസ്‌കരണ ശ്രമങ്ങള്‍ നവോത്ഥാന ചരിത്രമെഴുത്തിലും സംഭവിച്ചതാണ്. നിവര്‍ത്തന പ്രക്ഷോഭത്തിന് അനുകൂല നിലപാടെടുത്ത കാരണത്താല്‍ 'കേസരി' എന്ന പത്രം അടച്ചുപൂട്ടേണ്ടിവന്ന കേസരി ബാലകൃഷ്ണപിള്ളയെക്കാള്‍ പത്രപ്രവര്‍ത്തനരംഗത്ത് ഓര്‍മിക്കപ്പെടുന്ന പേര് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്.
സ്വദേശാഭിമാനിയുടെ ജാതി അഹന്ത
ശ്രീമൂലം തിരുനാള്‍ 1910ല്‍ ഈഴവര്‍, ഹരിജന്‍ തുടങ്ങിയ തീണ്ടല്‍ ജാതിക്കാര്‍ക്കു കൂടി സ്‌കൂളുകളില്‍ പ്രവേശനം നല്‍കണമെന്ന് ഉത്തരവിറക്കുകയും ദിവാന്‍ സര്‍ രാജഗോപാലാചാരി അതിനായി ശ്രമിക്കുകയും ചെയ്തപ്പോള്‍ 1910 മാര്‍ച്ച് 2ന് 'സ്വദേശാഭിമാനി' പത്രത്തില്‍ ഈ ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ട് രാമകൃഷ്ണപിള്ള മുഖപ്രസംഗമെഴുതി. ''ആചാര്യകാര്യങ്ങളില്‍ സാര്‍വജനീയമായ സമത്വം അനുഭവപ്പെടണമെന്നു വാദിക്കുന്നവര്‍ ആ സംഗതി ആധാരമാക്കിക്കൊണ്ട് പാഠശാലകളില്‍ കുട്ടികളെ അവരുടെ വര്‍ഗയോഗ്യതകളെ വകതിരിക്കാതെ നിര്‍ഭേദം ഒരുമിച്ചിരുത്തി പഠിപ്പിക്കണമെന്നു ശഠിക്കുന്നതിനെ അനുകൂലിക്കാന്‍ ഞങ്ങള്‍ യുക്തി കാണുന്നില്ല. എത്രയോ തലമുറകളായി ബുദ്ധികൃഷി ചെയ്തിട്ടുള്ള ജാതിക്കാരെയും എത്രയോ കാലമായി നിലംകൃഷി ചെയ്തിട്ടുള്ള ജാതിക്കാരെയും ബുദ്ധികൃഷികാര്യത്തിനായി ഒന്നായി ചേര്‍ക്കുന്നത് കുതിരയെയും പോത്തിനെയും ഒരു നുകത്തിന്‍ കീഴില്‍ കെട്ടുകയാണ.്'' ദിവാനെ ചമ്മട്ടിക്ക് അടിക്കണമെന്നും ലേഖനത്തിലുണ്ട്.
ഇതുകാരണം തിരുവിതാംകൂറില്‍ നിന്നു കൊച്ചിയിലേക്കു രാമകൃഷ്ണപിള്ളയെ നാടുകടത്തി. എന്നാല്‍, പത്രപ്രവര്‍ത്തനത്തിന്റെ രക്തസാക്ഷിയായി രാമകൃഷ്ണപിള്ള ഇന്നും വാഴ്ത്തപ്പെടുന്നു.
വി.എസ് മുഖ്യമന്ത്രിയായ സമയത്ത് സര്‍ക്കാര്‍ ചെലവില്‍ രാമകൃഷ്ണപിള്ളയ്ക്കു സ്മാരകവും പണിതിട്ടുണ്ട്. ഈ സംഭവം വായിക്കുമ്പോള്‍ പുച്ഛമാണ് തോന്നിയത്. അതു 'സ്വദേശാഭിമാനി' പത്രത്തിന്റെ ഉടമ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയെ സംഭവത്തില്‍ പരാമര്‍ശിക്കാത്തതുകൊണ്ടല്ല, മലപ്പുറത്തു നിന്നുവരുന്ന എന്റെ ബന്ധുക്കള്‍ ആന്തമാനിലുണ്ട്. കുറച്ചുമുമ്പ് കോട്ടക്കല്‍, തിരൂര്‍, കൊണ്ടോട്ടി, മഞ്ചേരി തുടങ്ങിയ ബോര്‍ഡ് വച്ചു സര്‍വീസ് നടത്തുന്ന ആന്തമാനിലെ ബസ്സുകളുടെ ഫോട്ടോ അവര്‍ എനിക്കയച്ചുതന്നിരുന്നു. ആ ബോര്‍ഡുകള്‍ സൂചിപ്പിക്കുന്ന ഒരു ചരിത്രമുണ്ട്. വൈദേശികാധിപത്യത്തിനെതിരേ നിലകൊണ്ട ഒറ്റക്കാരണത്താല്‍ ആന്തമാനിലെ ചതുപ്പുകളിലും നരഭോജികള്‍ മാത്രം വസിച്ചിരുന്ന കൊടുംകാടുകളിലേക്കും നടതള്ളിയ എന്റെ നാടായ കോട്ടക്കലിലെയും തിരൂരിലെയും കൊണ്ടോട്ടിയിലെയും മാപ്പിളമാരായ ആ നാട്ടുകാര്‍ ഒരുമിച്ചുകൂടി ആ പ്രദേശങ്ങള്‍ക്കു തങ്ങളുടെ നാടിന്റെ ഓര്‍മ നിലനിര്‍ത്താനിട്ട പേരുകളായിരുന്നു അതൊക്കെ. 1860ല്‍ കലക്ടര്‍ കനോലി ആന്തമാനിലേക്കും ആസ്‌ത്രേലിയയിലേക്കും നാടുകടത്തിയത് 7,000 പേരെയായിരുന്നു. 1921നു ശേഷം ആന്തമാനിലേക്കയച്ചത് 20,000ഓളം വരുന്നവരെയാണ്. അവിടെ അവരനുഭവിച്ച പീഡനങ്ങളെത്രത്തോളമായിരിക്കും? ഈ ചരിത്രം എവിടെയെങ്കിലും നിങ്ങള്‍ വായിച്ചിട്ടുണ്ടോ? ഇതാണ് ചരിത്രത്തില്‍ സംഭവിച്ച ഒരുഭാഗത്ത് നടക്കുന്ന തമസ്‌കരണവും മറുഭാഗത്തു നടക്കുന്ന പര്‍വതീകരണവും. ഇതേ അവസ്ഥ തന്നെയാണ് കേരള നവോത്ഥാന ചരിത്രത്തിനും സംഭവിച്ചത്.
നവോത്ഥാനത്തിന്റെ അടിസ്ഥാനശില സ്വത്വ സംരക്ഷണത്തിനായുള്ള പോരാട്ടമാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. കേരളത്തെ പിറകോട്ടടിപ്പിച്ച ശക്തികള്‍ വൈദേശിക അധിനിവേശവും ചൂഷകജന്മിത്വവുമാണ്. ഇതു രണ്ടും ഒന്നായിച്ചേര്‍ന്ന കാലത്തൊക്കെ അതിനെതിരേ പോരാടിനിന്ന ജനതയെ എന്തുകൊണ്ട് കാണാതെ പോയി? ഈ ചോദ്യം ഉയര്‍ത്തുമ്പോള്‍ പ്രസക്തമാവുന്ന ഒരു കാര്യമുണ്ട്. ഒരേയൊരു ശക്തി മാത്രമാണ് അപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. അതു രാജ്യത്തിന്റെ ശാപമായി മാറിയ ഹിന്ദുത്വ ഫാഷിസമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും നവോത്ഥാനത്തിനും ഒരു സംഭാവനയും ചെയ്തിട്ടില്ലെന്നു മാത്രമല്ല, ഒറ്റുകാരന്റെയും മാപ്പെഴുതി രക്ഷപ്പെട്ടതിന്റെയും കുറ്റബോധം പേറുന്ന ഇവരെ എന്നും നവോത്ഥാന ശ്രമങ്ങള്‍ അസ്വസ്ഥമാക്കിയിട്ടുണ്ട്. അവരാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വരച്ച വാഗണ്‍ ട്രാജഡി ചിത്രം മായ്ച്ചുകളഞ്ഞത്.
അധിനിവേശത്തിനും ജന്മിമാടമ്പിത്തത്തിനുമെതിരേ
പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരേ സാമൂതിരി നാട്ടില്‍ രണ്ടു നൂറ്റാണ്ടു കാലം പോരാട്ടം നടത്തിയവര്‍ അവസാനം തീരദേശം വിട്ട് ഉള്‍നാടുകളില്‍ കൃഷിക്കാരായി മാറേണ്ടിവന്നു. കര്‍ഷകരെ ചൂഷണം ചെയ്തുകഴിഞ്ഞിരുന്ന ജന്മിത്വത്തിനു മുമ്പില്‍ അന്നത്തെ മാപ്പിളമാര്‍ ഒരു വെല്ലുവിളിയായി. കേരള നവോത്ഥാനത്തിന്റെ ആദ്യപാഠം ഫ്യൂഡലിസത്തിനെതിരായ ചെറുത്തുനില്‍പ്പുസമരങ്ങളില്‍ നിന്നാരംഭിക്കുന്നു. ദേവസ്വമെന്ന പേരില്‍ ക്ഷേത്രഭൂമിയും ബ്രഹ്മസ്വമെന്ന പേരില്‍ നമ്പൂതിരിമാരുടെയും ചേരിക്കല്‍ ഭൂമിയെന്ന പേരില്‍ നായര്‍ മാടമ്പിമാരുടെയും കൈവശമായിരുന്ന കൃഷിഭൂമിയില്‍ വെറും പാട്ടകുടിയാനായി കൃഷി ചെയ്തു വിളവിന്റെ ഭൂരിഭാഗവും കരമായി നല്‍കേണ്ടിവന്ന കര്‍ഷകന്‍. പണയമെന്നു മലബാറിലും ഒറ്റിയെന്ന് തെക്കന്‍ കേരളത്തിലും വിളിക്കുന്ന കര്‍ഷക ദ്രോഹത്തെ നേരിടേണ്ടിവന്നവര്‍.
ടിപ്പുസുല്‍ത്താന്റെ കാര്‍ഷിക-ഭൂപരിഷ്‌കരണം
കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ അനുവദിച്ചുനല്‍കുകയും ജന്മിത്വത്തെ ഒതുക്കുകയും ചെയ്തത് യഥാര്‍ഥത്തില്‍ മൈസൂര്‍ സുല്‍ത്താന്‍മാരായിരുന്നു. കേരളത്തിന്റെ 60 ശതമാനം വരുന്ന പ്രദേശത്തെ കൃഷിഭൂമി സര്‍വേ ചെയ്ത് ഇനംതിരിച്ചു വിളവിനനുസരിച്ചു മാത്രം നികുതി നിശ്ചയിച്ചു. അതു നടപ്പാക്കാന്‍ ഹൈദരലിയും ടിപ്പുസുല്‍ത്താനും ശ്രമിച്ചു. എന്നാല്‍, ഇക്കാലത്ത് ഉള്ള ഭൂമി കര്‍ഷകര്‍ക്കു കാണമായി നല്‍കി അന്നു ജന്മികള്‍ തിരു-കൊച്ചിയിലേക്ക് ഓടിപ്പോവുകയാണുണ്ടായത്. തിരുവിതാംകൂറില്‍ ധര്‍മരാജാവിന്റെ ഭരണകാലത്ത് മലബാറിലെ 280 കുടുംബങ്ങള്‍ നാടുവിട്ടുപോയെന്നു പറയുന്നു.
കേരളത്തില്‍ സംസ്ഥാന രൂപീകരണാനന്തരം നടന്ന ഭൂപരിഷ്‌കരണമാണല്ലോ നവോത്ഥാനത്തിന്റെ നാഴികക്കല്ലായി വിശേഷിപ്പിക്കുന്നത്. അതിന്റെ ഫലം ചെറുതല്ലെങ്കിലും കൃഷിഭൂമി കര്‍ഷകന്റേതാണെന്ന് ആദ്യമായി പ്രഖ്യാപിച്ച ടിപ്പുസുല്‍ത്താന്‍ എന്തുകൊണ്ട് കേരള നവോത്ഥാന ചിത്രത്തില്‍ ഇല്ലാതെപോയി? ഹര്‍ഷദ് ബേഗ് ഖാനെന്ന ഉദ്യോഗസ്ഥന്‍ നികുതി സര്‍വേ നടത്തി നിശ്ചയിക്കുകയും സര്‍ക്കാരിനു നല്‍കേണ്ട വിഹിതം ജന്മിയില്‍ നിന്നു വസൂലാക്കുകയും ചെയ്തു.
ഒരുപറ വിത്തു വിതയ്ക്കാവുന്ന നിലത്ത് 10 പറ വിളയുമെന്നും അതില്‍ അഞ്ചര പറ കാണക്കാരനും നാലര പറ ജന്മിക്കുമായി വീതിക്കുകയും ജന്മിയുടെ വിഹിതത്തില്‍ നിന്നു മൂന്നു പറ ഗവണ്‍മെന്റ് നികുതിയായും ഒന്നര പറ മാത്രം ജന്മിയുടെ വിഹിതമായും നിശ്ചയിച്ചു. ഇങ്ങനെ നിശ്ചയിച്ച നികുതിവ്യവസ്ഥ പോലും സ്വീകരിക്കാന്‍ ജന്മി വിമുഖത കാണിക്കുകയായിരുന്നു.
1792ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പുവിന്റെ കൈയില്‍ നിന്നു മലബാറിലെ 14 താലൂക്കുകളുടെ അധികാരം ബ്രിട്ടിഷുകാര്‍ കൈക്കലാക്കിയ ശേഷം നാടുവിട്ട ജന്മിമാര്‍ തിരിച്ചുവരുകയും കാണം നല്‍കിയ ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനു ബ്രിട്ടിഷ് അധികാരികളുടെ പൂര്‍ണസഹായവുമുണ്ടായി. 12 വര്‍ഷമായി കാണക്കാരന്റെ ഭൂമിയിലെ അവകാശം നിജപ്പെടുത്തി. ഈ കാലത്ത് വേറൊള്‍ കൂടുതല്‍ പണം നല്‍കാന്‍ തയ്യാറായാല്‍ അയാള്‍ക്ക് മേല്‍ച്ചാര്‍ത്ത് നല്‍കാനുള്ള നിയമം നടപ്പാക്കി. ഇത്തരം കര്‍ഷകദ്രോഹ നടപടികള്‍ വര്‍ധിച്ചപ്പോള്‍ മാപ്പിളകര്‍ഷകര്‍ ജന്മികള്‍ക്കും ഇംഗ്ലീഷുകാര്‍ക്കുമെതിരേ പോരിനിറങ്ങി.
ടിപ്പുവിന്റെ കൈയില്‍ നിന്ന് അധികാരം പിടിച്ചടക്കിയ അന്ന് ബോംബെ റസിഡന്റായിരുന്ന അബര്‍ ക്രോംബി കോഴിക്കോട്ട് പ്രഖ്യാപിച്ചത് ''സ്വതന്ത്രവ്യാപാരവും ഇടപാടുകളും സാര്‍വത്രികമാക്കും. സമൂഹത്തിലെ മേലേക്കിടവര്‍ഗക്കാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ ബ്രിട്ടിഷ് ഗവണ്‍മെന്റ് ഉറ്റു ശ്രമിക്കും'' എന്നായിരുന്നു.
മാപ്പിളമാര്‍ സവര്‍ണ ജന്മിത്വവുമായി കലഹിക്കുമ്പോള്‍ ഇവിടത്തെ തീണ്ടല്‍ ജാതിക്കാരുടെ അവസ്ഥ ശോച്യമായിരുന്നു. സ്പര്‍ശനം കൊണ്ടുമാത്രമല്ല, അന്തരീക്ഷത്തിലൂടെയും അയിത്തം സംഭവിക്കുമായിരുന്നു. നായാടികള്‍ 72 അടിയും പുലയര്‍ 64 അടിയും കണിയാന്‍ 36 അടിയും മുക്കുവന്‍ 24 അടിയും മാറിനില്‍ക്കണം. ഇതില്‍ തന്നെ ജാതികള്‍ തമ്മില്‍ പരസ്പരം അകലം പാലിക്കേണ്ടതുമുണ്ട്.
നാണം മറക്കുന്നത് നിഷേധിക്കപ്പെട്ട ജനത
ജാതിയാചാരപ്രകാരം മനുഷ്യശരീരം ചിലത് മ്ലേച്ചവും ചിലത് മഹത്ത്വവുമായി നിര്‍ണയിക്കപ്പെട്ട കാലത്ത് അടിയാള സ്ത്രീകള്‍ക്ക് മാറുമറക്കാന്‍ പോലും അവകാശമില്ലായിരുന്നു. മലബാറില്‍ ഇതിനു മാറ്റമുണ്ടാക്കിയത് ടിപ്പുസുല്‍ത്താനാണ്. 1875ല്‍ മലബാര്‍ ഗവര്‍ണര്‍ക്കയച്ച എഴുത്തില്‍ ദാരിദ്ര്യം കൊണ്ടാണവര്‍ മാറുമറക്കാത്തതെങ്കില്‍ സ്റ്റേറ്റ് അതിനാവശ്യമായ സഹായം നല്‍കണമെന്നും മതാചാരമാണെങ്കില്‍ മതനേതാക്കളുമായി ബന്ധപ്പെട്ട് ഇത്തരം ആചാരം ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും ടിപ്പുസുല്‍ത്താന്‍ നിര്‍ദേശിക്കുന്നു.
ടിപ്പുവിന്റെ ധാര്‍മിക നവോത്ഥാനം
അക്കാലത്തെ മരുമക്കത്തായ സമ്പ്രദായവും നമ്പൂതിരിമാരുടെ സംബന്ധവും ബഹുഭര്‍തൃ സമ്പ്രദായവുമൊക്കെ തീര്‍ത്തും അശ്ലീലമായി ഇന്നു നമുക്കു ബോധ്യപ്പെടും. ഇക്കാര്യത്തിലും ടിപ്പുസുല്‍ത്താന്‍ നിലപാട് സ്വീകരിച്ചിരുന്നു. ''നിങ്ങളുടെ ഇടയില്‍ ഒരു സ്ത്രീ 10 പുരുഷന്മാരോടൊത്തുകൂടി സംസര്‍ഗം ചെയ്യുന്നതു പൂര്‍വാചാരമായിരിക്കുന്ന സ്ഥിതിക്കു നിങ്ങളെല്ലാവരും വ്യഭിചാരത്തില്‍ ജനിച്ചവരും സ്ത്രീപുരുഷന്മാരുടെ സംസര്‍ഗ വിഷയത്തില്‍ പാടത്തു മേഞ്ഞുനടക്കുന്ന കന്നുകാലികളെക്കാള്‍ നിര്‍ലജ്ജന്മാരുമാവുന്നു. ഇപ്രകാരമുള്ള പാപകരമായ ദുരാചാരങ്ങളെ വെടിഞ്ഞു സാധാരണ മനുഷ്യരെപ്പോലെ നടക്കാന്‍ നിങ്ങളോട് നാം ആജ്ഞാപിക്കുന്നു.'' ഈ വര്‍ത്തമാനം കേട്ടപ്പോള്‍ കൊച്ചിയിലുള്ളവര്‍ നടുങ്ങിപ്പോയി എന്നാണ് പത്മനാഭമേനോന്‍ രേഖപ്പെടുത്തിയത്. ഇത് ഉദ്ധരിച്ചുകൊണ്ട് പി.കെ ബാലകൃഷ്ണന്‍ പറഞ്ഞത്, ''നടുങ്ങുക മാത്രമല്ല, ഹൃദയംപൊട്ടി മരിച്ചിരിക്കും. കാരണം, നിലവിലുണ്ടായിരുന്ന പലതും നഷ്ടപ്പെടുമോ എന്നവര്‍ ഓര്‍ത്തിരിക്കും'' എന്നാണ്. മാറുമറക്കാന്‍ 1820 മുതല്‍ തിരു-കൊച്ചിയില്‍ സമരം തുടങ്ങുന്നതിനും ചാന്നാര്‍ ലഹളയ്ക്കും മുമ്പാണിതെന്നോര്‍ക്കണം. നമ്പൂതിരി സ്ത്രീ ഒഴികെ മറ്റുള്ളവര്‍ മാറുമറക്കാന്‍ പാടില്ലാത്ത അക്കാലത്ത് അതിന് ആജ്ഞാപിച്ച ടിപ്പുസുല്‍ത്താന്റെ നവോത്ഥാന ശ്രമങ്ങള്‍ എന്തുകൊണ്ട് മറന്നുപോയി? മാറുമറച്ച ഒരു സ്ത്രീയുടെ മുലമുറിക്കാന്‍ കൊല്ലം റാണി ഉത്തരവിട്ട സാഹചര്യത്തില്‍ പ്രത്യേകിച്ചും.
മമ്പുറം തങ്ങന്മാര്‍
കീഴാള സമൂഹത്തിനു നിവര്‍ന്നുനില്‍ക്കാന്‍ ഊര്‍ജം പകര്‍ന്ന മമ്പുറം സൈതലവി തങ്ങളും മകന്‍ ഫസല്‍ തങ്ങളും നവോത്ഥാനരംഗത്തെ നിറദീപങ്ങളായിരുന്നു. ജന്‍മിത്വത്തെയും വൈദേശികാധിപത്യത്തെയും വേരോടെ പിഴുതെറിയാന്‍ ആജ്ഞാപിച്ച മമ്പുറം തങ്ങന്മാരെ ബ്രിട്ടനും ഭയന്നു. മമ്പുറം സൈതലവി തങ്ങളുടെ ഖബറിടം കിളച്ചു മൃതശരീരം സൗദി അറേബ്യയിലേക്കയക്കാനും ആ സ്ഥലം ഹിന്ദുക്കള്‍ക്ക് കൃഷിനടത്താന്‍ നല്‍കാനും ജില്ലാ മജിസ്‌ടേറ്റ് ടി ക്ലാര്‍ക്ക് ആഭ്യന്തര സെക്രട്ടറി കോലറ്റിനെഴുതുകയുണ്ടായി. ഫസല്‍ തങ്ങള്‍ കീഴാളവര്‍ഗത്തോട് ആജ്ഞാപിച്ചത് ''ജന്‍മിമാരുടെ ഉച്ഛിഷ്ടം നിങ്ങള്‍ ഭക്ഷിക്കരുത്, അവരെ അങ്ങുന്ന് എന്ന് അഭിസംബോധന ചെയ്യരുത്. നിന്നെ നീ എന്നു വിളിച്ചാല്‍ തിരിച്ചും അങ്ങനെ വിളിക്കുക'' എന്നായിരുന്നു. കര്‍ണാടകയിലെ സവര്‍ണരുടെ എച്ചിലില്‍ ഉരുളുന്ന മഡെസ്‌നാന നിര്‍ത്താന്‍ കഴിഞ്ഞയാഴ്ച വരെ കാത്തിരിക്കേണ്ടിവന്ന ഇക്കാലത്ത് മമ്പുറം തങ്ങളുടെ ആഹ്വാനം വിപ്ലവകരം തന്നെ. മാപ്പിളമാരെ ആസ്‌ത്രേലിയയിലും ആന്തമാനിലും അയക്കുകയും ഫസല്‍ തങ്ങള്‍ നാടുവിടാന്‍ കാരണക്കാരനാവുകയും ചെയ്ത മലബാര്‍ കലക്ടര്‍ കനോലിയെ മൂന്നു മാപ്പിള യുവാക്കള്‍ കലക്ടറുടെ ബംഗ്ലാവില്‍ കയറി സാഹസികമായി വധിക്കുകയാണുണ്ടായത്.
കനോലി വധവും ഇംഗ്ലീഷ് വിദ്യാഭ്യാസവും
കനോലി വധം ഒരു നവോത്ഥാന ഫലിതത്തിനു വകനല്‍കി. മാപ്പിളമാര്‍ ബ്രിട്ടനെ സായുധമായി എതിര്‍ക്കുന്നത് അവര്‍ക്കു വിദ്യാഭ്യാസമില്ലാത്തതുകൊണ്ടാണെന്നും അതിനായി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തി അവരെ വിദ്യാസമ്പന്നരാക്കിയാല്‍ അവര്‍ മര്യാദാപുരുഷന്‍മാരായി മാറുമെന്നുമായിരുന്നു ബ്രിട്ടനില്‍ നിന്നു നിര്‍ദേശം വന്നത്. ഇതിന്റെ ഭാഗമായി ഒരു കമ്മിറ്റിയുണ്ടാക്കുകയും നാലു മിഡില്‍ സ്‌കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തു. മഞ്ചേരി, ചെര്‍പ്പുളശ്ശേരി, ചാവക്കാട്, തിരൂര്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ തുറന്നത്. വിദ്യാഭ്യാസ സര്‍ക്കീട്ട് ഇന്‍സ്‌പെക്ടറായി കണ്ണമാന്‍ കടവത്ത് സൈതാലിക്കുട്ടി മാസ്റ്റര്‍, സബ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായി തിരൂര്‍ ചെമ്പ്രയിലെ ബാവ മൂപ്പന്‍, വി. സുലൈമാന്‍ സാഹിബും നിയമിതരായി. എക്‌സൈസ് പ്രിവന്റീവ് ഓഫിസറായിരുന്ന സനാഉല്ലാ മക്തി തങ്ങളെയും ഇടയ്ക്കു മലബാറില്‍ വരുമായിരുന്ന വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയെയും ഇവരുടെ കൂടെ ഉള്‍പ്പെടുത്തി. ഇവരുടെ ശ്രമഫലമായി ഇംഗ്ലീഷ്-മലയാള ഭാഷാ പഠനം പ്രചരിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍, ഇവരുടെ ശ്രമങ്ങള്‍ പൂര്‍ണമായി വിജയിച്ചില്ല. ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാണ് പിന്നീടുള്ള കാലം മക്തി തങ്ങള്‍ പരിശ്രമിച്ചത്. 1887ല്‍ തിരൂരില്‍ മഹ്ദനുല്‍ ഉലൂം, 1890ല്‍ പെരിന്തല്‍മണ്ണയിലെ മഹഌറുല്‍ ഇസ്‌ലാം, 1897ല്‍ മഞ്ചേരി ഹിദായത്തുല്‍ മുസ്‌ലിമീന്‍, 1900ല്‍ പൊന്നാനി മഊനതുല്‍ ഇസ്‌ലാം എന്നീ സഭകള്‍ രൂപീകരിക്കപ്പെട്ടു. ഇവരുടെ ശ്രമഫലമായി ഇംഗ്ലീഷുകാര്‍ തന്നെ മുസ്‌ലിം വിദ്യാഭ്യാസത്തിനു മുന്നിട്ടിറങ്ങിയതിനാലാണ് നവോത്ഥാന ഫലിതം എന്നു പ്രയോഗിച്ചത്. നവോത്ഥാന നായകരുടെ പേര് പറയുമ്പോള്‍ ബാലന്‍സ് ചെയ്യാന്‍ പറയുന്ന രണ്ടു പേരുകളാണ് മക്തി തങ്ങളും വക്കം മൗലവിയും.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്സാഹത്തിന്റെയും ചെറുത്തുനില്പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്ത്തല് 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില് വെടിനിര്ത്തല് കരാര് ഉടന്; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന് കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്; 49 പേര് പിടിയില്, ഇതില്‍...
15 Jan 2025 5:42 PM GMT