- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഒരു അരാജകവാദിയുടെ ജീവിതം'
ഭയാനകമായ കാലത്തിന്റെ സാക്ഷ്യപത്രങ്ങളാണ് മധു മാസ്റ്ററുടെ നാടകങ്ങള്‍. അവ പ്രേക്ഷകനെ നിരന്തരം അസ്വസ്ഥനാക്കി അയാളുടെ അഹങ്കാരത്തെ കെടുത്തിക്കളയുന്നു. മര്ദ്ദിതവര്ഗത്തോടും കീഴാളജനതയോടുമുള്ള അഗാധമായ സ്നേഹവും അധികാരവ്യവസ്ഥയോടുള്ള അടങ്ങാത്ത അമര്‍ഷവുമാണ് മധു മാസ്റ്ററുടെ രംഗഭാഷയെ നിര്‍ണയിക്കുന്നത്.
കുന്നത്തൂര്‍ രാധാകൃഷ്ണന്
മലയാള നാടക വേദിയുടെ വര്ത്തമാനകാലമുഖം ശുഭപ്രതീക്ഷ പകരുന്നതാണെന്ന് പറയാനാവില്ല. അനുഭവങ്ങളുടെ അഭാവം രചനയിലും അവതരണത്തിലും പ്രത്യക്ഷമാവുന്നു. അരങ്ങ് കോപ്രായമായി മാറുന്നതിനാല്‍ ഗൗരവമുള്ള പ്രേക്ഷകനും അപ്രത്യക്ഷമാവുന്നു. രംഗഭാഷയെ സംബന്ധിച്ച ഗൗരവമുള്ള ചര്‍ച്ച പോലും നടക്കുന്നില്ല. അസംബന്ധങ്ങള്‍ നിറഞ്ഞ കെട്ടുകാഴ്ചകളില്‍ നിന്ന് മലയാള നാടകവേദിയെ വിമോചിപ്പിക്കുകയും രംഗഭാഷയെ യാഥാര്‍ഥ്യവുമായി ഭേദിക്കാനാവാത്തവിധം കെട്ടിയിടുകയും ചെയ്ത മധു മാസ്റ്ററെക്കുറിച്ച് ഈ സന്ദര്‍ഭത്തില്‍ ആലോചിച്ചുപോവുന്നു.
മധു മാസ്റ്ററുടെ സാഹിതീയ യത്നങ്ങളെക്കുറിച്ചുള്ള വിലയിരുത്തലല്ല ഈലേഖനമെന്ന് ആദ്യമേ പറയട്ടെ. ചുട്ടുപൊള്ളുന്ന ജീവിതാനുഭവങ്ങളും തീവ്രമായ രാഷ്ട്രീയവിശ്വാസങ്ങളുമാണ് മധുമാസ്റ്റര്‍ എന്ന നാടകകൃത്തിന്റെ മൂശ. കോഴിക്കോട് എടക്കാട് ഗ്രാമത്തില്‍ കൊല്ലരുകണ്ടി ചന്തുവിന്റെയും നാരായണിയുടെയും 10മക്കളില്‍ ഏറ്റവും ഇളയവനായി ജനിച്ച മധുസൂദനന് മധു മാസ്റ്ററായി മാറിയതിനു പിന്നില്‍ കഠിനമായ യാതനകളുടെ കഥകള്‍ പറയാനുണ്ട്. മധുമാസ്റ്ററുടെ ജീവിതവും ലോകവീക്ഷണവും കുറെയൊക്കെ മനസ്സിലാക്കാന്‍ ഈ ലേഖകന്‍ കഴിഞ്ഞിട്ടുണ്ട്. അര
നൂറ്റാണ്ട് മുമ്പ് എന്റെ അയല്‍വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്നത്. അന്ന് മീഞ്ചന്ത ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ പ്രീ ഡിഗ്രി വിദ്യാര്‍ഥിയാണ് അദ്ദേഹം. ഞാന്‍ പ്രാദേശിക സ്കൂളില്‍ ആറാം ക്ലാസുകാരനും. മാസ്റ്ററുടെ സഹോദരന്മാര്ക്കൊന്നും തൊഴിലില്ല. വലിയ കഷ്ടപ്പാട് നിറഞ്ഞ കാലമാണത്.
ദാരിദ്ര്യം തുറിച്ചുനോക്കിയ നാളുകള്‍. നല്ല നിലയില്‍ കഴിഞ്ഞ കുടുംബമായിരുന്നു മധു മാസ്റ്ററുടെത്. പിതാവ് ചന്തുവിന് വയനാട്ടിലെ മേപ്പാടിയില്‍ ഭേദപ്പെട്ട ഹോടല്‍ കച്ചവടമുണ്ടായിരുന്നു. അതിനും മുമ്പ് സായ്പിന്റെ വെപ്പുകാരനായിരുന്നു. അതിനാല്‍, ആളുകള്‍ അദ്ദേഹത്തെ ചന്തുബടഌ എന്ന് വിളിച്ചുവന്നു. മേപ്പാടിയില്‍ ഗുണ്ടാപ്പണം പിരിക്കുന്ന ഒരുത്തനുമായി മാസ്റ്ററുടെ മൂത്ത സഹോദരന് ശിവാനന്ദന് ഏറ്റുമുട്ടിയതോടെ കുടുംബത്തിന്റെ കഷ്ടകാലം തുടങ്ങി. ശിവാനന്ദന് ജയിലിലായി. കച്ചവടം ശുഷ്കിച്ചു. ഒടുവില്‍ ഹോട്ടല്‍ പൂട്ടേണ്ടിവന്നു. ആകെ പാപ്പരായ അവസ്ഥയിലാണ് കുടുംബം എന്റെ വീടിനടുത്ത് താമസം തുടങ്ങുന്നത്.
കോളജ് പഠനം കഴിഞ്ഞിരിക്കുമ്പോള്‍ യുക്തിവാദി പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി മധു മാസ്റ്റര്‍. അക്കാലത്ത് എടക്കാട്ട് യുക്തിവാദി സാന്നിധ്യം ശക്തമായിരുന്നു. കമ്മ്യൂണിസ്റ്റ് കുടുംബമായിരുന്നു മാസ്റ്ററുടേത്. ആര്‍ട്സ് കോളജില്‍ പഠിക്കുമ്പോള്‍ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ (കെഎസ്എഫ്) സജീവപ്രവര്‍ത്തകനായിരുന്നു. സിപിമ്മിന്റെ സ്റ്റഡി ക്ലാസുകളില്‍ പങ്കെടുത്തു. ദേശാഭിമാനിയിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്നു. ഗ്രാമത്തിലെ വിദ്യാഭിവര്ധിനി വായനശാലയും അത്താണിക്കല്‍ പ്രോഗ്രസീവ് ലൈബ്രറിയും പകര്‍ന്നുനല്‍കിയ ജ്ഞാനത്തിന്റെ മഹാകാശം മാസ്റ്ററുടെ മുന്നില്‍ വലിയലോകം തുറന്നിട്ടു.
മാനാഞ്ചിറ മൈതാനിക്കടുത്ത് ട്രെയ്നിങ് സ്കൂളില്‍ ടിടിസിക്ക് ചേര്‍ന്നതോടെ ജീവിതത്തിന്റെ ഗതിമാറാന് തുടങ്ങി. നക്സലൈറ്റ് നേതാവ് വര്‍ഗീസിനെ വയനാട്ടില്‍ പോലിസ് വെടിവച്ചുകൊന്നതിനെതിരേ മാസ്റ്ററും കുട്ടുകാരും പോസ്റ്റര്‍ പതിച്ചു. രാത്രി ഹോസ്റ്റല്‍ റെയിഡ് ചെയ്ത പോലിസ് അദ്ദേഹത്തെ തൂക്കിക്കൊണ്ടുപോയി. രാവിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം കമ്മീഷണര്‍ ഓഫിസിലെത്തി മുദ്രാവാക്യം വിളിച്ചു. എകെജി കൂടി ഇടപെട്ടതോടെ പോലിസിന് അദ്ദേഹത്തെ വിട്ടയക്കേണ്ടിവന്നു. ഓട്ടോറിക്ഷയില്‍ മാസ്റ്ററെ കയറ്റി ദേശാഭിമാനിയിലേക്ക് പോകവെ എകെജി പറഞ്ഞു. 'വര്‍ഗീസിന്റെ വഴി തെറ്റാണ്. നീ ആ വഴി സഞ്ചരിക്കരുത്.' അപ്പോള്‍ നമ്മുടെ കഥാനായകന് ഒരു തീരുമാനമെടുത്തു. എന്നാല്‍, പിന്നെ ഒരു നക്സലൈറ്റ് ആയിക്കളയാം (ഓര്മ- മള്‍ബറി).
വര്‍ഗീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് പത്രങ്ങള്‍ എഴുതിയത്. പോലിസ് ഭാഷ്യം അവര്‍ അതേപടി പകര്‍ത്തുകയായിരുന്നു. എന്നാല്‍, നട്ടെല്ലുള്ള ഒരേയൊരു പത്രാധിപര്‍ അന്ന് ജീവിച്ചിരുന്നു. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന വിപ്ലവം എന്ന സായാഹ്ന പത്രത്തിന്റെ പത്രാധിപര്‍ തായാട്ട് ശങ്കരനായിരുന്നു അത്. അദ്ദേഹം മുഖപ്രസംഗമെഴുതി. വര്‍ഗീസിനെ പോലിസ് പിടിച്ചുകൊണ്ടുപോയി വെടിവച്ചുകൊന്നതാണ്. ആ മുഖപ്രസംഗം കോളിളക്കം സൃഷ്ടിച്ചു. പക്ഷെ വിപ്ലവം പത്രത്തെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി. തായാട്ട്ശങ്കരന് അതിനുശേഷമാണ് ദേശാഭിമാനി വാരികയുടെ പത്രാധിപരായത്. പില്ക്കാലത്ത് മധുമാസ്റ്ററും തായാട്ട് ശങ്കരനും ശരിയാണെന്ന് തെളിഞ്ഞു.
മേലുദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം വര്‍ഗീസിനെ താനാണ് വെടിവച്ചുകൊന്നതെന്ന് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന് നായര്‍ വെളിപ്പെടുത്തിയല്ലോ. എത്ര മൂടിവച്ചാലും സത്യം എപ്പോഴെങ്കിലും പുറത്തുവരാതിരിക്കില്ല. അതാണ് ചരിത്രപാഠം. വര്‍ഗീസിനെ പോലിസ് പിടിച്ചുകൊണ്ടുപോവുന്നത് ആളുകള്‍ കണ്ടിരുന്നു. വര്‍ഗീസ് കൊല്ലപ്പെട്ടിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് ശമനമൊന്നുമുണ്ടായിട്ടില്ല. നമ്മുടെ കൊട്ടിഘോഷിക്കുന്ന ജനാധിപത്യം തെല്ലും മുന്നോട്ടുപോയിട്ടില്ല എന്നാണ് അത് സൂചിപ്പിക്കുന്നത്.
വര്‍ഗീസിന്റെ ജീവിതത്തെ ആധാരമാക്കി അക്കാലത്തുതന്നെ പി വല്‍സല' ആഗ്നേയം' എന്ന പേരില്‍ ഒരു നോവലെഴുതി. തന്റെ കൃതികളില്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് ആഗ്നേയമാണെന്ന് വല്‍സല ടീച്ചര്‍ പറഞ്ഞിട്ടുണ്ട്. വേണ്ട രീതിയില്‍ ആ നോവല്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. വര്‍ഗീസുമായി നേരത്തെ സംസാരിച്ചിരുന്നതിനാല്‍ അദ്ദേഹം ആരാണെന്നും ലക്ഷ്യം എന്താണെന്നും ടീച്ചര്‍ക്കറിയാമായിരുന്നു. ടിടിസി പാസ്സായി വയനാട്ടില്‍ അധ്യാപകനായി ജോലിനോക്കവെ മധു മാസ്റ്റര്‍ നാടകപരീക്ഷണം തുടങ്ങി. വയനാട്ടിലെ സ്കൂളുകളെ അണിനിരത്തി നടത്തിയ നാടകമല്‍സരത്തില്‍ അദ്ദേഹത്തിന്റെ 'ചുവന്ന സന്ധ്യ' എന്ന നാടകം ഒന്നാം സമ്മാനം നേടി. തെരുവിനെ കേന്ദ്രീകരിച്ച് രചിച്ച ഈ നാടകമാണ് പിന്നീട്' ഇന്ത്യ 74' എന്ന പേരില്‍ വികസിപ്പിച്ചത്. കോഴിക്കോട്ട് ഈ നാടകം ഉദ്ഘാടനം ചെയ്തത് പ്രമുഖ കന്നഡ നോവലിസ്റ്റ് യു ആര് അനന്തമൂര്‍ത്തിയായിരുന്നു. രംഗവേദിയില്‍ പുത്തന്‍ ഭാവുകത്വത്തിന് തുടക്കംകുറിച്ച ഈ നാടകം കണ്ട നക്സലൈറ്റ് നേതാവ് പി കെ ദാമോദരന്‍ മാസ്റ്ററാണ് മധു മാസ്റ്ററെ തന്റെ പ്രസ്ഥാനത്തിലേക്ക് ക്ഷണിക്കുന്നത്.
നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഗറില്ലാ സ്ക്വാഡ് വയനാട് സെക്രട്ടറിയായിരിക്കെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതോടെ ഒളിവില്‍പോയി. വേഷപ്രച്ഛന്നനായിട്ടായിരുന്നു സഞ്ചാരം. അതും ഒരു നാടകമായി മധു മാസ്റ്റര്‍ കണ്ടിരിക്കണം. പോലിസ് മാസ്റ്ററെ പിടികൂടാനുള്ള യത്നത്തിലാണ്. കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ ഒരു മുസ്ല്യാര്‍ നില്ക്കുന്നു. അദ്ദേഹത്തിന്റെ കക്ഷത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രമുണ്ട്. പോലിസിന് സംശയമായി. ഇംഗ്ലീഷ് പത്രം
വായിക്കുന്ന മുസ്ല്യാരോ? നിരീക്ഷണത്തില്‍ അവര്‍ക്ക് സംഗതി പിടികിട്ടി. മുസ്ല്യാര്‍ മധു മാസ്റ്ററാവുന്നു. അറസ്റ്റിലാവാന് പിന്നെ അധികസമയം വേണ്ടിവന്നില്ല. ഭീകരമായ മര്‍ദ്ദനത്തിനും കാരാഗൃഹവാസത്തിനും ശേഷം വീണ്ടും പുറത്ത്. അപ്പുക്കുട്ടന് വള്ളിക്കുന്ന് ദേശാഭിമാനി പത്രത്തില്‍ കക്കയം ക്യാംപ് കഥപറയുന്നു എന്ന പരമ്പര എഴുതുന്ന കാലമായിരുന്നു അത്. ആ പരമ്പരയിലൂടെ മാസ്റ്റര്‍ തടവറയില്‍ അനുഭവിച്ച മൃഗീയമായ പീഡനങ്ങള്‍ ലോകമറിഞ്ഞു. മാസ്റ്ററുടെ കുടുംബം എടക്കാട്ടുനിന്ന് കോഴിക്കോട് നഗരത്തിലെ അശോകപുരത്തെ അമ്മവീട്ടിലേക്ക് നേരത്തെ സ്ഥലം മാറിപ്പോയിരുന്നു. പത്തുവര്‍ഷമായി അദ്ദേഹവുമായി എനിക്ക് ബന്ധമില്ല.
1978ല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഇടനാഴിയില്‍ വച്ചാണ് 10 വര്‍ഷത്തിനുശേഷം ഞാന്‍ മാസ്റ്ററെ കണ്ടുമുട്ടുന്നത്. ജോയ് മാത്യുവും പില്ക്കാലത്ത് പത്രപ്രവര്‍ത്തകനായ പ്രേംചന്ദും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു എന്നാണോര്‍മ. മാസ്റ്റര്‍ക്ക് എന്നെ മനസ്സിലായില്ല. പത്തുകൊല്ലം മുമ്പുള്ള പയ്യനില്‍ നിന്ന് ഞാന്‍ താടിയും മീശയും വളര്‍ത്തിയ പുരുഷനായി വളര്‍ന്നുകഴിഞ്ഞിരുന്നു. എനിക്ക് സ്വയം പരിചയപ്പെടുത്തേണ്ടിവന്നു. കുറെ ദിവസം കഴിഞ്ഞ് അദ്ദേഹം എടക്കാട്ടെത്തി. ഗ്രാമത്തിന്റെ അഭിമാനസ്തംഭമായ ആല്‍മരത്തിന്റെ ചുവട്ടില്‍ ഏതാനും ചെറുപ്പക്കാരും ഞാനും അദ്ദേഹത്തെ സന്ധിച്ചു. സായുധവിപ്ലവത്തിന്റെ അനിവാര്യതയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അച്ചടിച്ച് വിതരണം ചെയ്യാനുള്ള ലഘുലേഖയുടെ ഉള്ളടക്കം എഴുതിത്തരുകയും ചെയ്തു.
ആ വര്‍ഷമാണ്' അമ്മ' നാടകം കോഴിക്കോട് ടൗണ്‍ ഹാളില്‍ അവതരിപ്പിച്ചത്. മാക്സിം ഗോര്‍ക്കി, ബര്‍തോള്‍ഡ് ബ്രഹ്ത്, മഹാശ്വേതാദേവി എന്നിവരുടെ കൃതികളുടെ സമന്വയമായിരുന്നു മധു മാസ്റ്ററുടെ അമ്മ. ഒരു കളി മാത്രമാണ് ഉദ്ദേശിച്ചിരുന്നത്. ജനങ്ങളുടെ നിര്‍ബന്ധം മൂലം രണ്ട് ദിവസങ്ങളിലായി നാല് കളി കളിച്ചു. നാടകത്തിലെ മുഖ്യകഥാപാത്രമായ പവേലിന്റെ പ്രസംഗം ലഘുലേഖയായി നാടകത്തിന് മുമ്പ് വിതരണം ചെയ്തിരുന്നു. പവേലിനെ അവതരിപ്പിച്ചത് ജോയ് മാത്യു ആയിരുന്നു. അമ്മ കേരളത്തിലുടനീളം നൂറിലേറെ വേദികളില്‍ അവതരിപ്പിച്ചു. രംഗഭാഷയിലെ കലാപമായി അമ്മ. പുതിയ ഇടതുപക്ഷത്തിന് അത് വലിയ ഊര്‍ജം പകര്‍ന്നു. അമ്മ നാടകത്തിന്റെ വിജയം മധു മാസ്റ്റര്‍ക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തു. രണ്ടുവര്‍ഷം കഴിഞ്ഞ് പുതിയ ടീമിനെ വച്ച് അമ്മ വീണ്ടും അവതരിപ്പിച്ചപ്പോള്‍ എനിക്കും റോളുണ്ടായിരുന്നു. പക്ഷ, ആ നാടകം രണ്ട് കളിയിലൊതുങ്ങി. ഇതിനകം മാസ്റ്റര്‍ പല കാരണങ്ങളാല്‍ പാര്‍ട്ടിയുമായി അകന്നുപോയിരുന്നു. പിന്നെ അരാജകത്വത്തിലായി ജീവിതം. ചങ്ങമ്പുഴയെപ്പോലെ മദ്യം കൂടപ്പിറപ്പായി. അരാജകജീവിതത്തിന്റെ അപ്പോസ്തലനായി. അപ്പോഴും നാടകം കൈവിട്ടില്ല.
പി എം ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ കോഴിക്കോട്ട് വീണ്ടും ക്രിസ്തു എന്ന നാടകമവതരിപ്പിച്ച് പ്രതിഷേധിച്ചു. അതിന്റെ പേരില്‍ ജയിലിലുമായി. 1980കളുടെ രണ്ടാം പകുതിയില്‍ ചുറ്റിത്തിരിയുന്ന നാടകവേദി (Roaming thetare) എന്ന നൂതനമായ ഒരു ആശയം മാസ്റ്റര്‍ മുന്നോട്ടുവച്ചു. 30 ഒാളം പേരടങ്ങുന്ന നാടകസംഘത്തിന്റെ കേരള പര്യടനമായിരുന്നു ലക്ഷ്യം. അതിനെക്കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഞാനൊരു ലേഖനമെഴുതി. പക്ഷേ, ആ ആശയം പ്രാവര്‍ത്തികമായില്ല. മധു മാസ്റ്ററുടെ കൂടെ ഞാന്‍ ധാരാളം യാത്രചെയ്തു. നാടക റിഹേഴ്സല്‍ ക്യാംപുകള്‍ സന്ദര്‍ശിച്ചു. കോഴിക്കോട്ട് ഒരു സ്ഥിരം നാടകവേദി എന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. പക്ഷേ, സംഗതി മുന്നോട്ടുപോയില്ല. മുറിവാടക കുടിശ്ശികയായതോടെ നാടകസംരംഭം പ്രഖ്യാപിക്കാതെ പിരിച്ചുവിട്ടു.
മധു മാസ്റ്റര്‍ എന്റെ സഹോദരനാണ്. എന്നെ ക്ലാസ് മുറിയില്‍ പഠിപ്പിച്ചില്ലെങ്കിലും അദ്ദേഹം എന്റെ ഗുരുവാണ്. എന്റെ രണ്ട് പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതിയത് മധു മാസ്റ്ററാണ്. അദ്ദേഹത്തിന്റെ അമ്മ എന്നെ പ്രസവിച്ചില്ലെങ്കിലും എനിക്ക് അമ്മയായിരുന്നു. വടക്കേലമ്മ എന്നാണ് ഞാനും എന്റെ സഹോദരങ്ങളും അവരെ വിളിച്ചിരുന്നത്. എന്റെ വടക്കേ അയല്‍വാസിയായിരുന്നു മാസ്റ്ററുടെ കുടുംബം. 'അമ്മ' നാടകത്തിലെ സ്നേഹമയിയായ അമ്മയെ പോലെ കടുത്ത ദാരിദ്ര്യത്തിനിടയിലും മധുമാസ്റ്ററുടെ അമ്മ സ്നേഹം മാത്രം ചൊരിഞ്ഞു.
ഭയാനകമായ കാലത്തിന്റെ സാക്ഷ്യപത്രങ്ങളാണ് മധു മാസ്റ്ററുടെ നാടകങ്ങള്‍. അവ പ്രേക്ഷകനെ നിരന്തരം അസ്വസ്ഥനാക്കി അയാളുടെ അഹങ്കാരത്തെ കെടുത്തിക്കളയുന്നു. മര്ദ്ദിതവര്ഗത്തോടും കീഴാളജനതയോടുമുള്ള അഗാധമായ സ്നേഹവും അധികാരവ്യവസ്ഥയോടുള്ള അടങ്ങാത്ത അമര്‍ഷവുമാണ് മധു മാസ്റ്ററുടെ രംഗഭാഷയെ നിര്‍ണയിക്കുന്നത്. പടയണി, സ്പാര്‍ട്ടക്കസ്, അര്‍ഥം അനര്‍ഥം, ക്രൈം, കലിഗുല, വര്‍ത്തമാനം, പുലിമറഞ്ഞ കുട്ടന് മൂസ്സ്, സുനന്ദ, കറുത്തവാര്‍ത്ത തുടങ്ങിയ നാടകങ്ങള്‍ ഈ യാഥാര്‍ഥ്യത്തിന് അടിവരയിടുന്നു. അദ്ദേഹം വിഖ്യാത കൃതികളുടെ മൊഴിമാറ്റവും നടത്തി. റഷ്യന്‍ സാഹിത്യകാരനായ ഗോഗോളിന്റെ ഓവര്‍ക്കോട്ട് എന്ന നീണ്ടകഥ അതിലൊന്നാണ്. തന്റെ നാടകങ്ങള്‍ക്ക് മധു മാസ്റ്റര്‍തന്നെ രംഗഭാഷയൊരുക്കി. അവയെല്ലാം പൊള്ളുന്ന അനുഭവമായി. അനവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. മധു മാസ്റ്ററെ, ജോയ് മാത്യു ഗുരു എന്നാണ് വിശേഷിപ്പിക്കുന്നത്. ജോണ്‍ എബ്രഹാം 'മധുമാര്ക്സ്' എന്നും വിളിക്കും.
ഉടന്‍ പ്രതികരണമാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്. ഒരിക്കല്‍ കവി എ അയ്യപ്പന് അതിരാവിലെ ഇംഗ്ലീഷ് പള്ളിക്കടുത്ത് ഒഡേസ മൂവീസിന്റെ ഓഫിസിലെത്തുന്നു. ഓഫിസ് അടഞ്ഞുകിടക്കുകയാണ്. അവിടെ കാണുന്ന ആരുടെയെങ്കിലും പക്കല്‍ നിന്ന് ഒരു ചായയ്ക്കുള്ള പൈസ വാങ്ങണം. അതുമാത്രമായിരുന്നു കവിയുടെ ലക്ഷ്യം. പക്ഷെ, ഓഫിസിന്റെ പൂട്ടാണ് തുറിച്ചുനോക്കുന്നത്. വേറെ പരിചയക്കാരെ ആരെയും കാണാനില്ല.
കവി മുന്നില്‍ക്കണ്ട ഹോട്ടലില്‍ കയറി. ചായയും ഒരു കഷ്ണം പുട്ടും തിന്നു. പോവാന്‍ നേരം ഒഡേസ ഓഫിസ് തുറന്നാല്‍ ചായയുടെ പണം തരാമെന്ന് ഉടമയെ അറിയിച്ചു. ഉടമ സമ്മതിച്ചില്ല. പണം തന്നിട്ടുപോയാല്‍ മതിയെന്നായി മുതലാളി. താന്‍ കവി അയ്യപ്പനാണെന്ന് പറഞ്ഞപ്പോള്‍ അയ്യപ്പനായാലും വാവരായാലും പണം തന്നിട്ട് പോയാല്‍ മതിയെന്നായി മുതലാളി. കടയില്‍ ആളുകള്‍ ചായ കുടിക്കാന്‍ വരുന്നുണ്ട്. അയ്യപ്പന് വിഷണ്ണനായിരുന്നു. മണിക്കൂറുകള്‍ നീങ്ങുന്നു. അങ്ങനെയിരിക്കെ മധു മാസ്റ്റര്‍ നടന്നുവരുന്നു. അയ്യപ്പന് കൈകൊട്ടി തന്റെ സാന്നിധ്യമറിയിച്ചു.
മധുമാസ്റ്റര്‍: അയ്യപ്പാ എന്താ ഇവിടെ ?
അയ്യപ്പന്: ഞാന്‍ കവി അയ്യപ്പനല്ല. ബന്ധനസ്ഥനായ വാവരാണ്.
കാര്യമറിഞ്ഞ് മാസ്റ്റര്‍ രോഷാകുലനായി. ശരംപോലെ ഹോട്ടലില്‍ക്കയറി പഴക്കുലകളും പലഹാരങ്ങളും റോഡിലെറിഞ്ഞു. ചില്ലുകള്‍ തല്ലിപ്പൊളിച്ചു. തടയാന്‍ ആരും ധൈര്യപ്പെട്ടില്ല. കവിയെയും കൊണ്ട് പുറത്തിറങ്ങുമ്പോള്‍ മാസ്റ്റര്‍ ഹോട്ടലുടമയോട് ഇപ്രകാരം പറഞ്ഞു: അയ്യപ്പനോടോ വാവരോടോ മാത്രമല്ല, ഒരു മനുഷ്യനോടും ഇങ്ങനെ പറയരുത്. മധു മാസ്റ്റര്‍ക്കെതിരേ പരാതിപ്പെടാന്‍ ഹോട്ടലുടമ ഭയന്നു. അയ്യപ്പന് മരിച്ചപ്പോള്‍ മന്ത്രിയുടെ സൗകര്യാര്‍ഥം മൃതദേഹം മോര്‍ച്ചറിയില്‍ വച്ച് താമസിപ്പിച്ചു. സര്‍ക്കാരിന്റെ പ്രതിനിധിയായ കലക്ടറുടെ കാര്‍ ജപ്തി ചെയ്തുകൊണ്ടാണ് മാസ്റ്റര്‍ അതിനെതിരേ പ്രതിഷേധിച്ചത്. ഇതുപോലെ ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.
ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരേ മാഷ് എന്നും ശബ്ദിച്ചിട്ടുണ്ട്. അന്യായത്തെയും അധര്‍മത്തെയും അദ്ദേഹം ചങ്കുറപ്പോടെ ചോദ്യം ചെയ്തു. ഒരു സമ്പൂര്‍ണ റബലാണ് മധു മാഷ്. തോന്നിയതുപോലെ വസിക്കുന്നവന് തോന്നിവാസിയാണ്. താനൊരു തോന്നിവാസിയാണെന്ന് മധു മാസ്റ്റര്‍ പറയുന്നത് അതുകൊണ്ടാണ്. അരാജകവാദിയായിരുന്നില്ലെങ്കില് തനിക്ക് ആത്മഹത്യ ചെയ്യേണ്ടിവരുമായിരുന്നു എന്ന അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിന് വലിയ അര്‍ഥമുണ്ട്.
ജീവിതത്തില്‍ കെട്ടിയാടിയ അരാജകവാദിയുടേതടക്കമുള്ള വേഷങ്ങള്‍ അഴിച്ചുവച്ച് മാസ്റ്റര്‍ തന്റെ പ്രിയപ്പെട്ട ജന്മഗ്രാമത്തില് തന്നെയുണ്ട്. മലയാളനാട്ടിലെ അവസാനത്തെ അരാജകവാദി മധു മാസ്റ്റര്‍ ആയിരിക്കുമെന്നാണ് വര്‍ത്തമാനകാല സാഹചര്യം വിലയിരുത്തുമ്പോള്‍ എനിക്ക് തോന്നുന്നത്. ഒരിക്കലും കീഴടങ്ങാത്ത, വിട്ടുവീഴ്ചയ്ക്കു വഴങ്ങാത്ത ഈ റബലിന്റെ യുവത്വത്തിന് തീക്ഷ്ണത പകര്‍ന്നത് എടക്കാട് ഗ്രാമത്തിലെ ആല്‍മരച്ചുവട്ടിലെ സംവാദങ്ങളാണ്. (ആല്‍മരസ്മരണകള്‍ എന്ന പുസ്തകത്തില്‍ നിന്ന്).
RELATED STORIES
IN Sign in ...
11 Nov 2024 8:01 AM GMTമുനമ്പം: പരിഹാരമല്ല ധ്രുവീകരണമാണ് തൽപ്പരകക്ഷികളുടെ ലക്ഷ്യം
11 Nov 2024 7:53 AM GMTന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത: സിപിഎമ്മിനോട് ഗ്രോ വാസുവിന് പറയാനുള്ളത്
10 Nov 2024 5:22 AM GMTകേന്ദ്രസര്‍ക്കാരിന്റെ വഖ്ഫ് നിയമഭേദഗതിക്കെതിരേ കേരള നിയമസഭ
14 Oct 2024 2:28 PM GMTഇളംചോരയില് കുളിക്കുന്ന ഗസയും അമേരിക്കയോട് പിണങ്ങുന്ന ഇസ്രായേലും
11 Oct 2024 10:44 AM GMTഗസയിൽ പിറന്ന കുഞ്ഞുങ്ങളുടെ സമൂഹ പിറന്നാള്‍ ആഘോഷിക്കാൻ ലോകം ഒരുങ്ങുന്നു
10 Oct 2024 5:09 AM GMT