Articles

'മാലിക്' ബീമാപ്പള്ളിക്കാരോട് ചെയ്യുന്നത്

എന്‍ എം സിദ്ദീഖ്

മാലിക് ബീമാപ്പള്ളിക്കാരോട് ചെയ്യുന്നത്
X

2009 മെയ് 17ന് ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കും മൂന്നിനുമിടയില്‍ നടന്ന ബീമാപ്പള്ളി വെടിവയ്പ് ഒരിക്കലും നമ്മുടെ വിസ്മൃതിയിലാവേണ്ട കാലമായില്ലല്ലോ. കേരളം കണ്ട പോലിസ് വെടിവയ്പുകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തിലും പോലിസ് നൃശംസതയിലെ ഏകപക്ഷീയതയിലും സമാനതകളില്ലാതെ സവിശേഷമായി നില്‍ക്കുന്നതാകയാല്‍ വിശേഷിച്ചും. എന്നാല്‍ വെറും രണ്ട് കൊല്ലത്തിനകം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും ചര്‍ച്ചയാക്കാതെ നമ്മുടെ പൊതുബോധം ബീമാപ്പള്ളി വെടിവയ്പിനെ മന:പൂര്‍വം മറന്നേ പോവാന്‍ ഔല്‍സുക്യം കാണിച്ചു. 2006ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ നിരവധി മുസ്‌ലിം വിരുദ്ധ ഭരണകൂട ഇടപാടുകളുണ്ടായി, ബീമാപ്പള്ളിയടക്കം. ഇന്നത്തെ കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ എ വി ജോര്‍ജ് അതിലൊക്കെ കടുത്ത മുസ്‌ലിം വിരുദ്ധ നടപടികള്‍ കൈക്കൊണ്ടു. മഹേഷ് നാരായണന്റെ സിനിമയില്‍ പക്ഷേ, പ്രതിസ്ഥാനത്ത് ഇടതേയില്ല.


കുറഞ്ഞത് രണ്ട് വസ്തുതാന്വേഷണ റിപോര്‍ട്ടുകളും(പിയുസിഎല്‍, എന്‍സിഎച്ച്ആര്‍ഒ) ഇനിയും വെളിച്ചം കാണാത്ത ഒരു ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടും(ജില്ലാ ജഡ്ജി കെ രാമകൃഷ്ണന്റേത്) ഗവേഷകനായ കെ അഷ്‌റഫിന്റെ പുസ്തകവും(ബീമാപ്പള്ളി പോലിസ് വെടിവയ്പ്; മറക്കുന്നതും ഓര്‍ക്കുന്നതും/ തേജസ് പബ്ലിക്കേഷന്‍സ് 2012) കെ ഹാഷിറിന്റെ ഡോക്യുമെന്ററിയും(ബീമാപ്പള്ളി; എ കൗണ്ടര്‍ സ്‌റ്റോറി) നിരവധിയായ ഫീച്ചറുകളും ലേഖനങ്ങളും വീഡിയോകളും റിപോര്‍ട്ടുകളും നമുക്ക് മുന്നിലുണ്ട്. അതില്‍ നിന്നൊക്കെ വ്യത്യസ്തവും വിരുദ്ധവുമായ ഒരാഖ്യാനം, നമ്മുടെ കണ്‍മുമ്പില്‍ സംഭവിച്ച ബീമാപ്പള്ളി വെടിവയ്പിനെ ഉപജീവിച്ച്, വസ്തുതകളുടെ പിന്‍ബലമില്ലാതെ അപനിര്‍മിക്കുമ്പോള്‍, അത് ഏതുനിലയിലും ന്യായീകരിക്കത്തക്കതല്ല.


കൊമ്പ് ഷിബു എന്നൊരു ലോക്കല്‍ തഗ് ഉണ്ടാക്കിയ ലുംപെന്‍ സംഭവത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാതിരുന്ന പോലിസ്, പിന്തിരിഞ്ഞോടുന്നവരെ, കടപ്പുറത്ത് കളിച്ചുകൊണ്ടിരുന്നവരെ, ഒരു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പോലുമില്ലാതെ, അറ്റകൈ പ്രയോഗമായ വെടിവയ്പിന് മുമ്പ് വേണ്ടതായ യാതൊരു ക്രമങ്ങളുമില്ലാതെ 70 റൗണ്ട് വെടിയുതിര്‍ത്ത(വെടിയുണ്ടകള്‍ തീര്‍ന്നു പോയതു കൊണ്ട് അത്രയും മതിയാക്കി), ആറ് പേരെ കൊന്ന, 52 പേര്‍ക്ക് പരിക്കേറ്റ, അത്തരമൊരു പോലിസ് നടപടി അനിവാര്യമാക്കിയ യാതൊരു സാഹചര്യവും ബീമാപ്പള്ളിയില്‍ അസന്നിഗ്ദമായി ഉണ്ടായിരുന്നില്ല. എന്നാലതൊന്നും തന്നെ നമ്മുടെ സിവില്‍ ധാര്‍മികതയെ അസ്വസ്ഥപ്പെടുത്തിയതേയില്ല. ബീമാപ്പള്ളി വെടിവയ്പ് നടന്നയുടന്‍ അത് വര്‍ഗീയ സംഘര്‍ഷമാണെന്ന തീര്‍പ്പിലെത്തുകയായിരുന്നു മുഖ്യധാരാ മാധ്യമങ്ങളും, തദ്വാരാ പൊതുസമൂഹവും.


രാജേഷ് പിള്ളയുടെ 'ട്രാഫിക്കി'(2011)ല്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന അജ്മല്‍ നാസര്‍ എന്ന പോലിസുദ്യോഗസ്ഥന്‍ പറയുന്നു; 'ബിലാല്‍ കോളനി, ന്യൂനപക്ഷ സമുദായം ശക്തമായ സ്ഥലമാണ്, പള്ളിയോട് ചേര്‍ന്ന് കിടക്കുന്ന കോളനി, പോലിസിന് പെട്ടെന്നങ്ങോട്ട് കടന്നുചെല്ലാന്‍ പറ്റില്ല, ബ്ലാക്മാര്‍ക്കറ്റ് ഗുഡ്‌സ് പിടിക്കാന്‍ ഒന്നുരണ്ടു തവണ ശ്രമിച്ചിട്ട് വെടിവയ്പും മറ്റുമുണ്ടായ സ്ഥലമാണ്'. ബിലാല്‍ കോളനി എന്നത് ബീമാപ്പള്ളിയെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. അതെക്കാളെത്രയോ വ്യക്തമാണ് 'മാലിക്കി'ലെ റമദാ പള്ളി. സിനിമയില്‍ അന്ന് അവിടത്തെ എംഎല്‍എ വി സുരേന്ദ്രന്‍ പിള്ളയല്ല, 'ഇസ്‌ലാം യൂനിയന്‍ ലീഗുകാര'നായ പി എ അബൂബക്കറാണ്. ഇങ്ങനെ തൊട്ടറിയാവുന്ന അട്ടിമറികളുടെ, പച്ചയായ ചരിത്രനിരാസത്തിന്റെ പാപക്കറ പുരണ്ട 'മാലിക്' തികഞ്ഞ അനീതിയാവുന്നു. നിയമസംവിധാനങ്ങളെ നിരാകരിക്കുന്ന അപരിഷ്‌കൃതരായ തീരദേശവാസികള്‍ എന്ന് ബീമാപ്പള്ളിക്കാരെ സിനിമ ഊന്നുന്നു. കോളനി, കടപ്പുറം, കള്ളക്കടത്ത്, നിയമവിരുദ്ധത, മുസ്‌ലിം സമുദായം എന്നിങ്ങനെ സിനിമ ഉല്‍പ്പാദിപ്പിക്കുന്ന അപരവല്‍ക്കരണത്തിലൂടെ സാമൂഹിക സാംസ്‌കാരിക ഇടങ്ങള്‍ പോലിസിന്റെ വെടിവയ്പിന് മുന്‍കൂറായിത്തന്നെ അര്‍ഹമാവുകയാണ്.

തിരുവനന്തപുരത്തിന്റെ അധീശ സവര്‍ണ ഹിന്ദു പരിവേഷത്തില്‍ നിന്ന് വ്യതിരിക്തമായി അധീശയുക്തികളുടെ നീതിഘടനയില്‍ നിന്ന് ബഹിഷ്‌കൃതമായ അരിക് ജീവിതമാണ് ബീമാപ്പള്ളിക്കാരുടേത്. ലക്ഷദ്വീപില്‍ അസൈലം തേടുന്ന നായകന്‍ കാലിക യുക്തികളിലൂടെ സംവദിക്കുന്നത്, സംവിധായകന്‍ ഉല്‍പ്പാദിപ്പിക്കുന്നത്, ദ്വീപിനെ ഡെമണൈസ് ചെയ്യുന്ന അതേ ഭരണകൂട ഭാഷ്യമാണ്. റമദാ പള്ളിയിലെ മുസ് ലിംകളും എടവത്തുറയിലെ ക്രിസ്ത്യാനികളും പരസ്പര വിദ്വേഷത്തോടെ ജീവിക്കാന്‍ ഇടവരുത്തിയത് തീവ്രവാദി മുസ് ലിംകളാണ് എന്ന തോന്നല്‍ സൃഷ്ടിച്ചതാണ് സംവിധായകന്റെ രാഷ്ട്രീയം. നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം എന്ന ദ്വന്ദം സൃഷ്ടിക്കാനായി സുലൈമാന്‍ എന്ന നായക കഥാപാത്രത്തെ നന്മയുള്ള ഒരു മതസ്‌നേഹിയാക്കി ചിത്രീകരിക്കുകയും അങ്ങനെയല്ലാത്ത, തീര്‍ത്തും വിരുദ്ധ ചിന്തയിലുള്ള അതേ മതത്തിലെ അധികാരമോഹിയായ, മതതീവ്രവാദത്തെ കൂട്ടുപിടിക്കുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിച്ച്, അത്തരമൊരു താരതമ്യം സാധിച്ചെടുത്തു മാത്രമേ നായകനെ മനുഷ്യത്വമുള്ള മതവിശ്വാസിയാക്കാന്‍ കഴിയൂ എന്ന തീര്‍പ്പിലെത്തുകയാണ് സംവിധായകന്‍. സുനാമിയുടെ സമയത്ത് അമുസ്‌ലിംകളെ കയറ്റാത്ത മുസ്‌ലിം പള്ളി കമ്മിറ്റിക്കാര്‍, നിയമത്തെയും പോലിസിനെയും പുല്ലുവില കല്‍പ്പിക്കാത്ത, പ്രസംഗങ്ങള്‍ക്ക് 'ബോലോ തക്ബീര്‍' മുഴക്കി കൈയടിക്കുന്ന വിവരമില്ലാത്ത റമദാ പള്ളിക്കാര്‍, 'പ്രതിരോധ'ത്തിനു വേണ്ടി തോക്കിറക്കുമതി ചെയ്യുകയും പോലിസ് വെടിവയ്പിന് പ്രതികാരമായി ആ തോക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നവര്‍, സിനിമയിലെ രാഷ്ട്രീയ വിവക്ഷകള്‍ അങ്ങനെയാണ്. ബീമാപ്പള്ളിക്കാരോടിത് വേണ്ടായിരുന്നു.

Next Story

RELATED STORIES

Share it