- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇത്തിരി കച്ചവട ചിന്തകള്‍
പി പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി
മനുഷ്യന്റെ നന്‍മയിലുള്ള വളര്‍ച്ചയെ ഉദാഹരിക്കാന്‍ ഖുര്‍ആന്‍ മുഖ്യമായും രണ്ട് ഉപമകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഒന്ന്, കച്ചവടം. മറ്റൊന്ന് കൃഷി(ഉദാ: 61:10, 29:35, 2:261). കൃഷി ഉല്‍പ്പാദനത്തെ പ്രതിനിധീകരിക്കുന്നു; കച്ചവടം വിപണനത്തെയും. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്നതാണ് ഈ രണ്ട് സംഗതികളും. ഉല്‍പ്പാദന വിപണന രംഗങ്ങളില്‍ നല്ല രീതിയില്‍ സ്വാധീനം വര്‍ധിപ്പിക്കുകയെന്നത് ഒരു സമൂഹത്തിന്റെ ഭദ്രവും സമീകൃതവുമായ വളര്‍ച്ചയ്ക്ക് അനുപേക്ഷണീയമാണ്. ഒരു ഉദ്യോഗസ്ഥന്‍ ഉഴപ്പിയാലും ഉഷാറായാലും അവന് മാസാന്തം കിട്ടുന്ന വേതനത്തെ അത് പെട്ടെന്ന് സാരമായി ബാധിക്കില്ലെന്നതിനാല്‍, അദ്ദേഹം വിശേഷിച്ചൊരു ഊര്‍ജസ്വലതയും ഉല്‍സാഹവും പുലര്‍ത്തിയെന്ന് വരില്ല. പല ഉദ്യോഗസ്ഥരെയും അലസരായി കാണുന്നതിന്റെ കാരണവും ഇതുതന്നെ. മുഷിപ്പും ചടപ്പുമാണ് പല ഉദ്യോഗസ്ഥരുടെയും മുഖമുദ്ര.
ജനാധിപത്യ സംവിധാനത്തില്‍ അധികാരത്തില്‍ പങ്കാളിത്തം, ഭദ്രമായ ഉപജീവനം എന്നീ പരിഗണനകളാലാണ് സര്‍ക്കാര്‍ ഉദ്യോഗങ്ങളും മറ്റും അഭികാമ്യമായി ഗണിക്കപ്പെടുന്നത്. ഒരു വ്യക്തിയെ ഉല്‍സാഹിയും ഉല്‍ക്കര്‍ഷേഛുവുമാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗം സാമാന്യാര്‍ഥത്തില്‍ പര്യാപ്തമല്ല. ചട്ടപ്പടി ഒരു ചടങ്ങെന്നവണ്ണം കാലം കഴിക്കുന്ന മുഷിപ്പന്‍ ഏര്‍പ്പാടാണ് പലപ്പോഴും ഉദ്യോഗമെന്ന ചിലരുടെ വിലയിരുത്തല്‍ തീര്‍ത്തും തെറ്റല്ല. എന്നാല്‍ കൃഷി, കച്ചവടം എന്നിവയില്‍ വ്യാപൃതരാവുന്നവരില്‍ ഉല്‍സാഹവും ഉല്‍ക്കര്‍ഷേഛയും പ്രതീക്ഷയും ദൃശ്യമാണ്. ഇന്നല്ലെങ്കില്‍ നാളെയെങ്കിലും എന്ന് ഭാവിയെപ്പറ്റി തികഞ്ഞ ശുഭപ്രതീക്ഷ പുലര്‍ത്തുന്നവരാണ് ഈ വിഭാഗം. മണ്ണുമായും മനുഷ്യരുമായും അടുത്തിടപഴകുന്ന ഈ വിഭാഗത്തിന് സാമൂഹിക ജീവിതത്തില്‍ ഇടപഴകാനും കൂടുതലായി സാധിക്കുന്നു. സമ്പത്തിനെ പ്രത്യുല്‍പ്പാദനപരമായും പ്രയോജനപ്രദമായും കൈകാര്യം ചെയ്യുന്നതിന്റെ ആകെത്തുകയാണ് ഉല്‍പ്പാദനവും വിപണനവും. കൃഷി, വ്യാവസായികോല്‍പ്പാദനം, കച്ചവടം എന്നിവ സാമൂഹികജീവിയായ മനുഷ്യന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുകയാണ് ചെയുന്നത്. ഇതെല്ലാം പരസ്പര ബന്ധിതവും പരസ്പരപൂരകവുമാണ്. വ്യാവസായിക വാണിജ്യ വ്യാപാര മേഖലകളിലെ പ്രവര്‍ത്തനം ജനസേവനം കൂടിയാണെന്ന് തിരിച്ചറിയണം. ഒരാള്‍ ഒരു വൃക്ഷം നട്ടുപിടിപ്പിച്ചാല്‍ അതില്‍നിന്ന് പക്ഷികള്‍ കൊത്തിത്തിന്നുന്നതിനും ഇലകള്‍ കാലികള്‍ ഭക്ഷിക്കുന്നതിനും അതിന്റെ തണല്‍ വഴിയാത്രക്കാര്‍ അനുഭവിക്കുന്നതിനുമെല്ലാം സ്വദഖ(ദാനം)യുടെ പുണ്യം സിദ്ധിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിച്ചതില്‍ വലിയ ഗുണപാഠങ്ങളുണ്ട്. ആധുനിക ഭൗതിക സംവിധാനങ്ങള്‍ വ്യക്തിക്ക് നേര്‍ക്കുനേരെ സ്വന്തമായി കിട്ടുന്ന അറ്റാദായം(നെറ്റ് പ്രോഫിറ്റ്) വച്ചാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഗുണദോഷങ്ങള്‍ വിലയിരുത്താറ്. കച്ചവടത്തെ പലപ്പോഴും ഗുണദോഷ വിചിന്തനത്തിന് വിധേയമാക്കുന്നത് അറ്റാദായം വച്ച് മാത്രമായിരിക്കും. മൊത്താദായ(ഗ്രോസ് പ്രോഫിറ്റ്)ത്തില്‍നിന്ന് ചെലവുകള്‍ കഴിച്ചുള്ളതാണ് അറ്റാദായം. ചെലവുകള്‍ എന്ന് പറയുന്നതിനെ വിശകലനം ചെയ്യുമ്പോള്‍ അതിന്റെ മുഖ്യപങ്ക് സമൂഹത്തിന്റെ വിവിധ ശ്രേണികളിലേക്കും ചാലുകളിലേക്കുമുള്ള നീരൊഴുക്കാണെന്ന് കണ്ടെത്താന്‍ സാധിക്കും. നേരത്തേ കൃഷിയുടെ കാര്യത്തില്‍ പക്ഷികള്‍ കൊത്തിത്തിന്നതിനും കാലികള്‍ ഭക്ഷിച്ചതിനും മറ്റും പുണ്യമുണ്ടെന്ന് മനസ്സിലാക്കിയതുപോലെ, ഇതിലും ജനോപകാരപ്രദമായ സ്വദഖ ഒളിഞ്ഞിരിപ്പുണ്ട്. മിച്ചധനം പ്രത്യുല്‍പ്പാദനപരമായി വിനിയോഗിച്ച് വ്യാപാര-വ്യവസായ സംരംഭങ്ങള്‍ നടത്തുമ്പോള്‍ ഒരുപാട് സ്വദഖകളുടെ മഹത്തായ പുണ്യം ഐഹികമായും പാരത്രികമായും ലഭിക്കുമെന്ന പാഠം ഇസ് ലാം നല്‍കുന്നുണ്ട്. അധ്വാന പരിശ്രമങ്ങളിലൂടെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൂടെയും സാമൂഹികഘടനയിലും സമൂഹത്തിന്റെ സാമ്പത്തിക ഘടനയിലും രചനാത്മകമായ ഇടപെടല്‍ നടത്താനാണ് നബി(സ) പ്രേരണ നല്‍കിയത്. വീട്ടിലെ പുതപ്പ് വിറ്റ് മഴു വാങ്ങി കാട്ടില്‍ പോയി മരംവെട്ടി വിറക് ശേഖരിച്ച് വില്‍ക്കാന്‍ നബി(സ) നല്‍കിയ ഉപദേശവും, വിലപ്പെട്ട കൃഷിഭൂമിക്ക് സകാത്ത് നിശ്ചയിക്കാതെ കൃഷിയെ പ്രോല്‍സാഹിപ്പിച്ചതും അധ്വാനമില്ലാത്ത കാര്‍ഷികോല്‍പ്പന്നങ്ങളേക്കാള്‍ കുറഞ്ഞ സകാത്ത് നിരക്ക് കൂടുതലായ അധ്വാനപരിശ്രമങ്ങള്‍ വേണ്ടിവരുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് നിശ്ചയിച്ചതുമെല്ലാം ആരോഗ്യകരവും പ്രത്യുല്‍പ്പാദനപരവുമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോല്‍സാഹനമാണ്. കച്ചവടം ചെയ്യുമ്പോള്‍ കടക്കും കച്ചവടത്തിനാവശ്യമായ ഉപകരണങ്ങള്‍ക്കും യന്ത്രസാമഗ്രികള്‍ക്കും മറ്റും അതെത്രതന്നെ വിലപിടിപ്പുള്ളതായാലും സകാത്ത് ബാധകമല്ലെന്ന് ഇസ് ലാമിക കര്‍മശാസ്ത്രപണ്ഡിതര്‍ അഭിപ്രായപ്പെട്ടതിന്റെ പൊരുളും ഇതുതന്നെ. സമ്പത്ത് പ്രത്യുല്‍പ്പാദനപരമല്ലാത്ത നിലയില്‍ മുരടിക്കുന്ന ദുരവസ്ഥ ഇസ് ലാം തീര്‍ത്തും അനഭിലഷണീയമായിട്ടാണ് കാണുന്നത്. സമ്പത്ത്(സ്വര്‍ണം, വെള്ളി) ശേഖരിച്ച് കെട്ടിപ്പൂട്ടിവയ്ക്കുകയും അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അഥവാ ജനോപകാരപ്രദമായ രീതിയില്‍ വ്യയം ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനയേറിയ കഠിനകഠോര ശിക്ഷകളുണ്ടെന്ന് (9:34) ഖുര്‍ആന്‍ നല്‍കിയ ശക്തമായ താക്കീത് ഗൗരവപൂര്‍വം കാണേണ്ടതാണ്.
പലിശ മോഹിച്ച് പണം കടം കൊടുക്കുന്നത് ഇസ ലാം അങ്ങേയറ്റം വെറുക്കുന്നു. കാരണം മടിയനായി ചടഞ്ഞിരുന്ന്, അന്യരെ ചൂഷണം ചെയ്യുന്ന പരാന്നഭോജിയെയാണ് പലിശ സൃഷ്ടിക്കുന്നത്. തന്റേടത്തോടെ, റിസ്‌ക് ഏറ്റെടുത്ത് സാമ്പത്തിക പ്രവര്‍ത്തനവും അധ്വാന പരിശ്രമങ്ങളും നടത്താതെ ഒരുതരം ഒളിച്ചോട്ടത്തിനാണ് പലിശാധിഷ്ഠിത സംവിധാനം വേദി ഒരുക്കുന്നത്. ഇന്നത്തെ ലോകസമ്പദ്ഘടനയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന പലിശയിടപാടുകള്‍ക്ക് മെച്ചപ്പെട്ട ബദലായി ഖുര്‍ആന്‍ മുന്നോട്ടുവച്ചത് കച്ചവടത്തെയാണ്(2:275). പക്ഷേ, ആധുനിക മുതലാളിത്തമുള്‍പ്പെടെയുള്ള സമ്പദ്ശാസ്ത്രങ്ങള്‍ പലിശയ്ക്ക് കച്ചവടം എന്ന ലേബലൊട്ടിച്ച് മനുഷ്യരെ വഞ്ചിക്കുകയാണ് ചെയ്തത്. ബാങ്കിങ് വ്യവസായം എന്നാണ് ഈ ചൂഷണവ്യവസ്ഥയ്ക്ക് പലരും പറയുന്ന പേര്. ബാങ്കിങിനെ വ്യാപാരമായും വ്യവസായമായും പരിചയപ്പെടുത്തിയവര്‍ യഥാര്‍ഥത്തില്‍ കച്ചവടത്തിന്റെയും വ്യവസായത്തിന്റെയും അന്തകരായി എന്നതാണ് സത്യം. പലിശയിടപാടും കച്ചവടവും സമമാണെന്ന വാദം ഇന്നുമുണ്ട്. പത്തുരൂപയ്ക്ക് വാങ്ങിയ സാധനം പന്ത്രണ്ട് രൂപയ്ക്ക് വില്‍ക്കുന്നതുപോലെയാണ് പത്തുരൂപ കടം കൊടുത്ത് നിശ്ചിത അവധിക്കുശേഷം പന്ത്രണ്ടു രൂപ വാങ്ങലെന്ന ന്യായവാദം നടത്തുന്നവരോട് 'കച്ചവടത്തെ അനുവദിച്ചിരിക്കുന്നു, പലിശയെ തീര്‍ത്തും നിരോധിച്ചിരിക്കുന്നു' എന്നാണ് അല്ലാഹു മറുപടി പറഞ്ഞത്(2:275). ഇവിടെ കച്ചവടം അനുവദിച്ചിരിക്കുന്നു എന്ന് പറഞ്ഞ ശേഷമാണ് പലിശ നിരോധിച്ചിരിക്കുന്നുവെന്ന് പറഞ്ഞത്. പലിശയ്ക്ക് ബദലായി വ്യാപാരത്തെ മുന്നോട്ടുവയ്ക്കുകയാണ് ഇസ് ലാം. ബദലിനെ വികസിപ്പിച്ച് ഫലപ്രദമായി ഉപയോഗപ്പെടുത്താതെ പലിശയ്‌ക്കെതിരെയുള്ള പോരാട്ടം ഫലപ്രദമാവില്ല. ആദ്യകാല മുസ് ലിംകള്‍ നല്ല കച്ചവടക്കാരായിരുന്നു. അബൂബക്കര്‍, ഉസ്മാന്‍, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) തുടങ്ങിയ സ്വഹാബികളും ഇമാം അബൂഹനീഫയെ പോലുള്ള പ്രഗല്‍ഭരും കച്ചവടത്തില്‍ ഏര്‍പ്പെട്ടവരായിരുന്നു. ഇസ് ലാം പ്രചരിക്കുന്നതില്‍ സത്യസന്ധരായ കച്ചവടക്കാര്‍ വഹിച്ച് വലിയ പങ്ക് പ്രത്യേകം അടയാളപ്പെടുത്തപ്പെട്ടതുമാണ്.
നമ്മുടെ കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ പൊതുവെ നാല് ഭാഗങ്ങളാണ്. അതിലൊരു ഭാഗം കച്ചവട നിയമങ്ങള്‍, സാമ്പത്തിക ഇടപാടുകളിലെ ചട്ടങ്ങള്‍ തുടങ്ങിയവയാണ്(മുഅമലാത്ത്). മൗലികവും സമഗ്രവുമായ കച്ചവട മൂല്യങ്ങള്‍ക്ക്(ബിസിനസ് എത്തിക്‌സ്) തന്നെ ഇസ് ലാം രൂപംനല്‍കിയിട്ടുണ്ട്. നഷ്ടസാധ്യതകളെയും ആപസാധ്യതകളും ഏറ്റെടുക്കുന്ന കച്ചവട സമൂഹമാണ് മുന്നേറുകയെന്നത് ചരിത്രത്തിന്റെ ഗുണപാഠമാണ്. മുടങ്ങിക്കിടക്കുന്ന വിഭവങ്ങളും സമ്പത്തും സമൂഹത്തിലേക്ക് കറങ്ങാന്‍ വിട്ടുകൊടുക്കുമ്പോഴുള്ള ബഹുമുഖ ചലനങ്ങളാലുണ്ടാവുന്ന സമൃദ്ധിയെ സൂചിപ്പിക്കാന്‍ 'ഹര്‍കത്തില്‍ ബര്‍ക്കത്ത്(ചലനത്തില്‍ പുണ്യമുണ്ട്) ഉണ്ടെന്ന് പറഞ്ഞ് പ്രോല്‍സാഹിപ്പിക്കുന്ന പതിവ് പൂര്‍വകാല മുസ് ലിംകള്‍ക്കുണ്ടായിരുന്നു. ഇസ് ലാമിക സമ്പദ് വ്യസ്ഥയും മറ്റും കൂടുതല്‍ ചര്‍ച്ചാവിഷയമാവുന്ന ഇക്കാലത്ത് ഇസ് ലാമിന്റെ വക്താക്കള്‍ ആത്മാര്‍ഥമായും സത്യസന്ധമായും ഉണര്‍ന്നു ചിന്തിക്കേണ്ടതുണ്ട്. ടാറ്റയോ റിലയന്‍സോ ഇസ് ലാമിക് ബാങ്കും ഇസ് ലാമിക കച്ചവട കൂട്ടായ്മകളും തുടങ്ങിയേക്കാം. അതവരുടെ കേവല ലാഭത്തിനുവേണ്ടി മാത്രമാണ്. മറിച്ച് മുസ് ലിംകള്‍ ഉത്തരവാദിത്വ ബോധത്തോടെ ഇസ് ലാമിക സമ്പദ് വ്യവസ്ഥയെ മനോഹരമായി പ്രയോഗവല്‍ക്കരിച്ചാല്‍ അതൊരു സത്യസാക്ഷ്യ നിര്‍വഹണമായിരിക്കും. അതിന്റെ ബഹുമുഖ നന്മ ഐഹികം മാത്രമല്ല, പാരത്രികം കൂടിയായിരിക്കും. ഒറ്റപ്പെട്ട പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റാനുള്ള ധൈര്യവും ദൃഢമായ മൂല്യനിഷ്ഠയും ഉണ്ടാവേണ്ടതുണ്ട്. നഷ്ടം ഭയന്ന് മൂലധനം കെട്ടിപ്പൂട്ടിവയ്ക്കുന്നത് മൂല്യ ശോഷണം എന്ന വിപത്തിന്റെ മുമ്പില്‍ വിഡ്ഡിത്തമായിരിക്കും. പലിശ നിരോധിച്ച് കച്ചവടം അനുവദിച്ചതിന്റെ ന്യായം നഷ്ട സാധ്യത ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് സാഹസികമായ മുന്നേറ്റം നടത്തുക എന്നത് തന്നെയാണ്. പരമ്പരാഗതമായി കച്ചവട സമൂഹമാണ് മുസ് ലിംകള്‍. അവരുടെ ദീനാണ് അവരെ അങ്ങനെയൊരു വിശിഷ്ട നിലവാരത്തിലേക്കുയര്‍ത്തിയത്. വാണിജ്യ-വ്യാപാര-വ്യവസായ രംഗങ്ങളില്‍ സ്വന്തമായ സല്‍സരണി വെട്ടിത്തെളിക്കാനാവശ്യമായ ചര്‍ച്ചകളും പഠനങ്ങളും കൂട്ടായ്മകളും വഴി ക്രിയാത്മകമായ ചുവടുവയ്പുകള്‍ നടത്തേടതുണ്ട്. അധൈര്യം നിഷ്‌ക്രിയത്വത്തിലേക്കാണ് നയിക്കുക. പലവട്ടം വീഴുമ്പോഴാണ് നടക്കാന്‍ പഠിക്കുന്നത്. ഇസ് ലാമിന്റെ സത്യസന്ധത, വിശ്വസ്തത, ഗുണകാംക്ഷ, സാമൂഹികബോധം തുടങ്ങിയ മൗലിക ഗുണങ്ങളുണ്ടെങ്കില്‍ അന്തിമവിശകലനത്തില്‍ പരിശ്രമങ്ങള്‍ വൃഥാവിലാവില്ലെന്ന് ഉറപ്പ്.
عن أبي سعيد الخدري:] التّاجِرُ الصَّدُوقُ الأَمِينُ مع النَّبيينَ والصِّدِّيقِينَ والشُّهَداءِ .
സത്യസന്ധനും വിശ്വസ്തനുമായ വ്യാപാരി പ്രവാചകന്‍മാരുടെയും സത്യസന്ധരുടെയും ശുഹദാക്കളുടെയും കൂടെയാണ് എന്ന അര്‍ഥത്തില്‍ വേറെയും നബി വചനങ്ങള്‍ ഉണ്ട്. സത്യസന്ധതയും വിശ്വസ്തതയും ഉണ്ടാക്കിയെടുക്കുന്ന ഉറച്ച ഈമാനും മൂല്യബോധവും സൃഷ്ടിക്കാതെ നിലവിലുള്ള ജാഹിലീയ സമ്പ്രദായങ്ങളെ ഇസ് ലാമികം എന്ന ലേബലൊട്ടിച്ച് നടപ്പാക്കുന്നത് പന്നിക്ക് ആടിന്റെ കാല്‍ വച്ചുകെട്ടി ആടാണെന്ന് മേനി നടിക്കുന്നതിനേക്കാള്‍ പരിഹാസ്യമാണ്. സ്വിദ്ഖും അമാനത്തും മൊത്തം ജീവിതത്തില്‍ കണിശമായും പുലര്‍ന്നാലേ വ്യാപാരത്തിലും പുലരുകയുള്ളൂ. കച്ചവടത്തിന്റെ വ്യവസ്ഥയും അതിന്റെ തുടര്‍ന്നുള്ള അവസ്ഥയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. വ്യവസ്ഥയ്ക്ക് അനുസരിച്ചാണ് അവസ്ഥ മെച്ചപ്പെടുക. കണിശവും കൃത്യമായി വ്യവസ്ഥ സ്വിദ്ഖിന്റെയും അമാനത്തിന്റെയും തേട്ടമാണ്.
പിന്‍കുറി: സ്വഹീഹുല്‍ ബുഖാരിയില്‍ നബി(സ) പറഞ്ഞ ഗുണപാഠ പ്രധാനമായ കഥ: ഒരു വിജനപ്രദേശത്തെ ഒരു ഗുഹയില്‍ മൂന്നുപേര്‍ തങ്ങിയപ്പോള്‍ ഒരു ഭീമന്‍ പാറ ഉരുണ്ടുവന്നു മൂടിപ്പോയി. ആര്‍ക്കും നീക്കാന്‍ സാധിച്ചില്ല. അവര്‍ വളരെയേറെ വിഷമത്തിലായി, ഒരു രക്ഷാമാര്‍ഗവുമില്ല. ഒടുവില്‍ അവരില്‍ ഓരോരുത്തനും തങ്ങള്‍ ചെയ്ത വളരെ മഹത്തായ കര്‍മത്തെ മുന്‍നിര്‍ത്തി(വസ്വീലയാക്കി) ഉള്ളുരുകി പ്രാര്‍ഥിക്കാന്‍ തീരുമാനിച്ചു. ഓരോരുത്തരുടെയും പ്രാര്‍ഥനയ്ക്കു ശേഷം ഭീമന്‍പാറ കുറേശ്ശേ നീങ്ങി. മൂന്നാമന്റെ പ്രാര്‍ഥന ഒരു പാവപ്പെട്ട തൊഴിലാളി വാങ്ങാതെ പോയ അവന്റെ കൂലി കച്ചവടത്തില്‍ മുടക്കി വളരെയേറെ വര്‍ധിപ്പിച്ചു കൊടുത്തതായിരുന്നു. ഇതോടെ പാറ തികച്ചും നീങ്ങി. പാവങ്ങളുടെ കൊച്ചു സമ്പാദ്യം നല്ല രീതിയില്‍ വര്‍ധിപ്പിച്ചുകൊടുക്കുന്നത് വളരെ വലിയ പുണ്യകര്‍മമാണ്.
RELATED STORIES
ഗുജറാത്തിലെ ഹസ്റത്ത് പഞ്ച് പീര് ദര്ഗ പൊളിച്ചു; കൃഷ്ണഭൂമിയില്...
15 Jan 2025 5:05 AM GMTബോബി ചെമ്മണ്ണൂര് ജയില് മോചിതനായി
15 Jan 2025 4:45 AM GMTസര്‍ക്കാര്‍ ഓഫീസില് അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്
15 Jan 2025 4:36 AM GMT''ബ്ലഡി ബ്ലിങ്കന്, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്''; ആന്റണി...
15 Jan 2025 3:52 AM GMTഎസ്കലേറ്ററില് നിന്ന് വീണ് മൂന്നുവയസുകാരന് മരിച്ചു
15 Jan 2025 3:34 AM GMTപെരിയ ഇരട്ടക്കൊല: കേസ് നടത്തിപ്പിന് പ്രത്യേക പിരിവുമായി സിപിഎം
15 Jan 2025 3:26 AM GMT