Editorial

ഇനി പിണറായി പറയട്ടെ, അവര്‍ ചായ കുടിക്കാന്‍ പോയതോ ? ബിരിയാണി കഴിക്കാന്‍ പോയതോ ?

മാവോസാഹിത്യം കൈവശം വച്ചെന്ന അക്ഷന്തവ്യമായ കുറ്റമാണ് പന്തീരാങ്കാവിലെ രണ്ട് മുസ്‌ലിം സഖാക്കള്‍ ചെയ്തിരിക്കുന്നത് എന്നിരിക്കെ 10 തികയ്ക്കാന്‍ വലിയ പാടൊന്നുമുണ്ടാവില്ലെന്നാവാം കരുതിയിട്ടുണ്ടാവുക. സ്വന്തം പാര്‍ട്ടിയിലെ സഖാക്കളാണെങ്കിലും പ്രതികളുടെ പേര് അലന്‍ ശുഹൈബെന്നും താഹാ ഫസലെന്നുമാണെന്നിരിക്കെ തീവ്രവാദത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടെന്ന മുന്‍വിധികൂടിയുണ്ട് പന്തീരാങ്കാവ് യുഎപിഎ കേസില്‍.

ഇനി പിണറായി പറയട്ടെ, അവര്‍ ചായ കുടിക്കാന്‍ പോയതോ ? ബിരിയാണി കഴിക്കാന്‍ പോയതോ ?
X

കെ എച്ച് നാസര്‍

പന്തീരാങ്കാവ് യുഎപിഎ കേസില്‍ സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ പോലും അലനും താഹയും ചായകുടിക്കാന്‍ പോയതൊന്നുമല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായന്‍ തറപ്പിച്ചുപറഞ്ഞത്. കുട്ടികളുടെ പേര് അലന്‍ ശുഹൈബെന്നും താഹാ ഫസലെന്നുമായതിനാല്‍ ചുരുങ്ങിയത് ഒരു ബിരിയാണിയെങ്കിലും കഴിക്കാനാവും ആ പോക്കെന്ന് പിണറായി അങ്ങ് ഉറപ്പിക്കുകയായിരുന്നു. താന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ പോലിസ് ചുമത്തിയ യുഎപിഎ കേസാണ്. അതില്‍ വക്കാലത്തുമായി വന്ന പാര്‍ട്ടി സെക്രട്ടേറിയറ്റിനോടുപോലും കടക്ക് പുറത്തെന്നു പറയാന്‍ പിണറായി വിജയനെന്ന മുഖ്യമന്ത്രിക്കേ സാധിക്കൂ. കാരണം 8 മാവോവാദികളെ പച്ചയ്ക്കു വെടിവച്ചു കൊന്ന ക്രെഡിറ്റുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

മാവോസാഹിത്യം കൈവശം വച്ചെന്ന അക്ഷന്തവ്യമായ കുറ്റമാണ് പന്തീരാങ്കാവിലെ രണ്ട് മുസ്‌ലിം സഖാക്കള്‍ ചെയ്തിരിക്കുന്നത് എന്നിരിക്കെ 10 തികയ്ക്കാന്‍ വലിയ പാടൊന്നുമുണ്ടാവില്ലെന്നാവാം കരുതിയിട്ടുണ്ടാവുക. സ്വന്തം പാര്‍ട്ടിയിലെ സഖാക്കളാണെങ്കിലും പ്രതികളുടെ പേര് അലന്‍ ശുഹൈബെന്നും താഹാ ഫസലെന്നുമാണെന്നിരിക്കെ തീവ്രവാദത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടെന്ന മുന്‍വിധികൂടിയുണ്ട് പന്തീരാങ്കാവ് യുഎപിഎ കേസില്‍. യുപിയില്‍ ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാട്ടുന്ന തിണ്ണമിടുക്കാണ് കേരളത്തില്‍ സിപിഎം മുഖ്യമന്ത്രി പിണറായി വിജയനും കാണിക്കുന്നതെന്നു പറയാതെ വയ്യ. രണ്ടിടത്തും ന്യൂനപക്ഷ പ്രേമവും നിയമവുമെല്ലാം പ്രസംഗത്തിലും പുസ്തകത്തിലും ഉണ്ട്.

പ്രയോഗത്തില്‍ യുഎപിഎയെക്കാള്‍ വലുതെന്തെങ്കിലും ഉണ്ടോ ജനതയെ നേരിടാന്‍ എന്നാണ് രണ്ടുകൂട്ടരും പരതുന്നത്. യുപിയില്‍ മിണ്ടിയാല്‍ രാജ്യദ്രോഹമാവും. ഇവിടെ സംശയിക്കപ്പെട്ടാല്‍ അന്നേരം യുഎപിഎ ചുമത്തും. ആ വ്യത്യാസമേ ഉള്ളൂ. കഴിഞ്ഞദിവസം താഹാ ഫസലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ചില നിര്‍ണായക പരമര്‍ശങ്ങള്‍ സുപ്രിംകോടതി നടത്തിയിട്ടുണ്ട്. പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ശുഹൈബിനും താഹാ ഫസലിനുമെതിരേ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നുള്ളതാണ് അത്. മാവോവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ യുഎപിഎ ചുമത്താനാവില്ല.

മാവോവാദി സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുകയുള്ളൂവെന്നും സുപ്രിംകോടതി വ്യക്തമാക്കി. യുഎപിഎ ചുമത്തപ്പെട്ട് നമ്മുടെ രാജ്യത്തെ ജയിലുകളില്‍ ഇപ്പോള്‍ കഴിയുന്ന എത്രപേര്‍ക്ക് ഈ നിര്‍ണായക പരാമര്‍ശം ബാധകമാവുമെന്ന് ഒന്നു ചിന്തിച്ചുനോക്കിയാല്‍ അറിയാം അവര്‍ അനുഭവിക്കുന്ന നീതിനിഷേധത്തിന്റെ ആഴം. അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യം സുപ്രിംകോടതി തള്ളിയതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ചെറുപ്പക്കാരായ അലനും താഹയും മാവോവാദി ആശയങ്ങളില്‍ ആകൃഷ്ടരായിരിക്കാം. ആ നിലയ്ക്ക് അവരുടെ പക്കല്‍ മാവോവാദി അനുകൂല പുസ്തകങ്ങളും ലഘുലേഖകളും കണ്ടേക്കാം. മാവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടനയുടെ പ്രതിഷേധ പരിപാടിയില്‍ ഇവര്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയതും ശരിയാവാം. പക്ഷേ, ഇതെല്ലാം മാവോവാദി സംഘടനയുടെ പ്രവര്‍ത്തനമാണെന്ന് വിലയിരുത്താന്‍ കഴിയില്ലെന്നാണ് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ശ്രീനിവാസ് ഓക് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.

യുഎപിഎ നിയമത്തിനെതിരേ പൊതുവേദികളില്‍ നൂറുനാവുള്ളവരാണ് സിപിഎം നേതാക്കള്‍. 2019 ആഗസ്തില്‍ കേന്ദ്രസര്‍ക്കാര്‍ യുഎപിഎ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നപ്പോള്‍ പാര്‍ട്ടി എതിര്‍പ്പും പ്രകടിപ്പിച്ചു. അലനെയും ശുഹൈബിനെയും യുഎപിഎ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്തപ്പോള്‍ പല സിപിഎം നേതാക്കളും പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട് വ്യക്തമാക്കിയിരുന്നു. നടപടി പുനപ്പരിശോധിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ സെക്രട്ടേറിയറ്റിന്റെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെയും മുന്‍ ജനറല്‍ സെക്രട്ടറിയുടെയും പോളിറ്റ് ബ്യൂറോയില്‍തന്നെ ചിലരുടെയും അഭിപ്രായങ്ങളെ തള്ളി എന്ന് മാത്രമല്ല, യുഎപിഎ കേസില്‍ പാര്‍ട്ടി ഇടപെടേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നുപറഞ്ഞാല്‍ പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ പോലിസിന്റെയും നിലപാടിലേക്ക് ഒരാഴ്ചയ്ക്കുള്ളില്‍ പാര്‍ട്ടിമാറിയതാണ് അന്ന് കേരളം കണ്ടത്.

യുഎപിഎയെ എതിര്‍ക്കുന്നുവെന്നു പ്രസംഗിക്കുന്നവര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ഏതെങ്കിലും വിധത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ആരോപണം പോലുമുയരാത്ത രണ്ടു യുവാക്കളെയാണ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും യുഎപിഎയോടുള്ള നിലപാട് എന്താണെന്നറിയാന്‍ കേരളജനത ആഗ്രഹിച്ചുപോവുക സ്വാഭാവികമാണ്. അത് മുഖ്യന്ത്രിതന്നെ വ്യക്തമാക്കുകയും വേണം.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട് വടകര എംഎല്‍എ കെ കെ രമ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരം മുട്ടിയിരുന്നത് കേരളം കണ്ടതാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര പേര്‍ക്കെതിരേയാണ് യുഎപിഎ നിയമപ്രകാരം പോലിസ് കേസെടുത്തിട്ടുള്ളത്, ഇവരുടെ പേര് വിവരങ്ങള്‍, ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍, സംസ്ഥാനത്ത് നിലവില്‍ യുഎപിഎ കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരായി കഴിയുന്നവരുടെ എണ്ണം, ഇവരുടെ പേരില്‍ ചുമത്തപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍, ഇവര്‍ ഓരോരുത്തരും ഇതിനോടകം അനുഭവിച്ച ജയില്‍വാസത്തിന്റെ കാലാവധി, തുടങ്ങിയവയുടെ വിശദാംശങ്ങളായിരുന്നു കെ കെ രമ ആരാഞ്ഞത്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഉള്‍പ്പെടുന്നതും പ്രത്യേക കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്നതുമായ പ്രതികളുടെ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന മറുപടിയാണ് സര്‍ക്കാരില്‍നിന്ന് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയും അതുതന്നെയാവുമല്ലോ.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്, 2019 നവംബറില്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ പുറത്തുവിട്ട ചില വിവരങ്ങളുണ്ട്. അതുവരെയുള്ള കാലയളവില്‍ പിണറയി സര്‍ക്കാര്‍ സംസ്ഥാനത്ത് 53 യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു ആ വിവരം. പൊതുവേദികളില്‍ യുഎപിഎയെ എതിര്‍ക്കുന്ന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തെ പഴയൊരു കണക്കാണിത്. അതുതന്നെയുമല്ല, രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള എന്തുഘടകമാണ് കെ കെ രമയുടെ ചോദ്യത്തിലുള്ളത്? സംസ്ഥാനത്ത് എത്ര പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ ആരൊക്കെയാണ്.

ഏതൊക്കെ ജയിലുകളിലാണ് അവര്‍ ഇപ്പോള്‍ കഴിയുന്നത്. അവരുടെ പേരില്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങളെന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങള്‍ മാത്രമാണ് കെ കെ രമ ചോദിച്ചിട്ടുള്ളത്. അതായത് കോടതിയുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെടാത്ത വസ്തുതാപരമായ വിവരങ്ങള്‍ മാത്രമാണ് എംഎല്‍എ സഭയില്‍ ചോദിച്ചത്. കോടതി നടപടിയുമായി ബന്ധപ്പെട്ടുള്ള ഒരുവിധ പരാമര്‍ശവും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തില്‍ നല്‍കേണ്ടതില്ല. യുഎപിഎ കേസിലെ ചാര്‍ജ് ഷീറ്റ് പോലും രഹസ്യരേഖയല്ല. അത് വാദിക്കും പ്രതിക്കും പൊതുജനത്തിനുമെല്ലാം കൈയില്‍ കിട്ടാവുന്നന്ന രേഖയാണെന്നിരിക്കെയാണ് പിണറായി വിജയന്‍ സഭയില്‍ യുഎപിഎയെ ദുരൂഹതയുടെ മറവില്‍ നിര്‍ത്തി രാജ്യസ്‌നേഹം പറയുന്നത്.

പെഗസസ് ഫോണ്‍ചോര്‍ത്തല്‍ കേസില്‍ രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് ഇതേ ഉരുണ്ടുകളിയാണ് കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയില്‍ നടത്തിയത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആയതിനാല്‍ പെഗസസ് വ്യാജ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നു കോടതിയില്‍ പറയാനാവില്ലെന്നാണ് കേന്ദ്രം വാദിച്ചത്. ആ കേന്ദ്രത്തിന്റെ കുത്തിനു പിടിച്ച സുപ്രിംകോടതി തന്നെയാണ് അലന്റെയും താഹയുടെയും മേല്‍ കെട്ടിവച്ച യുഎപിഎ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് പിണറായി സര്‍ക്കാരിനോടും പറഞ്ഞിരിക്കുന്നത്.

കെ കെ രമ മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒരു ജനപ്രതിനിധിക്ക് നിയമസഭയില്‍നിന്ന് അല്ലാതെ മറ്റെവിടെനിന്നാണു കിട്ടുകയെന്ന് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. ദേശീയ സുരക്ഷയുടെ മറവില്‍ ഉത്തരങ്ങള്‍ നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുള്ളതും ഓര്‍മിക്കാവുന്നതാണ്. കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും ഒരുഭാഗത്തും പൗരന്‍മാരും നീതിപീഠവും മറുഭാഗത്തും നിന്ന് ജനാധിപത്യ ഇന്ത്യയില്‍ അവരവരുടെ ആത്മാവിന്റെ സെല്‍ഫി എടുക്കുകയാണെന്നു തോന്നുന്നു. ജനം ആത്മരോഷം അടക്കിവച്ച് സ്വയം തീര്‍ത്ത മൗനപ്പുറ്റില്‍ തലപൂഴ്ത്തിയിരിക്കുമ്പോള്‍ തകര്‍ന്നടിയുന്നത് നമ്മുടെ ജനാധിപത്യവും നിയമവാഴ്ചയും നീതിന്യായത്തിന്റെ അടിസ്ഥാന മൂല്യങ്ങളുമാണ്.

Next Story

RELATED STORIES

Share it