Interview

ആര്‍എസ്എസിനൊപ്പം നില്‍ക്കുന്ന ഗോത്രമഹാസഭയും ബിഡിജെഎസും സ്വയം അറവുശാലയില്‍ ചെന്ന് നില്‍ക്കുന്നു: ഭീം ആര്‍മി ദേശീയ ഉപാധ്യക്ഷ പിആര്‍ അനുരാജി

ഭീം ആര്‍മിയുടെ പൊളിറ്റിക്കല്‍ പാര്‍ട്ടിയായ ആസാദ് സമാജ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ച നടന്നുവരുന്നു

ആര്‍എസ്എസിനൊപ്പം നില്‍ക്കുന്ന ഗോത്രമഹാസഭയും ബിഡിജെഎസും സ്വയം അറവുശാലയില്‍ ചെന്ന് നില്‍ക്കുന്നു: ഭീം ആര്‍മി ദേശീയ ഉപാധ്യക്ഷ പിആര്‍ അനുരാജി
X

ആര്‍എസ്എസിനൊപ്പം നില്‍ക്കുന്ന ആദിവാസി ഗോത്രമഹാസഭ, ബിഡിജെഎസ് തുടങ്ങിയ പാര്‍ട്ടികള്‍ സ്വയം അറവുശാലകളില്‍ ചെന്ന് നില്‍ക്കുന്നതിന് തുല്യമാണെന്ന് ഭീം ആര്‍മി ദേശീയ ഉപാധ്യക്ഷ പിആര്‍ അനുരാജി. തേജസ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഭീം ആര്‍മിയുടെ പൊളിറ്റിക്കല്‍ പാര്‍ട്ടിയായ അസാദ് സമാജ് പാര്‍ട്ടി ലോഞ്ച് ചെയ്യാനുള്ള ചര്‍ച്ച നടക്കുന്നതായും അവര്‍ പറഞ്ഞു.

അഭിമുഖസംഭാഷണത്തിന്റെ പൂര്‍ണ രൂപം

ഭീം ആര്‍മി മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്താണ്

ഡോ. ബിആര്‍ അംബേദ്കറിന്റെ ഐഡിയോളജിയും അതോടൊപ്പം മാന്യവര്‍ കാന്‍ഷി റാം മുന്നോട്ട് വെച്ച പ്രായോഗിക രാഷ്ട്രീയത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ബഹുജന്‍ മൂവ്‌മെന്റ് ആണ് ഭീം ആര്‍മി.

ഇന്ത്യയില്‍ ഭീം ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ ഏതുരൂപത്തിലാണ്, ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ പ്രതിനിധാനമാണോ പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നത്

ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം എല്ലായിടങ്ങളില്‍ നിന്നും പുറന്തള്ളപ്പെട്ടിട്ടുള്ള, അരിക്കുവല്‍ക്കരിക്കപ്പെട്ട ഇന്ത്യയിലെ അടിസ്ഥാന ജനതയുടെ ശബ്ദമാണ് ഭീം ആര്‍മി. ദലിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ സമൂഹത്തിന്റെ പ്രതിനിധാനമാണ് ഭീം ആര്‍മി, അധികാര ശ്രേണിയില്‍ വരേണ്ടതും ബഹുജന്‍ സമൂഹം തന്നെ.

ഇടതുപാര്‍ട്ടികള്‍, കോണ്‍ഗ്രസ് ഇവരോടുള്ള ഭീം ആര്‍മിയുടെ സമീപനം എന്താണ്. ഇന്ത്യയില്‍ ഏതെങ്കിലും കക്ഷികളുമായി രാഷ്ട്രീയമോരാഷ്ട്രീയേതരമോ ആയ ധാരണകളുണ്ടോ

ഇടത് വലത് പാര്‍ട്ടികളില്‍ പോലും പ്രവര്‍ത്തിക്കുന്നത് കൃത്യമായും ജാതി തന്നെയാണ്, ബ്രാഹ്മണ്യ മേധാവിത്വം തന്നെയാണ്. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ, ആദ്യകാല അംഗങ്ങളുടെയും ഇപ്പോഴത്തെയും ജനറല്‍ സെക്രട്ടറിമാരുടെ സാമൂഹിക ചുറ്റുപാടുകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമായി മനസിലാകും. കോണ്‍ഗ്രസിന്റെ അവസ്ഥയും ഭിന്നമല്ല. അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് കൃത്യമായ പ്രാധിനിത്യം അവിടെയും കാണാന്‍ സാധിക്കില്ല. ബഹുജന്‍ പ്രാധിനിത്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളോട് ഭീം ആര്‍മി സമരസപ്പെടുന്നുണ്ട്. ഭീം ആര്‍മി ദേശീയ അദ്ധ്യക്ഷന്‍ വിനയ് രത്തന്‍ സിങ്ങാണ്.

കേരളത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏത് രൂപത്തിലാണ്, സംസ്ഥാന-പ്രാദേശിക തലത്തില്‍ അതിന്റെ പ്രവര്‍ത്തനം വിശദീകരിക്കാമോ

2017 മുതല്‍ ഭീം ആര്‍മി കേരളത്തില്‍ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എങ്കിലും 2020 റോബിന്‍ കുട്ടനാടിന്റെ നേതൃത്വത്തില്‍ ജില്ല കമ്മറ്റികള്‍ രൂപീകരിച്ച് ചിട്ടയായ പ്രവര്‍ത്തനം ആരംഭിച്ചു. ഈ കുറഞ്ഞ കാലയളവില്‍ തന്നെ കേരളത്തിലെ അടിസ്ഥാന ജനതയുടെ നിരവധി പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും പരിഹാരം കണ്ടെത്താനും സാധിച്ചിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ടവയാണ് തൊടുപുഴ, മുട്ടം ജാതി ഗേറ്റ് വിഷയത്തിലും ഏറ്റവുമൊടുവില്‍ എം ജി യൂണിവേഴ്‌സിറ്റി ഗവേഷക ദീപ പി മോഹന്റെ വിഷയത്തിലും ഭീം ആര്‍മി കൈവരിച്ച ചരിത്രപരമായ വിജയം. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളൊന്നും കേരളത്തിലെ അടിസ്ഥാന ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനോ അതിന് പരിഹാരം കാണാനോ ശ്രമിക്കാറില്ല. നില്‍പ്പ് സമരം, ചെങ്ങറ സമരം, തുടങ്ങി അനവധി ഭൂസമരങ്ങള്‍... ഇത്തരം പ്രശ്‌നങ്ങളെ ഏറ്റെടുക്കുന്നു എന്നത് കൂടിയാണ് ഇതിന്റെ പ്രസക്തി. കൂടാതെ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കുന്നതിനോടൊപ്പം സാമ്പത്തിക ഭദ്രത കൈവരിക്കത്തക്ക വിധത്തില്‍ സ്വയം തൊഴില്‍ പദ്ധതികളും ഇതിന്റെ ഭാഗമാണ്. ആത്യന്തികമായ പ്രശ്‌നം ജാതി തന്നെയാണ്.


മുന്നണി രാഷ്ട്രീയം പിടിമുറുക്കിയിട്ടുള്ള കേരളത്തില്‍, പാര്‍ട്ടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ ഏത് രൂപത്തിലാണ്

മുന്നണി രാഷ്ട്രീയത്തില്‍ നിലവില്‍ ഒരു തീരുമാനം എടുത്തിട്ടില്ല. എങ്കിലും ബഹുജന്‍ സമൂഹത്തിന്റെ അര്‍ഹമായ പ്രാധിനിത്യത്തിന് വേണ്ടി ഭീം ആര്‍മി നിലകൊള്ളും. ഭീം ആര്‍മിയുടെ പൊളിറ്റിക്കല്‍ പാര്‍ട്ടിയായ അസാദ് സമാജ് പാര്‍ട്ടി (കാര്‍ഷി റാം) കേരളത്തില്‍ ലോഞ്ച് ചെയ്യാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നു വരുന്നു.

കേരളത്തിലെ ദലിത് സംഘടനകള്‍ ഏതാണ്ട് ഛിന്നഭിന്നമാണ്. സംഘടിതമോ വ്യവസ്ഥാപിതമോ ആയ പ്രസ്ഥാനങ്ങള്‍ കുറവാണ്. ഈ ഘട്ടത്തില്‍ ദലിത് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ടോ

കേരളത്തിലെ ദലിത് സംഘടനകള്‍ ഛിന്നഭിന്നമാണ് എന്ന അഭിപ്രായം ഭീം ആര്‍മിക്കില്ല. കാരണം ഭീം ആര്‍മി കേരളയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കഴിഞ്ഞാല്‍ മനസിലാക്കാം ഭീം ആര്‍മി ദലിത് സംഘടകളെയും, അംബേദ്കറൈറ്റ് ബഹുജന്‍ മൂവ്‌മെന്റുകളെ കൂടി ഉള്‍ക്കൊള്ളിച്ചാണ് ഓരോ ഘട്ടത്തിലും മുന്നോട്ട് പോയിട്ടുള്ളത്. അവരുടെ റെപ്രസന്റേഷന്‍ കൃത്യമായും ഉണ്ടായിട്ടുമുണ്ട്. ഭീം ആര്‍മി 'ഭാരത് ഏകതാ മിഷന്‍' എന്നതിനെ പ്രാവര്‍ത്തികമാക്കിക്കൊണ്ട് രാഷ്ട്രീയാധികാരം കൈവരിക്കുക എന്നത് തന്നെയാണ് ലക്ഷ്യം. അതിനായി എല്ലാ ദലിത് അംബേദ്കറൈറ്റ് ബഹുജന്‍ മൂവ്‌മെന്റുകളെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഐക്യത്തോടെ മുന്നോട്ട് പോകാനാണ് ഭീം ആര്‍മിയും എഎസ്പിയും ശ്രമിക്കുന്നതും.

സംഘപരിവാറിനോടുള്ള പാര്‍ട്ടിയുടെ സമീപനം എന്താണ്. സംഘപരിവാര്‍ ഇന്ത്യയിലെമ്പാടും ദലിത് പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തിയിരിക്കുകയാണല്ലോ, കേരളത്തിലും ബിഡിജെഎസ്, ആദിവാസി ഗോത്രമഹാ സഭ എന്നീ പാര്‍ട്ടികളെ സംഘപരിവാര്‍ ഒപ്പം നിര്‍ത്തുകയാണ്. ഈ സാഹചര്യത്തെ ഭീം ആര്‍മി എങ്ങനെയാണ് നോക്കിക്കാണുന്നത്

സംഘപരിവാറിനോട് സന്ധിയില്ലാത്ത സമരം തന്നെയാണ് ഭീം ആര്‍മി പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം, അധസ്ഥിത വിഭാഗത്തിനിടയില്‍ തന്നെ വിഭാഗീയതയുണ്ടാക്കി ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനാണ് അവരുടെ കരുനീക്കം. ഗോത്രമഹാസഭ, ബിഡിജെഎസ് തുടങ്ങിയ സംഘടനകള്‍ ആര്‍എസ്എസിനൊപ്പം നില്‍ക്കുന്നതിനെ നാം കാണുന്നത് സ്വയം അറവുശാലകളില്‍ ചെന്ന് നില്‍ക്കുന്നതിന് പോലെയാണ്. അവര്‍ ആ അപകടം മനസിലാക്കി സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിലേക്ക് വരും എന്നാണ് കരുതുന്നത്. സംഘപരിവാര്‍ രൂപീകരണം പോലും ബ്രാഹ്മണ്യ സംരക്ഷണത്തിന് വേണ്ടിയായിരുന്നു. അതിന് വേണ്ടി അവര്‍ണ്ണനെ ഉപയോഗിച്ചു കൊണ്ട് തന്നെ അവര്‍ണ്ണരെ നേരിടുന്ന ഒരു പ്രക്രിയയാണ് സംഘപരിവാര്‍ നടത്തുന്നത്. അതു സംബന്ധിച്ച് രാഷ്ട്രീയ വിദ്യാഭ്യാസം പൊതു സമൂഹത്തിന് നല്‍കുന്നതായിരിക്കും.


അഖിലേന്ത്യാ അടിസ്ഥാനത്തിലും കേരളത്തിലും മുസ്‌ലിംകളും ദലിതരും മറ്റു പിന്നാക്കവിഭാഗങ്ങളും പല തരം വിവേചനങ്ങള്‍ക്ക് ഇരയാവുകയാണല്ലോ, ഈ പ്രശ്‌നങ്ങളെ ഭീം ആര്‍മി എങ്ങനെയാണ് അഡ്രസ് ചെയ്യുന്നത്

ദലിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ കേവലം ഇരകളാക്കപ്പെടുന്ന ഈ സമൂഹങ്ങളുടെ മാത്രം പ്രശ്‌നമല്ല, അത് ജനാധിപത്യത്തിന്റെ പ്രശ്‌നമാണ്. രാജ്യത്തിന്റെ പ്രശ്‌നമാണ്. മൊത്തം സമൂഹത്തിനെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. അത്തരത്തിലാണ് ഈ വിഷയങ്ങളെ ഭീം ആര്‍മി അഡ്രസ് ചെയ്തു കൊണ്ടിരിക്കുന്നത്. കാരണം അവര്‍ണ്ണ സമൂഹം പല ഐഡന്റിറ്റികളിലായി ചിന്നഭിന്നമായി കിടക്കുകയാണ്. എന്നാല്‍ ഇവരെല്ലാം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സമാനതകളുണ്ട്. വേട്ടക്കാരന്‍ ഒന്നു തന്നെയാണ്. ഇരകള്‍ വ്യത്യസ്തരാണെങ്കിലും. നമ്മള്‍ വേട്ടക്കാര്‍ക്കെതിരെ എല്ലാ മര്‍ദ്ദിത സമൂഹങ്ങളെയും ഏകീകരിച്ചു കൊണ്ട് ആ പ്രശ്‌നത്തെ നേരിടുക എന്നതാണ് ഭീം ആര്‍മി ലക്ഷ്യം വെക്കുന്നത്. അത്തരത്തില്‍ ഭീം ആര്‍മി ഏറ്റെടുത്ത സമരങ്ങളെല്ലാം ഇതിനോടകം വിജയം കാണുകയും ചെയ്തിട്ടുണ്ട്.

യുപിയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ അവിടെ ഏതെങ്കിലും സഖ്യസാധ്യത തേടുന്നുണ്ടോ, സ്വതന്ത്ര സ്വഭാവമാണോതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്

ഇതിനോടകം തന്നെ ഭീം ആര്‍മിക്ക് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ക്ഷണം വന്നിട്ടുണ്ട്. എന്നാല്‍ കേവലമായ ഒരു അധികാരം കിട്ടുന്നതിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതല്ല ഇന്ത്യയിലെ ബഹുജന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍. അതിന് കൃത്യമായിട്ടുള്ള അധികാര പങ്കാളിത്തമാണ് നമ്മള്‍ മുന്നോട്ട് വെക്കുന്നത്. അത്തരത്തിലുള്ള ഒരു സോഷ്യല്‍ കോള്‍ പോലും ചന്ദ്രശേഖര്‍ ആസാദ് ചെയ്തിട്ടുണ്ട്. ഏതൊരു അലയന്‍സ് ആണെങ്കിലും, മുന്നണിയാണെങ്കിലും കേവല ഒത്തു തീര്‍പ്പുകള്‍ അല്ലാതെ നില്‍ക്കാനുള്ള ഒരു ഇടം എന്നതിലുപരി കൃത്യമായിട്ടുള്ള ഒരു പ്രാധിനിത്യത്തോടു കൂടി മാത്രമേ അത്തരം ഒരു etnry ഉണ്ടാവുകയുള്ളൂ. അങ്ങനെയൊരു മുന്നണി പ്രവേശം ഉണ്ടാവുകയൂള്ളൂ. അതോടൊപ്പം തന്നെ ഭീം ആര്‍മി ഒരു പ്രൊജക്ട് ആണ്. 50 വര്‍ഷക്കാലത്തേക്ക് വേണ്ടി. ആത്യന്തികമായി 50 വര്‍ഷത്തിനു ശേഷം രാജ്യത്തെ അവസാന മനുഷ്യനും സ്വന്തമായി ഭൂമി, വീട്, വാഹനം ഇത് ഉണ്ടാവും.. ഉണ്ടാവണം.. ആ ലക്ഷ്യത്തിലേക്കെത്തുക എന്നതാണ് പ്രധാനം. ആ ലക്ഷ്യത്തെ റദ്ദ് ചെയ്യുന്ന, ഇല്ലാതാക്കുന്ന ഒരു വിധത്തിലുള്ള കോംപ്രമൈസ് രാഷ്ട്രീയത്തിനും നമ്മള്‍ മുതിരില്ല.


Next Story

RELATED STORIES

Share it