Interview

ഔപചാരിക ക്ലാസ്‌റൂം പഠനങ്ങളിലൂടെ മാത്രമെ ഇംഗ്ലീഷ് ഭാഷാപഠനം പൂര്‍ണപ്രാപ്തിയിലെത്തൂ: ഡോ. ഇ സയ്‌നുദ്ദീന്‍

ഭാഷാശാസ്ത്ര സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അറബിമലയാളം വഴി കാട്ടിയാണ്. മലയാളത്തിന് ക്ലാസിക് പദവി ലഭ്യമാക്കിയത് കള്ളം പറഞ്ഞെന്നും ഡോ. ഇ സയ്‌നുദ്ദീന്‍

ഔപചാരിക ക്ലാസ്‌റൂം പഠനങ്ങളിലൂടെ മാത്രമെ ഇംഗ്ലീഷ് ഭാഷാപഠനം പൂര്‍ണപ്രാപ്തിയിലെത്തൂ: ഡോ. ഇ സയ്‌നുദ്ദീന്‍
X


തിരുവനന്തപുരം: ഔപചാരിക ക്ലാസ്‌റൂം പഠനങ്ങളിലൂടെ മാത്രമെ ഇംഗ്ലീഷ് ഭാഷാപഠനം പൂര്‍ണപ്രാപ്തിയിലെത്തൂവെന്ന് ഭാഷാശാസ്ത്ര ഗ്രന്ഥകാരന്‍ ഡോ. ഇ സയ്‌നുദ്ദീന്‍. ഭാഷാശാസ്ത്ര സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അറബിമലയാളം വഴി കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവായ ഡോ. ഇ സയ്‌നുദ്ദീന്‍ തേജസ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.


ഭാഷാപഠനത്തിന് വലിയ പ്രാധാന്യം നല്‍കുന്നതായി പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ഭാഷാപഠനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്

ഭാഷ പഠനത്തിന് പഴയകാലത്തക്കാള്‍ മെച്ചപ്പെട്ട നിലയാണ് ഇപ്പോഴുള്ളത്. എങ്കിലും സാഹിത്യപഠനത്തിന് ലഭിക്കുന്ന പ്രാധാന്യം ഭാഷാപഠനത്തിന് ലഭിക്കുന്നില്ല. ഭാഷയും സാഹിത്യവുമാണ് പഠിക്കുന്നതെങ്കിലും സാഹിത്യപഠന മേഖലപോലെ വിപുലമല്ല. ഭാഷാപഠനമേഖല. ഭാഷാപഠന മേഖല ഇനിയും വെട്ടിത്തുറക്കേണ്ടതുണ്ട്.

സാഹിത്യം പഠിക്കാനല്ല ഭാഷ, മനുഷ്യന് സംവദിക്കാനുള്ളതാണ് ഭാഷ. എഞ്ചിനീയര്‍,ഡോക്ടര്‍,വക്കീല്‍ എല്ലാവരുടെയും ഉപകരണസഞ്ചിയാണ് ഭാഷ. ആ നിലയില്‍ എല്ലാവര്‍ക്കും ഭാഷപഠനം അനിവാര്യമാണ്.

ഭാഷാപഠനത്തില്‍ ഇനി explore ചെയ്യാനുള്ള മേഖലകള്‍ ഏതൊക്കെയാണ്

ഇന്ത്യന്‍ സാഹചര്യത്തില്‍ ആദിവാസി ഭാഷകളെ കുറിച്ച് വേണ്ടത്ര മുന്നേറാനായിട്ടില്ല. അവരുടെ ഭാഷ സംബന്ധിച്ച് ഒരു ഡേറ്റാ ബാങ്ക് തയ്യാറാക്കണം. അവരുടെ ഭാഷകളെകുറിച്ച് മതിയായ പഠനം നടന്നിട്ടില്ല എന്നത് ഉറപ്പാണ്. കുറേ പഠനം നടന്നിട്ടുണ്ട്. ശമ്പളം പറ്റുന്നതിന് ബോര്‍ഡുകളും മറ്റു രൂപീകരിച്ച് ദലിതന്റെ ആദി ഭാഷാപഠനം, തുടങ്ങി കാട്ടിക്കൂട്ടലുകളാണ് ഇപ്പോള്‍ നടക്കുന്നത്.

പല ഭാഷാ കമ്മിഷനുകളുമുണ്ട്. ന്യൂനപക്ഷ ഭാഷ കമ്മിഷന്‍, മലയാള ഭാഷ കമ്മിഷന്‍, ക്ലാസിക്കല്‍ ഭാഷാ കമ്മിഷന്‍ എന്നിവ ചിലര്‍ക്ക് രംഗത്ത് വരാന്‍ കാരണമായിട്ടുണ്ട് എന്നല്ലാതെ പൂര്‍ണമായും സത്യസന്ധമായി ഭാഷാ ഗവേഷണം നടക്കുന്നില്ല. മലയാളത്തിന് ക്ലാസിക് പദവി ലഭ്യമാക്കിയത് കള്ളം പറഞ്ഞാണ്. ക്ലാസിക് പദവി ഉണ്ടായത് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കും. എന്നാല്‍ ഇത്തരം വ്യാജ വാദങ്ങളിലൂടെ ഭാഷാപരമായ സത്യങ്ങള്‍ അപ്രത്യക്ഷമായി പോവുകയാണ്.

ഭാഷാപരമായ സത്യങ്ങള്‍ അപ്രത്യക്ഷമാക്കിക്കൊണ്ടാണ് ക്ലാസിക് പദവിക്ക് വേണ്ടി പല വാദങ്ങളും നിരത്തിയിട്ടുള്ളത്. ഭാഷാ ശാസ്ത്രപരമായി ശരിയാണെന്ന് ഉറപ്പിച്ചിട്ടല്ല, ക്ലാസിക് പദവിക്കായി പോയത്. അകാഡമീഷ്യന്‍സിനും ഭരണിസമിതിയംഗങ്ങള്‍ക്കും പുറമെ മലയാളത്തിന് അങ്ങനെ ഒന്ന് ലഭിക്കണം എന്നത് എല്ലാവരുടേയും താല്‍പര്യമാണ്. സത്യസന്ധമായി ഭാഷയുടെ നാളിതുവരെയുള്ള വളര്‍ച്ചയെ വിലയിരുത്തിയിട്ടില്ല. വളരെ പെട്ടന്ന് വളരുകയും പൂര്‍ണത പ്രാപിക്കുകയും ചെയ്ത മലയാള ഭാഷക്ക്, ഈ പണ്ഡിതന്മാര്‍ പറഞ്ഞ പഴക്കമില്ല. വളരെ പെട്ടന്ന് തഴക്കുക്കുകയും വളരെ പെട്ടന്ന് സാഹിത്യപുഷ്‌കലത ഉണ്ടാവുകയും ചെയ്ത ഭാഷയാണ് മലയാളം. അതിന് കാരണം വിദേശഭാഷാ-സാംസ്‌കാരിക ബന്ധങ്ങളാണ്. അത് കൊണ്ടാണ് മലയാള ഭാഷയ്ക്ക് പെട്ടന്ന് വികസിക്കാന്‍ കഴിഞ്ഞത്. ഡേറ്റ് ഓഫ് ബര്‍ത്ത് നോക്കിയാല്‍ മലയാള ഭാഷക്ക് പഴക്കം കുറവാണ്. ഭാഷ പഠനത്തില്‍ ഈ കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതാണ്. ഇത് അടിസ്ഥാനപരമായി ബലപ്പിച്ചെടുത്തിട്ട് വേണം മറ്റു കാര്യങ്ങളിലേക്ക് തിരിയാന്‍.

മലയാള ഭാഷയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ഭാഷകളേതെല്ലാമാണ്

തമിഴ്, സംസ്‌കൃതം, ഉറുദു എന്നീ ഭാഷകളാണ് വലിയ തോതില്‍ സ്വാധീനം ചെലുത്തിയിട്ടുള്ളത്. പേര്‍ഷ്യന്‍ ഉള്‍പ്പെടെയുള്ള ഭാഷകളുടെ സ്വാധീനം മലയാളത്തിനുണ്ട്. അതിന് കാരണം വിദേശികള്‍ നമ്മുടെ നാട്ടില്‍ ധാരളമായി എത്തിയിരുന്നത് കൊണ്ടാണ്.

ഇംഗ്ലീഷിന്റെ കടന്ന് വരുവ് മലയാള ഭാഷയെ എങ്ങനെയാണ് ബാധിച്ചത്

ഇംഗ്ലീഷിന്റെ കടന്ന് വരവ് മലയാള ഭാഷയെ സാഹിത്യപരമായും സാംസ്‌കാരികമായും സമ്പന്നമാക്കിയിട്ടേ ഉള്ളൂ. ഒരിക്കലും നശിപ്പിച്ചിട്ടില്ല.

കടുത്ത ഭാഷാ സങ്കുചിതവാദം-ഗുണമാണോ ദോഷമാണോ

മാതൃഭാഷയെ അവശ്യഭാഷയുടെ ഗണത്തില്‍ പെടുത്തുന്നതിനെ വിമര്‍ശിക്കേണ്ടതില്ല. മാതൃഭാഷ പഠത്തിനൊപ്പം അന്യ ഭാഷകളെ ഒരിക്കലും നിരുല്‍സാഹപ്പെടുത്താന്‍ പാടില്ല. അവരെ ശതമാനം കുറച്ച് കാണാനോ പാടില്ല. സര്‍വഭാഷാ സ്വീകാര്യത ഏതൊരു ജനതയ്ക്കും ആവശ്യമാണ്. ഇന്ത്യ ഒരു മള്‍ട്ടി ലിംഗ്വല്‍ മള്‍ട്ടി കള്‍ച്ചറല്‍ മേഖലയാണ്. അതു കൊണ്ട് ഇന്ത്യാക്കാരന് ഭാഷാ വേര്‍തിരിവ് ഉണ്ടാകില്ല.

ഇംഗ്ലീഷിന്റെ അപ്രമാദിത്തം എപ്പോഴാണ് വരാന്‍ തുടങ്ങിയത്, കൊളോണിയല്‍ ഭാഷയായതുകൊണ്ടാണോ ഇപ്പോഴും ആ ആധിപത്യം നിലനില്‍ക്കുന്നത്

ലാറ്റിന്‍ കുടുംബത്തില്‍പെട്ട ഭാഷയാണ് ഇംഗ്ലീഷ്. ലോകത്ത് ക്രൈസ്തവ വിശ്വാസികളാണ് കുടുതലുള്ളത്. അതുകൊണ്ട് അവര്‍ക്ക് മതകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ആരാധനക്കും ആ ഭാഷ ഉപയോഗിച്ചിരുന്നു. മതപ്രചാരണത്തിന് അന്യ നാടുകളിലേക്ക് പോയപ്പോഴും ഇംഗ്ലീഷ് ഭാഷയിലാണ് അവര്‍ ആശയവിനിമയം നടത്തിയത്. മതകാര്യങ്ങളും ഭരണകാര്യങ്ങളും അവര്‍ ആ ഭാഷയിലൂടെ നിര്‍വഹിച്ചു. മത-ഭരണ-വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത് കൊണ്ട് ഇംഗ്ലീഷിന് കൂടുതല്‍ പ്രാധാന്യം വന്നു. ഇംഗ്ലീഷിനുണ്ടായ പ്രാധാന്യം ഒരിക്കലും ദോഷമെന്ന് ഇന്ത്യന്‍ സാഹചര്യത്തില്‍ വിലയിരുത്താന്‍ കഴിയില്ല. ഒരുപാട് നേട്ടങ്ങളും കൊള്ളകൊടുക്കലുകളും ഉണ്ടായിട്ടുണ്ട്.

ഇംഗ്ലീഷ് ഒഴികെയുള്ള എല്ലാ ഭാഷകളും എളുപ്പത്തില്‍ പഠിക്കുന്നുണ്ട്. അറബി, ഹിന്ദി, ഉറുദു, മലായ്, താഗ് ലോക് തുടങ്ങിയ ഭാഷകളൊക്കൊ പഠിക്കുന്നുണ്ട്. പക്ഷേ, ഇംഗ്ലീഷ് മാത്രം എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുന്നില്ല എന്ന ഒരു വിമര്‍ശനമുണ്ട്

തൊഴിലാളികളുടെ ഇംഗ്ലീഷ് പഠനത്തിനാണ് ബുദ്ധിമുട്ട് വരുന്നത്. എന്നാല്‍ വിദ്യ നേടിയ ആളുകള്‍ക്ക് ആ ബുദ്ധിമുട്ട് ഉണ്ടാകില്ല. പക്ഷേ, ബിരുദം കഴിഞ്ഞ ചിലര്‍ക്കും ഇംഗ്ലീഷ് ഒരു വിമ്മിട്ട ഭാഷയായി മാറുന്നുണ്ട്. രണ്ട് മാസം കൊണ്ട് ബംഗാളി മലയാളം പഠിക്കുന്നുണ്ട്. എന്നാല്‍ അത്ര വേഗത്തില്‍ അയ്യാളെകൊണ്ട് ഇംഗ്ലീഷ് പഠിക്കാന്‍ കഴിയില്ല.

ഏത് മേഖലയിലുള്ളവര്‍ക്കാണ് ആ വിമ്മിട്ടം എന്ന് നോക്കണം. ലേബര്‍ കാറ്റഗറിയിലുള്ളവര്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് വളരെ കുറവാണ്. അവിദഗ്ധ തൊഴില്‍ മേഖലകളില്‍ ഇംഗ്ലീഷ് പോലുള്ള ഭാഷകള്‍ സംസാരിക്കുന്നവര്‍ കുറവാണ്. എന്‍ജീനിയര്‍മാരുമായി ബന്ധപ്പെടുന്നവര്‍ മാത്രമാണ് ആ ഭാഷ കൈകാര്യം ചെയ്യുന്നത്.

വിദഗ്ധ തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഭാഷ അവിദഗ്ധ തൊഴിലാളികള്‍ ഉപയോഗിക്കേണ്ടിവരുന്നില്ല

ബിരുദം നേടിയവര്‍ക്ക് പോലും ഇംഗ്ലീഷ് ഭാഷ നന്നായി പ്രയോഗിക്കാന്‍ കഴിയുന്നില്ല എന്നുണ്ടല്ലോ

മത-സാംസ്‌കാരിക പശ്ചാത്തലമില്ലാത്ത ഭാഷകള്‍ ഉപയോഗിക്കുന്നവര്‍ക്ക്, ഇംഗ്ലീഷ് തുടങ്ങിയ അരിസ്‌റ്റോ ക്രാറ്റിക് ലാംഗേജ് പെട്ടന്ന് സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണ്. ഇംഗ്ലീഷ് പോലുള്ള ഭരണ-മത-സാംസ്‌കാരിക മേധാവിത്വ ഭാഷ പഠിക്കുന്നതിന്, ഈ സ്വഭാവമില്ലാത്ത ജനവിഭാഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. തമിഴോ, മലയാളമോ പോലെ എളുപ്പമാകില്ല ഇംഗ്ലീഷ്. സ്വാഭാവികമായി ഇതു ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ പ്രയാസപ്പെടുന്നതിന് കാരണം പാഠ്യപദ്ധതിയിലുള്ള പ്രശ്്നമാണോ. സ്‌കൂള്‍ തല അധ്യാപകര്‍ക്ക് വേണ്ട നിലയില്‍ ഭാഷ പഠിപ്പിക്കാന്‍ കഴിയാത്തതാണോ, എന്താണ് അതിന്റെ അടിസ്ഥാന കാരണം

പഴയ കാലത്ത് എല്ലാ ഭാഷാപഠനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയിരുന്നു. അതു പോലെ ഇന്ന് പ്രാധാന്യം നല്‍കുന്നില്ല. വ്യാകരണ ബോധം ഭാഷ പ്രയോഗത്തില്‍ പ്രധാനമാണ്. ഇംഗ്ലീഷില്‍ ആഴത്തിലുള്ള സര്‍ഗ്ഗ സൃഷ്ടിക്ക് തീര്‍ച്ചയായും വ്യാകരണം അനിവാര്യമാണ്. ഇംഗ്ലീഷ് ഭാഷയില്‍ കൃത്യമായ വ്യാകരണ നിയമങ്ങളുണ്ട്. syntactic പാറ്റേണ്‍ ഇംഗ്ലീഷ്‌കാരന് മനസ്സിലാവുന്നത് പോലെ ഇന്ത്യാക്കാരന് മനസ്സിലാവാന്‍ അവസരം ലഭിക്കുന്നില്ല. ആ ഭാഷയുടെ വ്യക്തിത്വവും സംസ്‌കാരവും ഉള്‍ക്കൊണ്ട് ഉപയോഗിക്കാനാകണം. ഇംഗ്ലീഷ് മാതൃഭാഷ അല്ലാത്ത രാജ്യങ്ങളില്‍ ഭാഷാ പഠനം പൂര്‍ണപ്രാപ്തി എത്തുന്നില്ല.

വിദേശ ഭാഷാപഠനം (ഇംഗ്ലീഷ്) എങ്ങനെ എളുപ്പമാക്കാം

ഭാഷാ വൈദഗ്ധ്യമുള്ള ആളുകളെ കൊണ്ട് പാഠ്യപദ്ധതി തയ്യാറാക്കണം. ക്ലാസ് റൂം പഠനങ്ങളിലൂടെ മാത്രമെ ഭാഷാപഠനം പൂര്‍ണ പ്രാപ്തിയിലെത്തിക്കാന്‍ കഴിയൂ.

ശരിയായ ആശവിനിമയത്തിന് വ്യാകരണ ബോധം തന്നെയാണ് വേണ്ടത്. ഭാഷ പ്രയോഗിക്കുന്നവന്‍ വ്യാകരണ നിശ്ചയമുള്ളവനായിരിക്കണം. എങ്കില്‍ മാത്രമേ ആശയവിനിയം ഫലപ്രദമാവൂ. ഏറ്റവും കുറഞ്ഞ പദങ്ങളുപയോഗിച്ച് കൃത്യമായ ആശയ സംവേദനം സാധ്യമാവണം.

ഡിജിറ്റലൈസേഷന്റെ കാലത്ത് ഭാഷക്ക് വലിയ പ്രാധാന്യമുണ്ടെന്നിരിക്കെ, ക്ലാസ് റൂമിലൂടെയുള്ള പഠനമാണ് ഫലപ്രദം. ഔപചാരിക കഌസ് റൂം പഠനങ്ങളിലൂടെ മാത്രമേ പഠന വിമ്മിട്ടം ഒഴിവാക്കാന്‍ കഴിയൂ.

ഭാഷാ പഠനത്തിന്റെ പ്രാധാന്യം, സാധ്യത എത്രത്തോളമുണ്ട്

ഡിജിറ്റല്‍ വേള്‍ഡില്‍ ഭാഷയെ തന്നെയാണ് ഡിജിറ്റലൈസ് ചെയ്തിരിക്കുന്നത്. ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ഈസിനെസ് കിട്ടണമെങ്കില്‍, ഭാഷാ വൈദഗ്ധ്യം ആവശ്യമാണ്. ഡിജിറ്റല്‍ പെഴ്‌സന് പോലും ഭാഷാ വൈദഗ്ധ്യം അനിവാര്യമാണ്. ഒരോ ദിവസവും അതിന്റെ സാധ്യത ഏറിക്കൊണ്ടിരിക്കുകയാണ്. ദൃശ്യങ്ങള്‍ സംസാരിക്കുന്നത് പോലെ ഭാഷയും ദൃശ്യവല്‍ക്കരിച്ച് കൊണ്ടിരിക്കുകയാണ്. ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന ഭാഷകള്‍ക്കാണ് കൂടുതല്‍ സ്വീകാര്യത വരുന്നത്. യൂസര്‍ ഫ്രന്‍ഡ്‌ലി ആയി ഭാഷകളെ ക്രമീകരിച്ചെടുത്ത് ജനകീയമാക്കുന്നതിലൂടെ മാത്രമെ നിലനില്‍പ്പിള്ളൂ. യൂസര്‍ക്ക് ആവശ്യമുള്ളത് നല്‍കുന്ന ഭാഷ പ്രയോഗസിദ്ധാന്തം മാത്രമെ നിലനില്‍ക്കൂ.

കേരളത്തിലേക്ക് വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ മലയാളം ഹ്രസ്വകാല കോഴ്‌സുകള്‍ പഠിപ്പിക്കണം. തീവ്ര ഹ്രസ്വകാല കോഴ്‌സകള്‍ പഠിപ്പിക്കണം. സംസ്ഥാനത്തേക്ക് വരുന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരെ നന്നായി ഭാഷ പ്രയോഗിക്കാന്‍ പഠിപ്പിക്കണം.

വിനിമയത്തിലില്ലാത്ത സംസ്‌കൃത ഭാഷയുടെ സാധ്യത എത്രത്തോളമാണ്

ഒരു മൃതഭാഷ എന്ന നിലയില്‍, ആ ഭാഷയിലുള്ള ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യാന്‍ സംസ്‌കൃത പഠനം അനിവാര്യമാണ്. പുഷ്‌കലമായ ഒരു സാഹിത്യ അടിത്തറ ആ ഭാഷക്കുണ്ട്. ആ അടിത്തറകള്‍ മനസ്സിലാക്കാന്‍ സര്‍വകലാശാല തലത്തില്‍ സംവിധാനങ്ങളുണ്ടാവണം. ആ ഭാഷയെ ഒരു ആശയവിനിയ മാധ്യമമായി തിരിച്ച് വളര്‍ത്തിക്കൊണ്ട് വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാവ്യത്തിലും നാടകത്തിലും പുസ്തകങ്ങളിലും മാത്രമാണ് ആ ഭാഷ ജീവിക്കുന്നത്.

അറബിമലയാളം കുറ്റിയറ്റിരിക്കുകയാണ്. അത് നിലനിര്‍ത്തേണ്ടതല്ലേ, പല മികച്ച സാഹിത്യസൃഷ്ടികളും ആ ഭാഷയില്‍ ഉണ്ടല്ലോ

ഭാഷാ ശാസ്ത്രപരാമായി വിലയിരുത്തുമ്പോള്‍, ആഗോള ഭാഷാ സ്വഭാവം പഠിക്കുമ്പോള്‍, അറബിമലയാളത്തിന് സവിശേഷ പ്രാധാന്യമുണ്ട്. ഭാഷാ ശാസ്ത്ര സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള വഴി കാട്ടി കൂടിയാണ് അറബിമലയാളം. അറബിമലയാളം കൃതികളെ സംരക്ഷിക്കേണ്ടത്, ഭാഷ പ്രേമികളുടേയും സംസ്‌കാര പ്രേമികളുടെയും ഉത്തരവാദിത്തമാണ്. അറബ് മലയാളത്തിന് അതിന്റേതായ തനത് വ്യക്തിത്വമുണ്ട്. അറബിമലയാളം, ശക്തമായ ഭാഷാ സംസ്‌കാരത്തിന്റെ വ്യക്തമായ സംഭാവനയാണ്.

Next Story

RELATED STORIES

Share it