- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്ത് അവസാനിച്ചതല്ല; ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതാണ്
കെ ഇ എന്‍ / കെ എന്‍ നവാസ് അലി
' ഒരു ഗുജറാത്തുണ്ടാവുന്നത് ഒരു ദിവസം ഒരു റെയില്‍വേ സ്റ്റേഷനില്‍വച്ചോ മറ്റൊരു ബസ്‌സ്റ്റോപ്പില്‍വച്ചോ അല്ല. അതിനു പിറകില്‍ ദീര്‍ഘകാലത്തെ ഫാഷിസ്റ്റ് രാഷ്ട്രീയമുണ്ട്. ഇന്ത്യന്‍ ഫാഷിസം ഇനിയും വേണ്ടത്ര വിശകലനം ചെയ്യപ്പെടാതെ പോകുന്നതിന്റെ കാരണം 1923ല്‍ നിന്നോ 1925ല്‍ നിന്നോ അതിന്റെ വിശകലനം ആരംഭിക്കുന്നതുകൊണ്ടാണ്. അതിനുപകരം നമ്മുടെ സംസ്‌കാര രൂപീകരണത്തില്‍ തന്നെ സംഭവിച്ച ഒരു വലിയ വൈരുദ്ധ്യം തുറന്നുകാണിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന മനുഷ്യരെ മ്ലേഛരെന്നു വിളിച്ച പില്‍ക്കാല വൈദിക പാരമ്പര്യത്തോളം ഇതിന്റെ വേരുകള്‍ വ്യാപിച്ചുനില്‍ക്കുന്നു. ഇറ്റാലിയന്‍-ജര്‍മന്‍ ഫാഷിസത്തിന്റെ ഉറവിടം തന്നെ ഇന്ത്യയാണെന്ന ദലിത് വിമര്‍ശനം ഇത്തരമൊരു പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്.' ( ശ്മശാനങ്ങള്‍ക്ക് സ്മാരകങ്ങളോട് പറയാനാവാത്തത് - കെ ഇ എന്‍)
2002ലെ ഗുജറാത്ത് വംശഹത്യയില്‍ നിന്ന് 2022ലേക്കെത്തുമ്പോള്‍ രാജ്യത്തിന്റെ അവസ്ഥ എന്താണ്?
രാജ്യത്ത് എല്ലാം സംഘപരിവാരം അതിന്റെ നിയന്ത്രണങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളെ ഉള്‍െപ്പടെ. അതിനു വഴങ്ങാത്ത വളരെ കുറച്ചു മാധ്യമങ്ങള്‍ മാത്രമേ ഉള്ളൂ. അത്തരം മാധ്യമങ്ങളെ പലതരത്തിലുള്ള സമ്മര്‍ദങ്ങളിലൂടെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതിന്റെ തെളിവാണ് ഇപ്പോള്‍ 'മീഡിയാ വണി'നെതിരേയുള്ള ഇടപെടല്‍. ഗുജറാത്തില്‍ എന്താണ് സംഭവിച്ചത്? മുസഫര്‍ നഗറില്‍ എന്താണ് സംഭവിച്ചത്? ഡല്‍ഹിയില്‍ എന്താണ് സംഭവിച്ചത്? എന്നു ജനങ്ങളെ നിരന്തരം ഓര്‍മപ്പെടുത്തുന്നത് ഇത്തരത്തിലുള്ള ഭീകരതയ്ക്കു നേതൃത്വം നല്‍കിയവര്‍ക്ക് അസഹസനീയമാണ്. അവര്‍ക്കിഷ്ടമാവാത്ത കാര്യങ്ങള്‍ അവതരിപ്പിക്കരുത്. ആ അവതരണം തന്നെ അവസാനിപ്പിക്കാനുള്ള ശ്രമം അവര്‍ തുടരും. നമ്മള്‍ മനസ്സിലാക്കേണ്ടത് സംഘപരിവാരത്തിനു പ്രത്യേക പത്രം വേണമെന്നില്ല, മീഡിയ വേണമെന്നില്ല. അവരുടെ ആശയങ്ങളാണ് അനുദിനം നമ്മുടെ സാമൂഹിക അവബോധത്തില്‍ വന്ന് അടിഞ്ഞുകൂടുന്നത്. എന്നാല്‍, ജനാധിപത്യത്തിന് അതു പോരാ, ആശയപ്രചാരണത്തിലെ നിരവധി വൈവിധ്യങ്ങള്‍ ജനാധിപത്യത്തെ സംബന്ധിച്ച് അനിവാര്യമാണ്. ജനാധിപത്യ വൈവിധ്യങ്ങള്‍ സംഘപരിവാര വെറുപ്പിന്റെ മേല്‍ക്കോയ്മാ ഏക മാതൃകയ്ക്ക് വെല്ലുവിളിയാണ്. സവര്‍ണ സാമാന്യ ബോധത്തിന്റ ഇല്ലാത്ത ഉല്‍കൃഷ്ടതാ പ്രചാരണത്തെ തന്നെയാണ് ഇന്ന് സാസ്്കാരിക പ്രവര്‍ത്തകര്‍ ആദ്യം പ്രതിരോധിക്കേണ്ടത്.
രണ്ടു പതിറ്റാണ്ടു മുമ്പു പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഞങ്ങള്‍ ഗുജറാത്ത് സന്ദര്‍ശിച്ചു. കടമ്മനിട്ട അന്നു പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റാണ്. കടമ്മനിട്ടയും മറ്റു സംസ്ഥാന ഭാരവാഹികളും കൂടെ ഉണ്ടായിരുന്നു. ആ ഗുജറാത്ത് സന്ദര്‍ശനത്തില്‍ നരോദപാട്യയിലെയും വഡോദരയിലെയും അഹ്മദാബാദിലെയും എല്ലാ അഭയാര്‍ഥി ക്യാംപുകളും സന്ദര്‍ശിച്ചു. അതിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിനെക്കുറിച്ച് എഴുതുകയും കേരളത്തിലെ നിരവധി വേദികളില്‍ ഗുജറാത്തില്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കു സംസാരിക്കുകയും ചെയ്തു. മാത്രമല്ല, ആ സമയത്തുതന്നെ ഗുജറാത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെ സംബന്ധിച്ച് ഒരു ലഘുകൃതി അച്ചടിച്ചു കേരളത്തില്‍ എല്ലാ ജില്ലകളിലും വ്യാപകമായി വിതരണം ചെയ്തു. ഞങ്ങള്‍ ഗുജറാത്തിലേക്കു പോവുന്നതിനു മുമ്പു ഗുജറാത്ത് സംഭവങ്ങളെക്കുറിച്ചു പത്രങ്ങളിലും വാരികകളിലും വന്നിരുന്നു. അതുകൊണ്ടുതന്നെ ഗുജറാത്തിലെ സംഭവങ്ങളെക്കുറിച്ചു ഞങ്ങള്‍ ഏറക്കുറേ മനസ്സിലാക്കിവച്ചിരുന്നു. പക്ഷേ, ആ മനസ്സിലാക്കല്‍ ഗുജറാത്തിലെ അഭയാര്‍ഥി ക്യാംപുകളില്‍ എത്തുമ്പോള്‍ അതിനെക്കാളെല്ലാം എത്രയോ വലുതായിട്ടാണ് അനുഭവപ്പെട്ടത്. ഗുജറാത്തിനെ കുറിച്ചുള്ള കാര്യങ്ങള്‍ പത്രമാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിട്ടുണ്ട് എന്നത് നേര് തന്നെയാണ്. പക്ഷേ, നമ്മള്‍ നേരിട്ട് അനുഭവിക്കുന്ന കാര്യങ്ങള്‍ക്കു വളരെ അന്തരമുണ്ട്. ഗുജറാത്തിലെ മുസ്‌ലിം സമൂഹവും അവിടുത്തെ മറ്റു മതങ്ങളില്‍ വിശ്വസിക്കുന്ന മതേതര കാഴ്ചപ്പാട് പുലര്‍ത്തുന്നവരും അനുഭവിച്ച ഉല്‍ക്കണ്ഠകള്‍, അവരുടെ ജീവിതത്തിലെ അസ്വസ്ഥതകള്‍, അതു മാധ്യമങ്ങളില്‍നിന്ന് അതിന്റെ സൂക്ഷ്മതയില്‍ അറിയാന്‍ സാധിക്കില്ല. മനസ്സിലാക്കലും അനുഭവിക്കലും തമ്മിലുള്ള അന്തരം മലയാളിസമൂഹത്തിനു പകര്‍ന്നുകൊടുക്കേണ്ടതുണ്ട് എന്ന രാഷ്ട്രീയ-സാംസ്‌കാരിക ഉത്തരവാദിത്തമാണ് ഗുജറാത്തിനെ കുറിച്ചു നിരന്തരം എഴുതാനും പറയാനും ഞങ്ങളെ പ്രേരിപ്പിച്ചത്. അതിന്റെ പശ്ചാത്തലത്തില്‍ എനിക്കെതിരേ മാത്രം പ്രത്യേകിച്ച് എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നു. 'കടമ്മനിട്ട അടക്കമുള്ളവര്‍ എല്ലാവരും ഗുജറാത്തില്‍ പോയി തിരിച്ചുവന്നു. എന്നാല്‍, കെ ഇ എന്‍ മാത്രം ഇപ്പോഴും ഗുജറാത്തിലാണെ'ന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ എഴുതുക വരെ ചെയ്തു. അത് ആ പത്രപ്രവര്‍ത്തകന്റെ സ്വകാര്യമായ നിലപാടായിരുന്നില്ല, മറിച്ച് നമ്മുടെ സവര്‍ണ സാമാന്യബോധത്തിന്റേതായിരുന്നു. ഗുജറാത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത ഒരു കലാപം നടന്നു, അത് ഇനിയും ആവര്‍ത്തിച്ചുപറയണോ, അത് അവസാനിച്ചില്ലേ എന്ന രീതിയില്‍ ഗുജറാത്തിലെ സംഘപരിവാര അക്രമങ്ങളോടു വിമര്‍ശനമുള്ളവര്‍ വരെ ചോദിച്ചു. അതു കഴിഞ്ഞ അധ്യായമാണെന്ന രീതിയില്‍ അവതരിപ്പിച്ചു. 'ഗോധ്രയില്‍ മുസ്‌ലിം ഭീകരര്‍ നടത്തിയ ക്രൂരതക്കെതിരായ തിരിച്ചടി മാത്രമായി കണ്ടാല്‍ പോരേ' എന്ന് ചോദിച്ചവരുമുണ്ട്.
ഗുജറാത്ത് സംഘര്‍ഷത്തെക്കുറിച്ചു വീണ്ടും എഴുതേണ്ടതുണ്ടായിരുന്നു. അങ്ങനത്തെ ഒരു പുസ്തകത്തിന് എന്ത് പേരിടും എന്നതിനെക്കുറിച്ച് ആലോചിച്ചു. ഈ സംഘര്‍ഷം മുഴുവന്‍ അനുഭവിപ്പിക്കുന്ന പേരായിരിക്കണം വേണ്ടത്. അങ്ങനെ ആലോചിച്ച് എനിക്ക് ആ സമയത്ത് ബോധ്യപ്പെട്ട പേര് 'ശ്മശാനങ്ങള്‍ക്ക് സ്മാരകങ്ങളോടു പറയാനാവാത്തത്' എന്നായിരുന്നു. ഗുജറാത്ത് കലാപം പതിവു കലാപങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ആസൂത്രിതമായ വംശഹത്യയായിരുന്നു. രണ്ടു പതിറ്റാണ്ട് മുമ്പു നടന്ന സംഭവമെന്ന നിലയിലല്ല നമ്മള്‍ ഗുജറാത്തിനെ സമീപിക്കേണ്ടത്. അത് ഒരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. എന്തുകൊണ്ട് ഒരു ഗുജറാത്ത് ഉണ്ടായി? അതിന് ഉത്തരവാദികള്‍ ആരാണ്? എന്നു ജനത ഓര്‍മിക്കണം. അതുകൊണ്ട് ഗുജറാത്തിനെക്കുറിച്ചു പറയുന്നത് ഗുജറാത്ത് ആവര്‍ത്തിക്കാതിരിക്കാനാണ്. എന്നാല്‍, ഗുജറാത്ത് അവസാനിച്ചുകഴിഞ്ഞ അധ്യായമാണെന്നു കരുതുന്നവര്‍, ഗുജറാത്ത് സാധ്യമാക്കിയ ഫാഷിസം അതേ ഗുജറാത്തില്‍ അധികാരത്തിലെത്തിയത് തിരിച്ചറിയാത്തവരാണ്.
ഗുജറാത്ത് വംശഹത്യക്കെതിരേ എല്ലാ മനുഷ്യസ്‌നേഹികളും പ്രതികരിച്ചു. പക്ഷേ, ഗുജറാത്തില്‍ വംശഹത്യാനന്തരം നടന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഗുജറാത്ത് വംശഹത്യപോലെത്തന്നെ ജനാധിപത്യത്തെ അസ്വസ്ഥമാക്കിയ ഒരു സംഭവമാണ് വംശഹത്യാവീരര്‍ക്ക് ഗുജറാത്തിലെ ജനത നല്‍കിയ വിജയം. എന്തുകൊണ്ട് ഗുജറാത്ത് സംഭവിച്ചു എന്ന ചോദ്യത്തെക്കാള്‍ പ്രധാനമാണ് ഒരു വംശഹത്യ നടന്നതിനു ശേഷം അതിനെ ന്യായീകരിക്കുന്നതിന് എങ്ങനെ വന്‍ വിജയം കിട്ടി എന്നത്. ഈ രണ്ടു ചോദ്യങ്ങളും അന്നത്തെപോലെ രണ്ടു പതിറ്റാണ്ടിനു ശേഷം ഇന്നും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പ്രസക്തമാണ്. അതുകൊണ്ട് ഗുജറാത്തില്‍ വംശഹത്യക്കു ശേഷം ഭൂരിപക്ഷം കിട്ടി എന്നുമാത്രമല്ല, പിന്നെ നമ്മള്‍ കാണുന്നത് ഗുജറാത്ത് വംശഹത്യക്കു നേതൃത്വം നല്‍കിയ നരേന്ദ്രമോദി 2014ഓടുകൂടി ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തി എന്നുള്ളതാണ്. നമ്മള്‍ സംസാരിക്കുന്ന സമയംവരെയും നരേന്ദ്രമോദി ഗുജറാത്തിനെക്കുറിച്ചോര്‍ത്ത് ഒരുതുള്ളി കണ്ണീരൊഴുക്കിയിട്ടില്ല. മറിച്ച് ഈ മുറിവില്‍ മുളക് പുരട്ടുന്ന തരത്തിലുള്ള പ്രസ്താവനകളും നിലപാടുകളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടു നിരവധി പുസ്തകങ്ങളും റിപോര്‍ട്ടുകളുമൊക്കെ പുറത്തുവന്നിട്ടുണ്ട്. അതില്‍ റാണ അയ്യൂബിന്റെ ഒരു പുസ്തകത്തില്‍, റാണ അയ്യൂബ് നരേന്ദ്രമോദിയെ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട്. ആ ഇന്റര്‍വ്യൂവില്‍ നരേന്ദ്രമോദിയുടേതായിട്ടുള്ളൊരു പ്രസ്താവനയുണ്ട്. അതു 2002ലെ വംശഹത്യക്കു ശേഷം നടന്ന വ്യാജ ഏറ്റുമുട്ടലിനെ കുറിച്ചു നടത്തിയതാണ്. വലിയൊരു ജനക്കൂട്ടത്തിനു മുമ്പില്‍ മോദി സുഹ്‌റബുദ്ദീനെ ഭീകരനാക്കി അവതരിപ്പിച്ച ശേഷം 'സുഹ്‌റബുദ്ദീനെ പോലെയുള്ള ഒരു ഭീകരനെ പിന്നെ ഞാന്‍ എന്തു ചെയ്യണ'മെന്നു ചോദിക്കുന്നു, അപ്പോള്‍ ജനക്കൂട്ടം ആര്‍ത്തുവിളിക്കുകയാണ്, ഈ ഭീകരനെ കൊല്ലണമെന്ന്. ഈ പ്രഭാഷണം ഓര്‍മിപ്പിച്ചുകൊണ്ട് റാണ അയ്യൂബ് ചോദിച്ചു: 'ഇതേക്കുറിച്ച് താങ്കള്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്ന്?' റാണ അയ്യൂബ് ആ പുസ്തകത്തില്‍ വിശദീകരിക്കുന്നത് 'എന്നെ അയാള്‍ തുറിച്ചുനോക്കി എഴുന്നേറ്റു പോയി' എന്നാണ്. അപ്പോള്‍ ഗുജറാത്ത് വംശഹത്യ മാത്രമല്ല, വംശഹത്യയെത്തുടര്‍ന്നു നടന്ന ഏറ്റുമുട്ടലുകളും 2013ല്‍ നടന്ന യുപിയിലെ മുസഫര്‍നഗര്‍ കലാപവും ഓര്‍മിക്കപ്പെടണം. ഗുജറാത്ത് വംശഹത്യയുടെയും കണ്ഡമാല്‍ ക്രിസ്ത്യന്‍ വേട്ടയുടെയും നിരവധി വ്യാജ ഏറ്റുമുട്ടലുകളുടെയും അതിനൊപ്പം തന്നെ മുസഫര്‍നഗറിലെ വര്‍ഗീയ കലാപത്തിന്റെയൊക്കെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി 2014ല്‍ അധികാരത്തില്‍ വന്നത്. വംശഹത്യ എന്നുള്ളത് അധികാരത്തിലേക്കുള്ള ഒരു കോണിയായിട്ട് മാറി.
മുമ്പൊക്കെ എവിടെയെങ്കിലും വര്‍ഗീയകലാപം നടന്നാല്‍ ആ കലാപത്തില്‍ പങ്കെടുത്തു എന്നുകരുതുന്ന വ്യക്തികളെ തിരഞ്ഞെടുപ്പില്‍ ഒഴിച്ചുനിര്‍ത്തും. തിരഞ്ഞെടുപ്പില്‍നിന്ന് അവരെ മാറ്റിനിര്‍ത്താന്‍ അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുമായിരുന്നു. പക്ഷേ, ഗുജറാത്ത് വംശഹത്യക്കു ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്ന ഒരു പുതിയ മാറ്റം എന്നുപറയുന്നത്് ആരാണോ കൂടുതല്‍ കൊലവിളി നടത്തുന്നത് അവര്‍ക്കു കൂടുതല്‍ അംഗീകാരം കിട്ടും എന്നുള്ളതാണ്. മുമ്പു രാഷ്ട്രീയതലത്തില്‍ ഫാഷിസ്റ്റ് രാഷ്ട്രീയം പങ്കുവയ്ക്കുന്നവരാണ് കൊലവിളി നടത്തിയതെങ്കില്‍, അതിന്റെ തുടര്‍ച്ചയായിട്ട് ആത്മീയ നേതാക്കളെന്നു വിളിക്കുന്നവര്‍പോലും കൊലവിളി നടത്താന്‍ തുടങ്ങി എന്നുള്ളതാണ് നമ്മള്‍ സംസാരിക്കുന്ന 2020കളുടെ പ്രത്യേകത. രണ്ടായിരം ആണ്ടില്‍ നിന്നു രണ്ടായിരത്തി ഇരുപതാം ആണ്ടിലേക്കെത്തുമ്പോള്‍ രണ്ടു പതിറ്റാണ്ടിനു ശേഷവും ആ ഗുജറാത്ത് വംശഹത്യ സവിശേഷതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് അവസാനിക്കുകയല്ല ചെയ്തത് അതു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രവര്‍ത്തനവിജയമാണ് ഇന്നത്തെ നവഫാഷിസ്റ്റ് സര്‍ക്കാര്‍. അതിന്റെ തന്നെ വിജയമാണ് 2021 ഡിസംബര്‍ 17,18,19 തിയ്യതികളില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന ധര്‍മസംസദ് എന്നു പറയുന്ന ആത്മീയ സമ്മേളനം. സത്യത്തില്‍ ഗുജറാത്ത് വംശഹത്യ പോലെത്തന്നെ ഗൗരവമായി ഇന്ത്യന്‍ ജനത അഭിമുഖീകരിക്കേണ്ട, ആഴത്തില്‍ പഠിക്കേണ്ട, ആവര്‍ത്തിച്ച് അടയാളപ്പെടുത്തേണ്ട, നിരന്തരം സംവാദത്തിനു വിധേയമാക്കേണ്ട വിഷയമാണ് ഹരിദ്വാര്‍ സംസദ്. ഭീകരതയില്‍ കുറഞ്ഞ ഒന്നുമായിരുന്നില്ല അത്. പക്ഷേ, അങ്ങനെയല്ല പലരും അതിനെക്കുറിച്ചു മനസ്സിലാക്കുന്നത്. നമ്മള്‍ ആകെക്കൂടെ പറയുന്നത് ഹരിദ്വാറില്‍ വച്ച് ഇന്നദിവസം നരസിംഹാനന്ദസരസ്വതി മഹാരാജ്ജി ഭീഷണിയുടെ സ്വരം പുറപ്പെടുവിച്ചു എന്നാണ്. അതിനു പകരം നമ്മള്‍ പരിഗണിക്കേണ്ട രണ്ടു പ്രധാന കാര്യങ്ങളുണ്ട്. ഒന്ന്, ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനമായിരുന്നില്ല. രണ്ട്, ഇതൊരു ആത്മീയ നേതൃത്വമെന്ന് ഇന്ത്യയില്‍ വലിയൊരു വിഭാഗം കരുതുന്ന മതനേതാക്ക•ാരുടെ സമ്മേളനമാണ്. ഇന്ത്യയില്‍ മുമ്പും വ്യത്യസ്ത വിഭാഗങ്ങളായ മതനേതാക്ക•ാരുടെ സമ്മേളനത്തില്‍നിന്നു ജനാധിപത്യത്തിനു പൊരുത്തപ്പെടാത്ത അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഒരു ജനസമൂഹത്തെ ആകെ കൊല്ലാനുള്ള ആഹ്വാനം ഒരു മതസമ്മേളനത്തില്‍ ആദ്യമായിട്ടാണ്. മാത്രമല്ല, യതീ നരസിംഹാനന്ദ പറഞ്ഞത്, റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തതുപോലെ ഇന്ത്യന്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കുന്ന യുവാക്കള്‍ക്ക് ഒരു കോടി രൂപ സമ്മാനം നല്‍കുമെന്നാണ്. ആ സങ്കല്‍പ്പ ധീര കേസരികളെ യതീ നരസിംഹാനന്ദ വിളിച്ചത് ഹിന്ദു പ്രഭാകരന്‍ എന്നാണ്. എല്‍ടിടിഇയിലെ പ്രഭാകരന്റെ ഇന്ത്യയിലെ ദേശീയ പതിപ്പ്. അവര്‍ക്ക് ഒരു കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. നിങ്ങള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്, നിങ്ങള്‍ നടത്തുന്ന സാമൂഹിക സേവനത്തിന്, ഞങ്ങളുടെ മതസംഘടന ഒരു കോടി രൂപ സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നല്ല പറഞ്ഞത്.
ഹിന്ദുമതം എന്നത് സംഘപരിവാരത്തിന് ഒരു മുഖംമൂടിയാണ്. ആ മുഖംമൂടി ധരിച്ച് അവര്‍ അവതരിപ്പിക്കുന്നത് ജാതിമേല്‍ക്കോയ്മയുടെ ആശയമാണ്. ഹിന്ദുമതത്തിലെ ഒരു ഗ്രന്ഥത്തിലും വംശഹത്യ ചെയ്യാനുള്ള ആഹ്വാനമില്ല. എന്നാല്‍, ജാതിമേല്‍ക്കോയ്മയെ സംബന്ധിച്ചിടത്തോളം അപരവല്‍ക്കരണം എന്നുള്ളതാണ് അതിന്റെ അടിത്തറ. ആ അപരവല്‍ക്കരണത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഉയരുന്ന ആക്രോശമാണ് വംശഹത്യക്കുള്ള ആഹ്വാനം. ആ അര്‍ഥത്തില്‍ ഗുജറാത്ത് വംശഹത്യയുടെ വേറൊരു തരത്തിലുള്ള, പുതിയ തുടര്‍ച്ചയായിട്ട് വേണം ഹരിദ്വാറിലെ ഈ ഒരു വെറുപ്പിന്റെ മഹോല്‍സവത്തെ കാണാന്‍. ഇവിടെയാണ് റിപബ്ലിക് ദിന പരേഡിലെ ദൃശ്യങ്ങളിലെ രാഷ്ട്രീയം വിശകലനം ചെയ്യേണ്ടത്. ജാതിമേല്‍ക്കോയ്മയുമായി പൊരുത്തപ്പെടുന്ന ഫ്യൂഡല്‍ കെട്ടുകാഴ്ച്ചകളാണ് ഇത്തവണത്തെ റിപബ്ലിക് ദിന പരേഡില്‍ അവതരിപ്പിച്ചത്. ആ കെട്ടുകാഴ്ച്ചകളെ വെല്ലുവിളിക്കുന്ന ജനാധിപത്യ മതനിരപേക്ഷ നവോത്ഥാന ഉള്ളടക്കമുള്ള നിശ്ചലദൃശ്യങ്ങള്‍ക്കു വിലക്ക് കല്‍പ്പിക്കുകയും ചെയ്തു. നമ്മുടെ റിപബ്ലിക്കില്‍ നിന്നു ഇത്തവണ വെട്ടിമാറ്റിയത് ജാതി പൊളിക്കാന്‍ ആഹ്വാനംചെയ്ത നാരായണഗുരുവിനെയാണ്. അവിടെയാണ് കേരളം നടത്തിയിട്ടുള്ള ഏറ്റവും വലിയ പ്രതിരോധം. ആ പ്രതിരോധം വേണ്ടവിധം അടയാളപ്പെടുത്തിയെന്നു തോന്നുന്നില്ല. നിശ്ചല ദൃശ്യത്തില്‍ ഗുരുവിന് പകരം ശ്രീ ശങ്കരാചാര്യര്‍ എന്ന 'കേന്ദ്ര' അധികാര കല്‍പ്പനയെ തള്ളി ഗുരുവിന് ബദല്‍ ഗുരു മാത്രമെന്ന കേരള സര്‍ക്കാറിന്റെ ദൃഢസമീപനം സവര്‍ണസാമാന്യ ബോധത്തിന് എതിരായ ഒരു വന്‍ ചുവടുവയ്പ്പായിരുന്നു. ജാതി മേല്‍ക്കോയ്മാ കാഴ്ച്ചപാടിനെതിരേ, മത നിരപേക്ഷ കേരളം വിക്ഷേപിച്ച ഒരു ഉഗ്രന്‍ 'മിസൈല്‍'.
രാജ്യത്തെ ഹിന്ദുത്വ ഫാഷിസ്റ്റ് ഭീഷണിയെ കുറിച്ച് തിരിച്ചറിയുന്നതില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ബോധവാന്മാരാണോ?
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഒരു വിഭാഗത്തിന് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയെക്കുറിച്ചു കൃത്യമായ ധാരണയുണ്ട്. അതേസമയം, ന്യൂനപക്ഷങ്ങളില്‍ തന്നെ ചെറുതും വലുതുമായിട്ടുള്ള വിഭാഗങ്ങളില്‍ ചിലരെയൊക്കെ അനുനയിപ്പിച്ചു സ്വന്തം പക്ഷത്ത് നിര്‍ത്താനുള്ള ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ ശ്രമം തുടരുകയും ചെയ്യുന്നുണ്ട്. മതനിരപേക്ഷ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു മാത്രമേ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു ഫാഷിസത്തെ പ്രതിരോധിക്കാന്‍ കഴിയൂ എന്നത് നമ്മള്‍ മൂന്നു നേരവും ഭക്ഷണത്തിനു മുമ്പും ശേഷവും ഇന്ത്യന്‍ ഫാഷിസത്തിനെതിരായ മരുന്ന് എന്ന വിധത്തില്‍ കഴിക്കാന്‍ മറന്നുപോവാന്‍ പാടില്ലാത്തതാണ്. ഫാഷിസത്തെ സംബന്ധിച്ചു വെറുപ്പാണ് മാതൃഭാഷ. ന്യൂനപക്ഷങ്ങള്‍ മാത്രമല്ല ഫാഷിസ്റ്റ് ആക്രമണങ്ങള്‍ക്കു വിധേയരാവുന്നത്. ഒന്നാമത്തെ ലക്ഷ്യം ന്യൂനപക്ഷ വിഭാഗങ്ങളല്ല, മതനിരപേക്ഷ വിഭാഗങ്ങളാണ്. ന്യൂനപക്ഷങ്ങളിലും ഭൂരിപക്ഷങ്ങളിലുമൊക്കെ ഉള്‍പ്പെട്ട മതനിരപേക്ഷ വിഭാഗങ്ങളാണ് ഫാഷിസത്തിന്റെ ഒന്നാമത്തെ ലക്ഷ്യം. 2014ല്‍ ഇന്ത്യന്‍ നവ ഫാഷിസ്റ്റുകള്‍ അധികാരത്തില്‍ വന്നതു മുതല്‍ നമ്മള്‍ സംസാരിക്കുന്ന 2022 വരെയുള്ള ഈ ഏഴു വര്‍ഷം പരിശോധിച്ചാല്‍ കൃത്യം നമുക്കു മനസ്സിലാവുക ഈ കാലത്തിനകത്ത് ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയിട്ടുള്ളത് ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കു നേരെയാണ്. അതില്‍ ന്യൂനപക്ഷങ്ങളും ഭൂരിപക്ഷങ്ങളും ഉള്‍പ്പെടും. മതനിരപേക്ഷതയെ സംരക്ഷിക്കുന്നതില്‍ ഏറ്റവും സൂക്ഷ്മതലത്തില്‍ പങ്കെടുത്തിട്ടുള്ള എല്ലാ ഔദ്യോഗിക സ്ഥാപനങ്ങളും എല്ലാ സര്‍വകലാശാലകളും ആക്രമണത്തിനു വിധേയമായി. കല്‍ബുര്‍ഗി മുതല്‍, ഗൗരി ലങ്കേഷ് വരെ നിരവധി പേര്‍. അവരെല്ലാം മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ചവരാണ്. മുസ്‌ലിംകള്‍ എന്നത് ഇന്ത്യന്‍ ഫാഷിസത്തിന്റെ ശത്രുപട്ടികയില്‍ പെട്ടവരാണ്. മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകള്‍, ഗാന്ധിയ•ാര്‍, സമാധാനവാദികള്‍, സ്ത്രീപക്ഷവാദികള്‍, ഫെഡറല്‍ കാഴ്ചപ്പാട് പുലര്‍ത്തുന്നവര്‍ ഇവരൊക്കെ രാജ്യദ്രോഹികളാണെന്നു ഫാഷിസ്റ്റുകള്‍ പറയുന്നുണ്ട്. രണ്ടു രീതിയിലാണ് ഇന്ത്യന്‍ ഫാഷിസത്തെ ന്യൂനപക്ഷങ്ങള്‍ മനസ്സിലാക്കേണ്ടത്. ഫാഷിസം മൗലികമായി ന്യൂനപക്ഷ വിരുദ്ധമാണ്, എന്നാല്‍ അതോടൊപ്പം തന്നെ അത് ഏറ്റവും കൂടുതല്‍ എതിരായിരിക്കുന്നത് മതനിരപേക്ഷ കാഴ്ചപ്പാട് പുലര്‍ത്തുന്നവര്‍ക്കെതിരിലാണ്. മതനിരപേക്ഷതയെ പൊളിക്കുകയാണ് അവര്‍ ആദ്യം ചെയ്യുന്നത്. മതനിരപേക്ഷത പൊളിഞ്ഞാല്‍ പിന്നെ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും രക്ഷയുണ്ടാവില്ല. കേന്ദ്ര സര്‍വകലാശാലകള്‍ മുതല്‍ മാധ്യമങ്ങളെ വരെ അവര്‍ ലക്ഷ്യംവയ്ക്കുന്നത് മതനിരപേക്ഷതയെ തകര്‍ക്കാനാണ്. മതനിരപേക്ഷത തകര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ പരിക്കേല്‍ക്കുക ദലിതരും ന്യൂനപക്ഷങ്ങളും ദരിദ്രരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ്.
കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസിന്റെ കാലത്ത് പല സ്ഥലത്തും ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടു. ന്യൂനപക്ഷം എന്നതും ഭൂരിപക്ഷം എന്നതും ഏകമാതൃകകളിലേക്കു വെട്ടിച്ചുരുക്കാന്‍ കഴിയാത്തതാണ്. ഈ രണ്ടിലും വ്യത്യസ്ത കാഴ്ചപ്പാടും സമീപനവും പുലര്‍ത്തുന്നവരുണ്ട്. ഇന്ത്യന്‍ ഫാഷിസത്തിന്റെ അജണ്ടയില്‍ ഭൂരിപക്ഷ സമൂഹങ്ങള്‍ ആദ്യം നേരിടേണ്ടതില്ലാത്ത ആക്രമണങ്ങള്‍ ന്യൂനപക്ഷത്തിനു നേരെയാവും. പക്ഷേ, അവരുടെ ആക്രമണം ന്യൂനപക്ഷത്തില്‍ തുടങ്ങി ന്യൂനപക്ഷത്തില്‍ അവസാനിക്കില്ല. ആ അര്‍ഥത്തില്‍ ഫാഷിസത്തിനെതിരേയുള്ള വിപുലമായ മതനിരപേക്ഷ ഐക്യവേദി അനിവാര്യമാണ്. ഒരുഭാഗത്ത് ഇന്ത്യന്‍ ഫാഷിസം, മറുഭാഗത്ത് മതനിരപേക്ഷത ഉള്‍ക്കൊള്ളുന്ന എല്ലാ മനുഷ്യരും. ഈ രീതിയില്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഒരു ധ്രുവീകരണം എന്ന് സംഭവിക്കുന്നുവോ; അന്ന് ഇന്ത്യന്‍ ഫാഷിസം പൂര്‍ണമായും ഭയപ്പെട്ടുകൊള്ളും. അങ്ങനെ പറയാന്‍ കാരണം, ഇപ്പോള്‍ അവര്‍ ഭാഗികമായി ഭയത്തിലാണ് എന്നുള്ളതിനാലാണ്. ഇത്ര വലിയ രാഷ്ട്രീയ അധികാരമുണ്ടായിട്ടും മാധ്യമങ്ങളില്‍ ഭൂരിഭാഗവും ചുറ്റിലുമുണ്ടായിട്ടും ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ ഭയത്തിലാണ്. 'ഭരണീയര്‍ ഭയത്തിലാണെങ്കില്‍ ഭരണകര്‍ത്താക്കളും ഭയത്തിലാണ്' എന്നു ബ്രഹ്തിന്റെ ഒരു കവിതയുണ്ട്. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ഫാഷിസത്തെ വരാന്തയില്‍ നിര്‍ത്താന്‍ ഒരേ ഒരു വഴിയേ ഉള്ളൂ, അതു മതനിരപേക്ഷതയാണ്. ആ കാര്യം മറന്നുപോവാന്‍ പാടില്ല. ഇതില്‍നിന്നു വഴുക്കിയാല്‍ അത് ഇന്ത്യന്‍ ഫാഷിസത്തിനു ലഭിക്കുന്ന ഏറ്റവും വലിയ വിജയമായിരിക്കും. ഗുജറാത്തില്‍ വംശഹത്യ നടന്നപ്പോള്‍ ലോകത്തിലെങ്ങുമുള്ള മനുഷ്യര്‍ അതിനെതിരായിരുന്നു. അതുപോലെത്തന്നെ പൗരത്വ നിയമം പാസാക്കിയപ്പോള്‍ ലോകത്തെ ജനാധിപത്യവാദികള്‍ മുഴുവന്‍ അതിനെതിരായിരുന്നു. ഫാഷിസത്തിനെതിരേയുള്ള മതനിരപേക്ഷതയുടെ പ്രതികരണങ്ങള്‍ എത്ര പരിമിതമാണെങ്കില്‍ പോലും അതിനെ വിലകുറച്ചു കാണാന്‍ പാടില്ല. മതനിരപേക്ഷതയുടെ മെഴുകുതിരി വെട്ടം പോലും അങ്ങനെയല്ലാത്ത പ്രതികരണങ്ങളെക്കാള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രകാശപൂര്‍ണമാവും.
കേരളത്തില്‍ ഇപ്പോഴത്തെ സാമൂഹിക ഘടന ഗുജറാത്തില്‍നിന്ന് എത്ര അകലെയാണ്?
ഞാന്‍ രണ്ടു പതിറ്റാണ്ടു മുമ്പു ഗുജറാത്തിനെ കുറിച്ചെഴുതിയ 'ശ്മശാനങ്ങള്‍ക്ക് സ്മാരകങ്ങളോട് പറയാനാവാത്തത്' എന്ന പുസ്തകത്തിലെ പ്രബന്ധത്തില്‍ത്തന്നെ ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. അതായത്, കേരളം ഗുജറാത്തല്ല എന്നതു മലയാളികള്‍ക്കഭിമാനമാണ്. ആ അഭിമാനം ഇന്നും അതിലുമേറെ അഭിമാനത്തോടെ തുടരുകയാണ്. അതേസമയം, ആഴത്തിലുള്ളൊരു ജാഗ്രത മലയാളി സമൂഹത്തിന് ഉണ്ടാവേണ്ടതുണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍ 1970കളിലാണ് തലശ്ശേരിയിലെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത, മതനിരപേക്ഷതയ്ക്കു മുറിവുണ്ടാക്കിയ വലിയൊരു കലാപം ഉണ്ടാവുന്നത്. ആ കലാപത്തിന്റെ 50ാം വാര്‍ഷികത്തിലാണ്, അതേ തലശ്ശേരി പട്ടണത്തില്‍ പള്ളികളെല്ലാം ഇടിച്ചുനിരത്തും, ബാങ്കുവിളി നടക്കില്ല, നമസ്‌കാരം നടക്കില്ല എന്നീ ആപല്‍ക്കരമായ മുദ്രാവാക്യം മുഴക്കി സംഘപരിവാരം 50 കൊല്ലം മുമ്പു നടത്തിയ കൊള്ളരുതായ്മ ആഘോഷിച്ചത്. ഈ മുദ്രാവാക്യം തലശ്ശേരിയില്‍ മുഴങ്ങിയതിനെത്തുടര്‍ന്ന് അതിനെതിരേ വലിയൊരു പ്രതിരോധം തലശ്ശേരിയില്‍ നടന്നു. അതില്‍ മലയാളത്തിന്റെ അഭിമാനമായ ഷാജി എം കരുണ്‍, അശോകന്‍ ചരുവില്‍ മുതല്‍ കേരളത്തിലെ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. അന്ന് അവിടെ നടത്തിയ പ്രസംഗത്തില്‍ പ്രധാനമായിട്ടും രണ്ടു കാര്യങ്ങളാണ് ഞങ്ങളൊക്കെയും പറഞ്ഞത്. ഒന്ന്, ഇനിയും ബാങ്ക് വിളി തുടരും നമസ്‌കരിക്കേണ്ടവര്‍ നമസ്‌കരിക്കും. സൗകര്യമുള്ളവര്‍ പള്ളിയില്‍ പോവും. ക്ഷേത്രത്തില്‍ മണിനാദം മുഴങ്ങും. ക്ഷേത്രത്തില്‍ പോവേണ്ടവര്‍ ക്ഷേത്രത്തിലും ചര്‍ച്ചില്‍ പോവേണ്ടവര്‍ ചര്‍ച്ചിലും പോവും. ഇതൊന്നും ആവശ്യമില്ലെന്നു കരുതുന്നവര്‍ എവിടെയും പോവില്ല. ഇതിനൊന്നും ഒരു ഫാഷിസ്റ്റ് ഓഫിസില്‍നിന്നും ഇഷ്യൂ ചെയ്യുന്ന സമ്മതപത്രം ആവശ്യമില്ല. വിരട്ടല്‍ വേണ്ട. ഇതു മതനിരപേക്ഷ കേരളമാണ്. ഇതു മലയാളിയുടെ അഭിമാനം. അതേസമയം, ഒരു ആശങ്കയുണ്ട്. ഗുജറാത്തില്‍ പല സ്ഥലത്തും 2002ലെ വംശഹത്യക്കു മുമ്പുതന്നെ ഹിന്ദു രാഷ്ട്രത്തിലേക്കു സ്വാഗതം എന്ന ബോര്‍ഡുകള്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു. ടെക്‌സ്റ്റ് ബുക്കുകള്‍ തിരുത്തപ്പെട്ടിരുന്നു. കൊലവിളി ആരംഭിച്ചിരുന്നു. അങ്ങനെ പത്തിരുപതു കൊല്ലം കഴിഞ്ഞിട്ടാണ് അവിടെ വംശഹത്യ നടക്കുന്നത്. കേരളത്തിലും അത്തരത്തിലുള്ള കൊലവിളികള്‍ നടത്തുകയാണ്. അത്തരത്തിലുള്ള പ്രകടനം നടത്തുകയാണ്. അതുകൊണ്ട് മലയാളി ജാഗ്രത പാലിക്കണം. ഗുജറാത്തല്ല കേരളമെന്നത് കേരളത്തിന്റെ എന്നുമുള്ള അഭിമാനമാണ്. അതേസമയം, കേരളത്തെ ഗുജറാത്താക്കാന്‍, കേരളത്തെയും വംശഹത്യയുടെ അന്തരീക്ഷത്തിലേക്കു വലിച്ചിഴയ്ക്കാന്‍ ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ജ•ത്തില്‍ കേരളത്തില്‍ അവര്‍ വിജയിക്കുകയില്ല എന്നുള്ളത് നൂറുശതമാനവും ബോധ്യപ്പെട്ടതാണ്. കേരളത്തിലെ ഇടതുമുന്നണിക്ക് തകര്‍പ്പന്‍ വിജയം നല്‍കിയ കഴിഞ്ഞ തിരഞ്ഞെടുപ്പ്, ഇടതുപക്ഷ വിജയം മാത്രമല്ല, ഫാഷിസ്റ്റ് പരാജയം കൂടിയാണ് അടയാളപ്പെടുത്തിയത്. അന്ന് അവരുടെ ഒരു പ്രസ്താവനയുണ്ടായിരുന്നു, 30 സീറ്റ് കിട്ടിയാല്‍ ഞങ്ങള്‍ ഭരിക്കും. അതിന്റെ അര്‍ഥം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നമായ പാര്‍ട്ടിയാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് എത്ര കോടിയും ഉപയോഗിച്ച് ആരെയും വിലയ്ക്കു വാങ്ങാന്‍ പറ്റും. ജനാധിപത്യത്തിനെതിരായ യുദ്ധപ്രഖ്യാപനമായിരുന്നു അത്. പക്ഷേ, അവര്‍ക്ക് ഒന്നിനും സാധിച്ചില്ല. മാത്രമല്ല, അവര്‍ക്കുണ്ടായിരുന്ന ഏക സീറ്റും ജനങ്ങള്‍ എടുത്തുകളഞ്ഞു. എന്നിട്ട് അവരെ പൂജ്യരാക്കിമാറ്റി. അതു ജനാധിപത്യത്തിന് അഭിമാനമാണ്. അതു രാഷ്ട്രീയ പ്രതിരോധത്തിന്റെ മികച്ച മാതൃകയുമാണ്.
സാംസ്‌കാരിക പ്രതിരോധത്തിന്റെ മണ്ഡലത്തില്‍ നമ്മള്‍ ഇനിയും മുന്നോട്ടുപോവണം. സാംസ്‌കാരിക പ്രതിരോധ മണ്ഡലത്തില്‍ ജനാധിപത്യത്തിനുണ്ടാവുന്ന പിന്നോട്ടടികള്‍, കേരളത്തില്‍ വംശഹത്യ നടക്കുന്നില്ലെങ്കിലും, വംശഹത്യയുടെ അന്തരീക്ഷം ഉണ്ടാക്കാനും നേരത്തേയുള്ള സാമൂഹിക സൗഹാര്‍ദം തകര്‍ക്കാനും ഇടവരുത്തും. അത്തരമൊരു അന്തരീക്ഷത്തിലേക്കു കേരളത്തെ കൊണ്ടുപോവാന്‍ ഫാഷിസത്തിനു മുന്നിലെ പ്രധാന തടസ്സം കേരളത്തിലെ ഇടതുപക്ഷമാണ്. അതുകൊണ്ട് ഇന്ത്യന്‍ ഫാഷിസം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്, കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഫാഷിസ്റ്റ് വിരുദ്ധ കോട്ടയായി നില്‍ക്കുന്നുവെന്നതാണ്. അതു പൊളിക്കാന്‍ വേണ്ടി പലതരം വ്യാജ പ്രചാരണങ്ങള്‍ സംഘപരിവാരം നിരന്തരമായി നടത്തുന്നുണ്ട്.
മതപരമായ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനങ്ങള്‍ ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനം നടത്തുമ്പോള്‍ ഇടതുപക്ഷചേരി ഒരു പരിധിവരെ അവരെ അകറ്റിനിര്‍ത്തുന്നുണ്ട്. അത് ആശ്വാസ്യമാണോ?
ഫാഷിസത്തിനെതിരേ വ്യത്യസ്ത കാഴ്ചപ്പാട് പുലര്‍ത്തുന്നവരുടെ വിപുലമായ ഐക്യരൂപങ്ങളുണ്ട്. അതു വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിലൂടെ രൂപപ്പെടുത്തുന്ന ഐക്യത്തിന്റെ കേവല തുടര്‍ച്ചയായി തീരേണ്ടതില്ല. തിരഞ്ഞെടുപ്പ് ഐക്യമുന്നണികളില്‍ ഏതൊക്കെ പാര്‍ട്ടികളെ കൂട്ടണം, കുറയ്ക്കണം എന്നു പാര്‍ട്ടികള്‍ തീരുമാനിക്കുന്നത് അതത് കാലത്തെ അവരുടെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്. എന്നാല്‍, സാംസ്‌കാരികരംഗത്ത് അതില്‍ നിന്നും വ്യത്യസ്തമായിട്ട് ഫാഷിസത്തിനെതിരേ ഐക്യപ്പെടുന്ന മുഴുവന്‍ മനുഷ്യരും ഫാഷിസ്റ്റ് വിരുദ്ധമായ പ്രതിരോധത്തില്‍ ഐക്യപ്പെടേണ്ടതായിട്ടുണ്ട്. അതൊരു തിരഞ്ഞെടുപ്പു മുന്നണിയുടെ മാത്രം വിഷയമല്ല, അത് ഇന്ത്യന്‍ ജനതയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ആ ആര്‍ഥത്തില്‍ എല്ലാവരും ഐക്യപ്പെടേണ്ടതുണ്ട്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി മാറുകയായിരുന്നു കര്‍ഷക സമരം. കര്‍ഷക സമരത്തില്‍ നൂറുകണക്കിനു സംഘടനകളാണ് ഐക്യപ്പെട്ടത്. അതൊരു വലിയ ഫാഷിസ്റ്റ് വിരുദ്ധ നീക്കംകൂടിയായി വളരുകതന്നെ ചെയ്യും. ഫാഷിസ്റ്റുകള്‍ വെറുപ്പിന്റെ വിത്തുകള്‍ വിതച്ചു വംശഹത്യ കൊയ്‌തെടുക്കുകയാണ്. അതു തുടര്‍ വംശഹത്യകള്‍ക്കുള്ള ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതില്‍നിന്നു വ്യത്യസ്തമായി സ്‌നേഹത്തിന്റെ വിത്ത് വിതയ്ക്കുകയും സൗഹൃദം കൊയ്‌തെടുക്കുകയുമാണ് കര്‍ഷക സമരം ചെയ്തത്. 2013ല്‍ മുസഫര്‍നഗറില്‍ ഹരഹരമഹാദേവും അല്ലാഹു അക്ബറും പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങളെ എത്തിക്കുകയാണ് ഫാഷിസ്റ്റുകള്‍ ചെയ്തത്. എന്നാല്‍, അതേ ഹരഹരമഹാദേവും അല്ലാഹു അക്ബറും ചേരുന്നതാണ് കര്‍ഷക സമരത്തില്‍ കണ്ടത്. കര്‍ഷക സമരത്തിന്റെ നേതാവായ ടികായത്ത് മുസഫര്‍നഗറില്‍തന്നെ ഒരു വലിയ സമ്മേളനത്തില്‍ വച്ചാണ് ഹരഹരമഹാദേവ്-അല്ലാഹു അക്ബര്‍ പ്രഖ്യാപിച്ചത്. അതു ഫാഷിസ്റ്റ് വിരുദ്ധ ഐക്യത്തിനു മാതൃകയാണ്. ഹരഹരമഹാദേവും അല്ലാഹു അക്ബറും യേശുദേവനും ഒന്നും പരസ്പരം ഏറ്റുമുട്ടേണ്ടവയല്ല. അതെല്ലാം ഫാഷിസത്തിനെതിരേ ഐക്യപ്പെടേണ്ടതാണ്. ആ അര്‍ഥത്തില്‍ രാഷ്ട്രീയ മുന്നണിയെക്കുറിച്ചുള്ള കാര്യങ്ങള്‍ വ്യത്യസ്ത സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കേണ്ട വിഷയമാണ്. പക്ഷേ, അവിടെപ്പോലും ഇന്ത്യന്‍ ഫാഷിസത്തെ തോല്‍പ്പിക്കുക എന്നതിനുതന്നെയാണ് ഇടതുപക്ഷം പ്രാധാന്യം നല്‍കുന്നത്. എന്നാല്‍, അതിനു വ്യത്യസ്തമായി സാംസ്‌കാരികരംഗത്തു നിരന്തരമായിട്ടുള്ള ഇടപെടലുകള്‍ ആവശ്യമാണ്. അതു രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള യോജിപ്പ് മാത്രമല്ല, സംഘടനകള്‍ തമ്മിലുള്ള യോജിപ്പ് മാത്രവുമല്ല, അതിനപ്പുറത്ത് ഫാഷിസ്റ്റ് വിരുദ്ധമായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന മതവിശ്വാസികളോ, മതവിശ്വാസികള്‍ അല്ലാത്തവരോ ആയ എല്ലാവരും ഉള്‍പ്പെടുന്ന കൂട്ടായ്മയാണ്. പൗരത്വ ഭേദഗതിക്കെതിരായ സമരത്തിലും എല്ലായിടത്തും ആ ഐക്യപ്പെടല്‍ ഉണ്ടായിട്ടുണ്ട്. കര്‍ഷക സമരത്തില്‍ എല്ലാ സംഘടനകളും ഐക്യപ്പെട്ടിട്ടുണ്ട്. അതുപോലെ പല യൂനിവേഴ്‌സിറ്റികളിലും സംഘപരിവാരം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ പല വിഭാഗങ്ങള്‍ ഐക്യപ്പെടുന്നുണ്ട്. അതേ മാതൃകയില്‍ കോര്‍പറേറ്റ്-ഫാഷിസ്റ്റ് വിരുദ്ധ സമരത്തെ മതനിരപേക്ഷതയിലേക്കു കണ്ണിചേര്‍ക്കുകയല്ലാതെ ഇന്ത്യന്‍ ജനതയ്ക്കു മുമ്പില്‍ മറ്റൊരു കുറുക്കുവഴിയുമില്ല.
ഗുജറാത്ത് വംശഹത്യക്കെതിരേ എല്ലാ മനുഷ്യസ്‌നേഹികളും പ്രതികരിച്ചു. പക്ഷേ, ഗുജറാത്തില്‍ വംശഹത്യാനന്തരം നടന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഗുജറാത്ത് വംശഹത്യപോലെത്തന്നെ ജനാധിപത്യത്തെ അസ്വസ്ഥമാക്കിയ ഒരു സംഭവമാണ് വംശഹത്യാവീരര്‍ക്ക് ഗുജറാത്തിലെ ജനത നല്‍കിയ വിജയം. എന്തുകൊണ്ട് ഗുജറാത്ത് സംഭവിച്ചു? എന്ന ചോദ്യത്തെക്കാള്‍ പ്രധാനമാണ് ഒരു വംശഹത്യ നടന്നതിനു ശേഷം അതിനെ ന്യായീകരിക്കുന്നതിന് എങ്ങനെ വന്‍ വിജയം കിട്ടി എന്നത്. ഈ രണ്ടു ചോദ്യങ്ങളും അന്നത്തെപോലെ രണ്ടു പതിറ്റാണ്ടിനു ശേഷം ഇന്നും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പ്രസക്തമാണ്.
(തേജസ് ദൈ്വവാരികയില്‍(ഫെബ്രുവരി 15-30) ലക്കത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖം.)
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT