- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബഹുഭൂരിപക്ഷത്തിനും അറബി ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാപ്തി ഇല്ല: ഡോ. എന്‍ ഷംനാദ്
വ്യക്തിപരമായി അറബി ഭാഷയ്ക്ക് ഒരു സര്‍വകലാശാല വരുന്നത് നല്ലതെന്ന അഭിപ്രായമാണുള്ളത്. ഒപ്പം അത് ഒരു രാഷ്ട്രീയ വിഷയമായതിനാല്‍ കൂടുതല്‍ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല.
സ്‌കൂള്‍, കോളജ് തലങ്ങളിലും മതപഠനം നടത്തുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും അറബി പഠിപ്പിക്കുന്നുണ്ടെങ്കിലും ബഹു ഭൂരിപക്ഷത്തിനും അത് കൈകാര്യം ചെയ്യുന്നതിനുള്ള പ്രാപ്തി ഇല്ലെന്ന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് അറബി ഭാഷാവിഭാഗം തലവന്‍ ഡോ. എന്‍ ഷംനാദ്. അറബി ഭാഷയുടെ പഠന-വികാസ-പ്രവര്‍ത്തനങ്ങളെകുറിച്ച് തേജസ്‌ന്യൂസ് പ്രതിനിധിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ അറബി ഭാഷ പഠനത്തിന്റെ ഇപ്പോഴത്തെ നില, ഭാഷാ പഠനത്തെ ഗൗരവത്തില്‍ കാണുന്നുണ്ടോ
സര്‍ക്കാര്‍ തലത്തിലും അനൗദ്യോഗികതലത്തിലും വ്യവസ്ഥാപിതമായി ഭാഷാപഠനം നടക്കുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 12ാം ക്ലാസ് വരെ രണ്ടാം ഭാഷയായി അറബി പഠിപ്പിക്കുന്നുണ്ട്. ബിരുദ തലത്തില്‍ ബിഎ അറബിക്, കണ്ണൂര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ബിഎ അഫ്ദലുല്‍ ഉലമ, പിജി തലത്തില്‍ അറബിക്കിന് പുറമെ പോസ്റ്റ് അഫ്ദലുല്‍ ഉലമ എന്ന കോഴ്‌സും എയ്ഡഡ് അറബിക് കോളജുകളിലുണ്ട്. എംഫില്‍, പിഎച്ച്ഡി റിസര്‍ച്ചും നടക്കുന്നുണ്ട്. സര്‍ക്കാര്‍,എയ്ഡഡ്, അണ്‍എയ്ഡഡ് തലത്തിന് പുറമെ, വ്യവസ്ഥാപിതമായി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോഴ്‌സുകള്‍, കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജുകള്‍ എന്ന നിലയില്‍ വാഫി കോളജുകളും ഇതില്‍ എടുത്ത് പറയേണ്ടതാണ്. മികച്ച അക്കാദമിക് പണ്ഡിതരെ വാര്‍ത്തെടുക്കാന്‍ കഴിയുന്ന രൂപത്തിലുള്ള പ്രോഗ്രാമുകളാണ് ഈ രണ്ട് സ്ഥാപനങ്ങളിലും നടക്കുന്നത്. ഇതിന് പുറമെ വിവിധ മുസ്‌ലിം സംഘടനകളുടെ കീഴില്‍ എടുത്തുപറയേണ്ട അറബി പഠന സ്ഥാപനങ്ങളുണ്ട്. ഇത് കൂടാതെ അറബിക് കോളജ്, മദ്രസാ പഠനസമ്പ്രദായം എന്നിവയുമുണ്ട്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെ അറബി പഠനത്തേക്കാളും ഉയര്‍ന്ന, വ്യവസ്ഥാപിത പഠന രീതിയാണ് കേരളത്തിലുള്ളത്.
അറബി ഭാഷാ പഠനത്തിന്റെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ടോ, കേരളത്തിലും പുറത്തും അതിന്റെ തൊഴില്‍-അക്കാദമിക സാധ്യതകള്‍ എന്തൊക്കെയാണ്
അറബി പഠനത്തിന് പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. തൊഴില്‍ സാധ്യതകളും മുന്‍പത്തേക്കാളും വര്‍ധിച്ചിട്ടുണ്ട്. പണ്ട് ടീച്ചിങ് മേഖലയിലായിരുന്നു അവസരമെങ്കില്‍ ഇന്ന് മറ്റു മേഖലകളിലും സാധ്യത തുറന്നിട്ടുണ്ട്. ടീച്ചിങ് മേഖലയിലാണെങ്കില്‍ സ്‌കൂള്‍, കോളജ്-മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് കഴിവുള്ള ആളുകളെ ആവശ്യമുണ്ട്്.
ടീച്ചിങ്ങിന് പുറമെ കേരളത്തിന് പുറത്തും, ഇന്ത്യക്ക് പുറത്തും ധാരാളം അവസരങ്ങളുണ്ട്. വിവര്‍ത്തന മേഖലയിലാണെങ്കില്‍ മള്‍ട്ടി നാഷനല്‍ കമ്പനികളിലും ഫേസ് ബുക്, വാട്‌സ് ആപ്, ഗൂഗിള്‍ പോലുള്ള സാമൂഹ്യമാധ്യമസ്ഥാപനങ്ങളിലും അറബിക് കണ്ടന്റ് റൈറ്റര്‍മാരുടെ, ഇന്റര്‍പ്രട്ടര്‍മാരുടെ ആവിശ്യമുണ്ട്. വിപ്രോയും ഫേസ് ബുക്കും ധാരാളം ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട്, ഹോസ്പിറ്റലുകളില്‍ അറബിക് ഇന്റര്‍പ്രട്ടര്‍മാരെ ആവശ്യമുണ്ട്.
ഇതിന് പുറമെ ഗള്‍ഫ് നാടുകളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ട്. അവിടങ്ങളിലെ മാധ്യമസ്ഥാപനങ്ങള്‍, കോടതികള്‍ എന്നിവിടങ്ങളില്‍ ഇന്റര്‍പ്രട്ടര്‍മാരെ ആവശ്യമുണ്ട്. അതുപോലെ ഗള്‍ഫിലെ കമ്പനികളിലും സ്ഥാപനങ്ങളിലും പരിഭാഷകരായും, എച്ച് ആര്‍ മേഖലയിലും അറബി ഭാഷ പഠിച്ചവര്‍ക്ക് അവസരമുണ്ട്.
അറബി പഠനത്തെ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഗൗരവത്തില്‍ സമീപിക്കുന്നുണ്ട്. എന്നാല്‍, അത് ഒരു ട്രെന്‍ഡാണ് എന്ന് പറയാന്‍ കഴിയില്ല. കുറേക്കൂടി തൊഴില്‍ സാധ്യത ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. കേവലമായ അധ്യാപന മേഖലയില്‍ ഒതുങ്ങാതെ, ഇംഗ്ലീഷും അറബിയും വിവര്‍ത്തനം ചെയ്യാന്‍ കഴിവുള്ള, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഉള്ള വിദ്യാര്‍ഥികള്‍ക്ക് വലിയ സാധ്യതയുണ്ട്. ഇപ്പോഴത്തെ പാഠ്യപദ്ധതിയും അത്തരം മേഖലകളെ ഊന്നിയുള്ളതാണ്. അറബിക് ജേണലിസം എന്ന മേഖല തന്നെ വികസിച്ച് വന്നിട്ടുണ്ട്. അറബി വാര്‍ത്താമാധ്യങ്ങളിലും, പ്രത്യേകിച്ച് അല്‍ജസീറ, ബിബിസി അറബിക് എന്നിവയുടെ ഇന്ത്യന്‍ പ്രതിനിധികളായും ഇന്ത്യക്കാരെ നിയമിക്കുന്നുണ്ട്. സ്വാഭാവികമായും അറബി പഠിച്ചവര്‍ക്കാണ് അത്തരം അവസരങ്ങള്‍ ലഭിക്കുക. അറബി കണ്ടന്റ് റൈറ്റിങ്ങിനും സോഷ്യല്‍ മീഡിയ അനാലിസിസിനും ഇംഗ്ലീഷ്-അറബിക് കണ്ടന്റ് അനാലിസിസിനും മീഡിയ അനാലിസിസിനുമായി ധാരാളം പേരെ റിക്രൂട്ട് ചെയ്യുന്നുണ്ട്.
കേരളത്തില്‍ അറബി ഭാഷാപഠനത്തിനൊപ്പം നോവല്‍, ചെറുകഥ, കവിത തുടങ്ങിയ സാഹിത്യമേഖലയില്‍ അതിന്റെ വികാസം എത്രത്തോളമാണ്. അതേസമയം, അറബി മലയാളത്തില്‍ ധാരാളം സൃഷ്ടികള്‍ നേരത്തെ ഉണ്ടായിട്ടുമുണ്ട്.
അറബി മലയാളത്തില്‍ ധാരാളം സാഹിത്യ സൃഷ്ടികളുണ്ടായിട്ടുണ്ട്. അതിന്റെ കാരണം അത് മലയാളം തന്നെയാണ് എന്നുള്ളതുകൊണ്ടാണ്. അറബി ഭാഷയില്‍ എഴുതുന്നു എന്നുമാത്രം. അറബിമലയാളവും അറബി ഭാഷയും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. കേരളത്തില്‍ 14, 15 നൂറ്റാണ്ടുകളില്‍ തന്നെ അറബി സാഹിത്യകൃതികള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് കവിതകള്‍. അത് കൂടുതലും ഭക്തിസാഹിത്യമായിരുന്നു. ഈ കാവ്യപാരമ്പര്യം പണ്ടേ ഉണ്ടായിരുന്നു. അത് തുടര്‍ന്നും ഉണ്ടായി. ഉമര്‍ഖാളിയെയും സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനെയും പോലുള്ള ധാരാളം പേര്‍ ജീവിച്ചിരുന്ന നാടാണ്. ഇരുപതാം നൂറ്റാണ്ടു ആകുമ്പേഴേക്കും ആ കാവ്യപമ്പരയില്‍ മഹത്തായ സൃഷ്ടികളുണ്ടായി.
ഗദ്യ സാഹിത്യത്തിലേക്ക് വരുകയാണെങ്കില്‍, ആ മേഖലയില്‍ വലിയ വളര്‍ച്ച ഉണ്ടായിട്ടില്ല. കാരണം, അങ്ങനെ ഒരു കൃതി വായിച്ച് അത് ആസ്വദിക്കാനുള്ള അറബി പാരമ്പര്യം ഇവിടെയില്ല. കാരണം, അറബി ഇവിടെ ഒരു മത ഭാഷ എന്ന നിലയിലാണ് പ്രചരിച്ചിട്ടുള്ളത്. അതിനപ്പുറം അക്കാദമിക തലത്തില്‍ അത് സാഹിത്യ ഭാഷയായി കേരളത്തില്‍ വികസിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഗദ്യ സാഹിത്യ രംഗത്ത് നോവല്‍, നാടകം, ചെറുകഥ എന്ന നിലയില്‍ കേരളത്തില്‍ അധികം കൃതികളുണ്ടായിട്ടില്ല. എന്നാല്‍, ഈ അടുത്ത് അല്‍ യൗമു തബസ്സുമത് എന്ന പേരില്‍ ഒരു കഥാസമാഹാരം ഡോ.മുഹമ്മദ് ഷാഫി വാഫി പുറത്തിറക്കിയിട്ടുണ്ട്. ഈജിപ്തിലെ ഒരു പ്രസാധകരാണ് അത് പ്രസിദ്ധീകരിച്ചത്. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ എടുത്ത് പറയേണ്ട ഒറിജിനല്‍ അറബി കൃതിയാണ് ഇത്.
മത-ഗള്‍ഫ് ബന്ധങ്ങളുള്ളതിനാല്‍ അറബി ഭാഷയോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരാണല്ലോ മലയാളികള്‍, എന്നിട്ടും വേണ്ടത്ര വളര്‍ച്ച ഉണ്ടാകാത്തത്, ഇംഗ്ലീഷിനോടുള്ള താല്‍പര്യം കൊണ്ടാണോ
ഒരു വിദേശ ഭാഷയ്ക്ക് വളരുന്നതിന് പരിമിതിയുണ്ട്. സത്യത്തില്‍ ഇവിടെ മലയാളത്തിനല്ലാതെ ഒരു ഭാഷയ്ക്കും വലിയ വളര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കാണാം. ഇംഗ്ലീഷിനും വലിയ വളര്‍ച്ച ഉണ്ടായിട്ടില്ല. ഇംഗ്ലീഷ് മുഖ്യധാരയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത് കൊണ്ട് കുറച്ച് പേര്‍ ഉപയോഗിക്കുന്നുണ്ട് എന്നതല്ലാതെ, ഇംഗ്ലീഷിന് വലിയ വളര്‍ച്ചയുണ്ടായി എന്നു തോന്നുന്നില്ല. ഹിന്ദി നമ്മുടെ ദേശീയഭാഷയായിട്ടും അതൊരു പാഠ്യപദ്ധതിയില്‍ ഒതുങ്ങുന്ന ഭാഷ മാത്രമാണ്.
വിദേശ ഭാഷകള്‍ക്ക് പരിമിതിയുണ്ട്. അറബിക്ക് കേരളത്തില്‍ ഒരു സവിശേഷ സ്ഥാനമുണ്ടായത്, മുസ്‌ലിംകള്‍ അത് മതപരമായ ഭാഷയായി കാണുന്നത് കൊണ്ടാണ്. ഉറുദു കേരളത്തിലെ മുസ്‌ലിംകളില്‍ വലിയ സ്വാധീനം ചെലുത്തുന്നില്ല എന്ന് കാണാം. വടക്കേ ഇന്ത്യയിലാണെങ്കില്‍ അറബിക്ക് കേരളത്തിലുള്ള പ്രധാന്യം പോലുമില്ല. കാരണം ഉറുദു ആണ് അവരുടെ മുഖ്യഭാഷ. അതുകൊണ്ട് തന്നെ അവരുടെ പ്രധാനഭാഷ ഉറുദുവായി മാറുന്നു. കേരളത്തിലാകട്ടെ നമ്മുടെ പ്രധാനഭാഷ മലയാളമാണ്. അറബിമലയാളം പോലും അതിന് ഒരു നിമിത്തമായിട്ടുണ്ട്്. മലയാളം തന്നെയാണ് അറബി മലയാളം.
ചില വടക്കന്‍ ജില്ലകളില്‍ ഉറുദു സാന്നിധ്യമുണ്ടെങ്കിലും തെക്കോട്ട് വന്നാല്‍ തീരെ ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ, അറബി മതപരമായ ഭാഷ എന്ന നിലയില്‍ അതിന്റെ സാന്നിധ്യം കേരളത്തില്‍ കൂടുതലാണ്. മതപരമായ ഭാഷയെന്നാല്‍ അത്, മതപരമായ ആചാരങ്ങള്‍ക്കപ്പുറത്ത് ഒരിക്കലും പോകില്ല. ഭൂരിപക്ഷം ആളുകളും ഭാഷ പഠിക്കുന്നു, ഖുര്‍ആന്‍ പാരായണം ചെയ്യുന്നു, ആരാധനകളിലും പ്രാര്‍ഥനകളിലും ഉപയോഗിക്കുന്നു എന്നല്ലാതെ അവയുടെ അര്‍ഥം പോലും ബഹുഭൂരിപക്ഷം പേര്‍ക്കും അറിയില്ല. അങ്ങനെ ഭാഷ ഒരിക്കലും വളരുകയില്ല. ഭാഷാപരമായി വളരെ കുറിച്ച് പേര്‍മാത്രമാണ് അറബി പഠിക്കുന്നത്. നിശ്ചിത കോഴ്‌സ് പഠിക്കുന്നു, ജോലി നേടുന്നു എന്നതിനപ്പുറം അവര്‍ വേറെ തൊഴില്‍ തേടി പോവുകയാണ്. അതിനപ്പുറം ഈ മേഖലയില്‍ അവര്‍ നില്‍ക്കുന്നില്ല. സ്വാഭാവികമായി ഭാഷ ഇവിടെ അവരില്‍ ഒതുങ്ങി നില്‍കുകയാണ്.
ഭാഷ വളരുന്നത് സാഹിത്യ കൃതികളിലൂടെയും ഭാഷാ വ്യവഹാരങ്ങളിലൂടെയുമാണ്. അതിനുള്ള സാധ്യത ഇവിടെ കുറവാണ്. വിവര്‍ത്തനങ്ങളൊക്കെ ഉണ്ടാകുന്നുവെങ്കിലും അത് വായിക്കുന്നവരുടെ എണ്ണവും, അത് പ്രചരിക്കുന്നതും പരിമിതവൃത്തത്തിലാണ്. ഇതൊക്കെയാണ് ഭാഷ വളരുന്നതിന് തടസ്സം. നേരത്തെ പറഞ്ഞത് പോലെ, എല്ലാ ഭാഷകളുടെ കാര്യത്തിലും ഇത് ബാധകമാണ്.
ഇംഗ്ലീഷ് ഭാഷ മാത്രമാണ് കുറച്ചെങ്കിലും അതില്‍ മുന്നോട്ട് പോയിട്ടുള്ളത്. ഇംഗ്ലീഷിന് സമൂഹത്തിലുള്ള സ്ഥാനം മറ്റൊന്നാണ്. ചില രാജ്യത്ത് പ്രധാന്യം ഇംഗ്ലീഷിനാണെങ്കില്‍ ചിലേടത്ത് അത് ഫ്രഞ്ചിനാണ്. അറബ്, മഗ്‌രിബ് പ്രദേശങ്ങളില്‍ ഫ്രഞ്ചാണ്. കോളനി വാഴ്ചയും കോളനി സംസ്‌കാരവും നിലനിന്നിരുന്ന രാജ്യങ്ങളില്‍ അവരുടെ ഒരു സ്വാധീനം കാണാം. ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷയാകുമ്പോള്‍ അതിന് പ്രത്യേക പ്രാധാന്യം ലഭിക്കുക സ്വാഭാവികമാണ്. ഈ ഒരു പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് മാത്രമേ അറബി അടക്കമുള്ള ഭാഷകള്‍ക്ക് വളരാന്‍ കഴിയുകയുള്ളൂ എന്നത് വസ്തുതയാണ്.
മതപാഠശാലകളിലും സ്‌കൂള്‍-കോളജ് തലങ്ങളിലും അറബി ഭാഷ പഠിക്കുന്നുണ്ട്, എങ്കിലും എന്തുകൊണ്ടാണ് ആ ഭാഷയില്‍ സര്‍ഗസൃഷ്ടി നടത്താന്‍ കഴിയുന്ന രൂപത്തില്‍ പ്രാവീണ്യം നേടാന്‍ മഹാഭൂരിപക്ഷത്തിന് കഴിയാത്തത്
സ്‌കൂള്‍-കോളജ് തലങ്ങളിലും മതപാഠശാലകളിലും, മതപാഠശാലകള്‍ നടത്തുന്ന ഉന്നതവിദ്യാഭ്യാസരംഗത്തും അറബി പഠിപ്പിക്കുന്നുണ്ടെങ്കിലും ബഹു ഭൂരിപക്ഷത്തിനും അത് കൈകാര്യം ചെയ്യുന്നതിനുള്ള പ്രാപ്തി ഇല്ല എന്നുള്ളത് ഒരു ദുഖസത്യമാണ്. കരിക്കുലം അതിനനുസരിച്ച് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ആശയവിനിമയശേഷിയും സര്‍ഗാത്മക ശേഷിയും വളര്‍ത്തിയെടുക്കാന്‍ പര്യാപ്തമായ ഒരു കരിക്കുലമാണുള്ളതെങ്കിലും ആ രീതിയിലേക്ക് കുട്ടികളെ കൊണ്ടുവരാനുള്ള സമയമോ സാധ്യതയോ അധികമില്ല എന്നതാണ് വാസ്തവം. തീരെ ഇല്ല എന്നല്ല, അവരുടെ എണ്ണം വളരെ കുറവാണ്. മുഖ്യധാരാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുപരിയായി ഇത്തരം കാര്യങ്ങളില്‍ വിജയച്ചത്, ഇന്‍ഫോമലായ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ക്കാണ്.
വാഫി, ഹുദവി കോഴ്‌സുകളില്‍ കൂടുതലും വിദ്യാര്‍ഥികളുടെ ക്രിയേറ്റീവായ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പഠനമാണ് നടക്കുന്നത്. എട്ട്, 10 വര്‍ഷത്തെ പഠനത്തിലൂടെ വിദ്യാര്‍ഥികളുടെ സാഹിത്യ സര്‍ഗശേഷി വളര്‍ത്തിയെടുക്കാന്‍ കഴിയുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും മുഖ്യധാര കലാലയങ്ങളില്‍ നിന്നും കഴിവുള്ള വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങുന്നുണ്ട്. പക്ഷേ, അവരുടെ എണ്ണം വളരെ കുറവാണ്. ഒരു വിദേശഭാഷ എന്ന നിലയില്‍ അത് കൈകാര്യം ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണം കുറവാണ്.
മലയാളത്തിലെ പല സാഹിത്യ സൃഷ്ടികളും അറബിയിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്. ഒപ്പം അറബിയില്‍ നിന്ന് മലയാളത്തിലേക്കും. എങ്കിലും കൂടുതലായി അത്തരം സൃഷ്ടികളുണ്ടാകുന്നില്ല. കേരളത്തില്‍ അറബി സാഹിത്യ കൃതികളുടെ മൊഴിമാറ്റം ഏത് ഘട്ടത്തിലാണ് (മലയാളത്തില്‍ നിന്ന് അറബിയിലേക്കും അറബിയില്‍ നിന്ന് മലയാളത്തിലേക്കും)
കേരളത്തില്‍ മഹത്തായ ഒരു അറബിസാഹിത്യ വിവര്‍ത്തനശാഖ തന്നെ ഉണ്ട്. അറബി കൃതികളുടെ മലയാള വിവര്‍ത്തനത്തിലൂടെയാണ് അത് ആരംഭിക്കുന്നത്. ഇംഗ്ലീഷ് മധ്യഭാഷയായി ഉപയോഗിച്ച് അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വന്ന കൃതികളെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അത് അറബി അറിയാത്ത വിവര്‍ത്തകന്മാരുടെ സംഭാവനയാണ്. അറബി കൃതികള്‍ നേരിട്ട് മലയാളത്തിലേക്ക് മൊഴിമാറ്റുന്ന രീതിയും മലയാളത്തിലുണ്ട്. 1970കളിലാണ് അത് തുടങ്ങുന്നത്. 1971ല്‍ എംകെ നാലകത്തും കെഎം താനേരിയും ചേര്‍ന്ന് ലബനാനിലെ ജോര്‍ജ്ജ് സെയ്ദാന്റെ ഫതാത് ഗസ്സാന്‍-അറബി പെണ്ണ് എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. കോഴിക്കോട്ടെ പികെ ബ്രദേഴ്‌സാണ് അത് പബ്ലിഷ് ചെയ്തത്. അതിന് ശേഷം എന്‍ബിഎസും സമന്വയം ബുക്‌സും ചേര്‍ന്ന് ഈജിപ്തിലെ ത്വാഹാ ഹുസൈന്റെ ദുആ ഉല്‍ ഖര്‍വാന്‍ എന്ന പ്രശസ്ത നോവല്‍ അറബിയില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റി. ഫറൂഖ് കോളജ് അധ്യാപകനായിരുന്ന പ്രഫ. മുഹമ്മദ് കുട്ടശ്ശേരിയാണ് പാതിരാ കുയിലിന്റെ രാഗം എന്ന പേരില്‍ ഇത് മൊഴിമാറ്റിയത്.
ആദ്യത്തെ മികച്ച സൃഷ്ടികളിലൊന്നായായിരുന്നു അത്. അതിന് ശേഷം ഈജിപ്തിലെ നജീബ് കീലാനി, മുസ്തഫ ലുത്ഫി മന്‍ഫലൂതി, യമനിലെ അലി അഹ്മദ് ബാഖസീര്‍, ഈജിപ്തിലെ തന്നെ മഹമൂദ് തൈമൂര്‍, അഹ്മദ് ബഹ്ജത്, ത്വാഹാ ഹുസൈന്‍ ഇങ്ങനെ ധാരാളം പേരുടെ കൃതികള്‍ 80കള്‍ക്ക് മുന്‍പ് നേരിട്ട് മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട്. പിന്നീട് മതപരമായ കൃതികള്‍, കവിതകള്‍, അറബിയിലെ പ്രാചീന കവിതകളായ മുഅല്ലഖാത്ത്, ഹസ്സാനുല്‍ സാബിത്തിന്റെയും കഅ്ബ് ഇബിന് സുഹൈറിന്റെയും ഇമാം ബൂസീരിയുടെ പ്രവാചക സ്തുതിയുമായി ബന്ധപ്പെട്ടുള്ള കൃതികള്‍, ഉറുല്‍ ഖാഹിരിയുടെ ഖസീദ ഹംസിയ്യ തുടങ്ങിയ കൃതികളും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ആധുനിക കാലത്ത് ധാരാളം അറബി കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിഎ കബീര്‍, അഷ്‌റഫ് കീഴുപറമ്പ്, അബ്ദു ശിവപുരം, മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി പുതിയ തലമുറയില്‍, യൂനിവേഴ്‌സിറ്റി കോളജിലെ ഡോ. കെ മുഹമ്മദലി അസ്‌കര്‍, ഫറൂഖ് കോളജിലെ ഡോ.യുപി മുഹമ്മദ് ആബിദ്, ഡോ. അബ്ദുല്‍ മജീദ് സ്വലാഹി, ടികെ മുഹമ്മദ് അലി വാഫി, അംജദ് അമീന്‍ കരപ്പുരം, ഇബ്രാഹിം ബാദുഷ വാഫി എന്നിവരുടെ പേരുകള്‍ എടുത്തുപറയേണ്ടതാണ്.
ബുക്കര്‍ സമ്മാനം ലഭിച്ച ജോഖാ അല്‍ ഹാരിസിയുടെ സയ്യിദാതുല്‍ ഖമര്‍ നിലാവിന്റെ പെണ്ണുങ്ങള്‍ എന്ന പേരില്‍ ഇബ്രാഹിം വാഫി മലയാളത്തിലേക്ക് മാറ്റിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. അഡോണിസ് കേരളത്തില്‍ വന്നതുമായി ബന്ധപ്പെട്ട്, ഡോ. മുഹമ്മദലി അസ്‌കര്‍ അഡോണിസിന്റെ കവിതകള്‍ മൊഴിമാറ്റിയിരുന്നു. മാതൃഭൂമി ബുക്‌സാണ് അത് പ്രസിദ്ധീകരിച്ചത്. എന്റേതായിട്ട് 10 കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അതില്‍ ഒന്‍പതെണ്ണം അറബി നോവലുകളാണ്. നജീബ് മഹ്ഫൂദ്, ഖാലിദ് ഖലീഫ, സിനാന്‍ അന്തൂന്‍, ജമാല്‍ നാജി, മഹ്മൂദ് സഈദ്, ഹബീബ് സല്‍മി തുടങ്ങിയവയും വനിത എഴുത്തുകാരികളായ ലബനനിലെ ഹുദാ ബര്‍കാത്ത്, സിറിയയിലെ സമര്‍ യെസ്ബക് എന്നിവരുടെ കൃതികളാണ് വിവര്‍ത്തനം ചെയ്തത്. അതിലൊന്ന് കഥാസമാഹാരവും, മറ്റുള്ളവ നോവലുകളുമാണ്.
ഇതിന് പുറമെ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതില്‍ ശ്രദ്ദേയമായത് എസ് എ ഖുദ്‌സിയുടേതാണ്. അദ്ദേഹം അറബി വേരുകളുള്ള മലയാളിയാണ്. അതുപോലെ ഡോ. എംഎം ബഷീര്‍, അദ്ദേഹത്തിന്റെ ഭാര്യ ബിഎം സുഹ്‌റ, ഇതിന് പുറമെ സ്മിത ലക്ഷ്മി, ഹരിത സാവിത്രി, അനിതാ തമ്പി, ഒവി ഉഷ, സര്‍ജ്ജു, കെ എം അജീര്‍ കുട്ടി, സച്ചിദാനന്ദന്‍, പികെ പാറക്കടവ് തുടങ്ങിയവര്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിരുന്നു. ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് കൂടുതലും മൊഴിമാറ്റിയത് ഖലീല്‍ ജിബ്രാന്റെ കൃതികളാണ്. ഫലസ്തീന്‍ കവിയായ മഹ്മൂദ് ദര്‍വീശിന്റെ കവിതകള്‍ കെ എം അജീര്‍കുട്ടി മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഡോ.എംഎം ബഷീര്‍ ധാരാളം കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡോ. ബഷീര്‍ തൗഫീഖുല്‍ ഹക്കീമിന്റെ കൃതികള്‍ മൊഴിമാറ്റിയിട്ടുണ്ട്. ബിഎം സുഹ്‌റ നജീബ് മഹ്ഫൂസിന്റെ നോബല്‍ സമ്മാനം ലഭിച്ച കൊട്ടാരത്തെരുവ്്, ത്വയ്യിബിന്റെ സൈനിന്റെ കല്യാണം എന്നീ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയതിട്ടുണ്ട്. എസ്എ ഖുദ്‌സി ആദ്യ അറബ് നോവലായ സൈനബ് വിവര്‍ത്തനം ചെയ്തു. മഹ്മൂദ് സെയ്ദിന്റെ സദ്ദാം സിറ്റി, അതുപോലെ ഈയിടെ അന്തരിച്ച ഈജിപ്തിലെ ഫെമിനിസ്റ്റായ നവാല്‍ അല്‍ സഅ്ദാവിയുടെ രണ്ട് നോവലുകള്‍, വുമണ്‍ അറ്റ് പോയിന്റ് സീറോ, ഗോഡ് ഡൈസ് ബൈ നൈലും മലയാളത്തിലേക്ക് മാറ്റിയ വിവര്‍ത്തകനാണ് ഖുദ്‌സി.
അതുപോലെ മലയാളത്തില്‍ നിന്ന് അറബിയിലേക്കുള്ള വിവര്‍ത്തനവും തീരെ കുറവല്ല. ഇരുപതിലധികം കൃതികള്‍ മലയാളത്തില്‍ നിന്ന് അറബിയിലേക്ക് മാറ്റിയിട്ടുണ്ട്. തകഴിയുടെ ചെമ്മീന്‍-ഡോ.മുഹിയിദ്ദീന്‍ ആലുവായ് (1965 ഐസിസിആര്‍), കുമാരനാശാന്റെ വീണപൂവ്-അബൂബക്കര്‍ നന്മണ്ട, കമല സുരയ്യയുടെ യാ അല്ലാഹ് -മൊയ്തുമൗലവി എന്നിവരും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. യുഎഇയില്‍ താമസിക്കുന്ന അറബി പൗരന്‍ ഡോ. ഷിഹാബ് ഗാനിം, ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത മലയാളം കൃതികള്‍ അറബിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ സുഗതകുമാരിയുടെ മതറുല്‍ ലൈല്‍ (രാത്രി മഴ), സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ അഞ്ച് കൃതികള്‍ അദ്ദേഹം അറബിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതുപോലെ സുഹൈല്‍ അബ്ദുല്‍ ഹക്കീം വാഫി എടുത്തുപറയേണ്ട മറ്റൊരു വിവര്‍ത്തകനാണ്. അയ്യാമുല്‍ മാഇസ് എന്ന പേരില്‍ ബെന്യാമിന്റെ ആടുജീവിതം അറബിയിലേക്ക് മാറ്റി. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി-റഫീഖത്തു സബാ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. ബിഎം സുഹ്‌റയുടെ ഇരുട്ട്, വീരാന്‍ കുട്ടിയുടെ കവിതകള്‍ എന്നിവ സുഹൈല്‍ അബ്ദുല്‍ ഹക്കീം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ എം മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങളില്‍ -അലാ ദഫാഫി മയ്യഴി എന്ന പേരില്‍ അലാവുദ്ദീന്‍ ഹുദവി വിവര്‍ത്തനം ചെയ്തു. ഈയടുത്ത് ഷാര്‍ജ ബുക് ഫെയറില്‍ പ്രകാശനം ചെയ്ത എംടിയുടെ മഞ്ഞ് ഡോ. മുഹമ്മദ് അബ്ദുല്‍ കരീം ഹുദവി -അസ്സദീം എന്ന പേരിര്‍ വിവര്‍ത്തനം ചെയ്തു. ടി പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന ചെറുകഥ അബ്ദുല്ല വാഫി അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഈജിപ്തുകാരനായ സഹര്‍ തൗഫീഖ് എംടിയുടെ കാലവും, മുസ്തഫ വാഫി, അനസ് വാഫി എന്നിവര്‍ നാലുകെട്ടും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ചില അറബ് പൗരന്മാര്‍ തന്നെ ഏതാനും കൃതികള്‍ അറബിയിലേക്ക് മാറ്റിയിട്ടുണ്ട്. ബിഎം സുഹ്‌റയുടെ നിലാവ്, മൊഴി എന്നീ കൃതികള്‍ സമര്‍ അല്‍ ശിഷ്‌കലി എന്ന സിറിയന്‍ വനിത അറബിയിലേക്ക് മാറ്റിയിട്ടുണ്ട്. മുഹമ്മദ് ഈദ് ഇബ്രാഹിം പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ അറബിലേക്ക് മാറ്റി. ഇത് മലയാളികള്‍ മുന്‍കൈ എടുത്ത് അറബിയിലേക്ക് മാറ്റിയതാണ്.
എന്നാല്‍ ഇപ്പോള്‍ മലയാളികള്‍ തന്നെയാണ് വിവര്‍ത്തനം ചെയ്യുന്നത്. ഈ മലയാള കൃതികള്‍ അറബിയില്‍ പ്രസിദ്ധീകരിക്കുന്നത് അറബ് പ്രസാധകര്‍ തന്നെയാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കുവൈത്തിലെ ദാറുല്‍ ഖാന്‍, കെയ്‌റോയിലെ ദാറു സുക്കരിയ്യ, ഖത്തറിലെ മിനിസ്ട്രി ഓഫ് കള്‍ച്ചര്‍, ഖത്തറിലെ തന്നെ ദാറുല്‍ വതദ്്, യുഎഇയിലെ കലിമ എന്നീ പ്രസാധകരാണ് ഈ പുസ്തകങ്ങളൊക്കെ പ്രസിദ്ധീകരിക്കുന്നത്. കുവൈറ്റിലെ ആഫാഖ് ബുക്‌സാണ് ബെന്യാമിന്റെ ആടുജീവിതം പ്രസിദ്ധീകരിച്ചത്. കൂവൈറ്റിലെ ദാറുല്‍ ഖാനാണ് എംടിയുടെ മഞ്ഞ് പ്രസിദ്ധീകരിച്ചത്. അറബിയില്‍ നിന്ന് മലയാളത്തിലേക്ക്് വിവര്‍ത്തനം ചെയ്ത പുസ്തകങ്ങള്‍ക്ക് നല്ല വായനക്കാരുമുണ്ട്. ഇത്തരത്തില്‍ ഒരു മികച്ച മൂവ്‌മെന്റായി അറബി കൃതികളുടെ വിവര്‍ത്തന ശാഖ വളര്‍ന്നിട്ടുണ്ട്.
അറബി ഭാഷയിലും സാഹിത്യത്തിലും പ്രാവീണ്യം നേടാന്‍ ക്ലാസ് മുറി പഠനങ്ങള്‍ക്കപ്പുറം എന്തൊക്കൊ മാര്‍ഗ്ഗങ്ങളാണുള്ളത്
ക്ലാസ് മുറികള്‍ക്കപ്പുറം വിവിധ പഠനരീതികള്‍ ഇപ്പോഴുണ്ട്. ലാംഗ്വേജ് ലാബ് പോലുള്ള സാധ്യതകള്‍ പല സ്ഥാപനങ്ങളിലുമുണ്ട്. നേറ്റീവ് സ്പീക്കേഴ്‌സില്‍ നിന്ന് ഭാഷ മനസ്സിലാക്കാനുള്ള അവസരമുണ്ട്. അറബ് മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ പ്രയോജനപ്പെടുത്താന്‍ ഉതകുന്ന തരത്തില്‍ കരിക്കുലം പരിഷ്‌കരിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത്് ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്തി, വിദേശ അറബി ഭാഷാ വിദഗ്ധരുമായുള്ള ആശയവിനിമയത്തിന് സൗകര്യമൊരുക്കിയിരുന്നു. വിദേശ ഭാഷാ വിദഗ്ധരുടെ ക്ലാസുകളും ഓണ്‍ലൈനായി സംഘടിപ്പിക്കുന്നുണ്ട്.
വിവര്‍ത്തനം, ബിസിനസ് ട്രാന്‍സ്ലേഷന്‍, ഇന്റര്‍പ്രട്ടേഷന്‍, തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് നല്‍കുന്നുണ്ട്. ആ മേഖലകളിലെ സാധ്യതകളും അവര്‍ക്ക് വിശദീകരിച്ച് കൊടുക്കുന്നുണ്ട്.
കള്‍ച്ചറല്‍ എക്‌സ് ചേഞ്ചിന്റെ ഭാഗമായി വിദേശത്ത് പോയി എല്ലാവര്‍ഷവും പഠിക്കാനുള്ള സൗകര്യമുണ്ട്. ഖത്തര്‍ പോലുള്ള രാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ കോഴ്‌സ് ചെയ്യാം. നേരത്തേ ഉണ്ടായിരുന്നതാണെങ്കിലും ഇപ്പോള്‍ വിപുലമായി ഈ സൗകര്യം ഉപയോഗിക്കാം. അറബ് സാഹിത്യകാരന്മാരുമായുള്ള ആശയവിനിമയം, പുതിയ സൃഷ്ടികളും ആശയങ്ങളും വികസിപ്പിക്കാനുതകുന്ന ശില്‍പശാലകള്‍, വെബിനാറുകള്‍, സെമിനാറുകള്‍ എന്നിവ സജീവമായി നടക്കുന്നുണ്ട്. കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരങ്ങള്‍ ഇപ്പോള്‍ ധാരാളമായുണ്ട്. ഇത്തരം കാര്യങ്ങളില്‍ അധ്യാപകരും കൂടുതലായി ശ്രദ്ധ ചെലുത്തുന്നുണ്ട്.
അറബിക് സര്‍വകലാശാല എന്ന ആവശ്യം വീണ്ടും ഉയര്‍ന്നുവരുകയാണല്ലോ, എന്തുകൊണ്ടാണ് ഈ ആവശ്യത്തോട് ഭരണകൂടം അനുകൂലമായി പ്രതികരിക്കാത്തത്. പ്രയോഗത്തിലില്ലാത്ത ഭാഷകള്‍ക്ക് പോലും കേരളത്തില്‍ സര്‍വകലാശാലകളുണ്ട്. അപ്പോള്‍ പിന്നെ എന്തുകൊണ്ടാണ് മത-ജാതി കുത്തകയില്ലാത്ത എല്ലാവിഭാഗങ്ങളും ഇപ്പോള്‍ പഠിച്ച് കൊണ്ടിരിക്കുന്ന ഭാഷയ്ക്ക് ഒരു സര്‍വകലാശാല വൈകുന്നത്
അറബി സര്‍വകലാശാല എന്ന ആവശ്യം മുന്‍പേ ഉള്ളതാണ്. സംസ്‌കൃത ഭാഷയ്ക്ക് സര്‍വകലാശാല ഉള്ളപ്പോള്‍, അറബിക്ക് ഒരു സര്‍വകലാശാല എന്ന ആവശ്യം ന്യായമാണ്. ഇതില്‍ രണ്ട് അഭിപ്രായമുണ്ട്, ഒന്ന് സര്‍വകലാശാല തന്നെ വേണമോ, അതോ നിലവിലുള്ള സ്ഥാപനങ്ങളെ ശാക്തീകരിക്കുകയാണോ വേണ്ടത്. സംസ്‌കൃത സര്‍വകലാശാല വന്നെങ്കിലും അതിന് മാത്രം വികാസം സംസ്‌കൃത ഭാഷയ്ക്ക് അത്‌കൊണ്ട് ഉണ്ടായോ എന്ന കാര്യം സംശയകരമാണ്. അതുപോലെ അറബിക്കും ഒരു ചടങ്ങു മാത്രമായി യൂനിവേഴസ്റ്റി മാറുമോ എന്ന ഒരു ആശങ്കയുണ്ട്.
വ്യക്തിപരമായി ഒരു സര്‍വകലാശാല വരുന്നത് നല്ലതെന്ന അഭിപ്രായമാണുള്ളത്. ഒപ്പം അത് ഒരു രാഷ്ട്രീയ വിഷയമായതിനാല്‍ കൂടുതല്‍ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല. നിലവിലുള്ള സ്ഥാപനങ്ങളെ കൂടുതല്‍ വിപുലീകരിക്കാനും ശാക്തീകരിക്കാനും ശ്രമിക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. അറബ് സര്‍വകലാശാല വരുകയാണെങ്കില്‍ കൂടുതല്‍ തൊഴിലവസരം വരും എന്നത് വാസ്തവമാണ്. കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യത ഏറെയാണ്. വ്യവസ്ഥാപിതമായി ഇന്റര്‍ ഡിസിപ്ലിനറി പഠനത്തിന് സാധ്യതയുണ്ടാകും.
അതുപോലെ, ഷാര്‍ജ സുല്‍ത്താന്റെ കേരള സന്ദര്‍ശനത്തില്‍ ഒരു അറബി പഠന കേന്ദ്രത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് അന്ന് ചര്‍ച്ച നടന്നിരുന്നു. അത് ഒരു സര്‍വകലാശാലയായി ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുമെന്നും കേട്ടിരുന്നു. എന്നാല്‍, പിന്നീട് അതേക്കുറിച്ച് ഒന്നും കേട്ടില്ല. അത്തരത്തില്‍ മലബാര്‍ കേന്ദ്രീകരിച്ച് ഒരു അറബി പഠനം കേന്ദ്രം വരുകയാണെങ്കില്‍ നന്നായിരിക്കും. ഇത് ഒരു രാഷ്ട്രീയവിഷയമായി കൊണ്ടുവരാന്‍ താല്‍പര്യമില്ല. അതുകൊണ്ടാണ് കൂടുതല്‍ ഈ വിഷയത്തില്‍ പറയാന്‍ ശ്രമിക്കാത്തത്.
(ഡോ. എന്‍ ഷംനാദ് -തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് അറബി വകുപ്പ് തലവനും അസോസിയേറ്റ് പ്രഫസറും. 10 അറബി കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അറബി സാഹിത്യവിവര്‍ത്തന സംഭാവനക്ക് ഖത്തര്‍ സര്‍ക്കാര്‍ നല്‍കുന്ന ശൈഖ് ഹമദ് അന്താരാഷ്ട്രാ പുരസ്‌കാരം നേടിയിട്ടുണ്ട്.)
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT