news line

പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്

പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്
X

കണ്ണൂരെന്നാല്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വൈകാരികനാമമാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് ആദ്യമായി കണ്ണൂരിന്റെ മണ്ണിലെത്തിയപ്പോള്‍ ഉല്‍സവലഹരിയോടെയാണ് പാര്‍ട്ടി അണികള്‍ വരവേല്‍ക്കുന്നത്. നഗരമാകെ ചുവന്നുതുടുത്തിരിക്കുന്നു. നായനാര്‍ അക്കാദമിയും ജവഹര്‍ സ്റ്റേഡിയവും എന്നുവേണ്ട കണ്ണൂര്‍ നഗരത്തിലെ ചുവരുകള്‍ പോലും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ചെഞ്ചായമണിഞ്ഞിരിക്കുകയാണ്. എന്നാല്‍, സംഘപരിവാരം ലക്ഷ്യമിട്ട കോണ്‍ഗ്രസ് മുക്ത ഭാരതം ഏതാണ്ട് ലക്ഷ്യത്തിലെത്തിയ വര്‍ത്തമാന ഇന്ത്യയില്‍ സിപിഎം ലക്ഷ്യമിടുന്നത് എന്താണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടെടുക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. ദേശീയതലത്തില്‍ പ്രതിപക്ഷം പോലുമില്ലാതെ വര്‍ഗീയ-വിദ്വേഷ ഭരണകൂടം രാജ്യത്തെ വിറ്റുതുലയ്ക്കുകയും വിഭജിക്കുകയും ചെയ്യുമ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് അതിനു കാണുന്ന പരിഹാരം എന്തായിരിക്കും. പ്രത്യേകിച്ച് ബംഗാളിലും ത്രിപുരയിലും കെട്ടടങ്ങിപ്പോയ കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ നിന്ന് ഉയിത്തെഴുന്നേല്‍പ്പുണ്ടാക്കാനാവുമോ എന്ന ചോദ്യവും പ്രസക്തമാണ്.


കേരളത്തിലൊഴികെ രാജ്യത്തെല്ലായിടത്തും പാര്‍ട്ടിയുടെ വളര്‍ച്ച താഴോട്ടാണെന്നും രാജ്യത്തെ പാര്‍ട്ടി അംഗങ്ങളില്‍ പകുതിയിലേറെയും കേരളത്തില്‍ നിന്നാണെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന സി.പി.എം സംഘടനാ റിപോര്‍ട്ടില്‍ പറയുന്നു. 1964ലെ പാര്‍ട്ടി രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നതെന്നും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുന്ന നയങ്ങളും കടമകളും കഠിനമായ പ്രവര്‍ത്തനത്തിലൂടെ നടപ്പാക്കണമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഹിന്ദുത്വം അജണ്ടയ്‌ക്കെതിരേ പാര്‍ട്ടിയും ഇടതുപക്ഷവും ശക്തമായി പോരാടണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന നിലയില്‍ ബദല്‍ തേടുന്ന ജനതയ്ക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈയൊരു നിര്‍ദേശത്തില്‍ നടപ്പാക്കാന്‍ പോവുന്ന പദ്ധതികള്‍ ഏറെ പ്രസക്തമാണ്. സി.പി.ഐയുമായി കൂടിയാലോചിച്ച് ആറ് മാസത്തിനുള്ളില്‍ എല്ലാ സംസ്ഥാനത്തും ഇടതുമുന്നണി രൂപീകരിക്കണമെന്ന് തുടങ്ങുന്ന അടിയന്തര നടപടികളെ കുറിച്ചും കരട് രാഷ്ട്രീയ പ്രമേയ റിപോര്‍ട്ടില്‍ പറയുന്നുണ്ട്.


ബിജെപി നിയന്ത്രിക്കുന്ന കേന്ദ്രഭരണകൂടം പൂര്‍ണമായൊരു ഫാഷിസ്റ്റ് സര്‍ക്കാര്‍ അല്ലെന്നാണ് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ എസ് രാമചന്ദ്രന്‍പിള്ളയും എം എ ബേബിയും ഉള്‍പ്പെടെയുള്ളവരും അതേ നിലപാടാണ് സ്വീകരിക്കുന്നത്. സൈദ്ധാന്തികമായി വ്യ്ാഖ്യാനിക്കുമ്പോഴും ജെനോസൈഡ് വാച്ച് പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ നല്‍കുന്ന മുന്നറിയിപ്പുകളെ പാര്‍ട്ടി എങ്ങനെ കാണുന്നുവെന്ന് വ്യക്തമാക്കുന്നില്ല. രാജ്യം മുസ് ലിം വംശഹത്യയുടെ എട്ടാം സ്റ്റേജിലാണെന്നാണ് ജെനോസൈഡ് വാച്ച് മുന്നറിയിപ്പ്. മോദിയുടെ നേതൃത്വത്തില്‍ രാജ്യമാകെ കാവി പടര്‍ത്തുമ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടരണോ, വേണ്ടയോ എന്നതാവരുത് പ്രധാന ചര്‍ച്ച. പിബിയില്‍ 75 വയസ്സെന്ന പ്രായപരിധി കര്‍ശനമാക്കിയാലും ഇല്ലെങ്കിലും ആര്‍എസ്എസിന്റെ വളര്‍ച്ചയെ, എതിര്‍ശബ്ദം ഇല്ലാതാക്കുന്ന ഹിന്ദുത്വത്തെ, കാവിവല്‍ക്കരിക്കപ്പെടുന്ന അക്കാദമിക ലോകത്തെ, ചരിത്രത്തിന്റെ അപനിര്‍മിതിയെ, കാംപസുകളിലെ കൈയേ്‌റത്തെ, കര്‍ഷകരുടെ രോദനത്തെ, കുതിച്ചുയരുന്ന ഇന്ധനവിലയെ, ജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തെ, തകിടം മറിയുന്ന കാലാവസ്ഥയെ, പരിസ്ഥിതിയെ മറക്കുന്ന വികസനത്തെ കുറിച്ചെല്ലാം എന്തുപറയുന്നുവെന്നതാണ് ശ്രദ്ധേയം.


നന്ദിഗ്രാമിനെ മറക്കരുതെന്ന് ബംഗാള്‍ ഘടകം പറയുമ്പോഴും കേരളഘടകം സില്‍വര്‍ ലൈന്‍ എന്ന് ഓമനപ്പേരിട്ട കെ റെയിലുമായി മുന്നോട്ടുപോവുകയാണ്. കേരളത്തെ വിഭജിക്കുന്ന, കടക്കെണിയില്‍ നിന്ന് കടക്കെണിയിലേക്ക് കൊണ്ടെത്തിക്കുന്ന അഴിമതിപ്പാതയ്ക്ക് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുമതിയുണ്ടാവുമോ. ദേശീയ തലത്തില്‍ വിശാല മതേതര കൂട്ടായ്മയെന്ന് ഓരോ തിരഞ്ഞെടുപ്പ് കാലത്തും പറയുന്നതിനപ്പുറം പ്രായോഗിക നടപടികള്‍ കൈക്കൊള്ളുമോ. പി ബിയിലും സിസിയിലും ദലിത്-മുസ് ലിം-സ്ത്രീ പ്രാതിനിധ്യം കൂട്ടുമോ. പിന്നാക്ക സംവരണം അട്ടിമറിക്കുന്ന സവര്‍ണ സംവരണത്തിന് പച്ചക്കൊടി തന്നെയാണോ നല്‍കാനിരിക്കുന്നത്. സ്ത്രീ പങ്കാളിത്തം മുദ്രാവാക്യങ്ങളിലൊതുങ്ങില്ലെന്ന് പ്രത്യാശിക്കാം. രാജ്യമാകെ ഇടതുമുന്നണിയെ ശക്തിപ്പെടുത്തി ഒരു വേദിയില്‍ അണിനിരത്തണമെന്ന കാലമേറെ പഴക്കമുള്ള ആഹ്വാനങ്ങള്‍ക്ക് പിബിക്ക് പോലും ഒന്നും ചെയ്യാനായില്ലെന്നത് കുറ്റസമ്മതത്തിലൊതുങ്ങുകയാണ്. ഇവയ്ക്ക് പ്രായോഗിക പദ്ധതികള്‍ ഒരുക്കുമോ.


ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന സങ്കല്‍പം ആദ്യമായി അവതരിപ്പിക്കപ്പെട്ട ജലന്തറിലെ 10ാം പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്ന് കണ്ണൂരിലെ 21ാം പാര്‍ട്ടി കോണ്‍ഗ്രസിലെത്തുമ്പോഴും ഒരടി മുന്നോട്ടു പോവാനായില്ലെന്നു മാത്രമല്ല, കുറേ അടി പിന്നോട്ടാണെന്ന് ബംഗാളും ത്രിപുരയും കാട്ടിത്തരുന്നു. നേര്‍ വിപരീതമാണ് ചിലയിടത്ത് സംഭവിച്ചത്. ബംഗാളിലും ത്രിപുരയിലും ഇടതുമുന്നണിയുടെ ഭാഗമായ ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും കേരളത്തില്‍ യുഡിഎഫിലേക്കു ചേക്കേറി.


രാജ്യത്തെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും സ്വാധീനവും ശക്തിയും തിരിച്ചറിയാനായില്ലെന്നും റിപോര്‍ട്ടുകളില്‍ പറയുന്നുണ്ട്. രാജ്യത്ത് ഒരേ വര്‍ഷം പിറവിയെടുത്ത ആര്‍എസ്എസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നതെന്ന് പരിശോധിച്ചാല്‍ മാത്രം മതിയാവും വളര്‍ച്ച എങ്ങോട്ടാണെന്ന്. ബംഗാളില്‍ ഭരിച്ചപ്പോള്‍ മുസ് ലിംകളെ ഒരു വര്‍ഗമായി പോലും കാണാതെ അവഗണിച്ചത് സച്ചാര്‍ റിപോര്‍ട്ടിലൂടെ നാം കണ്ടതാണ്. കേരളവും അതേവഴിയാണ് പോവുന്നതെന്ന് സംശയിച്ചുപോവുന്നുണ്ട്. പലപ്പോഴും രാഷ്ട്രീയ-അതിജീവന സമരങ്ങളിലെ സമരക്കാരുടെ മതംനോക്കി വര്‍ഗീയവാദികളും തീവ്രവാദികളുമാക്കുന്നത് പാര്‍ട്ടിയുടെ തലതൊട്ടപ്പന്‍മാര്‍ തന്നെയാണല്ലോ. ഗെയിലും കെ റെയിലുമെല്ലാം അതിന്റെ ചെറു ഉദാഹരണങ്ങള്‍ മാത്രം. ഭരണത്തുടര്‍ച്ചയെന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ സര്‍ക്കാരിനെ, ഏറ്റവും കുറഞ്ഞത് ആഭ്യന്തര വകുപ്പിനെ ഭരിക്കുന്നത് പാര്‍ട്ടിയാണോ ആര്‍എസ്എസ് ആണോ എന്നുപോലും സംശയിച്ചുപോവുന്നുണ്ട്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ആര്‍എസ്എസ് ശാഖയുള്ളത് സിപിഎം ഭരിക്കുന്ന കേരളത്തിലായത് പ്രത്യയശാസ്ത്രപരമായ പരാജയം തന്നെയല്ലേ. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഹിന്ദുത്വതന്ത്രം തന്നെയല്ലേ യുഎപിഎ ചുമത്തിയും വ്യാജ ഏറ്റുമുട്ടല്‍ നടത്തിയും മാവോവാദികളെ ഇല്ലാതാക്കുന്നതിലൂടെ ചെയ്യുന്നത്. സംഘപരിവാരത്തിന്റെ കൊലവിളികളെ തച്ചുടയ്ക്കുന്നതിനു പകരം ശ്രീ എമ്മുമാര്‍ക്ക് സര്‍ക്കാര്‍ ഭൂമി ദാനം ചെയ്യപ്പെടുകയാണെങ്കില്‍ ത്രിപുരയെ പോലെ നേരം ഇരുട്ടിവെളുക്കുമ്പോഴേക്കും അരിവാളിനു പകരം ത്രിശൂലമേന്തുമെന്നുറപ്പാണ്.


ലോകത്ത് എല്ലായിടത്തും കര്‍ഷകരുടെയും തൊഴിലാളികളുടെയും ഭാഗമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നാണ് വയ്പ്. എന്നാല്‍, രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക സമരത്തില്‍ നാമമാത്രമായിരുന്നില്ലേ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാന്നിധ്യം. അല്ലെങ്കില്‍ യുപി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും ചലനമുണ്ടാക്കാന്‍ കഴിയുമായിരുന്നല്ലോ. ഇന്ധനവിലയും അവശ്യവസ്തുക്കളുടെ വിലയുമെല്ലാം ലക്കും ലഗാനുമില്ലാതെ കുതിച്ചുയരുകയാണ്. ഈ സമയത്തെല്ലാം പതിവുപണിമുടക്കിനപ്പുറം രാജ്യത്തെ സ്തംഭിപ്പിക്കുന്ന സമരങ്ങള്‍ക്ക് സാന്നിധ്യം ഉള്ളിടത്തെങ്കിലും നേതൃത്വം നല്‍കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ആയിട്ടുണ്ടോയെന്നും വിലയിരുത്തേണ്ട സമയമാണിത്. ആമസോണ്‍ കാടുകളെ കുറിച്ച് ആശങ്കപ്പെട്ട പാര്‍ട്ടിക്ക് പശ്ചിമഘട്ടത്തെ കുറിച്ച് പറഞ്ഞുകൊടുക്കാന്‍ ആളില്ലെന്നാണോ. അതിവേഗപ്പാതയൊരുക്കുന്നത് തൊഴിലാളി വര്‍ഗത്തിനു വേണ്ടിയാണോ എന്ന് ഇരുന്ന് ചിന്തിക്കണം. ഇടതുബദല്‍ എന്നത് അനുദിനം വലതുബദലായി മാറുകയല്ലേ. ആളും അര്‍ത്ഥവും കൂടുതലുള്ള കേരളത്തെയും അതിനെ നിയന്ത്രിക്കുന്ന നേതാക്കളെയും തിരുത്താന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ആവുമോയെന്നതും 21ാം പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കുന്ന ചോദ്യങ്ങളില്‍ പ്രധാനമാണെന്നതില്‍ തര്‍ക്കമില്ല. വിശാല മതേതര സഖ്യത്തിന് ഇനിയും വിട്ടുവീഴ്ചകളോടെ മുന്‍കൈയെടുക്കുന്നില്ലെങ്കില്‍ രാജ്യം കാവിയുടെ അന്ധകാരത്തിലെത്തുമ്പോള്‍ മുസ് ലിമിനും കമ്മ്യൂണിസ്റ്റിനും അവിടെ ഇടമുണ്ടാവില്ല എന്നെങ്കിലും തിരിച്ചറിയാന്‍ പാര്‍ട്ടി കോണ്‍ഗ്രസിനാവട്ടെ എന്ന് പ്രത്യാശിക്കാം.




Next Story

RELATED STORIES

Share it