- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി: നിയമയുദ്ധത്തിന്റെ നാള്‍വഴികള്‍
കാശി, മഥുര ബാക്കീ ഹെ-ഭാഗം 3
ബാബരി: നിയമയുദ്ധത്തിന്റെ നാള്‍വഴികള്‍
1949 ഡിസംബര്‍ 22നാണ് ബാബരി മസ്ജിദില്‍ അവസാനമായി നമസ്‌കാരം നടന്നത്. രാത്രി ഇശാ നമസ്‌കാരത്തിനു ശേഷം വിശ്വാസികള്‍ പിരിഞ്ഞു പോയി. അന്ന് അര്‍ധരാത്രി 5060 പേരടങ്ങിയ ഒരു സംഘം പള്ളിയില്‍ അതിക്രമിച്ചു കയറി വിഗ്രഹം സ്ഥാപിച്ചു. അവധില്‍ അഖില ഭാരത രാമായണ മഹാസഭയുടെ നേതൃത്വത്തില്‍ ഒമ്പതു ദിവസമായി നടന്നു വന്നിരുന്ന രാമചരിത മന്ത്രോച്ചാരണ പരിപാടിയായ അഖണ്ഡപഥിന്റെ സമാപന ദിവസമായിരുന്നു ഡിസംബര്‍ 22. അന്ന് ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റായിരുന്ന മലയാളിയായ കെ കെ നായരുടെ വസതിയില്‍ ഹിന്ദു പുരോഹിതനായിരുന്ന അഭയ് രാംദാസും കൂട്ടരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു പള്ളിയിലെ വിഗ്രഹ സ്ഥാപനം.
വിഗ്രഹപ്രതിഷ്ഠാ നാടകം അരങ്ങേറിയത് ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയോടെയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. കെ കെ നായര്‍ തന്നെ പില്‍ക്കാലത്ത് ഇതു സമ്മതിച്ചു. ആ നിരുത്തരവാദിത്തത്തിന്റെ പേരില്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു രാജി വയ്ക്കാനും കെ കെ നായര്‍ നിര്‍ബന്ധിതനായി. എന്നാല്‍ അദ്ദേഹത്തിനും ഭാര്യക്കും ജനസംഘം ബാനറില്‍ ലോക്‌സഭയിലേക്ക് ടിക്കറ്റ് നല്‍കി സംഘപരിവാരം പ്രത്യുപകാരം ചെയ്തു.
തുടര്‍ന്ന് ജില്ലാ ഭരണകൂടം പള്ളി അടച്ചുപൂട്ടി. മുസ്‌ലിംകള്‍ പള്ളിയുടെ 200 വാരയ്ക്കുള്ളില്‍ പ്രവേശിക്കുന്നതും ഹിന്ദുക്കള്‍ പള്ളിയില്‍ പ്രവേശിക്കുന്നതും വിലക്കി. സര്‍ക്കാര്‍ ചെലവില്‍ പൂജാരികളെ നിയമിച്ചു. 1950 ജനുവരി 5 മുതല്‍ പള്ളിയും സ്ഥലവും റിസീവര്‍ ഭരണത്തിലായി. അതിക്രമിച്ചു കയറിയവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
ദര്‍ശനത്തിനും പൂജയ്ക്കും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 1950 ജനുവരി 16ന് ഗോപാല്‍ സിങ് വിശാരദ് എന്നയാള്‍ ഫൈസാബാദ് കോടതിയില്‍ ഹരജി നല്‍കി.
സ്ഥലത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് നിര്‍മോഹി അഖാര 1959ല്‍ അതേ കോടതിയിലെത്തി. പള്ളിയില്‍നിന്ന് വിഗ്രഹം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 1961ല്‍ കേന്ദ്ര സുന്നി വഖ്ഫ് ബോര്‍ഡും കോടതിയിലെത്തി. 1986 ജനുവരി 25ന് ഉമേഷ് ചന്ദ്ര പാണ്ഡേ എന്ന അഭിഭാഷകന്‍ സദര്‍ മുന്‍സിഫ് കോടതിയില്‍ ഒരു ഹരജി നല്‍കി. തനിക്കും ഇതര ഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ ശ്രീരാമനെ ആരാധിക്കുന്നതിനുള്ള എല്ലാ വിലക്കുകളും നീക്കണമെന്നായിരുന്നു ആവശ്യം. മറ്റൊരു കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ മുന്‍സിഫ് അപേക്ഷ നിരസിച്ചു. ഈ ഉത്തരവിനെതിരേ ഉമേഷ് ചന്ദ്ര പാണ്ഡേ ഫൈസാബാദ് ജില്ലാ ജഡ്ജി മുമ്പാകെ 1986 ജനുവരി 30ന് അപ്പീല്‍ നല്‍കി. അപ്പീല്‍ വിചാരണയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം പക്ഷത്തുനിന്ന് മുഹമ്മദ് ഹാശിം അന്‍സാരി ഹരജി സമര്‍പ്പിച്ചെങ്കിലും പള്ളി പൂട്ടിയത് മുസ്‌ലിംകളല്ലാത്തതിനാല്‍ അവര്‍ ഈ കേസില്‍ കക്ഷിചേരേണ്ടതില്ല എന്നു പറഞ്ഞ് ഹരജി തള്ളി.
ഈ കേസുകളെല്ലാം നിലനില്‍ക്കെയാണ് മുസ്‌ലിം കക്ഷികള്‍ അറിയാതെ 1986 ഫെബ്രുവരി 1ന്, മിനുട്ടുകള്‍ മാത്രം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവില്‍ ഫൈസാബാദ് ജില്ലാ ജഡ്ജി കെ എം പാണ്ഡേ ഹിന്ദുക്കള്‍ക്ക് ബാബരി മസ്ജിദിന്റെ പൂട്ട് തുറന്നു കൊടുത്തത്. അതോടെ ഫലത്തില്‍ ബാബരി മസ്ജിദ് മുസ്‌ലിംകള്‍ക്ക് അന്യാധീനമായി.
ഇതിനിടെ ആരവങ്ങളുടെ അകമ്പടിയൊന്നുമില്ലാതെ മറ്റൊരു ഹരജി കൂടി കേസിന്റെ നാള്‍വഴിയിലേക്ക് കടന്നുവന്നു. പള്ളിയില്‍ അതിക്രമിച്ചു കടന്നു സ്ഥാപിച്ച രാംലല്ല എന്ന പ്രതിഷ്ഠയ്ക്ക് നിയമപരമായ വ്യക്തിത്വം ഉണ്ട് എന്നവകാശപ്പെട്ടായിരുന്നു പ്രസ്തുത ഹരജി. മൈനറായ ഭഗവാന്റെ ഉറ്റ സുഹൃത്ത് എന്ന പദവിയില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവും മുന്‍ ഹൈക്കോടതി ജഡ്ജിയുമായിരുന്ന ദേവകി നന്ദന്‍ അഗര്‍വാള്‍ ആയിരുന്നു ഹരജിക്കാരന്‍. വിഗ്രഹത്തിന് നിയമപരമായ വ്യക്തിത്വം കോടതി അനുവദിച്ചു കൊടുത്തു.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കേസുകളെല്ലാം ഒന്നായി ചേര്‍ത്ത് അലഹബാദ് ഹൈക്കോടതിയിലാണ് വിചാരണ നടന്നത്. 2010 സെപ്തംബര്‍ 30ന് മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി വന്നു. കേസിലെ കക്ഷികളായ നിര്‍മോഹി അഖാരയ്ക്കും രാംലല്ലയുടെ പ്രതിനിധിയായ ഹിന്ദുമഹാസഭയ്ക്കും കേന്ദ്ര സുന്നി വഖ്ഫ് ബോര്‍ഡിനും മൂന്നു തുല്യ ഭാഗങ്ങളായി വിഭജിച്ചു നല്‍കാന്‍ തീര്‍പ്പുകല്‍പ്പിച്ചു കൊണ്ടായിരുന്നു വിധി. ഈ വിധി റദ്ദ്‌ചെയ്തു കൊണ്ടാണ് 2019 നവംബര്‍ 9ന് സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠമായ അന്തിമവിധിയുണ്ടായത്.
1949 ഡിസംബര്‍ 22ന് പള്ളി കൈയേറി വിഗ്രഹം സ്ഥാപിച്ചതും 1992 ഡിസംബര്‍ 6ന് പള്ളിതകര്‍ത്തതും നിയമവിരുദ്ധ പ്രവൃത്തിയാണ് എന്നംഗീകരിച്ചു കൊണ്ടു തന്നെ പള്ളിനിന്നിരുന്ന 2.77 ഏക്കര്‍ സ്ഥലം രാമജന്മഭൂമിക്ക് ക്ഷേത്രം പണിയാന്‍ വിട്ടു കൊടുത്തു. തുടക്കം മുതല്‍ കേസ് നടത്തിയിരുന്ന നിര്‍മോഹി അഖാരയെ അരികിലേക്കുമാറ്റി ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റ് ബാബരി ഭൂമിയുടെ അവകാശികളായി. യഥാര്‍ഥ അവകാശികളായ മുസ്‌ലിംകള്‍ക്ക് 461 വര്‍ഷം പഴക്കമുള്ള പള്ളി നഷ്ടപ്പെട്ടതിനു പുറമെ പള്ളി നിന്നിരുന്ന വഖ്ഫ് ഭൂമിയും എന്നന്നേക്കുമായി നഷ്ടമായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനേക്കാള്‍ പഴക്കമുള്ള ഒരു കേസിനാണ് ഇപ്രകാരം ദുഃഖപര്യവസായിയും അനീതി നിറഞ്ഞതുമായ വിധിയുണ്ടായത്. കേന്ദ്ര സുന്നി വഖ്ഫ് ബോര്‍ഡിന് തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിനു പകരമായി പള്ളിനിര്‍മിക്കാന്‍ മറ്റൊരിടത്ത് അഞ്ചേക്കര്‍ നല്‍കാനുള്ള ഉത്തരവ് പരമോന്നത നീതി പീഠം വിധിച്ച അനീതിക്ക് ഒരിക്കലും അല്‍പ്പവും ആശ്വാസമാവില്ല.
ഇതേ ചുവടു പിടിച്ചാണ് മഥുരയിലും കാശിയിലും വിവാദങ്ങളും വ്യവഹാരങ്ങളും വികസിക്കുന്നത്. രാമജന്മഭൂമിക്കു പിന്നാലെ കൃഷ്ണ ജന്മഭൂമിയാണ് ആര്‍എസ്എസ്സിന്റെ അടുത്ത ലക്ഷ്യം. അതേക്കുറിച്ച് അടുത്ത എപ്പിസോഡില്‍ ....
RELATED STORIES
മാവോവാദി വിരുദ്ധ സ്ക്വോഡിലെ ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ച നിലയില്
15 Dec 2024 5:50 PM GMTതബല വിസ്മയം ഉസ്താദ് സാക്കിര് ഹുസൈന് അന്തരിച്ചു
15 Dec 2024 5:34 PM GMTമുനമ്പം വഖ്ഫ് ഭൂമി: പറയാതെ വയ്യ, ചില അപ്രിയ സത്യങ്ങള്
15 Dec 2024 3:26 PM GMTസന്തോഷ് ട്രോഫിയില് കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള് ത്രില്ലറില്...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്ലൈന് ഷെയര് ട്രേഡിങ്ങിലെത്തി; മലയാളിയില്...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMT