Views

രാമകൃഷ്ണപിള്ളയുടെ പുത്രിമാര്‍ അധ്യാപികമാരാവുമ്പോള്‍ കൊല്ലപ്പെടുന്നത് ദലിത് പെണ്‍കുട്ടികള്‍

വിപ്ലവങ്ങളുടെ വിഹാരങ്ങളാവണം വിദ്യാലയങ്ങള്‍. ഇപ്പോള്‍ നേരെ മറിച്ചാണ്. ദലിതര്‍ക്ക് വിദ്യാലയങ്ങള്‍ പീഡനകേന്ദ്രങ്ങളാവുന്നു. കൊച്ചി കോന്തുരുത്തി സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ജനുവരി പതിനാലാം തിയ്യതി മണ്ണെണ്ണയൊഴിച്ചു തീക്കൊളുത്തി ആത്മഹത്യ ചെയ്തതിനു പിന്നില്‍ സ്‌കൂളില്‍ പെണ്‍കുട്ടിയ്ക്ക് അനുഭവിയ്‌ക്കേണ്ടിവന്ന ജാതി പീഡനവും ലൈംഗിക പീഡനവുമാണെന്നു മാതാപിതാക്കള്‍ ആരോപിക്കുന്ന വീഡിയോ 'തേജസ്' ഓണ്‍ലൈന്‍ പുറത്തുവിട്ടത് നവോത്ഥാന കേരളത്തെ ഞെട്ടിപ്പിക്കേണ്ടതാണ്.

രാമകൃഷ്ണപിള്ളയുടെ പുത്രിമാര്‍ അധ്യാപികമാരാവുമ്പോള്‍ കൊല്ലപ്പെടുന്നത് ദലിത് പെണ്‍കുട്ടികള്‍
X

ജോണി എം എല്‍

വിപ്ലവങ്ങളുടെ വിഹാരങ്ങളാവണം വിദ്യാലയങ്ങള്‍. ഇപ്പോള്‍ നേരെ മറിച്ചാണ്. ദലിതര്‍ക്ക് വിദ്യാലയങ്ങള്‍ പീഡനകേന്ദ്രങ്ങളാവുന്നു. കൊച്ചി കോന്തുരുത്തി സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ജനുവരി പതിനാലാം തിയ്യതി മണ്ണെണ്ണയൊഴിച്ചു തീക്കൊളുത്തി ആത്മഹത്യ ചെയ്തതിനു പിന്നില്‍ സ്‌കൂളില്‍ പെണ്‍കുട്ടിയ്ക്ക് അനുഭവിയ്‌ക്കേണ്ടിവന്ന ജാതി പീഡനവും ലൈംഗിക പീഡനവുമാണെന്നു മാതാപിതാക്കള്‍ ആരോപിക്കുന്ന വീഡിയോ 'തേജസ്' ഓണ്‍ലൈന്‍ പുറത്തുവിട്ടത് നവോത്ഥാന കേരളത്തെ ഞെട്ടിപ്പിക്കേണ്ടതാണ്.

പത്തൊമ്പതാം നൂറ്റാണ്ടോടടുക്കം കേരളത്തില്‍ നടന്ന നവോത്ഥാന ജാതി നിര്‍മൂലന പരിപാടികളില്‍ പ്രധാനമായിരുന്നു വിദ്യാഭ്യാസം നേടാന്‍ അന്നത്തെ അധഃസ്ഥിതര്‍ അതായത് ഇന്നത്തെ ദലിതര്‍ നടത്തിയ ശ്രമങ്ങള്‍. പൊടുന്നനെ കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തേയ്ക്ക്, വ്യവഹാരങ്ങളിലേയ്ക്ക് പ്രത്യാ നയിക്കപ്പെട്ട ദലിത് പിന്നാക്ക നവോത്ഥാന നായകരായ അയ്യാ വൈകുണ്ഠസ്വാമികള്‍, തൈക്കാട്ട് അയ്യാവ്, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, പൊയ്കയില്‍ അപ്പച്ചന്‍, പണ്ഡിറ്റ് കറുപ്പന്‍, അയ്യങ്കാളി, നാരായണഗുരു എന്നിങ്ങനെ എല്ലാവരും വിദ്യാഭ്യാസത്തിനു ഏറ്റവും വലിയ പ്രാധാന്യമാണ് നല്‍കിയത്. കേരളത്തില്‍ ആദ്യമായി പൊതുവഴികള്‍ ഉണ്ടാവുന്നത് പോലും വിദ്യാലയങ്ങളിലേയ്ക്കായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍, സവര്‍ണപുരുഷാധിപത്യബ്രാഹ്്മണിക്കല്‍ പ്രവണതകള്‍ നമ്മുടെ വിദ്യാഭ്യാസ രംഗത്തുനിന്നും പോയിട്ടില്ലെന്നാണ് രജനി ആനന്ദ് മുതല്‍ രോഹിത് വെമുല വരെയും, ഇപ്പോള്‍ കോന്തുരുത്തിയിലെ പെണ്‍കുട്ടി വരെയും വ്യക്തമാക്കുന്നത്.

കോന്തുരുത്തിയിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ, മരിക്കാതെ പഠനം തുടരുന്ന അനേകം ദലിത് പെണ്‍കുട്ടികളുടെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകം കൂടിയാണ്. അഞ്ചാം ക്ലാസ് മുതല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ, ഓരോ തവണയും പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ട് മാനസികജാതി പീഡനം നടത്തിയത് സ്‌കൂളിലെ അധ്യാപികമാരാണെന്നത് സത്യത്തില്‍ അത്ഭുതമുളവാക്കുന്നില്ല. ശബരിമല വിഷയത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരേ രംഗത്തിറങ്ങിയ കുലസ്ത്രീകള്‍ പലതലങ്ങളില്‍ വിദ്യാഭ്യാസ രംഗത്തുമുണ്ടെന്നു മാത്രമാണ് ഇത് സൂചിപ്പിക്കുന്നത്. ബ്രാഹ്്മണിക്കല്‍പുരുഷാധിപത്യം പുനരുത്പാദിപ്പിക്കുന്നതില്‍ സ്‌കൂള്‍ അധ്യാപികമാര്‍ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ പിന്നിലേയ്ക്ക് വലിക്കുന്ന ശക്തികളില്‍ ഒന്നാമത്തേതായി എണ്ണേണ്ടിയിരിക്കുന്നു. 'പുലയര്‍ക്കെവിടുന്നാണ് ബുദ്ധി, പണം?' എന്നൊക്കെ ചോദിക്കുന്ന അധ്യാപികമാര്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പുത്രിമാര്‍ തന്നെയാണ്. കഴുതയെയും കുതിരയെയും (ദലിതരെയും ഉയര്‍ന്ന ജാതികളെയും) ഒരേ നുകത്തില്‍ കെട്ടി ഉഴാന്‍ പാടില്ലെന്നാണ് അധഃകൃതരുടെ വിദ്യാഭ്യാസകാര്യത്തില്‍ പിള്ള എടുത്ത നയം.

ദലിത് വിദ്യാര്‍ഥിനികള്‍ ലൈംഗികമായി 'ലഭ്യമാണെന്നും' അവരുടെ 'ലഭ്യത' മറ്റു അഭിജാത ബാലികമാരെ വഴിപിഴപ്പിക്കുമെന്നും ഒക്കെയുള്ള സ്റ്റീരിയോടൈപ്പിലാണ് വിദ്യാലയങ്ങള്‍ക്കുള്ളില്‍ ദലിത് പെണ്‍കുട്ടികള്‍ പരിചരിക്കപ്പെടുന്നത് എന്നത് നമ്മെ സംഘര്‍ഷപ്പെടുത്തേണ്ടുന്ന ഒരു വസ്തുതയാണ്. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഗുണ്ടായിസത്തിലേയ്ക്ക് നീങ്ങുന്ന ഒരു പ്രവണത പൊതുവെ കണ്ടുവരുന്നു. ഇത് നമ്മുടെ ബൗദ്ധിക ജീവിതത്തില്‍ സംഭവിച്ച അപചയമാണെന്നും കൂടാതെ അങ്ങനെയുള്ള ഗുണ്ടായിസം വളരാന്‍ വേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതും നാം മനസ്സിലാക്കുകയും അതിനെ ഉച്ചാടനം ചെയ്യാനുള്ള പ്രക്രിയകളില്‍ ഏര്‍പ്പെടുകയും വേണം. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് (ആണിനും പെണ്ണിനും) ഭരണഘടനയും ഐക്യരാഷ്ട്രസംഘടനയും സ്വാതന്ത്ര്യവും വിദ്യാഭ്യാസ സ്വാതന്ത്ര്യവും സാമൂഹിക സുരക്ഷയും ഉറപ്പു വരുത്തുന്നുണ്ട്. അതിനു മേല്‍ നടത്തുന്ന കുതിരകയറ്റമാണ് ഒരു പെണ്‍കുട്ടിയുടെ ജീവനാശത്തില്‍ കലാശിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കേണ്ടതുണ്ട്. കൂടാതെ നവോത്ഥാനം നയിക്കുന്ന സര്‍ക്കാര്‍ എത്രയും വേഗം ആ പെണ്‍കുട്ടിയെ ലൈംഗികമായും ജാതീയമായും പീഡിപ്പിച്ച വ്യക്തിക്കും അധ്യാപികമാര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരേ റേപ്പ്, കൊലപാതകം, പ്രേരണാക്കുറ്റം, പ്രതികളെ സംരക്ഷിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു മാതൃകാപരമായ ശിക്ഷ നല്‍കുകയും വേണം.

Next Story

RELATED STORIES

Share it