Views

ഡല്‍ഹിയിൽ 4000 ത്തിലധികം ഉദ്യോഗസ്ഥരാണ് ആര്‍എസ്എസിന്റെ കല്‍പനക്കനുസരിച്ചു സര്‍ക്കാര്‍ സര്‍വീസുകളില്‍ പ്രവര്‍ത്തിക്കുന്നത്

എഞ്ചിനീയറിങ് ബിരുദധാരിയായ തനേജ മൂന്നുവര്‍ഷത്തെ നാഗ്പൂര്‍ പരിശീലനത്തിനുശേഷം മുഴുസമയ പ്രചാരകനായി മാറുകയും തുടര്‍ന്ന് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയില്‍ എഞ്ചിനീയറാവുകയും ചെയ്തു.

ഡല്‍ഹിയിൽ 4000 ത്തിലധികം ഉദ്യോഗസ്ഥരാണ് ആര്‍എസ്എസിന്റെ കല്‍പനക്കനുസരിച്ചു സര്‍ക്കാര്‍ സര്‍വീസുകളില്‍ പ്രവര്‍ത്തിക്കുന്നത്
X

പ്രഫ. പി കോയ

മുസോളിനിയുടെ തവിടുകുപ്പായക്കാര്‍ ഹാഫ് ട്രൗസറിട്ട് പരേഡ് നടത്തുന്നതില്‍ ആകൃഷ്ടനായിട്ടാണ് ആര്‍എസ്എസിന്റെ ആദ്യകാല സൈദ്ധാന്തികരില്‍ ഒരാളായ ബിഎസ് മുന്‍ജെ 1937 ല്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ബോണ്‍സാല മിലിറ്ററി സ്‌കൂള്‍ സ്ഥാപിക്കുന്നത്. ഇന്നു മഹാരാഷ്ട്രയിലെ ഏറ്റവും നല്ല സ്വകാര്യ വിദ്യാലയങ്ങളിലൊന്നാണത്. ഭരണകൂടത്തിന്റെ അടിത്തറയായി നില്‍ക്കുന്ന സൈന്യത്തിലേക്ക് ഹിന്ദുത്വ സങ്കല്‍പ്പം മോന്തിക്കുടിച്ച പിളേളരെ കയറ്റിവിടുക എന്നാണതിന്റെ ലക്ഷ്യം.

അവിടെ എട്ടുവര്‍ഷം ശിക്ഷണം നേടുന്നവര്‍ പിന്നെ ജീവിതകാലം മുഴുവന്‍ അപര ജനവിഭാഗങ്ങളോടുള്ള ശാത്രവം അഭംഗുരം നിലനിര്‍ത്തും. ബിജെപി ഭരണമേറിയ ശേഷം ചില സൈനികോദ്യോഗസ്ഥന്മാര്‍ അപര ജനവിഭാഗങ്ങള്‍ പെറ്റുപെരുകുന്നതിനെപ്പറ്റിയും പാക്ക് ഭീഷണിയെക്കുറിച്ചും മുമ്പില്ലാത്ത വിധം വൈകാരികമായി സംസാരിക്കുന്നത് ഒരു പക്ഷേ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന പിഴച്ച അറിവിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇന്ത്യ നേരിടുന്ന യഥാര്‍ത്ഥ സൈനിക ഭീഷണി അതീവ ദുര്‍ബലമായ പാക്കിസ്താനല്ലെന്നും മറിച്ചു ചൈനയാണെന്നുമുള്ള വസ്തുത അവര്‍ അവഗണിക്കാറാണ് പതിവ്. കാരണമത് ആന്തരികമായ വിഘടനത്തിനു സഹായിക്കില്ല. ബിജെപി ഭരണകൂടം ചൈനാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രദേശം കയ്യേറി മിലിറ്ററി പോസ്റ്റുകള്‍ സ്ഥാപിച്ചത് നമ്മുടെ കാല്‍നക്കി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാത്തതിന്റെ രാഷ്ട്രീയവും ആ മൗനത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ പറ്റും.

രാഷ്ട്രത്തിന്റെ നിര്‍ണ്ണായക പ്രാധാന്യമുള്ള ഘടകങ്ങളിലൊക്കെ നുഴഞ്ഞുകയറാന്‍ ആര്‍എസ്എസിന്റെ ആദ്യകാല നേതാക്കന്മാര്‍ക്ക് രഹസ്യ പദ്ധതികളുണ്ടായിരുന്നതിന്റെ തെളിവാണ് ബോണ്‍സാല സ്‌കൂള്‍. സൈന്യത്തെ ഭാരതവല്‍ക്കരിക്കുക എന്നതായിരുന്നു മുന്‍ജെ ഉയര്‍ത്തിയ മുദ്രാവാക്യം. അക്കാലത്ത് മുസ്‌ലിംകളും സവര്‍ണ്ണനും പിന്നാക്ക ജാതിക്കാരനുമൊക്കെ ബ്രിട്ടീഷ് സൈന്യത്തിലുണ്ടായിരുന്നു. ആ ഘടന മാറ്റി പകരം സംഘി മനോഭാവമുള്ളവര്‍ക്ക് സ്വാധീനമുള്ള ഒരു സംവിധാനമാക്കുക എന്നതായിരുന്നു ലക്ഷ്യം. എങ്കിലും പൊതുവില്‍ ഭരണം മൊത്തത്തില്‍ പിടിച്ചെടുക്കാനുള്ള പദ്ധതികള്‍ ദുര്‍ബലമായതിനാല്‍ അക്കാലത്ത് സംഘടനക്കുണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍.

ആ അവസ്ഥ മാറുന്നത് 1990 കളിലാണ്. രാജ്യത്തുണ്ടാക്കിയ വര്‍ഗ്ഗീയ വികാരമുപയോഗിച്ച് അധികാരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷ ആര്‍എസ്എസ് നേതൃത്വത്തില്‍ ശക്തിപ്പെടുന്നത് ബാബരി മസ്ജിദ് ധ്വംസനത്തോടെയാണ്. ഗവണ്‍മെന്റിലും ബ്യൂറോക്രസിയിലും തങ്ങളുടെ അജണ്ടയനുസരിച്ച് പ്രവര്‍ത്തിക്കുന്ന മിടുക്കന്‍മാരെ വളര്‍ത്തിയെടുക്കാനുള്ള ഒരു പദ്ധതി തുടര്‍ന്നാണ് സംഘപരിവാരം ആവിഷ്‌കരിക്കുന്നത്. ജയപ്രകാശ് അഗര്‍വാള്‍ എന്ന വ്യവസായിയാണ് അപ്പോള്‍ അവരുടെ സഹായത്തിനെത്തുന്നു. ചില്ലറക്കാരനല്ല ഈ അഗര്‍വാള്‍. ചെറുപ്പം തൊട്ടേ ശാഖകളില്‍ ചവിട്ടിയ പരിചയമുള്ള ബിസിനസുകാരന്‍. സൂര്യ ബ്രാന്റ് ബള്‍ബിന്റെയും പ്ലാസ്റ്റിക് പൈപ്പിന്റെയും നിര്‍മാതാവ്. അഗര്‍വാള്‍ അതിനു മുമ്പുതന്നെ സൂര്യ ഫൗണ്ടേഷന്‍ എന്നൊരു എന്‍ജിഒ. സ്ഥാപിച്ചിരുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള ഗ്രാമങ്ങള്‍ വികസിപ്പിക്കുന്നതിനു യുവാക്കള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു ഫൗണ്ടേഷന്റെ ലക്ഷ്യം. ഡല്‍ഹിക്ക് 31 കീലോമീറ്റര്‍ അകലെ സൂര്യസാധനാ സ്ഥലി എന്നൊരു പരിശീലന കേന്ദ്രവും അഗര്‍വാള്‍ സ്ഥാപിച്ചിരുന്നു.

അക്കാലത്ത് ആര്‍എസ്എസിന്റെ തലച്ചോറായി പ്രവര്‍ത്തിച്ചിരുന്ന ഗോവിന്ദാചാര്യയാണ് ആ കേന്ദ്രം സ്ഥാപിക്കുന്നതിന് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കിയത്. ഏതാണ്ട് സൈനികമായ രീതിയില്‍ ആയിരുന്നു പരിശീലനം. സൂര്യ ഫൗണ്ടേഷനു കീഴിലുള്ള ബാലവികാസ കേന്ദ്രങ്ങള്‍ക്കൊക്കെ സാമ്പത്തിക സഹായം നല്‍കിയതും അഗര്‍വാള്‍ പല പേരിലും സ്ഥാപിച്ച കമ്പനികളാണ്. സൂര്യ ഫൗണ്ടേഷനു കീഴിലുള്ള ആദര്‍ശ് ഗ്രാം യോജനയുടെ മാതൃകയിലാണ് പിന്നീട് മോദി ഭരണകൂടം സന്‍സദ് ആദര്‍ശ് ഗ്രാം യോജന തുടങ്ങിയത്.

ആര്‍എസ്എസ് അംഗങ്ങളെ മാത്രമായിരുന്നു സൂര്യ ഫൗണ്ടേഷന്‍ തിരഞ്ഞെടുത്തിരുന്നത്. നാഗ്പൂരില്‍ പ്രത്യേക പരിശീലനം നേടിയവര്‍ക്കായിരുന്നു മുന്‍ഗണന. പരിശീലനം സംബന്ധിച്ച വിജ്ഞാപനങ്ങള്‍ സംഘി പ്രസിദ്ധീകരണങ്ങളില്‍ മാത്രമേ വന്നിരുന്നുള്ളൂ. അഭിമുഖങ്ങളില്‍ ഹെഡ്ഗവാര്‍, ഗോള്‍വാള്‍ക്കര്‍ എന്നിവരെ സംബന്ധിച്ചായിരുന്നു പ്രധാന ചോദ്യങ്ങള്‍. രണ്ടാമത്തെ അഭിമുഖം അഞ്ചു ദിവസം നീണ്ടുനില്‍ക്കും. സംഘപരിവാരത്തിന്റെ പ്രത്യേക അജണ്ടകളില്‍പ്പെട്ട കശ്മീര്‍, പൗരത്വം, തുടങ്ങിയ വിഷയങ്ങളില്‍ അപേക്ഷകര്‍ ഉപന്യാസമെഴുതണം. 20-30 പേരെയാണ് മൂന്നു മാസത്തെ കോഴ്‌സിനു തിരഞ്ഞെടുക്കുക. വളരെ കര്‍ക്കശമാണ് പരിശീലനമെന്നു പങ്കെടുത്തവര്‍ പറയുന്നു. പലപ്പോഴും ദിവസങ്ങളോളം വെറും കുടിവെള്ളം മാത്രമായിരിക്കും ഭക്ഷണം. സൈന്യത്തില്‍ നിന്ന് പിരിഞ്ഞ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ട സൈനിക പരിശീലനമുണ്ടാവും. എല്ലാവര്‍ക്കും ഒരു സ്‌റ്റൈപ്പന്റ് കൊടുക്കും.

പിന്നീട് സൂര്യ ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കപ്പെട്ട സംഘ്പരിവാര പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീഘടനയെപ്പറ്റിയുള്ള ഹൃസ്വകാല കോഴ്‌സുകളും നല്‍കിത്തുടങ്ങി. അങ്ങിനെ പരിശീലനം കിട്ടിയവരാണ് മിക്കപ്പോഴും ബിജെപിയുടെ സംഘാടക കാര്യദര്‍ശികളായി മാറുന്നത്. ചിലര്‍ മോദിക്കുവേണ്ടി നവമാധ്യമങ്ങളില്‍ പ്രചാരവേല നടത്തും. മോദി ആപ്പിന്റെ വിതരണ മേല്‍നോട്ടവും അവര്‍ക്കായിരുന്നു നല്‍കിയിരുന്നത്. മന്ത്രിമാരുടെയും പ്രമുഖ നേതാക്കളുടെയും പിഎമാരായി പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിപക്ഷവും ഇവര്‍ തന്നെയാണ്.

ബ്യൂറോക്രാറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നത് സങ്കല്‍പ്പ് എന്ന മറ്റൊരു സ്ഥാപനമാണ്. 1986 ല്‍ സന്തോഷ് തനേജ എന്ന ഡെറാഡൂണ്‍ സ്വദേശിയാണ് അതിനു തുടക്കമിട്ടത്. എഞ്ചിനീയറിങ് ബിരുദധാരിയായ തനേജ മൂന്നുവര്‍ഷത്തെ നാഗ്പൂര്‍ പരിശീലനത്തിനുശേഷം മുഴുസമയ പ്രചാരകനായി മാറുകയും തുടര്‍ന്ന് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയില്‍ എഞ്ചിനീയറാവുകയും ചെയ്തു. വിദ്യാഭാരതി നടത്തുന്ന ഒരു സ്‌കൂളില്‍ നിന്ന് റിക്രൂട്ട് ചെയ്ത കുറേ മിടുക്കന്‍മാരാണ് സങ്കല്‍പ്പ് പരിശീലനം നല്‍കിയ ആദ്യബാച്ച്. സിവില്‍ സര്‍വീസ് പരീക്ഷക്ക് വേണ്ട പരിശീലനമാണ് സങ്കല്‍പ്പ് നല്‍കുന്നത്. ഡല്‍ഹിയിലെ പഹാര്‍ഗഞ്ചില്‍ ഓഫീസുള്ള സങ്കല്‍പ്പ് ആദ്യത്തില്‍ വലിയ തോതിലൊന്നും പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ ആകര്‍ഷിച്ചിരുന്നില്ല. പിന്നെ അവസ്ഥ മാറാന്‍ തുടങ്ങി. ഇപ്പോള്‍ ഡല്‍ഹിയിലും പരിസരങ്ങളിലുമായി 4000 ത്തിലധികം ഉദ്യോഗസ്ഥന്മാര്‍ ആര്‍.എസ്.എസിന്റെ കല്‍പനക്കനുസരിച്ചു സര്‍ക്കാര്‍ സര്‍വീസുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it