Flash News

''വലിച്ചുതാഴെയിടാന്‍ മടിക്കില്ല''- ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ഭീഷണിയുമായി അമിത്ഷാ

വലിച്ചുതാഴെയിടാന്‍ മടിക്കില്ല- ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ഭീഷണിയുമായി അമിത്ഷാ
X


കണ്ണൂര്‍: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ഭീഷണിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അയ്യപ്പഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് തീക്കളിയാണെന്നും ഇതു തുടരുകയാണെങ്കില്‍ സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ലെന്നും ഷാ മുന്നറിയിപ്പ് നല്‍കി. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജെല്ലിക്കെട്ട് വിധി, പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതു സംബന്ധിച്ച വിധി ഉള്‍പ്പെടെ നിരവധി വിധിപ്രഖ്യാപനങ്ങള്‍ സുപ്രിംകോടതി നടത്തിയിട്ടുണ്ട്. അതൊന്നും നടപ്പാക്കിയിട്ടില്ല. എന്നിട്ടും ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിടിവാശി കാട്ടുകയാണ്. അപ്രായോഗികമായ വിധികളും നിര്‍ദേശങ്ങളും പുറപ്പെടുവിക്കുന്നതില്‍നിന്ന് കോടതികളും സര്‍ക്കാരും പിന്‍മാറണം. പാലിക്കാന്‍ പറ്റുന്ന ഉത്തരവുകളാണ് ഇരുവരും നല്‍കേണ്ടത്. ഭരണഘടനയിലെ സ്ത്രീ-പുരുഷ സമത്വമെന്ന അവകാശം പറഞ്ഞാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ക്ഷേത്രദര്‍ശനത്തിലൂടെയല്ല സ്ത്രീ-പുരുഷ സമത്വം നടപ്പാക്കേണ്ടത്. വിശ്വാസിയുടെ മൗലികവകാശത്തെ ഹനിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. അടിച്ചമര്‍ത്തല്‍ നയമാണ് സര്‍ക്കാരിന്റേത്. ആയിരക്കണക്കിന് സംഘപരിവാര പ്രവര്‍ത്തകരെ ജയിലിലടച്ചു. എന്തിനു വേണ്ടിയാണിതെന്നും അവര്‍ ആരുടെ മുതലാണു നശിപ്പിച്ചതെന്നും വ്യക്തമാക്കണം. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നത് തീക്കളിയാണെന്ന് ഓര്‍ക്കുക. ബിജെപിയുടെ ദേശീയശക്തി മുഴുവന്‍ ഭക്തര്‍ക്കൊപ്പമുണ്ട്. ശബരിമല വിഷയത്തില്‍ ഈ മാസം 30 മുതല്‍ ബിജെപി പ്രതിഷേധം ആരംഭിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it