തുറക്കട്ടെ നീര്‍ച്ചാലുകള്‍, ഒഴുകട്ടെ നീരുറവകള്‍

Update: 2015-08-03 10:00 GMT
 













 
 

 

 

 



കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മനുഷ്യര്‍ തന്നെ നിര്‍മിച്ചതോ പുഴകളുടെ സ്വാഭാവിക ഒഴുക്കും ഗതിമാറ്റവുമെല്ലാം മൂലം രൂപമെടുത്തതോ ആണ് കേരളത്തിലെ പല കൈത്തോടുകളും നീര്‍ച്ചാലുകളും. 


 




 

 

 

 

 

 

 



മഴക്കാലത്ത് എല്ലാവരും വെള്ളത്തെ പഴിക്കുന്നു. വെള്ളം കെട്ടിക്കിടന്നാല്‍ കൊതുകുവളര്‍ന്ന്് ചിക്കന്‍ഗുനിയയും ഡെങ്കിയും തക്കാളിപ്പനിയുമൊക്കെയുണ്ടാക്കുന്ന ഈ അവസ്ഥ കേരളത്തിലെത്തിയിട്ട്അധികകാലമായിട്ടില്ല








രാനിരിക്കുന്നത് വന്‍ വരള്‍ച്ചയാണെന്ന മട്ടിലുള്ള പ്രവചനങ്ങളെയും കണക്കുകൂട്ടലുകളെയും അതിജീവിച്ച് സാമാന്യം ഭേദപ്പെട്ടൊരു മഴക്കാലം തന്നെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികള്‍. കിട്ടുന്ന മഴവെള്ളം കഴിയുന്നത്ര മണ്ണിലേക്കിറക്കാനുള്ള മഴക്കുഴികള്‍ തയ്യാറാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പുരപ്പുറത്തെ മഴത്തുള്ളികള്‍ എങ്ങിനെ സംഭരിച്ച് സൂക്ഷിക്കാം എന്നതിനെക്കുറിച്ചുമെല്ലാം വിവിധ മാധ്യമങ്ങള്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. മഴയായി പെയ്യുന്ന ഓരോ തുള്ളിയും അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ് പലരും മഴക്കുഴി നിര്‍മാണവും ജലസംഭരണപ്രവര്‍ത്തനങ്ങളുമെല്ലാം തങ്ങളാല്‍ കഴിയും വിധം നടപ്പാക്കുമുന്നുമുണ്ട്്. എന്നാല്‍ മഴക്കുഴി നിര്‍മിച്ച് മണ്ണിലേക്കിറക്കുവാനും കിണര്‍വെള്ളം റീചാര്‍ജ് ചെയ്യുവാനുമൊക്കെ ഉല്‍സാഹം കാണിക്കുന്ന മലയാളികള്‍ ഇതിനേക്കാളൊക്കെ പ്രാധാന്യം നല്‍കേണ്ട മറ്റൊരു കാര്യം മറക്കുകയാണ്്. തോടുകളുടെയും നീര്‍ച്ചാലുകളുടെയും പുനരുജ്ജീവനം.
മഴവെള്ളം ഒഴുകിപ്പോകുവാന്‍ അനുവദിക്കരുതെന്നും ഒഴുകുന്ന വെള്ളം കടലിലേക്കു പോയി നഷ്ടപ്പെടുമെന്നുമുള്ള അറിവാണ്, മഴക്കുഴി നിര്‍മാണത്തിന് പ്രചാരമേകുന്നത്. തന്റെ പറമ്പിലെ വെള്ളം കുഴിയിലൂടെ മണ്ണിലേക്കിറക്കിയാല്‍ തന്റെ വീട്ടിലെ കിണറിന് തന്നെയാണ് അതിന്റെ മെച്ചമെന്ന്് മഴക്കുഴി കുഴിച്ചവര്‍ സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്്്്. എന്നാല്‍ നാടിന്റെ തന്നെ നനവും പച്ചപ്പും നിലനിറുത്തുവാന്‍ നീര്‍ച്ചാലുകളും തോടുകളും വഹിക്കുന്ന പങ്ക്് പലരും വിസ്മരിക്കുകയാണ്.
പഴയ തലമുറയ്ക്ക്് നീര്‍ച്ചാലുകളെയും പരല്‍മീനുകളെയും ചേമ്പിലയെയുമൊക്ക ഒഴിവാക്കി തങ്ങളുടെ കുട്ടിക്കാലത്തെ മഴക്കാലത്തെ ഓര്‍ക്കുക തീര്‍ത്തും അസാധ്യമാണെങ്കിലും ഇവയൊക്കെ എന്താണെന്ന്് പോലും ഇന്ന്് പല കുട്ടികള്‍ക്കുമറിയില്ല. നാട്ടിന്‍പുറങ്ങളിലെ ഇടവഴികള്‍ ടാറും കോണ്‍ക്രീറ്റുമണിഞ്ഞ് മോടി കൂട്ടിയതോടെ പാതയോരത്തെ നീര്‍ച്ചാലുകള്‍ കേരളത്തില്‍ അപ്രത്യക്ഷമായി. പലതും ഓടകളായി പരിണമിച്ചു. കാലവര്‍ഷക്കെടുതി നേരിടാനുള്ള ഫണ്ടിന്റെ ബലത്തില്‍ തോടുകള്‍ ഫുട്പാത്തുകളായി മാറി. അതിനടിയില്‍ വെള്ളം ഒഴുകുന്നുണ്ടോ, ഒഴുകുന്നത് എന്തുവെള്ളമാണ്, എന്നൊന്നും ആര്‍ക്കുമറിയില്ല. ഈ ഫുട്പാത്തുകളിലെ സ്ലാബിനിടയില്‍ ഒരു വിടവു കണ്ടാല്‍ , പരിസരവാസികള്‍ക്കും പ്രദേശത്തെ കച്ചവടക്കാര്‍ക്കുമെല്ലാം തങ്ങളുടെ ദ്രവമാലിന്യങ്ങള്‍ ഒഴുക്കിവിടാനുള്ള ഫണലായി അത് മാറാന്‍ താമസമില്ല.


ഓടകളല്ല നീര്‍ച്ചാലുകള്‍
കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മനുഷ്യര്‍ തന്നെ നിര്‍മിച്ചതോ പുഴകളുടെ സ്വാഭാവിക ഒഴുക്കും ഗതിമാറ്റവുമെല്ലാം മൂലം രൂപമെടുത്തതോ ആണ് കേരളത്തിലെ പല കൈത്തോടുകളും നീര്‍ച്ചാലുകളും. ഇന്നത്തെ ഓടകളാകട്ടെ, നാഗരികജീവിതം പുറന്തള്ളുന്ന മാലിന്യങ്ങള്‍ക്ക് വറ്റിത്തീരും വരെയോ അടുത്തുള്ള ജലാശയത്തില്‍ എത്തിച്ചേരുന്നതുവരെയോ ഒഴുകാനുള്ള സംവിധാനങ്ങളും. അതുകൊണ്ടു തന്നെ ഇന്നത്തെ ഫുട്പാത്തുകള്‍ക്കടിയിലെ കോണ്‍ക്രീറ്റ് ഓടകള്‍ക്ക് സാധിക്കാത്ത പലതും നമ്മുടെ നാട്ടിന്‍പുറങ്ങളിലെ നീര്‍ച്ചാലുകള്‍ നിര്‍വഹിച്ചിരുന്നു. മല്‍സ്യങ്ങളുടെ സഞ്ചാരപഥങ്ങളെന്ന നിലയിലും തുമ്പിയും തവളയും ആമയും നമഞ്ചിയുമുള്‍പ്പടെയുള്ള ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെന്ന നിലയിലും ഏറെ പാരിസ്ഥിതിക പ്രാധാന്യമുണ്ട്് നീര്‍ച്ചാലുകള്‍ക്ക്്്്.
ഇന്ന്, നന്നായൊന്ന് മഴപെയ്ത് പറമ്പിലെവിടെയെങ്കിലും വെള്ളം കെട്ടിക്കിടന്നാല്‍ ജനങ്ങള്‍ ആശങ്കാകുലരാവുകയായി. വെള്ളം കെട്ടിക്കിടന്നാല്‍ കൊതുകു വളരുമെന്നത് തന്നെ പ്രധാന ഭയം. പറമ്പുകളോരോന്നും മതില്‍കെട്ടിത്തിരിച്ച്്് മലമണ്ണിട്ടു നികത്തി ഫഌറ്റും വില്ലകളും നിര്‍മിക്കുന്നവര്‍ ഇത്തരത്തില്‍ കൊതുകിനെ പേടിക്കുന്നതില്‍ കാര്യമുണ്ട് താനും. ചപ്പുവവറുകളും വീട്ടില്‍നിന്നുള്ള മാലിന്യങ്ങളുമെല്ലാം കൂടി ചീഞ്ഞളിയുന്നതോടെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുക് മുട്ടയിട്ടു പെരുകുന്നില്ലെങ്കിലേ അസ്വാഭാവികതയുള്ളു. ഈ സാഹചര്യത്തില്‍ മഴക്കുഴികള്‍ പോലും കൊതുകുകുഴികളായി മാറുന്നത് സ്വാഭാവികം.
മഴക്കാലത്ത്് എല്ലാവരും വെള്ളത്തെ പഴിക്കുന്നു. വെള്ളം കെട്ടിക്കിടന്നാല്‍ കൊതുകുവളര്‍ന്ന്് ചിക്കന്‍ഗുനിയയും ഡെങ്കിയും തക്കാളിപ്പനിയുമൊക്കെയുണ്ടാക്കുന്ന ഈ അവസ്ഥ കേരളത്തിലെത്തിയിട്ട്്് അധികകാലമായിട്ടില്ല. പണ്ടും കൊതുകുണ്ടായിരുന്നു, വെള്ളത്തില്‍ മുട്ടയിടുമായിരുന്നു. എന്നാല്‍ അവയൊന്നും വിരിഞ്ഞ് കൊതുകായി പറക്കാറില്ല. മാനത്തുകണ്ണികളും ചാണപ്പരലും തുപ്പലം കൊത്തിയുമെല്ലാമടങ്ങുന്ന ചെറുമീന്‍കൂട്ടങ്ങള്‍ കൊതുകൂത്താടികളെ അകത്താക്കുമായിരുന്നു.


എവിടെ മീനുകള്‍, തുമ്പികള്‍ ?


ഇന്ന്് പല വെള്ളക്കെട്ടുകളിലും മഷിയിട്ടു നോക്കിയാലും ഒരു മീന്‍കുഞ്ഞിനെപ്പോലും കണ്ടെത്താനാവില്ല എന്നായി സ്ഥിതി. എവിടെപ്പോയി ഈ മീനുകള്‍ എന്നാകും ചോദ്യം. ഇവയ്‌ക്കെല്ലാം വംശനാശം സംഭവിച്ചതല്ല. വികസനത്തെ അതിജീവിച്ച്് അവയെല്ലാം ഈ ഭൂമുഖത്തുതന്നെയുണ്ട്്. എന്നാല്‍ അവയുടെ സഞ്ചാരപഥങ്ങള്‍ - കൈത്തോടുകളും നീര്‍ച്ചാലുകളും ഇല്ലാതായിരിക്കുന്നു. ഒരു ചെറു പഴുതുപോലും ബാക്കിയാകാതെ പറമ്പുകളില്‍ മതില്‍കെട്ടി നാം അവയുടെ വഴികളടച്ചിരിക്കുന്നു.
നീര്‍ച്ചാലുകളില്‍ മീനുകള്‍ മാത്രമല്ല കൊതുകുപിടിത്തക്കാരായുള്ളത്. മീനുകളുടെ വായിലകപ്പെടാതെ വിരിഞ്ഞിറങ്ങുന്ന കൊതുകുകള്‍ പറന്നുയരുമ്പോള്‍ത്തന്നെ അവയെ അകത്താക്കാന്‍ മറ്റൊരു കൂട്ടരുണ്ട്. തുമ്പികള്‍. ഒരു വലിയ തുമ്പി ഒറ്റ ദിവസം അന്‍പതിലേറെ, ചിലപ്പോള്‍ നൂറോളം കൊതുകിനെ വരെ അകത്താക്കുമെന്ന്് ശാസ്ത്രലോകം പറയുന്നു. ഇത്തരം നാല് തുമ്പിയെ കിട്ടിയിരുന്നെങ്കില്‍ കൊതുകിന്റെ കഥതീര്‍ക്കാമായിരുന്നു എന്ന്് ചിന്തിക്കാന്‍ വരട്ടെ. തുമ്പികളുണ്ടാകണമെങ്കിലും നീര്‍ച്ചാലുകള്‍ വേണം. തുമ്പികള്‍ മുട്ടയിടുന്നത്് ചെറു ജലാശയങ്ങളിലും തോടുകളിലുമുള്ള ജലസസ്യങ്ങളുടെ ഇലകളിലാണ്. വിരിഞ്ഞിറങ്ങുന്ന തുമ്പിക്കുഞ്ഞുങ്ങള്‍ വെള്ളത്തിനടിയില്‍ ദീര്‍ഘകാലം വളര്‍ന്നശേഷമാണ് പറന്ന് പൊന്തുക. അതിനാല്‍ പ്രദേശത്ത് തുമ്പിയുണ്ടാകണമെങ്കില്‍ ദീര്‍ഘകാലം മുഴുവനും വെള്ളം കെട്ടിക്കിടക്കുന്ന ചെറുജലാശയങ്ങളുണ്ടാകണം. നമ്മുടെ നെല്‍വയലുകളും തീര്‍ത്തടങ്ങളും തുമ്പികളുടെയും ചെറുമീനുകളുടെയും ആവാസകേന്ദ്രമായി മാറുന്നത് ഇങ്ങിനെയാണ്. വീടും വിമാനത്താവളവുമൊക്കെയുണ്ടാക്കാനായി നീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തിയവര്‍ ചെറു നീര്‍ച്ചാലുകളെപ്പോലും ഇല്ലാതാക്കി കോണ്‍ക്രീറ്റ് ഫുട്പാത്തുകളും ഓടകളുമുണ്ടാക്കിയപ്പോള്‍ ഇല്ലാതായത് കൊതുകുകടിയില്‍ നിന്ന്് ജനങ്ങളെ കാത്തുപോന്ന തുമ്പികളും ചെറുമീനുകളുമൊക്കെയാണെന്നര്‍ഥം.


നീര്‍ത്തട്ടിലുറങ്ങുന്ന ജൈവസമ്പത്ത്
പല നദികളുടെയും യഥാര്‍ഥസമ്പത്ത്്് ബന്ധപ്പെട്ടൊഴുകുന്ന തോടുകളിലും ഇവയ്ക്കിടയിലുള്ള കുഴികളിലും കുളങ്ങളിലും നീര്‍ത്തടങ്ങളിലുമൊക്കെയാണ്. നെല്‍കൃഷിയ്ക്കായി നീര്‍ച്ചാലുകലുകളും തോടുകളും നിര്‍മിച്ച നമ്മുടെ പൂര്‍വികര്‍ നദികളിലെ വെള്ളം കരയില്‍ സൂക്ഷിക്കുന്ന ജലബാങ്കുകളാണ് യഥാര്‍ഥത്തില്‍ നിര്‍മിച്ചത്്. മഴയല്‍പം വൈകിയാലും ഈ നീര്‍ത്തടങ്ങളില്‍ മല്‍സ്യങ്ങളും തുമ്പിക്കുഞ്ഞുങ്ങളുമടക്കമുള്ള ജൈവസമ്പത്ത്് പായലുകള്‍ക്കിടയില്‍ സുരക്ഷിതമായിരിക്കും. മീനമാസത്തിലെ കൊടുംചൂടിനുപോലും പായലിന്റെ അടിത്തട്ടിലുറങ്ങുന്ന മീനുകളിലേക്കും മറ്റു ചെറു ജീവികളിലേക്കുമെത്താനാവില്ല. പ്രകൃതിയുടെ മടിത്തട്ടിലുറങ്ങുന്ന ഈ ജീവജാലങ്ങള്‍ മഴ പെയ്ത് നിറഞ്ഞൊഴുകുമ്പോള്‍ പുറത്തുകടന്ന്് ചെറുനീര്‍ച്ചാലുകളിലൂടെയും കൈവഴികളിലൂടെയും മറ്റും പറമ്പുകളിലെ വെള്ളക്കെട്ടുകളില്‍ കടന്നുചെന്ന്് അവിടം ശുദ്ധിയാക്കി, പ്രജനനം നടത്തി, വെള്ളം വറ്റുന്നതുവരെ അവിടെ ജീവിച്ച്് വേനല്‍ കടുക്കുന്നതോടെ പായല്‍ത്തൊട്ടിലുകളിലേക്ക്്് തിരികെ പോയി അവിടെ കഴിഞ്ഞു കൂടുന്നു. അടുത്ത മഴവരെ. അതുകഴിഞ്ഞാല്‍ വീണ്ടും നീര്‍ച്ചാലുകളിലൂടെയുള്ള യാത്ര. നാഗരികജീവിതത്തിനായുള്ള നമ്മുടെ അത്യാഗ്രഹത്തില്‍ ഇല്ലാതാകുന്നത് പ്രകൃതിയുടെ ഈ താളമാണ്.


നീര്‍ച്ചാലുകള്‍ തുറക്കാം
വെള്ളക്കെട്ടിനെയും കൊതുകിനെയും പേടിച്ച് ഉള്ള ജലാശങ്ങള്‍ കൂടി നികത്തുകയാണ് ഇന്ന്് പലരും ചെയ്യുന്നത്്. ഇത് കൂടുതല്‍ വലിയ പാരിസ്ഥിതിക ദുരന്തത്തിലേക്ക്്് കേരളത്തെ കൊണ്ടുചെന്നെത്തിക്കുകയേയുള്ളൂ. കഴിയുന്നത്ര നീര്‍ച്ചാലുകള്‍ നിര്‍മിച്ചും അവയെ പരസ്പരം ബന്ധപ്പെടുത്തുകയുമാണ് വേണ്ടത്. മഴക്കുഴി നിര്‍മാണവും അതോടൊപ്പം തുടരേണ്ടതുണ്ട്്്.പെയ്യുന്ന മഴ കഴിയുന്നത്ര മണ്ണില്‍ സംഭരിക്കുവാന്‍ ഇവ രണ്ടും വേണം. അതോടൊപ്പം തദ്ദേശിയ മല്‍സ്യങ്ങളെ, പ്രത്യേകിച്ചും മാനത്തുകണ്ണിയും പരലും പോലെയുള്ള ചെറുമീനുകളെ സമീപപ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തി ഈ നീര്‍ച്ചാലുകളെ ജൈവസമ്പന്നമാക്കാം. നീരൊഴുക്ക്് പുനസ്ഥാപിക്കപ്പെട്ടാല്‍ വെള്ളം തെളിയും. അഴുകിയ മാലിന്യങ്ങള്‍ തിന്നു തീര്‍ക്കാന്‍ നമഞ്ചിയും ആമയും ഉടുമ്പുമെല്ലാം പിന്നാലെ വന്നെത്തിക്കൊള്ളും. അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കി കൈത്തോടുകള്‍ വൃത്തിയാക്കാന്‍ വേനല്‍ വരെ കാത്തിരിക്കരുതെന്നര്‍ഥം.



 

 

 









Tags:    

Similar News