പേരാമ്പ്ര: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും വെള്ളിയുമടക്കം ഇരട്ട മെഡലിനര്‍ഹനായ ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സനെ കേന്ദ്ര കായിക മന്ത്രാലയം അര്‍ജുന അവാര്‍ഡിന് തിരഞ്ഞെടുത്ത വാര്‍ത്ത വന്നതോടെ ജന്മനാടായ ചക്കിട്ടപാറയില്‍ എങ്ങുംആവേശം. അനവധി കായികതാരങ്ങള്‍ക്ക് ജന്‍മം നല്‍കിയ ചക്കിട്ടപാറ കായിക അക്കാദമിയില്‍ തന്റെ ആദ്യകാല കോച്ച് കെ എം പീറ്റര്‍ സാറിന്റെ ശിക്ഷണത്തില്‍ അത്‌ലറ്റിക്ക് മേഖലയില്‍ മികച്ച കുതിപ്പു കാഴ്ചവെച്ച ജിന്‍സണ്‍ ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന് സമ്മാനിച്ച ഇരട്ടമെഡലാണ് താരത്തെ അര്‍ജുന അവാര്‍ഡിനര്‍ഹനാക്കിയത്. ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടെ ഒട്ടേറെ മെഡല്‍ നേടിയ ജിന്‍സണ് നാടൊന്നാകെ വരവേല്‍പ്പ് നടത്തി വരുന്നതിനിടെയാണ് അര്‍ജുന അവാര്‍ഡ് കൂടി എത്തിയത്. ഇരട്ടി സന്തോഷത്തോടെ മലയോരത്ത് ഇന്നലെ രാവിലെ മുതല്‍ അവാര്‍ഡ് പ്രഖ്യാപനം കുടുംബ, സുഹൃത്ബന്ധമുള്‍പ്പെടെയുള്ള ഒട്ടേറെ പേര്‍ ഒത്തുചേര്‍ന്ന് ആഘോഷമാക്കി. ചക്കിട്ടപാറയിലെ കുളച്ചല്‍ വീട്ടില്‍ എത്തിയവര്‍ക്ക്മകന് ലഭിച്ച അര്‍ജുന അവാര്‍ഡിന്റെ സന്തോഷത്തില്‍ മധുരം നല്‍കി മാതാപിതാക്കളും ആഘോഷത്തില്‍ പങ്കാളികളായി. ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്യുന്ന ജിന്‍സന് ലഭിച്ച അര്‍ജുന അവാര്‍ഡ് അംഗീകാരത്തില്‍ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ആശംസകളും നിറഞ്ഞ സന്തോഷത്തോടെയാണ് കുടുംബക്കാര്‍ സ്വീകരിക്കുന്നത്.