മെസ്സി ഇറങ്ങിയില്ല; എന്നിട്ടും ബാഴ്‌സയ്ക്ക് വിജയം തന്നെ

Update: 2018-10-25 13:26 GMT


ബാഴ്‌സലോണ: വീരനായകന്‍ ലയണല്‍ മെസ്സി പരിക്കേറ്റ് വിട്ടു നിന്നെങ്കിലും യുവേഫ ചാംപ്യന്‍സ് ലീഗില്‍ വിജയത്തുടര്‍ച്ചയോടെ ബാഴ്‌സലോണ. ബാഴ്‌സലോണയുടെ മൈതാനമായ ന്യൂകാംപില്‍ നടന്ന ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഇറ്റാലിയന്‍ സീരി എ ടീമായ ഇന്റര്‍ മിലാനെ തോല്‍പിച്ചാണ് മെസ്സിയുടെ അസാന്നിധ്യം ടീം മായ്ച്ചുകളഞ്ഞത്. ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ റാഫിന്‍ഹ, സ്പാനിഷ് താരം ജോര്‍ഡി ആല്‍ബ എന്നിവര്‍ ബാഴ്‌സയ്ക്കായി ലക്ഷ്യം കണ്ടു. മറ്റ് മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ ക്രവേണ സ്വേസ്ഡയെയും (4-0) എഫ് സി പോര്‍ട്ടോ ലോക്കോമോട്ടീവ് മോസ്‌കൊയേയും (5-1) പരാജയപ്പെടുത്തിയപ്പോള്‍ നാപ്പോളി പിഎസ്ജിയും (2-2) പിഎസ്‌വി ടോട്ടനത്തിനെയും (2-2) ക്ലബ് ബ്രഗ് മൊണാക്കോയെയും (1-1) ഗാലറ്റസാറെ ഷാല്‍ക്കെയെയും (0-0) സമനിലയില്‍ തളച്ചു. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് അത്‌ലറ്റികോ മാഡ്രിഡ് പരാജയപ്പെട്ടതാണ് ഇന്നലെ നടന്ന ഗ്രൂപ്പ മല്‍സരങ്ങളില്‍ എല്ലാവരും ഉറ്റുനോക്കിയത്.
മല്‍സരത്തില്‍ എല്ലാ ഫോര്‍മാറ്റിലും മികച്ച ആധിപത്യം പുലര്‍ത്തിയാണ് ഇന്നലെ ബാഴ്‌സ മല്‍സരശേഷം ബൂട്ടഴിച്ചത്. മെസ്സിയുടെ അസാന്നിധ്യത്തില്‍ സുവാരസ്, കോട്ടീഞ്ഞോ, റാഫിന്‍ഹ ത്രയത്തെ മുന്നില്‍ നിര്‍ത്തി കോച്ച് വാല്‍വെര്‍ഡെ ബാഴ്‌സയെ 4-3-3 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ സൂപ്പര്‍ താരം മൗറോ ഇക്കാര്‍ഡിയെ ആക്രമണ ചുമതലയേല്‍പിച്ച് 4-2-3-1 എന്ന ശൈലിയിലാണ് ഇന്ററിനെ കോച്ച് ലൂസിയാനോ സ്പാലെറ്റി വിന്യസിച്ചതും.
ആദ്യ പകുതിയിലെ 32ാം മിനിറ്റില്‍ റാഫിന്‍ഹയിലൂടെ ബാഴ്‌സ മുന്നിലെത്തി. ഉറുഗ്വേ താരം ലൂയിസ് സുവാരസിന്റെ ഒരു അത്ഭുത പാസില്‍ നിന്നായിരുന്നു ബ്രസീല്‍ താരത്തിന്റെ ഗോള്‍. ഈ ഗോളിന്റെ ആധിപത്യത്തില്‍ മുന്നിട്ടു നിന്ന കാറ്റലന്‍സ് ശ്രദ്ധയോടെയായിരുന്നു പിന്നീട് കരുക്കള്‍ നീക്കിയത്. രണ്ടാം പകുതിയില്‍ ഗോളുകള്‍ വീഴാതിരിക്കാന്‍ ഇന്റര്‍ ശ്രമിച്ചെങ്കിലും 83ാം മിനിറ്റില്‍ പ്രതിരോധ താരം ജോര്‍ഡി ആല്‍ബയിലൂടെ ഇന്റര്‍ രണ്ടാം പ്രഹരവും നേരിട്ടു. റാകിറ്റിചിന്റെ പാസില്‍ നിന്നായിരുന്നു ആല്‍ബയുടെ ഗോള്‍. ഇന്ററിന് ഒരു ഗോള്‍ പോലും മടക്കാന്‍ കഴിയാതെ വന്നതോടെ 2-0 ന്റെ ജയവുമായി ബാഴ്‌സ കളം വിട്ടു. ജയത്തോടെ ബാഴ്‌സ പ്ലേ ഓഫിലേക്ക് ഒരുപടി കൂടി അടുത്തു. മൂന്ന് കളിയില്‍ മൂന്നും ജയിച്ച ബാഴ്‌സ ഒമ്പത് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ആദ്യ രണ്ട് മല്‍സരങ്ങള്‍ ജയിച്ച ഇന്റര്‍ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
Tags:    

Similar News