ബംഗളൂരു ജെയിന്‍ സര്‍വകലാശാലയില്‍ അംബേദ്കറെ അപമാനിച്ച് നാടകം; പ്രിന്‍സിപ്പലും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഒമ്പതുപേര്‍ അറസ്റ്റില്‍

Update: 2023-02-14 05:57 GMT

ബംഗളൂരു: ഭരണഘടനാ ശില്‍പി ഡോ.ബി ആര്‍ അംബേദ്കറെ അപമാനിച്ച് നാടകം അവതരിപ്പിച്ച സംഭവത്തില്‍ ഒമ്പത് പേര്‍ അറസ്റ്റിലായി. ബംഗളൂരു ജെയിന്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസിലെ (സിഎംഎസ്) പ്രിന്‍സിപ്പലിനെയും ഏഴ് വിദ്യാര്‍ഥികളെയും ഒരു സ്റ്റാഫിനെയുമാണ് കര്‍ണാടക പോലിസ് അറസ്റ്റുചെയ്തത്. സര്‍വകലാശാല യുവജനോല്‍സവത്തിന്റെ ഭാഗമായി നടന്ന നാടകത്തിലാണ് അംബേദ്കറെ വിദ്യാര്‍ഥികള്‍ അപമാനിച്ചത്.

ബി ആര്‍ അംബേദ്കര്‍ എന്നതിന് പകരം ബിയര്‍ അംബേദ്കര്‍ എന്നാണ് നാടകത്തില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. നാടക ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദലിത് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്നാണ് പോലിസ് കേസെടുത്തത്. നാടകം അവതരിപ്പിച്ച സംഘത്തിലെ വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്‌പെന്റ് ചെയ്തിരുന്നു. ജെയിന്‍ (ഡീംഡ്ബി) യൂനിവേഴ്‌സിറ്റിയിലെ പ്രിന്‍സിപ്പല്‍ ഡോ. ദിനേശ് നില്‍കാന്ത്, ബിബിഎ കോഴ്‌സില്‍ അഞ്ചാം സെമസ്റ്റര്‍ പഠിക്കുന്ന ഏഴ് വിദ്യാര്‍ഥികളും വിവാദ ഇവന്റ് പ്രോഗ്രാം കോ-ഓഡിനേറ്ററുമാണ് അറസ്റ്റിലായതെന്ന് പോലിസ് പറഞ്ഞു.

വിവാദ നാടകം പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പ്രതികള്‍ക്കെതിരേ ഐപിസി സെക്ഷന്‍ 153 എ പ്രകാരം വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുത സൃഷ്ടിച്ചതിന് കേസെടുത്തു. എസ്‌സി, എസ്ടി (അതിക്രമങ്ങള്‍ തടയല്‍ നിയമം) നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

Similar News