'ഫലസ്തീനില്‍ ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്‍ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പോവാം': മസ്ജിദുല്‍ അഖ്‌സാ ഇമാം ശെയ്ഖ് ഇഖ്‌രിമ സബ്‌രി
ജറുസലേം: ഫലസ്തീനിലെ മുസ്‌ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ പിടിച്ചെടുക്കുമെന്ന ഇസ്രായേല്‍ സര്‍ക്കാര്‍ ഉത്തരവിനെതിരേ മസ്ജിദുല്‍ അഖ്‌സാ ഇമാം ശെയ്ഖ് ഇഖ്‌രിമ സബ്‌രി. ''ഫലസ്തീനില്‍ ബാങ്ക് വിളി മുഴങ്ങുന്നത് തുടരും. ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെ അതുണ്ടാവും. അത് ഫലസ്തീനികളുടെ അവകാശമാണ്. ബാങ്ക് വിളിയുടെ ശബ്ദം ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ക്ക് പോവാം.''-ശെയ്ഖ് ഇഖ്‌രിമ സബ്‌രി പറഞ്ഞു. ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെയാണ് സ്വതന്ത്ര ഫലസ്തീന്‍ രാജ്യം.
''ഇസ്‌ലാമില്‍ ഒഴിവാക്കാനാവാത്ത കാര്യമാണ് ബാങ്ക് വിളി. ആര്‍ക്കും അത് തടയാന്‍ കഴിയില്ല. പള്ളി മിനാരങ്ങളിലെ ബാങ്ക് വിളി നിരോധിച്ചാല്‍ വീടുകളുടെ മുകളില്‍ നിന്ന് ബാങ്ക് വിളിക്കും. ഉമറുബ്‌നുല്‍ ഖത്താബ് ജറൂസലേം കീഴടക്കിയശേഷം ഫലസ്തീനില്‍ ആരാണ് നമസ്‌കാരത്തിനു ബാങ്ക് വിളിക്കുക എന്ന ചോദ്യം ഉയര്‍ന്നുവന്നു. പ്രവാചകന്റെ മുഅദ്ദിന്‍ (ബാങ്ക് വിളിക്കുന്നയാള്‍) ആയ ബിലാലുബ്‌നു റബാഹ് ആയിരുന്നു ആദ്യമായി ബാങ്ക് വിളിച്ചത്. അന്നു മുതല്‍ ഇന്നു വരെ ബാങ്ക് വിളിക്കുന്നുണ്ട്. അത് അന്ത്യനാള്‍ വരെ തുടരും.''-ശെയ്ഖ് ഇഖ്‌രിമ സബ്‌രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഫലസ്തീനിലെ മുസ്‌ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലി പോലിസ് മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ഉത്തരവിട്ടത്. ബാങ്ക് വിളി ജൂത കുടിയേറ്റക്കാര്‍ക്ക് ശല്യമാണെന്ന് പറഞ്ഞായിരുന്നു പുതിയ വംശീയ ഉത്തരവ്. ലൗഡ് സ്പീക്കര്‍ പിടിച്ചെടുക്കാന്‍ കഴിയാത്ത കേസുകളില്‍ പിഴ ഈടാക്കാമെന്നും പുതിയ ഉത്തരവില്‍ വ്യവസ്ഥയുണ്ട്. ഇതിനെതിരേ ഹമാസ് അടക്കമുള്ള ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
1939ല്‍ ജറുസലേമില്‍ ജനിച്ച ശെയ്ഖ് ഇഖ്‌രിമ സബ്‌രി 1994 ഒക്ടോബര്‍ മുതല്‍ 2006 ജൂലൈ ഒന്നു വരെ ജറുസലേമിന്റെയും ഫലസ്തീന്റെയും ഗ്രാന്‍ഡ് മുഫ്തിയായിരുന്നു. ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളോട് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിനാല്‍ ഇസ്രായേല്‍ നിരന്തരമായി വേട്ടയാടുന്നുണ്ട്. മസ്ജിദുല്‍ അഖ്‌സാക്കു മുന്നില്‍ ഇസ്രായേല്‍ സ്ഥാപിച്ച സുരക്ഷാ സ്‌കാനറിലൂടെ നടക്കാത്തതിന് 2017ല്‍ ഇദ്ദേഹത്തെ ഇസ്രായേലി പോലിസ് വെടിവച്ചിരുന്നു. തുടര്‍ന്ന് വിദേശസഞ്ചാര അനുമതിയും നിഷേധിച്ചു. ഇസ്രായേലിന്റെ ആവശ്യപ്രകാരം 2007ല്‍ നെതര്‍ലാന്‍ഡ് പ്രവേശന അനുമതി നിഷേധിച്ചിരുന്നു.
ഫലസ്തീനികള്‍ നടത്തുന്ന ചെറുത്തുനില്‍പ്പിനെ അംഗീകരിക്കുന്ന ശെയ്ഖ് ഇഖ്‌രിമ സബ്‌രിയെ നിരവധി തവണ മസ്ജിദുല് അഖ്‌സായില്‍ കടക്കുന്നതില്‍ നിന്ന് ഇസ്രായേല്‍ വിലക്കിയിട്ടുണ്ട്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയയെ രക്തസാക്ഷിയായി പ്രഖ്യാപിച്ചതിനാണ് അവസാനമായി വിലക്കിയത്. ആറു മാസത്തേക്കാണ് വിലക്ക്.
1967ലെ അറബ്-സയണിസ്റ്റ് യുദ്ധത്തിലാണ് ഇസ്രായേല്‍ മസ്ജിദ് ഉള്‍പ്പെടുന്ന കിഴക്കന്‍ ജറുസലേം പിടിച്ചെടുത്തത്. ഇത് ഫലസ്തീനികളും ലോകരാജ്യങ്ങളും അംഗീകരിച്ചിട്ടില്ല.