
അനാമിക
രണ്ട് ആക്രമണങ്ങളാണ് അടുത്ത കാലത്തായി മാധ്യമങ്ങളിൽ വന്നും പോയുമിരിക്കുന്നത്. ഒന്ന്, ഇസ്രായേലി വംശവെറി ഭരണകൂടത്തിൻ്റെ തലവനായ ബെഞ്ചമിൻ നെതന്യാഹു ഗസയിൽ ഹമാസിനെ വകവരുത്താനായി നടത്തുന്ന ക്രൂരമായ ബോംബാക്രമണവും നശീകരണവും. മറ്റൊന്ന്, റഷ്യൻ ഭാഷ സംസാരിക്കുന്നവർക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ റഷ്യയോട് ചേർക്കുക എന്ന ലക്ഷ്യത്തോടെ വ്ലാഡിമിർ പുടിൻ നടത്തുന്ന ആക്രമണം. ഇതുരണ്ടിനും പുറമെ, ആഫ്രിക്കയിൽ സുദാനിലും ലിബിയയിലും സാഹൽ പ്രദേശങ്ങളിലും അത്രയൊന്നും ശ്രദ്ധയിൽ പെടാത്ത പോരാട്ടങ്ങൾ നടക്കുന്നുണ്ട്.
ഈ യുദ്ധങ്ങളൊക്കെ ഭൂരാഷ്ട്രീയത്തിൻ്റെ ഉൽപ്പന്നങ്ങൾ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. അവ അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്നവർ ഭരണാധികാരികൾ മാത്രമായിരിക്കില്ല, അവർക്ക് കൂട്ടായി ആയുധനിർമാണ ശാലകൾ രംഗത്തുണ്ട്. യുദ്ധം നടന്നില്ലെങ്കിൽ അവ നടത്തുന്ന കമ്പനികൾ വലിയ കഷ്ടത്തിലാവും. ലോകസമാധാനത്തിനു വേണ്ടി പഠനങ്ങൾ നടത്തുന്ന സ്വീഡനിലെ സിപ്റിയുടെ ഒരു റിപോർട്ട് പ്രകാരം യൂറോപ് വൻതോതിൽ ആയുധങ്ങൾ വാങ്ങിക്കൂട്ടുകയാണ്. ജർമനിയിലെ റെയ്ൻ മെറ്റൽ എന്ന ആയുധനിർമാണ ശാലയുടെ ഓഹരികൾ ഇന്ത്യയിലെ വിപണിയിൽ വിറ്റുപോയത് 367 ശതമാനം അധിക വിലയ്ക്കാണ്. ഇന്ത്യക്ക് റാഫേൽ വിമാനങ്ങൾ നൽകുന്ന ഒസ്സാൾ ഏവിയേഷനും സ്റ്റോക്ക് എക്സ്ചേഞ്ചിൽ താരമാണ്.
സൈനിക മേധാവികൾക്കും അത്തരം കമ്പനികളെ ഇഷ്ടമാണ്. ഒരു മേധാവിയും തോക്കെടുത്തു നേരിട്ട് പടയ്ക്കിറങ്ങില്ലെങ്കിലും കമ്പനി മേധാവികളുമായി അവർ ചങ്ങാത്തത്തിലായിരിക്കും.
ആയുധനിർമാണ ശാലകളുമായി മിക്ക രാഷ്ട്രത്തലവന്മാരും വലിയ അടുപ്പത്തിലായിരിക്കും. വലിയ സയണിസ്റ്റായ അമേരിക്കൻ മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഡെമോക്രാറ്റിക് പാർട്ടിയിൽ, ഇസ്രായേലിൽ ആയുധം കൊടുക്കുന്നതിനെതിരേ മുമ്പു കാണാത്ത വിധം എതിർപ്പ് ശക്തമാണ്. എന്നാൽ ബൈഡന് ലോക്ഹീസ് മാർട്ടിൻ, റെയ്തിയൺ, ജനറൽ ബൈനമിക്സ് തുടങ്ങിയ ആയുധനിർമാണ വമ്പന്മാരെ അവഗണിക്കാൻ പറ്റില്ല. അവരാണ് പാർട്ടി ഏതായാലും കൈയയച്ച് സംഭാവന നൽകുന്നത്. പുതിയ പുതിയ ആയുധങ്ങൾ കിട്ടിയാൽ അവ പരിശോധിച്ചു നോക്കാൻ പടത്തലവന്മാർ ഓടിക്കിതച്ചുവരും.
അതിൻ്റെ ഉദാഹരണങ്ങൾ നമുക്ക് കൂടുതൽ കാണാൻ കഴിയുന്നത് ആഫ്രിക്കയിലാണ്. ലിബിയ, സുദാൻ, ചാഡ്, നൈജർ, റുവാണ്ട എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ സഞ്ചരിക്കുന്ന ആയുധനിർമാണ കമ്പനികളുടെ മിടുക്കന്മാരായ പ്രതിനിധികൾ ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ മാത്രം സ്വാധീനമുള്ള സംഘർഷങ്ങൾ നിലനിർത്തുന്നതിലാണ് സാമർഥ്യം കാണിക്കുന്നത്. ലിബിയയിൽ ഇപ്പോഴും സമാധാനം പുലരുന്നതിനു പിന്നിൽ റഷ്യയും ചൈനയുമാണ്. ഫ്രാൻസും ബ്രിട്ടനും യുഎസും തങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ പഴയതും പുതിയതുമായ ആയുധങ്ങൾ വിറ്റഴിക്കുന്നു. മൊറോക്കോയും അൾജീരിയയും സഹാറാ മരുഭൂമിയുടെ ഒരു ഭാഗത്തിനുവേണ്ടി ഇടയ്ക്കിടെ യുദ്ധം ചെയ്യുന്നതിനു കാരണം ഇരുകൂട്ടർക്കും ലഭിക്കുന്ന ആയുധങ്ങൾ തന്നെ.
പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുന്നവർ മാത്രമല്ല ഇതിനൊക്കെ കാരണക്കാർ. ഏകാധിപത്യമായാലും ജനാധിപത്യമായാലും ആയുധ വ്യവസായികളെ ഹാരാർപ്പണം ചെയ്ത് സ്വീകരിക്കുന്നു.