ഫലസ്തീനും അറബ് രാഷ്ട്രങ്ങളും ഒളിഞ്ഞിരിക്കുന്ന കൈകളും

Update: 2025-04-03 07:33 GMT

റംസി ബറൂദ്

ഇസ്രായേലിനെ നേരിടുന്നതിൽ അറബികൾ പരാജയപ്പെടുന്നതിന് മൂന്നു കാരണങ്ങളുണ്ടെന്നാണ് സാധാരണ പറയാറ്. 

"അറബികൾക്ക് ഐക്യമില്ല, അവർ പൊതുവേ ദുർബലരാണ്, ഫലസ്തീൻ പ്രശ്നത്തിന് മുൻഗണന നൽകുന്നതിൽ അവർ പരാജയപ്പെടുന്നു" എന്നിവയാണ് ആ മൂന്ന് കാരണങ്ങൾ.

എന്നാൽ, പരമ്പരാഗതമായ ഈ വിശകലനം പ്രശ്നത്തിൻ്റെ പൂർണചിത്രം നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ബെഞ്ചമിൻ നെതന്യാഹുവിൻ്റെയോ മറ്റാരുടെയെങ്കിലും നേതൃത്വത്തിലോ ഉള്ള സയണിസ്റ്റ് ഭരണകൂടത്തെ നേരിടാനുള്ള ശേഷി അറബികൾക്ക്

ഇല്ലാത്തതിനാൽ ഇസ്രായേൽ ഫലസ്തീനികളെ അതിക്രൂരമായി പീഡിപ്പിക്കുന്നു എന്ന വാദത്തിന് ഒരു പ്രശ്നമുണ്ട്.

ഈ വാദം പ്രകാരം നോക്കുമ്പോൾ അറബികൾ തത്വത്തിൽ ഫലസ്തീനൊപ്പമാണെന്ന ധ്വനിയാണ് ഉണ്ടാവുന്നത്. 

ഫലസ്തീന് അനുകൂലമായി നിലപാട് എടുക്കുന്ന പലരും അറബ് രാഷ്ട്രങ്ങളോട് ഐക്യപ്പെടാനും ഇസ്രായേലിനുള്ള അചഞ്ചലമായ പിന്തുണ പുനരാലോചിക്കാൻ യുഎസ് സർക്കാരിൽ സമ്മർദ്ദം ചെലുത്താനും ഗസയിലെ ഉപരോധം നീക്കാൻ നിർണായകമായ നടപടികൾ കൈക്കൊള്ളാനും പണ്ടേ ആവശ്യപ്പെട്ടിട്ടുണ്ട്

ഈ നടപടികൾക്ക് ചില ഗുണങ്ങൾ ഉണ്ടായിരിക്കുമെങ്കിലും യാഥാർത്ഥ്യം കൂടുതൽ സങ്കീർണ്ണമാണ്. ഇത്തരം ആഗ്രഹങ്ങൾ അറബ് സർക്കാരുകളുടെ സ്വഭാവത്തിൽ മാറ്റം വരുത്താൻ സാധ്യതയില്ല എന്നതാണ് വസ്തുത. ഫലസ്തീൻ പ്രശ്നത്തെ പ്രധാന വിഷയമായി കാണാത്ത ഈ  അറബ് ഭരണകൂടങ്ങൾ ഏതെങ്കിലും തരത്തിലുള്ള തൽസ്ഥിതി നിലനിർത്തുന്നതിനോ തൽസ്ഥിതിയിലേക്ക് തിരിച്ചുപോകാനോ ആഗ്രഹിക്കുന്നവരാണ്.

2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ ഗസയിൽ വംശഹത്യ ആരംഭിച്ചപ്പോൾ അറബികളുടെ മികച്ച നിലപാട് ദുർബലവും മോശം നിലപാട് ഫലസ്തീൻ വിരുദ്ധവുമായിരുന്നു.

ചില അറബ് ഗവൺമെൻ്റുകൾ ഐക്യരാഷ്ട്രസഭയുടെ സംവാദങ്ങളിൽ പലസ്തീൻ്റെ ചെറുത്തുനിൽപ്പിനെ അപലപിക്കുക വരെ ചെയ്തു. ഇസ്രായേലിൻ്റെ ക്രൂരമായ ഉപരോധമാണ് തുഫാനുൽ അഖ്സയ്ക്ക് കാരണമെന്നും സന്ദർഭോചിതമാണ് അതെന്നുമാണ് റഷ്യയും ചൈനയും നിലപാട്  സ്വീകരിച്ചത്. എന്നാൽ, ബഹ്‌റൈൻ പോലുള്ള രാജ്യങ്ങൾ ഫലസ്തീനികളുടെ മേൽ കുറ്റം ചുമത്തി.

ചില അപവാദങ്ങളൊഴിച്ചാൽ, ഇസ്രായേൽ ആക്രമണത്തെ ഏതെങ്കിലും അർത്ഥവത്തായ പദങ്ങളിൽ അപലപിക്കുന്ന താരതമ്യേന ശക്തമായ നിലപാട് വികസിപ്പിക്കാൻ അറബ് ഗവൺമെൻ്റുകൾ ആഴ്ചകളോ മാസങ്ങളോ എടുത്തു.അവർ പതിയെ സംസാരിക്കാൻ തുടങ്ങിയെങ്കിലും പ്രവർത്തനങ്ങൾ ഉണ്ടായില്ല.

യെമനിലെ അൻസാർ അല്ലാഹ് പ്രസ്ഥാനം, മറ്റ് ഭരണകൂട ഇതര അറബ് പ്രസ്ഥാനങ്ങൾക്കൊപ്പം ഉപരോധത്തിലൂടെ ഇസ്രായേലിന്മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചപ്പോൾ, ഇസ്രായേൽ ഒറ്റപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് അറബ് രാജ്യങ്ങൾ ചെയ്തത്.

ഫലസ്തീൻ ചെറുത്തുനിൽപ്പിനെ തകർക്കാനുള്ള ഇസ്രായേലിൻ്റെ ശ്രമങ്ങളോട് തങ്ങൾക്ക് എതിർപ്പില്ലെന്ന് ചില അറബ് ഗവൺമെൻ്റുകൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ആൻ്റണി ബ്ലിങ്കനോട് പറഞ്ഞതായി ബോബ് വുഡ്വാർഡ് തൻ്റെ 'വാർ ' എന്ന പുസ്തകത്തിൽ വെളിപ്പെടുത്തി. എന്നിരുന്നാലും, മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഫലസ്തീനികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളെക്കുറിച്ച് ചില അറബ് ഭരണാധികാരികൾ ആശങ്കാകുലരായിരുന്നു. അത് സ്വന്തം രാജ്യങ്ങളിൽ പ്രക്ഷോഭങ്ങൾക്ക് കാരണമാകുമെന്ന് അവർ ഭയന്നു.എന്നാൽ, ആ പൊതു പ്രക്ഷോഭം യാഥാർത്ഥ്യമായില്ല.

കാലക്രമേണ, ഗസയിലെ വംശഹത്യയും പട്ടിണിയും സഹായത്തിനായുള്ള നിലവിളികളും ദാരുണമായ മറ്റൊരു സാധാരണ സംഭവമായി.

ഗസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ അമ്പതിനായിരത്തോളം ഫലസ്തീനികൾ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും ഔദ്യോഗിക അറബ്-രാഷ്ട്രീയ സ്ഥാപനങ്ങൾ യുദ്ധം അവസാനിപ്പിക്കുന്നതിൽ പങ്കൊന്നും വഹിച്ചില്ല.

ഈ അറബ് നിഷ്‌ക്രിയത്വത്തെ തുടർന്നാണ്, ഗസയിൽ 15,000ൽ അധികം കുട്ടികൾ കൊല്ലപ്പെട്ടിട്ടും, അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ യുഎസ് ഭരണകൂടം ധൈര്യപ്പെട്ടത്.

ഇസ്രായേലിൻ്റെ യുദ്ധക്കുറ്റങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളുടെ ധാർമ്മിക പരാജയങ്ങളും അന്താരാഷ്ട്ര നിയമത്തിന്റെ പോരായ്മകളും യുഎസ് പ്രസിഡൻ്റായിരുന്ന ജോ ബൈഡൻ്റെയും അദ്ദേഹത്തിൻ്റെ ഭരണകൂടത്തിൻ്റെയും ക്രിമിനൽ നടപടികളും വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ അതിക്രമങ്ങൾ നടക്കുന്നതിൽ അറബ് സർക്കാരുകളുടെ പങ്കാളിത്തം പലപ്പോഴും വിമർശിക്കപ്പെട്ടില്ല.

വാസ്തവത്തിൽ, ഗസയിലെ ഇസ്രായേലി അതിക്രമങ്ങളിൽ, നാം തിരിച്ചറിയുന്നതിനേക്കാൾ കൂടുതൽ പ്രധാന പങ്ക് റബികൾ വഹിച്ചിട്ടുണ്ട്. ചിലർ അവരുടെ നിശബ്ദതയിലൂടെയും മറ്റുള്ളവർ ഇസ്രായേലുമായുള്ള നേരിട്ടുള്ള സഹകരണത്തിലൂടെയുമാണ്ഈ പങ്ക് വഹിച്ചത്. 

യുദ്ധത്തിലുടനീളം, ചില അറബ് രാജ്യങ്ങൾ ഇസ്രായേലിന് വേണ്ടി യുഎസ്സിൽ സജീവമായി സമ്മർദം ചെലുത്തി. ഫലസ്തീനികളെ കുടിയൊഴിപ്പിക്കാതെ ഗസയെ പുനർനിർമിക്കണമെന്ന ഈജിപ്ഷ്യൻ-അറബ് ലീഗ് നിർദ്ദേശത്തിനെതിരെ അവർ വാദിച്ചു. 

ഇസ്രായേൽ നിരസിക്കുകയും യുഎസ് തള്ളിക്കളയുകയും ചെയ്ത ഈ നിർദ്ദേശം, വംശീയ ഉന്മൂലനം എന്ന വിഷയത്തെ ചുറ്റിപ്പറ്റിയുള്ള യുഎസിലെ വ്യവഹാരങ്ങളെ മാറ്റാൻ സഹായിച്ചു.  

ഇത് ആത്യന്തികമായി മാർച്ച് 12 ന് ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിനുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് നടത്തിയ അഭിപ്രായങ്ങളിലേക്ക് നയിച്ചു,  "ആരും ആരെയും ഗസയിൽ നിന്ന് പുറത്താക്കുന്നില്ല" എന്ന് ട്രംപ് പ്രസ്താവിച്ചു.

താരതമ്യേന ശക്തമായ ഈ അറബ് നിലപാടിനെ സജീവമായി എതിർക്കുന്ന ചില അറബ് രാജ്യങ്ങളെ കാണുമ്പോൾ ഫലസ്തീനിലെ അറബ് പരാജയങ്ങളുടെ പ്രശ്നം കേവലം അനൈക്യവും കഴിവില്ലായ്മയുമാണെന്ന് പറയാനാവില്ല.

ഇത് വളരെ ഇരുണ്ടതും കൂടുതൽ വിചിത്രവുമായ ഒരു യാഥാർത്ഥ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.  ചില അറബികൾ തങ്ങളുടെ താൽപ്പര്യങ്ങൾ ഇസ്രായേലുമായി യോജിപ്പിച്ചിരിക്കുന്നു, അവർക്ക് സ്വതന്ത്ര ഫലസ്തീൻ തങ്ങളുടെ താൽപര്യമല്ല, മറിച്ച് ഒരു ഭീഷണിയാണ്.

ഇസ്രായേലിനെതിരേ വെസ്റ്റ് ബാങ്കിലെ ഏത് തരത്തിലുള്ള ചെറുത്തുനിൽപ്പിനെയും അടിച്ചമർത്താൻ ഇസ്രായേലുമായി കൈകോർത്ത് പ്രവർത്തിക്കുന്നത് തുടരുന്ന റാമല്ലയിലെ ഫലസ്തീനിയൻ അതോറിറ്റിക്കും ഇതേ നിലപാടാണ്.

അതിൻ്റെ ഉത്കണ്ഠ ഗസയിലെ വംശഹത്യ അവസാനിപ്പിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് ഫലസ്തീനിലെ തങ്ങളുടെ എതിരാളികളുടെ, പ്രത്യേകിച്ച് ഹമാസിൻ്റെ പാർശ്വവൽക്കരണം ഉറപ്പാക്കുന്നതിലാണ്.

അതിനാൽ, ഫലസ്തീൻ  അതോറിറ്റി ദുർബലമാണ്, അവർക്ക് മതിയായ രീതിയിൽ പ്രവർത്തിക്കാനാവുന്നില്ല, അവർക്ക് ഫലസ്തീൻ ജനതയെ ഐക്യപ്പെടുത്താൻ കഴിയുന്നില്ല തുടങ്ങിയ വാദങ്ങളൊക്കെ തെറ്റാണ്.

മഹ്മൂദ് അബ്ബാസിൻ്റെയും അദ്ദേഹത്തിൻ്റെ ഫലസ്തീൻ അതോറിറ്റി  സഖ്യകക്ഷികളുടെയും മുൻഗണനകൾ വളരെ വ്യത്യസ്തമാണ്. ഇസ്രായേലി സൈനിക മേൽക്കോയ്മയുടെ കീഴിൽ ഫലസ്തീനികളുടെ മേൽ ആപേക്ഷിക അധികാരം ഉറപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

അറബ് ഐക്യം എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന തെറ്റായ അനുമാനത്തിൽ നിന്ന് മാറി, ചർച്ചകൾ പുനഃക്രമീകരിക്കുന്നതിന്  കേൾക്കാൻ ബുദ്ധിമുട്ടുള്ളതും എന്നാൽ നിർണായകവുമായ സത്യങ്ങൾ ആവശ്യമാണ്.

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിന് അറബ്ഭ രണകൂടങ്ങൾ സ്വാഭാവികമായി തന്നെ എതിരാണെന്നും അവർ ഫലസ്തീനെ പിന്തുണയ്ക്കുന്നവരാണെന്നുമുള്ള ധ്വനിയാണ്  ഈ ഐക്യസിദ്ധാന്തത്തിലെ പോരായ്മ.

ചില അറബ് ഗവൺമെൻ്റുകൾ ഇസ്രായേലിൻ്റെ ക്രിമിനൽ പെരുമാറ്റത്തിൽ ആത്മാർത്ഥമായി രോഷാകുലരാണെങ്കിലും,  പശ്ചിമേഷ്യയിലെ യുഎസിൻ്റെ യുക്തിരഹിതമായ നയങ്ങളിൽ നിരാശരാണെങ്കിലും മറ്റുള്ളവർ സ്വന്തം താൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്നവരാണ്. ഇറാനോടുള്ള അവരുടെ വിരോധവും  അറബ് ഇതര, ഭരണകൂട ഇതര ശക്തികളോടുള്ള ഭയവും അവർക്കുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിനിടയിൽ അധികാരത്തിലെ തങ്ങളുടെ പിടിയെ ഭീഷണിപ്പെടുത്തുന്ന മേഖലയിലെ അസ്ഥിരതയെക്കുറിച്ച് അവർക്ക് ഒരുപോലെ ആശങ്കയുണ്ട്.

ഫലസ്തീനോടുള്ള ഐക്യദാർഡ്യം ഗ്ലോബൽ സൗത്തിൽ നിന്ന് വികസിച്ച് ഭൂരിപക്ഷമായി കൊണ്ടിരിക്കുകയാണെങ്കിലും അറബ് ഇടപെടലുകൾ ഫലപ്രദമല്ല. പശ്ചിമേഷ്യയിലെ വലിയ രാഷ്ട്രീയ മാറ്റം തങ്ങൾക്ക് വെല്ലുവിളിയാവുമെന്നാണ് അവരുടെ ഭയം.

എന്നാൽ, അവരുടെ നിശബ്ദത അല്ലെങ്കിൽ ഇസ്രായേലിനുള്ള സജീവ പിന്തുണ അവരുടെ തന്നെ പതനത്തിലേക്ക് നയിച്ചേക്കാം എന്നതാണ് അവർക്ക് മനസ്സിലാക്കാൻ കഴിയാത്തത്.

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമാണ് റംസി ബറൂദ്.  ഇലൻ പാപ്പേയുമായി സഹകരിച്ച് എഡിറ്റ് ചെയ്ത "വിമോചനത്തിനായുള്ള ഞങ്ങളുടെ ദർശനം: ഫലസ്തീൻ നേതാക്കളും ബുദ്ധിജീവികളും സംസാരിക്കുന്നു" എന്ന പുസ്തകം അടുത്തിടെയാണ് പ്രകാശനം ചെയ്തത്.

Similar News