കവര്‍ച്ചക്കാരെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ മൂന്നുപേരെ തല്ലിക്കൊന്നു
വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലിസുകാര്‍ക്കു നേരെയും ആക്രമണമുണ്ടായി
മുംബൈ: മഹാരാഷ്ട്രയില്‍ കവര്‍ച്ചക്കാരെന്ന് ആരോപിച്ച് ആരോപിച്ച് മൂന്നുപേരെ തല്ലിക്കൊന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലിസുകാര്‍ക്കു നേരെയും ആക്രമണമുണ്ടായി. വ്യാഴായ്ച്ച പുലര്‍ച്ചെ പാല്‍ഘര്‍ ജില്ലയിലെ ദബധി ഖന്‍വേലിലാണ് സംഭവം. നാസിക്കിലേക്ക് പോവുകയായിരുന്ന സുശീല്‍ഗിരി മഹാരാജ്, നിലേഷ് തെല്‍ഗാഡെ, ജയേഷ് തെല്‍ഗാഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. തടയാന്‍ ശ്രമിച്ച അഞ്ച് പോലിസുകാര്‍ക്കും പരിക്കേറ്റതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. മുംബൈ സ്വദേശികളായ രണ്ടുപേരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ 200ഓളം വരുന്ന ഗ്രാമവാസികള്‍ കല്ലെറിയുകയായിരുന്നു. കവര്‍ച്ചക്കാരെന്നു സംശയിച്ച് വാഹനം തടയുകയും മൂവരെയും പുറത്തിറക്കി വടിയും മറ്റും കൊണ്ട് തല്ലിക്കൊല്ലുകയുമായിരുന്നു. വാഹനം തടഞ്ഞ് ഗ്രാമീണര്‍ ആക്രമിക്കുകയാണെന്നു ഡ്രൈവര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് സംഘത്തെയും ആള്‍ക്കൂട്ടം ആക്രമിച്ചു. ജില്ലയിലെ ഒരു സീനിയര്‍ പോലിസ് ഓഫിസറും കാസ സ്‌റ്റേഷനിലെ നാലു പോലിസുകാര്‍ക്കുമാണ് പരിക്കേറ്റത്.
പ്രദേശത്ത് നേരത്തെയും ആക്രമണമുണ്ടായതായി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മൂന്നുദിവസം മുമ്പ് അസിസ്റ്റന്റ് പോലിസ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് കേളിനെയും മറ്റു മൂന്ന് പോലിസ് ഉദ്യോഗസ്ഥരെയും ഒരു ഡോക്ടറെയും കവര്‍ച്ചക്കാരെന്ന് ആരോപിച്ച് ആക്രമിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാണെന്നും കവര്‍ച്ചക്കാരെന്നു പറഞ്ഞ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയോ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരീക്ഷണത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിരവധി പേരെ ചോദ്യം ചെയ്യുന്നുണ്ടെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞതായി റിപോര്‍ട്ടില്‍ വ്യക്തമാക്കി.