ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്കെതിരായ ഹിന്ദുത്വ ആക്രമണം 75 ശതമാനം വര്‍ധിച്ചു; 2021ലെ കണക്ക് പുറത്ത് വിട്ട് യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം
ഹിന്ദുത്വര്‍ക്ക് സ്വാധീനമുള്ള നാല് സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങളുടെ 274 സംഭവങ്ങള്‍ (56 ശതമാനം) രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കെതിരേ ഹിന്ദുത്വ ആക്രമണം 75 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ അവകാശ സംരക്ഷണ സംഘടനയാണ് 2021ലെ കണക്ക് പുറത്ത് വിട്ടത്. ക്രിസ്ത്യാനികള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണം 2020ല്‍ 279 ആയിരുന്നത് 2021ല്‍ 486 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 മുതല്‍ ഇന്ത്യയില്‍ 'ക്രിസ്ത്യാനികള്‍ക്കെതിരായ ഏറ്റവും അക്രമാസക്തമായ വര്‍ഷം' 2021 ആണെന്ന് യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്ത്യനികള്‍ക്കെതിരായ ആക്രമണം തടയാനും നിയമസഹായം നല്‍കാനും യൂനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഒരു ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ തുടങ്ങിയിട്ടുണ്ട്.
'കര്‍ത്താവായ യേശുക്രിസ്തുവിന്റെ ജന്മദിനം ക്രിസ്മസ് ആഘോഷിക്കുന്നതില്‍ നിന്ന് ക്രിസ്ത്യാനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതുപോലെ നൂറിലധികം (104) സംഭവങ്ങള്‍ക്ക് ഈ വര്‍ഷത്തിലെ അവസാന രണ്ട് മാസങ്ങള്‍ സാക്ഷിയായി' ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 77 ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയ ഒക്ടോബറാണ് ഏറ്റവും അക്രമാസക്തമായ മാസമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളിയാഴ്ച്ചയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇത് പ്രകാരം മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് 2021ലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ അരങ്ങേറിയത്.
ഓരോ വര്‍ഷത്തേയും ആക്രമണ സംഭവങ്ങള്‍:
- 2014-127,
- 2015-142,
- 2016-226,
- 2017-248,
- 2018-292,
- 2019-328,
- 2020-279,
- 2021-486.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ അരങ്ങേറിയത് യോഗിയുടെ യുപിയിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2021ല്‍ ഉത്തര്‍പ്രദേശില്‍ 102 കുറ്റകൃത്യങ്ങള്‍ നടന്നതായും തൊട്ടുപിന്നാലെയുള്ള ഛത്തീസ്ഗഢില്‍ 90 ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുത്വര്‍ക്ക് സ്വാധീനമുള്ള നാല് സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങളുടെ 274 സംഭവങ്ങള്‍ (56 ശതമാനം) രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്(102), ഛത്തീസ്ഗഡ്(90), ജാര്‍ഖണ്ഡ് (44), മധ്യപ്രദേശ് (38).
'ഇന്ത്യയില്‍ ഉടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്കവാറും എല്ലാ സംഭവങ്ങളിലും, മതതീവ്രവാദികള്‍ അടങ്ങിയ വിജിലന്റ് ജനക്കൂട്ടം ഒന്നുകില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിലേക്ക് കയറുകയോ അല്ലെങ്കില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കുന്നതായും കണ്ടിട്ടുണ്ട്,' റിപ്പോര്‍ട്ട് പറയുന്നു.
'നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവരെ പോലിസിന് കൈമാറുന്നതിന് മുമ്പ് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുന്നാതയും, പലപ്പോഴും പോലിസ് സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഹിന്ദുത്വ ആക്രമങ്ങള്‍ക്കെതിരേ പോലിസ് നിശബ്ദ കാഴ്ച്ചകാരായി മാറുന്നതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനം ഇരകളാക്കപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദുത്വര്‍ പോലിസിന് കൈമാറിയ 210 പേരെ ഹെല്‍പ്പ് ലൈന്‍ സഹായത്തോടെ മോചിപ്പിക്കാനായി. എന്നാല്‍, ആക്രമണ സംഭവങ്ങള്‍ 34 എഫ്‌ഐആറുകള്‍ മാത്രമെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളു.