പെഗസസില്‍ രാജ്യസഭയിലും പ്രതിപക്ഷ ബഹളം; ആറ് തൃണമൂല്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2021-08-04 09:07 GMT

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ രാജ്യസഭയിലും പ്രതിഷേധം. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പെഗസസ് വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ഇരുസഭകളിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഇന്ന് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്റ് ചെയ്തു. ഒരുദിവസത്തേക്കാണ് പുറത്താക്കിയത്. ഡോല സെന്‍, നാദിമുള്‍ ഹക്ക്, അബിര്‍ രഞ്ജന്‍ ബിശ്വാസ്, ഷന്ത ഛേത്രി, അര്‍പിത ഘോഷ്, മൗസം നൂര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. 'പെഗാസസ് ചര്‍ച്ച ചെയ്യുക' എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

പ്ലക്കാര്‍ഡുമായി നടുത്തളത്തിലെത്തിയ എംപിമാരോട് തിരികെ സീറ്റിലേക്ക് പോവാന്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ആദ്യം ആവശ്യപ്പെട്ടു. ഇതിന് കൂട്ടാക്കാതിരുന്ന തൃണമൂല്‍ നേതാക്കള്‍ക്കെതിരേ 255ാം വകുപ്പ് പ്രയോഗിക്കുമെന്ന് വെങ്കയ്യ നായിഡു ഭീഷണി മുഴക്കി. പ്ലക്കാര്‍ഡുകള്‍ ചെയറിന് മുന്നില്‍ കൊണ്ടുവരുന്നത് അനാവശ്യമാണെന്ന് അദ്ദേഹം പ്രതിഷേധിക്കുന്ന എംപിമാരോട് പറഞ്ഞു. നിങ്ങള്‍ എല്ലാവരും മുതിര്‍ന്നവരാണ്, നിങ്ങള്‍ക്ക് പെരുമാറ്റ ചട്ടങ്ങള്‍ അറിയാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭ തുടങ്ങിയപ്പോള്‍തന്നെ പെഗസസ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആറുപേരെ രാജ്യസഭാ ചെയര്‍മാന്‍ പുറത്താക്കിയത്. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച രാജ്യസഭാംഗങ്ങള്‍ ചെയര്‍മാരെ ധിക്കരിക്കുകയും സഭയില്‍ വളരെ ക്രമവിരുദ്ധമായി പെരുമാറുകയും ചെയ്തു- ചെയര്‍മാന്‍ പറഞ്ഞു. ലോക്‌സഭയിലും പെഗസസിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധം കാരണം പാര്‍ലമെന്റ് നടപടികളുടെ തല്‍സമയ സംപ്രേക്ഷണം നിര്‍ത്തിവച്ചിരുന്നു. ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ രണ്ടുമണി വരെ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് നടപടികള്‍ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു.

Tags:    

Similar News