കെഎസ്‌യു പഠന ക്യാംപിലെ കൂട്ടത്തല്ല്; നാല് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2024-05-27 11:27 GMT

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പഠന ക്യാംപിലെ കൂട്ടത്തല്ലില്‍ നടപടി. നാല് ഭാരവാഹികള്‍ക്കെതിരേ എന്‍എസ്‌യു നേതൃത്വം നടപടിയെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അല്‍ അമീന്‍ അഷ്‌റഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവരെ സംഘടനയില്‍ നിന്ന് സസ്‌പെന്റെ ചെയ്തു. അടിപിടി സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന ആരോപണത്തില്‍ രണ്ടുപേര്‍ക്കെതിരേയും സംഘര്‍ഷത്തിന് തുടക്കമിട്ടെന്ന് ആരോപിച്ച് രണ്ട് പേരെയുമാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ കെഎസ്‌യു ഇന്റേണല്‍ കമ്മിറ്റിയും അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ക്യാംപില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. കൂട്ടത്തല്ലിനിടെ സ്ഥാപനത്തിന്റെ ജനല്‍ച്ചില്ലുകളും തകര്‍ന്നിരുന്നു. മൂന്ന് ദിവസത്തെ ക്യാംപിന്റെ രണ്ടാം ദിവസം രാത്രിയാണ് കൂട്ടത്തല്ലുണ്ടായത്. പഠനത്തിനും പരിശീലനത്തിനും ശേഷം പാട്ടുപാടിയും നൃത്തം ചെയ്തും ആഘോഷം നടക്കുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അടി. ഇതിനിടെയാണ് ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തത്. സംഘര്‍ഷത്തിനിടെ കൈ ഞെരമ്പ് മുറിഞ്ഞ പ്രവര്‍ത്തകനെ ആശുപത്രിയിലാക്കിയിരുന്നു. നെടുമങ്ങാട് കെഎസ്‌യു യൂനിറ്റിന്റെ ചുമതല കൈമാറിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. യൂണിറ്റ് ചുമതല എ ഗ്രൂപ്പ് പ്രതിനിധിക്കായതിനാല്‍ കെ സുധാകരന്‍ അനുകൂലികള്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തിലെത്തിയത്. സംഭവം പുറത്തുവന്നതോടെ കെപിസിസി ഇടപെടുകയും പഴകുളം മധു, എംഎം നസീര്‍, എകെ ശശി എന്നിവരടങ്ങിയ കമ്മീഷനോട് അടിയന്തിര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ സുധാകരന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റി ക്യാംപ് നടത്തിപ്പില്‍ പരാജയപ്പെട്ടതായാണ് കെപിസിസി അന്വേഷണ സമിതിയുടെ പ്രധാന കുറ്റപ്പെടുത്തല്‍. തെക്കന്‍ മേഖലാ ക്യാംപ് കെപിസിസിയെ അറിയിച്ചില്ലെന്നും ക്യാംപിന് ഡയറക്ടറെ നിയോഗിക്കുകയോ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്ഷണിക്കുകയോ ചെയ്തില്ലെന്നും സമിതി റിപോര്‍ട്ട് നല്‍കിയിരുന്നു.

Tags:    

Similar News