80:20: ചതിയുടെ തനിയാവര്‍ത്തനം.. പരമ്പര-2; സച്ചാര്‍ നിര്‍ദേശങ്ങളും സിപിഎമ്മിന്റെ ഇരട്ടത്താപ്പും..
പാലോളി കമ്മിറ്റി മുസ്‌ലിംകളല്ലാത്ത ഒരു ന്യൂനപക്ഷ വിഭാഗത്തെയും ഗുണഭോക്താക്കളായി പരാമര്‍ശിക്കുന്നുമില്ല. എന്നാല്‍, പാലോളി കമ്മിറ്റി നിര്‍ദേശപ്രകാരമുള്ള മുസ്‌ലിം ക്ഷേമപദ്ധതികള്‍ പ്രയോഗതലത്തില്‍ വരുന്ന ഘട്ടത്തില്‍തന്നെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അതിന് തുരങ്കംവച്ചു. സര്‍ക്കാരിന്റ അവസാന വര്‍ഷം (2011 ഫെബ്രുവരി 22ന്) വി എസ് സര്‍ക്കാര്‍ സച്ചാര്‍ പദ്ധതികളില്‍ മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങളെ കൂടി ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു സമുദായസംഘടനയും ആവശ്യപ്പെടാതെയായിരുന്നു ഈ നടപടി.
പി സി അബ്ദുല്ല
കോഴിക്കോട്: സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പുരോഗതിക്കായി 2007 മാര്‍ച്ച് 5ന് അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച പ്രമേയത്തില്‍ ഇങ്ങനെ പറയുന്നു: ''പട്ടികവര്‍ഗക്കാര്‍ക്കുവേണ്ടി തയ്യാറാക്കപ്പെട്ട പോലെ ദേശീയ, സംസ്ഥാന തലങ്ങളില്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്കായി ജനസംഖ്യാടിസ്ഥാനത്തില്‍ സാമൂഹിക നീതി ഉറപ്പാക്കാന്‍ പദ്ധതികളും പ്രത്യേക ബജറ്റും വേണം. സച്ചാര്‍ റിപോര്‍ട്ടിന്റെ അന്തസ്സത്ത സിപിഎം അംഗീകരിക്കുന്നു.
നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ശക്തമായ നടപടി വേണം. അതുവഴി മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും വരുമാനസ്രോതസ്സുകളും സുരക്ഷിതത്വവും വേണം. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നു എന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ഗവണ്മെന്റ് ഒരു അനുബന്ധ ആസൂത്രണ രേഖയിലൂടെ ശരിയാംവിധം സച്ചാര്‍ റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം. ഓരോ സ്റ്റേറ്റിനും അവിടത്തെ മുസ്‌ലിം ജനസംഖ്യക്ക് ആനുപാതികമായി ഫണ്ടുകള്‍ നല്‍കണം. വഖ്ഫ് സ്വത്തുകള്‍ അന്യാധീനപ്പെടുന്നത് തടയുകയും അവ ശരിയായ വിധം ഉപയോഗപ്പെടുത്തുകയും വേണം.
മുസ്‌ലിം ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ ആരോഗ്യശിശുപരിപാലന കേന്ദ്രങ്ങളുണ്ടോ എന്ന് ഉറപ്പുവരുത്തണം. ദലിത് മുസ്‌ലിംകള്‍ക്ക് പ്രത്യേകം സംവരണം വേണം. ഒബിസി ക്വാട്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പല സ്റ്റേറ്റുകളിലും മുസ്‌ലിംകള്‍ പിന്തള്ളപ്പെടുന്നു. കാരണം പലേടത്തും അവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്റ്റേറ്റ് സെന്‍ട്രല്‍ സെക്യൂരിറ്റി ഫോഴ്‌സുകളില്‍ മുസ്‌ലിംകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം വേണം. റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളില്‍ അവരുടെ സാന്നിധ്യം ഉറപ്പാക്കണം.
മുസ്‌ലിം സ്ത്രീകളടക്കം സമുദായത്തിലെ പരമ്പരാഗത തൊഴിലുകാര്‍ക്ക് സംരക്ഷണം നല്‍കണം. അവര്‍ക്ക് വായ്പകള്‍ ലഭ്യമാക്കാന്‍ സംവിധാനങ്ങള്‍ വേണം. മുസ്‌ലിം സ്ത്രീകളുടെ പുനരുദ്ധാരണത്തിന് പ്രത്യേക സംവിധാനം കൊണ്ടുവരണം. അവര്‍ക്കുവേണ്ടി നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കണം. മുസ്‌ലിംകള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഉറപ്പുവരുത്തണം. മുസ്‌ലിം കേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ ഹോസ്റ്റല്‍ സംവിധാനങ്ങള്‍ കൊണ്ടുവരണം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം. സ്റ്റൈപെന്‍ഡും സ്‌കോളര്‍ഷിപ്പും വര്‍ധിപ്പിക്കണം. ഉര്‍ദു വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുകയും ഉര്‍ദു അധ്യാപക തസ്തികകളില്‍ നിയമനം നടത്തുകയും വേണം.
മദ്‌റസ വിദ്യാഭ്യാസത്തിന്റെ കൂടെ പൊതുവിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തുടര്‍പറനത്തിന് തുല്യത നല്‍കണം. മുസ്‌ലിം കേന്ദ്രീകൃത മേഖലകളില്‍ തൊഴില്‍ പരിശീലന സ്ഥാപനങ്ങളും പോളിടെക്‌നിക്കുകളും സ്ഥാപിക്കണം..''
2007 ഏപ്രില്‍ 12 ന് ഈ പ്രമേയം പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, വൃന്ദാ കാരാട്ട് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് സമര്‍പ്പിച്ചു. സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ മുസ്‌ലിംകള്‍ക്കു മാത്രമുള്ളതാണെന്ന് അടിവരയിട്ട പാര്‍ട്ടി പ്രമേയം സിപിഎം ജനറല്‍ സെക്രട്ടറിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു കൈമാറി കൃത്യം ഒരുവര്‍ഷവും ഒരുമാസവും തികയുമ്പോഴാണ് കേരളത്തിലെ സിപിഎം സര്‍ക്കാര്‍ സച്ചാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പാലോളി കമ്മിറ്റി പദ്ധതികള്‍ അംഗീകരിച്ച് ഉത്തരവിറക്കിയത്.
എന്നാല്‍, മുസ്‌ലിംകള്‍ക്കുവേണ്ടി മാത്രം വിഭാവനം ചെയ്യപ്പെട്ട സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങളുടെയും മുസ്‌ലിംകള്‍ മാത്രമാണതിന്റെ അര്‍ഹര്‍ എന്ന സിപിഎമ്മിന്റെ അന്നത്തെ പ്രഖ്യാപിത നിലപാടിന്റെയും കടയ്ക്കല്‍ കത്തിവച്ച്, പദ്ധതി ഗുണഭോക്താക്കളില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തിലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 2011ല്‍ അധികാരത്തില്‍നിന്ന് പടിയിറങ്ങിയത്. മുസ്‌ലിംകളോടുള്ള സിപിഎമ്മിന്റെ എക്കാലത്തെയും കാപട്യങ്ങളെ ചരിത്രപരമായി അടയാളപ്പെടുത്തുന്നതാണ് സച്ചാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട അന്നു മുതല്‍ ഇന്നു വരെയുള്ള ഇരട്ടത്താപ്പ്.
മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ രാജ്യവ്യാപകമായി സച്ചാര്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ 2006 ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിനും ആ ഉത്തരവാദിത്തതില്‍നിന്ന് മാറിനില്‍ക്കാനായില്ല. സച്ചാര്‍ നിര്‍ദേശങ്ങള്‍ പഠിച്ച് പ്രത്യേക മുസ്‌ലിം ക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ വി എസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി സമിതി രൂപീകരിച്ചു. വിവിധ ജില്ലകളില്‍ സിറ്റിങ് നടത്തിയും മെക്ക, പോപുലര്‍ ഫ്രണ്ടിന്റെ പൂര്‍വ രൂപമായ എന്‍ഡിഎഫ് തുടങ്ങി വിവിധ സംഘടനകള്‍ നല്‍കിയ ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് മുസ്‌ലിം ക്ഷേമപദ്ധതികള്‍ക്കായുള്ള പാലോളി സമിതി റിപോര്‍ട്ട് തയ്യാറാക്കിയത്.
2008 മെയ് 6ന് പാലോളി കമ്മിറ്റി റിപോര്‍ട്ട് അംഗീകരിച്ച് വി എസ് സര്‍ക്കാര്‍ ഉത്തരവിറക്കി. സച്ചാര്‍ കമ്മിറ്റി മുസ്‌ലിംകള്‍ക്ക് മാത്രമായി ആവിഷ്‌കരിച്ച പദ്ധതിയുടെ അനുബന്ധമായി പാലോളി കമ്മിറ്റി തയ്യാറാക്കിയ ക്ഷേമപദ്ധതികളും മുസ്‌ലിംകള്‍ക്കുവേണ്ടി മാത്രമായിരുന്നു. പാലോളി മുഹമ്മദ് കുട്ടി നിയമസഭയില്‍ സമര്‍പ്പിച്ചതും വി എസ് സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കിയതുമായ റിപോര്‍ട്ടിലെ പദ്ധതികള്‍ സംബന്ധിച്ച പത്ത് നിര്‍ദേശങ്ങളിലും മുസ്‌ലിംകളുടെ ഉന്നമനം മാത്രമാണ് പരാമര്‍ശിക്കുന്നത്.
പാലോളി കമ്മിറ്റി മുസ്‌ലിംകളല്ലാത്ത ഒരു ന്യൂനപക്ഷ വിഭാഗത്തെയും ഗുണഭോക്താക്കളായി പരാമര്‍ശിക്കുന്നുമില്ല. എന്നാല്‍, പാലോളി കമ്മിറ്റി നിര്‍ദേശപ്രകാരമുള്ള മുസ്‌ലിം ക്ഷേമപദ്ധതികള്‍ പ്രയോഗതലത്തില്‍ വരുന്ന ഘട്ടത്തില്‍തന്നെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അതിന് തുരങ്കംവച്ചു. സര്‍ക്കാരിന്റ അവസാന വര്‍ഷം (2011 ഫെബ്രുവരി 22ന്) വി എസ് സര്‍ക്കാര്‍ സച്ചാര്‍ പദ്ധതികളില്‍ മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങളെ കൂടി ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു സമുദായസംഘടനയും ആവശ്യപ്പെടാതെയായിരുന്നു ഈ നടപടി.
കേരളത്തിന്റെ മതേതര സാമൂഹികാവസ്ഥയില്‍ മുസ്‌ലിംകള്‍ക്കുമാത്രം പദ്ധതികള്‍ നടപ്പാക്കുന്നത് വിവേചനപരമാണെന്ന വാദമാണ് അന്ന് സിപിഎം, സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉയര്‍ത്തിയത്. വാസ്തവത്തില്‍, മുസ്‌ലിംകള്‍ക്ക് ഭരണഘടനാപരമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതുപോലും വിവേചനപരമാണെന്ന സിപിഎമ്മിന്റെ ഉള്ളിലിരുപ്പില്‍നിന്നാണ് അത്തരമൊരു നിലപാടുണ്ടായത്. കേരളത്തില്‍, വിവിധ സാമൂഹിക മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട് സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാടിലും വിവിധ സര്‍ക്കാരുകള്‍ നടപ്പാക്കിയ സമീപനങ്ങളിലും ഈ മുസ്‌ലിം വിവേചനവും ഇതര മതപ്രീണനവും കാലാകാലങ്ങളില്‍ പ്രകടമാണ്.
സച്ചാര്‍ ആനുകൂല്യങ്ങള്‍ക്കെതിരേ ക്രിസ്ത്യന്‍ സംഘടനകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ മതിയായ വിശദീകരണം നല്‍കാതെ പദ്ധതി റദ്ദാക്കാന്‍ അവസരമൊരുക്കിയ ഒന്നാം പിണറായി സര്‍ക്കാര്‍, 'ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കാന്‍' തിടുക്കപ്പെട്ട് നടത്തുന്ന നീക്കങ്ങള്‍ ശ്രദ്ധേയമാണ്. സവര്‍ണ സംവരണത്തിലൂടെ മുഖ്യധാരാ ഭൂരിപക്ഷ ക്രൈസ്തവര്‍ക്ക് സംവരണാനുകൂല്യങ്ങള്‍ ലഭ്യമാക്കിയത് പിന്നാക്ക വിഭാഗങ്ങളുടെ സംവരണാവകാശങ്ങള്‍ അട്ടിമറിച്ചാണ്.
സംവരണ സമുദായങ്ങളുടെ അവകാശങ്ങളില്‍ അതിക്രമം കാട്ടിയും അവരുടെ അവസരം നിഷേധിച്ചുമാണ് സവര്‍ണ സംവരണം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയതെന്നതിന്റെ കരഞ്ഞുവിളിക്കുന്ന കണക്കുകള്‍ കണ്‍മുന്നില്‍ നില്‍ക്കേയാണ് ആരുടെയും അവകാശങ്ങള്‍ ഹനിച്ചല്ല മുന്നാക്ക ക്രൈസ്തവരടക്കമുള്ള മുന്നാക്കക്കാര്‍ക്ക് സംവരണം നടപ്പാക്കിയതെന്ന് മനസ്സാക്ഷിക്കുത്തില്ലാതെ പിണറായി ന്യായീകരിച്ചത്. സവര്‍ണ സംവരണത്തില്‍നിന്നും 80:20 വീതം വയ്പില്‍നിന്നും ഏതെങ്കിലും ക്രൈസ്തവര്‍ ഒഴിവാക്കപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അത് കണ്ടുപിടിക്കാന്‍ കോശി കമ്മീഷനെയും നിയോഗിച്ചു!നിലവിലെ സാമൂഹികാനുപാതത്തില്‍, ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന്റെ പതിന്‍മടങ്ങ് ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന ക്രിസ്ത്യാനികളെ പിന്നെയും പ്രത്യേകമായി പരിഗണിക്കാനാണ് കോശി കമ്മീഷന്റെ നിയോഗം.
കോശി കമ്മിറ്റി റിപോര്‍ട്ട് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് മാത്രമായി നടപ്പാക്കാന്‍ നീക്കം നടക്കുന്നതിനിടയിലാണ് പാലോളി റിപോര്‍ട്ട് അനുസരിച്ചുള്ള മുഴുവന്‍ ആനുകൂല്യങ്ങളിലും ആ വിഭാഗത്തെ നിലനിര്‍ത്തണമെന്ന സര്‍ക്കാര്‍ നിലപാട്. ഇതിനകം പുറത്തുവന്ന ശാസ്ത്ര സാഹിത്യപരിഷത്തിന്റേതടക്കമുള്ള പഠനറിപോര്‍ട്ടുകള്‍ പ്രകാരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ, സാമൂഹിക, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഏറ്റവും കൂടുതല്‍ സാന്നിധ്യമുള്ളത് മുന്നാക്ക ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങള്‍ക്കാണ്.
എന്നാല്‍, സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായി ഉന്നതവിദ്യാഭ്യാസ രംഗത്തും വിവിധ സര്‍ക്കാര്‍ മേഖലകളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ചര്‍ച്ചകളോ സമവായശ്രമങ്ങളോ നടത്താതെയും സംവരണ സമുദായങ്ങളുടെ ശക്തമായ പ്രതിഷേധം അവഗണിച്ചുമാണ് ഒന്നാം പിണറായി സര്‍ക്കാര്‍ സംവരണം നടപ്പാക്കിയത്. അതേസമയം, പാലോളി കമ്മിറ്റി റിപോര്‍ട്ടിന് ശേഷവും മലബാറില്‍, വിശിഷ്യാ മലപ്പുറം ജില്ലയില്‍ പ്രഖ്യാപിക്കപ്പെട്ട ഉന്നത വിദ്യാഭ്യാസരംഗത്തെ ഇഫ്‌ലു കാംപസ്, ഇഗ്‌നോ സെന്റര്‍, ഐഐഎംസി, ഐഐടി തുടങ്ങിയ കേന്ദ്രപദ്ധതികള്‍ അകാലചരമം പ്രാപിച്ചത് ആരും കാണാതെ പോയി.
പിണറായി സര്‍ക്കാര്‍ ചെരുവിരല്‍ അനക്കിയില്ല. മുസ്‌ലിംകള്‍ കൂടുതലുള്ള മലബാറിലെ പാലക്കാട്, വയനാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലകള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് ദേശീയ ശരാശരിയേക്കാള്‍ ഏറെ പിന്നിലാണെന്ന യുജിസി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട മോഡല്‍ കോളജുകളും കേരളത്തില്‍ നടപ്പായില്ല. അതേസമയം, ആ പദ്ധതികളെല്ലാം മുസ്‌ലിം പ്രീണനമാണെന്ന സമീപനമാണ് സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നത്. അതുകൊണ്ടുതന്നെ ഭരണപരമായ ഇടപെടലോ സമ്മര്‍ദങ്ങളോ ഉയരുന്നുമില്ല.
വികസന വിവേചനം പരിഹരിക്കാന്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകള്‍ വിഭജിക്കണമെന്ന ആവശ്യം പോലും ഇപ്പോഴും മുസ്‌ലിം പ്രീണനമെന്ന മുന്‍വിധിയില്‍ തട്ടി തടയപ്പെടുകയാണ്. അവിടെയൊന്നും ഒരു കോശി മോഡല്‍ കമ്മിറ്റി റിപോര്‍ട്ടിന്റെയും പിന്‍ബലം മുസ്‌ലിം സമുദായത്തിന്റെ രക്ഷയ്‌ക്കെത്താനുമില്ല. സംസ്ഥാന ബജറ്റുകളില്‍ പോലും മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ കാലങ്ങളായി ഉണ്ടാവുന്നില്ല.
കേരളത്തിന്റെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് 2017-2018 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതം വെറും 90 കോടി രൂപയായിരുന്നു. അതില്‍ വലിയൊരു പങ്കും കേന്ദ്രവിഹിതമാണ്. എന്ന് മാത്രമല്ല 90 കോടിയില്‍ 50 കോടി രൂപ വിധവകള്‍ക്കും ഒറ്റപ്പെട്ട സ്ത്രീകള്‍ക്കുമുള്ള ഭവനനിര്‍മാണ പദ്ധതിക്കുള്ള ഫണ്ടാണ്. അതേസമയം അഗ്രഹാരങ്ങളുടെ നവീകരണത്തിനുള്ള 4.4 കോടി ഉള്‍പ്പെടെ 30 കോടി രൂപ മുന്നാക്ക വികസന കോര്‍പറേഷന് ആ ബജറ്റില്‍ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞകാല ബജറ്റുകളിലെ വിഹിതവും അതിന്റെ ചെലവഴിക്കലും പരിശോധിച്ചാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാവും. മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഗണിച്ച് മുന്‍ഗണനാക്രമം നിശ്ചയിച്ച് ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് ബജറ്റ് വിഹിതം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇതേവരെ തയ്യാറായിട്ടില്ല. മുസ്‌ലിം വിരുദ്ധ, സവര്‍ണ, ക്രൈസ്തവ പ്രീണന രാഷ്ട്രീയത്തിന്റെ മുതലെടുപ്പ് സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ തുടരുന്നതാണ് മുസ്‌ലിം ക്ഷേമ പദ്ധതികളുടെ അട്ടിമറിയില്‍ തെളിയുന്നത്.
മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന സ്വത്വപരമായ പ്രശ്‌നങ്ങളെയും വികസനപരമായ വിവേചനങ്ങളെയും മുഖവിലയ്‌ക്കെടുക്കാതെ തന്നെ അവരുടെ വോട്ടുനേടാവുന്ന രാഷ്ട്രീയ കുതന്ത്രമാണ് സിപിഎം പയറ്റുന്നത്. അതിനിയും തുടരാമെന്ന ആത്മവിശ്വാസമാണ് സിപിഎമ്മിനെ നയിക്കുന്നതും. പാലോളി കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കി പത്ത് വര്‍ഷം കഴിയുമ്പോഴും മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ കടുത്ത യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നു. അതെക്കുറിച്ച് പഠിക്കാനോ സര്‍ക്കാരിന്റെ വിരല്‍ത്തുമ്പില്‍ ലഭ്യമാവുന്ന സാമൂഹിക അസമത്വത്തിന്റെയും മുസ്‌ലിം വിവേചനത്തിന്റെയും പകല്‍ പോലുള്ള കണക്കുകള്‍ പരിശോധിക്കാനോ തയ്യാറാവാതെയാണ് പിണറായി സര്‍ക്കാരും സിപിഎമ്മും ഇടതുമുന്നണിയും സമവായമെന്ന ക്രൈസ്തവ പ്രീണന ആവണക്കെണ്ണയില്‍ ഇപ്പോള്‍ മുസ്‌ലിം ക്ഷേമപദ്ധതികള്‍ മുക്കിക്കൊല്ലുന്നത്..!
അവസാനിക്കുന്നില്ല.....