പ്രമുഖ ഭരണഘടനാ വിദഗ്ധനും എഴുത്തുകാരനുമായ എ ജി നൂറാനി അന്തരിച്ചു

ദി കശ്മീര്‍ ക്വസ്റ്റ്യന്‍, ദി പ്രസിഡന്‍ഷ്യല്‍ സിസ്റ്റം, ദി ട്രയല്‍ ഓഫ് ഭഗത് സിങ്, കോണ്‍സ്റ്റിറ്റിയൂഷനല്‍ ക്വസ്റ്റ്യന്‍സ് ഇന്‍ ഇന്ത്യ, ദി ആര്‍എസ്എസ് ആന്റ് ദി ബിജെപി: എ ഡിവിഷന്‍ ഓഫ് ലേബര്‍, ദി ആര്‍എസ്എസ്: എ മെനേസ് ടു ഇന്ത്യ എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.

Update: 2024-08-29 14:32 GMT

മുംബൈ: സുപ്രിംകോടതി മുന്‍ അഭിഭാഷകനും പ്രമുഖ ഭരണഘടനാ വിദഗ്ധനും എഴുത്തുകാരനുമായ എ ജി നൂറാനി എന്ന അബ്ദുല്‍ ഗഫൂര്‍ അബ്ദുള്‍ മജീദ് നൂറാനി അന്തരിച്ചു. മുംബൈയിലെ വസതിയില്‍ ഇന്ന് വൈകീട്ടാണ് അന്ത്യം. 93 വയസ്സായിരുന്നു. ജീവിതത്തിലുടനീളം ജനാധിപത്യവും ഭരണഘടനാ തത്ത്വങ്ങളും ഉയര്‍ത്തിപ്പിടിച്ച ബുദ്ധിജീവിയാണ് എ ജി നൂറാനി. ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ നിയമപാണ്ഡിത്യ-രാഷ്ട്രീയ വ്യവഹാര മേഖലകളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഭരണഘടനാപരവും മനുഷ്യാവകാശവുമായ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ എന്നും ആദരിക്കപ്പെട്ടിരുന്നു.

    1930ല്‍ ബോംബെയില്‍ (ഇപ്പോഴത്തെ മുംബൈ) ജനിച്ച അബ്ദുള്‍ ഗഫൂര്‍ അബ്ദുള്‍ മജീദ് നൂറാനി 1953ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അഭിഭാഷകനായിരുന്നെങ്കിലും നിയമപരവും രാഷ്ട്രീയവും ചരിത്രപരവുമായ വിഷയങ്ങളിലായിരുന്നു എഴുത്തില്‍ പ്രാധാന്യം നല്‍കിയിരുന്നത്. ഭരണഘടനാ കാര്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് അദ്ദേഹത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തെയും നിയമശാസ്ത്രത്തെയും കുറിച്ച് അന്വേഷിക്കുന്ന ഒരു നിരൂപകനാക്കി മാറ്റി. ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി, ദി ഹിന്ദുസ്ഥാന്‍ ടൈംസ്, ദി സ്‌റ്റേറ്റ്‌സ്മാന്‍ തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ നൂറാനി കോളമെഴുതിയിരുന്നു. എന്നാല്‍, 1980 കളില്‍ ആരംഭിച്ച ഫ്രണ്ട്‌ലൈന്‍ മാസികയുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ് അദ്ദേഹത്തിന്റെ എഴുത്തിനെ വിശാലമായ ലോകത്തേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ 'ഭരണഘടനാപരമായ ചോദ്യങ്ങള്‍' എന്ന കോളം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു. സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളുടെ സൂക്ഷ്മമായ ഗവേഷണത്തിനും വിശകലനത്തിനും പേരുകേട്ടതാണ് പ്രസ്തുത കോളം.

   ദി കശ്മീര്‍ ക്വസ്റ്റ്യന്‍, ദി പ്രസിഡന്‍ഷ്യല്‍ സിസ്റ്റം, ദി ട്രയല്‍ ഓഫ് ഭഗത് സിങ്, കോണ്‍സ്റ്റിറ്റിയൂഷനല്‍ ക്വസ്റ്റ്യന്‍സ് ഇന്‍ ഇന്ത്യ, ദി ആര്‍എസ്എസ് ആന്റ് ദി ബിജെപി: എ ഡിവിഷന്‍ ഓഫ് ലേബര്‍, ദി ആര്‍എസ്എസ്: എ മെനേസ് ടു ഇന്ത്യ എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍. സുപ്രിം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കശ്മീര്‍, ആര്‍ട്ടിക്കിള്‍ 370 എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ധനായിരുന്നു. ഇതേക്കുറിച്ച് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കശ്മീര്‍ ക്വസ്റ്റ്യന്‍സ്, രാഷ്ട്രപതി ഭരണ സംവിധാനം, ഭഗത് സിങിന്റെ വിചാരണ, ഇന്ത്യയിലെ ഭരണഘടനാ ചോദ്യങ്ങള്‍, ആര്‍എസ്എസും ബിജെപിയും: തൊഴില്‍ വിഭജനം, ആര്‍ട്ടിക്കിള്‍ 370: ജമ്മു കശ്മീരിന്റെ ഭരണഘടനാ ചരിത്രം എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളില്‍ ചിലതാണ്. ബദറുദ്ദീന്‍ ത്വയ്യിബ്ജി, ഡോ. സക്കീര്‍ ഹുസയ്ന്‍ തുടങ്ങിയ പ്രമുഖരുടെ ജീവചരിത്രങ്ങളും എഴുതിയിട്ടുണ്ട്.

    സര്‍ക്കാരുകളുടെ അമിതാധികാരത്തെയും ജനാധിപത്യ ധ്വംസനങ്ങളെയും കടുത്ത രീതിയില്‍ വിമര്‍ശിച്ചു. പൗരസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും വേണ്ടി ശക്തമായി വാദിച്ച നൂറാനി, ജനവിരുദ്ധ നിയമങ്ങളെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങളെയും നിശിതമായി തുറന്നുകാട്ടി. ഔദ്യോഗിക പദവികളൊന്നും വഹിച്ചിട്ടില്ലെങ്കിലും നൂറാനിയുടെ അഭിപ്രായങ്ങള്‍ നിയമപരവും രാഷ്ട്രീയവുമായ മേഖലകളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നവയായിരുന്നു.

Tags:    

Similar News