ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശം; സുപ്രധാന വിധിയുമായി സുപ്രിംകോടതി

Update: 2022-09-29 06:25 GMT

ന്യൂഡല്‍ഹി: ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാക്കി നിര്‍ണായ ഉത്തരവുമായി സുപ്രിംകോടതി. വിവാഹിതയാണോ അല്ലയോ എന്നത് ഗര്‍ഭഛിദ്രം നടത്താനുള്ള മാനദണ്ഡമാക്കരുതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. അവിവാഹിതരായ സ്ത്രീകള്‍ക്ക് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്റ്റ് പ്രകാരം ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നാണ് കോടതിയുടെ ഉത്തരവില്‍ പറയുന്നത്.

ഗര്‍ഭാവസ്ഥ 24 ആഴ്ചവരെയാണ് ഈ അവകാശമുണ്ടാവുക.

ഉത്തരവനുസരിച്ച് വിവാഹിതരാണോ അല്ലയോ എന്ന് പരിശോധിച്ച് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്നത് ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല. ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്റ്റില്‍ സ്ത്രീകളെ വിവാഹിതരെന്നും അവിവാഹിതരാണെന്നും തരംതിരിക്കുന്നത് കൃത്രിമമാണ്. ഈ വ്യവസ്ഥ ഉള്‍പ്പെടുത്തുകവഴി ലൈംഗികബന്ധം വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രം ബാധകമാക്കുന്നു. ഗര്‍ഭാവസ്ഥയുടെ 24 ആഴ്ച വരെ ഗര്‍ഭഛിദ്രം അനുവദിക്കുന്നതിനുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമത്തില്‍ വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വിവേചനം വ്യാഖ്യാനിക്കുന്നതിനിടെയാണ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പരിദ്വാല എന്നിവരടങ്ങിയ ബെഞ്ച് നിയമങ്ങളിലെ വ്യവസ്ഥകള്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ക്കും ആവശ്യത്തിനും അനുസൃതമായി ക്രമീകരിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചത്. 1971ലെ നിയമം വിവാഹിതരായ സ്ത്രീകളെ മാത്രമേ പരിഗണിച്ചിട്ടുള്ളു. 25 വയസ്സുള്ള ഒരു സ്ത്രീയുടെ ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹിതയായ സ്ത്രീക്ക് നല്‍കുന്നത് അവിവാഹിതയായ സ്ത്രീക്ക് നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

Tags:    

Similar News