കര്‍ണാടകയില്‍ കാറില്‍ ബസ്സിടിച്ച് തളങ്കര സ്വദേശികളായ ദമ്പതികള്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതര പരിക്ക്; മരണപ്പെട്ടത് ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ സൈനുല്‍ ആബിദീന്റെ മാതാപിതാക്കള്‍

Update: 2022-12-27 13:22 GMT

കാസര്‍കോട്: കര്‍ണാടകയില്‍ തളങ്കര സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറില്‍ ബസ്സിടിച്ച് ദമ്പതികള്‍ മരിച്ചു. തളങ്കര നുസ്രത് നഗറിലെ മുഹമ്മദ്(65), ഭാര്യ ആയിശ(62) എന്നിവരാണ് മരിച്ചത്. നാലുപര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഹനഗല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം. ആയിശ സംഭവസ്ഥലത്തുവച്ചും മുഹമ്മദ് ആശുപത്രിയില്‍ വച്ചുമാണ് മരണപ്പെട്ടത്. ഇവരുടെ മകന്‍ സിയാദ്, ഭാര്യ സജ്‌ന, മക്കളായ മുഹമ്മദ്, ആയിശ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹുബ്ബള്ളിയിലേക്ക് തീര്‍ത്ഥാടനത്തിനു പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ഹോന്‍ഡ അമേസ് കാര്‍ കര്‍ണാടക ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഹനഗല്‍ താലൂക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. 2014ല്‍ കാസര്‍കോട് എംജി റോഡിലെ കടയില്‍വച്ച് ആര്‍എസ്എസ്സുകാര്‍ കുത്തിക്കൊലപ്പെടുത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദിന്റെ മാതാപിതാക്കളാണ് അപകടത്തില്‍ മരിച്ചത്. അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഹനഗല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. മറ്റുമക്കള്‍: അബ്ദുര്‍ റശീദ്, മസ്ഊദ്, ജുനൈദ്, ജഅഫര്‍ സ്വാദിഖ്, സുഹൈല്‍, മുസമ്മില്‍, ഇബ്രാഹിം, ഫസ്‌ലുര്‍ റഹ്മാന്‍, ഖദീജ, മറിയം ബീവി, നുസൈബ, ഉമ്മു ഖുല്‍സു, ബല്‍കീസ്. മരുമക്കള്‍: അസീസ് ഉപ്പള, മുസ്ത്വഫ സന്തോഷ് നഗര്‍, അശ്‌റഫ് തളങ്കര, ഹാരിസ് ചൂരി, മന്‍സൂര്‍ ഹുദവി സന്തോഷ് നഗര്‍, മിസ്‌രിയ്യ.

Similar News