അന്ധവിശ്വാസത്തിനെതിരേ ഉടന്‍ നിയമം: മുഖ്യമന്ത്രി
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. മതവിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അതിന്റെ ഭാഗമായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കുന്നത്.
ആലപ്പുഴ: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ ഉടന്‍ നിയമം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ മാത്രം പോരാ. ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. മതവിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അതിന്റെ ഭാഗമായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കുന്നത്. അനാചാരങ്ങളെ എതിര്‍ക്കുമ്പോള്‍ അത് മതവിശ്വാസത്തിനെതിരാകുമോ എന്ന് ചിലര്‍ ചിന്തിക്കുന്നെന്നും അനാചാരങ്ങളെ എതിര്‍ത്താല്‍ മതത്തെ എതിര്‍ത്തുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നത് സംഘടനകളുടെ സാമൂഹ്യ ഇടപെടലിലൂടെയാണ്. അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവയ്‌ക്കെതിരെ നവോത്ഥാന നായകര്‍ ഇടപെട്ടു. നവോത്ഥാന നായകരില്‍ എടുത്തു പറയാവുന്ന പേരാണ് മന്നത്ത് പദ്മനാഭന്റേത്. അദ്ദേഹം മന്നത്ത് പദ്മനാഭപിള്ള എന്ന പേര് വേണ്ടെന്നു വച്ച് മന്നത്ത് പദ്മനാഭന്‍ എന്നു മാത്രമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്ധവിശ്വാസങ്ങള്‍ തിരിച്ച് കൊണ്ടു വരാന്‍ ശ്രമിക്കുന്നുണ്ട്. ജാതി പേരിനോട് ചേര്‍ക്കല്‍ ചിലര്‍ വീണ്ടും തുടരുന്നുണ്ട്. നാടിന്റെ വികസനത്തിന് തുരങ്കം വെയ്ക്കുന്നവര്‍ ഇടുങ്ങിയ ചിന്താഗതിയുള്ളവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.