അജ്മീര്‍ ദര്‍ഗയ്ക്ക് സമീപത്തെ അഢായി ദിന്‍ കാ ഝോംപഡാ പള്ളിയിലും അവകാശ വാദം
ക്രി.ശേ 1199ല്‍ ഖുത്ബുദ്ദീന്‍ ഐബക് നിര്‍മിച്ച പള്ളിയാണിത്
ജയ്പൂര്‍: അജ്മീര്‍ ദര്‍ഗയുടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ അഢായി ദിന്‍ കാ ഝോംപഡാ പള്ളിയിലും അവകാശവാദം. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള ഈ പള്ളി ഡല്‍ഹി സുല്‍ത്താനായിരുന്ന ഖുത്ബുദ്ദീന്‍ ഐബക് ക്രി.ശേ. 1199ലാണ് സ്ഥാപിച്ചത്. പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രവും സംസ്‌കൃത കോളജും ഉണ്ടായിരുന്നുവെന്നും അവ പൊളിച്ചാണ് പള്ളി പണിതതെന്നും അജമീര്‍ ഡെപ്യൂട്ടി മേയര്‍ നീരജ് ജെയ്ന്‍ ആരോപിച്ചു. രണ്ടര ദിവസം ഉറൂസ് നടക്കുന്നതിനിലാണ് ഈ പള്ളിയുടെ പേര് അഢായി ദിന്‍ എന്ന വരാന്‍ കാരണമെന്ന് ചരിത്ര രേഖകള്‍ പറയുന്നു.
അജ്മീര്‍ ദര്‍ഗയ്‌ക്കെതിരേ പരാതി നല്‍കാന്‍ ഹിന്ദു സേന ഉപയോഗിച്ച ഹര്‍ ബിലാസ് ശാരദയുടെ പുസ്തകത്തെ തന്നെയാണ് ഈ വാദത്തിനും നീരജ് ജെയ്ന്‍ ഉപയോഗിക്കുന്നത്.എഡി 660ല്‍ സേത്ത് വിരംദേവ കാല എന്നയാള്‍ പ്രദേശത്ത് ഒരു ജൈന ക്ഷേത്രം നിര്‍മിച്ചിരുന്നുവെന്നുവാണ് ശാരദ അഭിപ്രായപ്പെടുന്നത്. അഫ്ഗാനിസ്താനില്‍ നിന്നെത്തിയ മുഹമ്മദ് ഗോറി ഈ ക്ഷേത്രം നശിപ്പിച്ചുവെന്നാണ് പുസ്തകത്തിലെ വാദം. പളളിയില്‍ സര്‍വേ നടത്തണമെന്ന് രാജസ്ഥാന്‍ അസംബ്ലി സ്പീക്കറായ വാസുദേവ് ദേവ്‌നാനി ഇക്കഴിഞ്ഞ മേയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ പളളിയില്‍ എത്തുകയും ചെയ്തു.