'അമ്മ'യ്ക്കു പിന്നാലെ ഫെഫ്കയിലും ഭിന്നത; ആഷിഖ് അബു-ഉണ്ണിക്കൃഷ്ണന്‍ പരസ്യപോര്
കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കു പിന്നാലെ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും ഭിന്നത. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് 'അമ്മ' ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവച്ച് ഭരണസമിതി പിരിച്ചുവിട്ടതിനു പിന്നാലെയാണ് ഫെഫ്കയിലും കലാപക്കൊടി ഉയര്‍ന്നത്. സംവിധായകനും നടനുമായ ആഷിക് അബുവാണ് ഫെഫ്ക നേതാവ് ബി ഉണ്ണിക്കൃഷ്ണനെതിരേ രംഗത്തെത്തിയത്. ഫെഫ്കയെന്നാല്‍ ഉണ്ണികൃഷ്ണന്‍ എന്നല്ലെന്നും ഉണ്ണികൃഷ്ണന്റേത് വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ആഷിക് അബു തുറന്നടിച്ചു. ഇതിനെതിരേ ബി ഉണ്ണിക്കൃഷണനെ പിന്തുണച്ച് ഫെഫ്ക വൈസ് പ്രസിഡന്റ് ജാഫര്‍ കാഞ്ഞിരപ്പള്ളി രംഗത്തെത്തിയതോടെ പോര് പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്.
ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നു മാറ്റണമെന്നും ഫെഫ്കയുടെ പ്രതികരണം കാപട്യമാണെന്നും ആഷിഖ് അബു പറഞ്ഞു. വാര്‍ത്താകുറിപ്പ് യൂനിയന്‍ നിലപാടല്ല. ഉണ്ണികൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഫെഫ്ക എന്നാല്‍ ബി ഉണ്ണികൃഷ്ണനെന്നാണ് നടപ്പ് രീതി. തൊഴിലാളി സംഘടനയെ ഫ്യൂഡല്‍ തൊഴുത്തില്‍ കെട്ടി. ഒളിച്ചിരുന്ന് പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സമൂഹത്തെ അഭിമുഖീകരിക്കാന്‍ നട്ടെല്ലുണ്ടെങ്കില്‍ പൊതുമധ്യത്തില്‍ പ്രതികരിക്കട്ടെ. തൊഴില്‍ നിഷേധിക്കുന്നയാളാണ് ഉണ്ണി കൃഷ്ണന്‍. നയരൂപീകരണ സമിതിയില്‍ നിന്ന് ഉണ്ണികൃഷ്ണനെ പുറത്താക്കണമെന്നും ആഷിഖ് അബു പറഞ്ഞു.
അതേസമയം, ഫെഫ്കയില്‍ ഭിന്നതയില്ലെന്നും അമ്മയെ തകര്‍ത്തതു പോലെ ഇതിനെയും തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് ജാഫര്‍ കാഞ്ഞിരപ്പള്ളി പറഞ്ഞു. ആഷിഖ് അബുവിനെ പോലുള്ളവരെ കൂട്ടുപിടിച്ച് വിനയനാണ് ഇതിനു പിന്നില്‍. അഹങ്കാരത്തിനുള്ള മറുപടിയാണ് വിനയന് നല്‍കിയത്. ഞങ്ങളെല്ലാവരും സംതൃപ്തിയോടെയാണ് മുന്നോട്ടുപോവുന്നത്. ആഷിഖ് അബു ആദ്യം തൊഴിലാളികള്‍ക്ക് പണം കൊടുക്കണം. 40 ലക്ഷത്തോളം രൂപ തരാനുണ്ട്. അതു സംബന്ധിച്ച തര്‍ക്കമുണ്ടെങ്കില്‍ ഉണ്ണിക്കൃഷ്ണനെതിരേ മോശമായി പറയുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.