ഹേമാ കമ്മിറ്റി റിപോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് 'അമ്മ'; പവര്‍ ഗ്രൂപ്പിനെ കുറിച്ച് അറിയില്ലെന്ന് സിദ്ദീഖ്
കൊച്ചി: ഹേമാ കമ്മിറ്റി റിപോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും സിനിമാ വ്യവസായത്തെയാകെ മോശക്കാരാക്കരുതെന്നും 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദീഖ്. ഷോ ഉള്ളതിനാലാണ് പ്രതികരിക്കാന്‍ വൈകിയത്. സിനിമയിലെ ഇത്രയും കാലമായിട്ടുള്ള അനുഭവത്തില്‍ പവര്‍ ഗ്രൂപ്പിനെ കുറിച്ച് അറിയില്ലെന്നും സിദ്ദീഖ് പറഞ്ഞു. മാധ്യമങ്ങള്‍ പ്രതിസ്ഥാനത്തുനിര്‍ത്തുന്നത് ദുഖകരമാണ്. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം. മാഫിയയുടെ അര്‍ഥമറിയാത്തതിനാലാണോ അങ്ങനെ പരാമര്‍ശിച്ചത്. ഒരു പവര്‍ ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാനാവില്ല. പരിപൂര്‍ണമായും ഹേമാ കമ്മിറ്റി റിപോര്‍ട്ടിനെ അമ്മ സ്വാഗതം ചെയ്യുന്നു. കുറ്റവാളികളെ പുറത്തുകൊണ്ടുവരണം. ആരാണ് കുറ്റവാളിയെന്ന് പുറത്ത് വരട്ടെ. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ പോലിസ് അന്വേഷിക്കണം. ഇക്കാര്യത്തില്‍ 'അമ്മ' ഒളിച്ചോടിയിട്ടില്ല. പ്രതികളെ സംരക്ഷിക്കില്ല. റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം. ഈയിടെ നല്‍കിയ പരാതികളില്‍ ആവശ്യമായവ പോലിസിനു കൈമാറിയിട്ടുണ്ട്. ലൈംഗികാതിക്രമമല്ല, പ്രതിഫലം സംബന്ധിച്ച പ്രശ്‌നമാണ് പ്രധാനം. 'അമ്മ' അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയില്ല. ഏത് അംഗങ്ങളുടെയും നമ്പര്‍ തരാം. അമ്മയില്‍ ഭിന്നത എന്നത് ശരിയല്ല. അമ്മയെ റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടില്ല. റിപോര്‍ട്ട് അമ്മയ്‌ക്കെതിരേയല്ല. ഒരിക്കലും കുറ്റക്കാര്‍ക്കൊപ്പം നില്‍ക്കുകയോ നിന്നിട്ടോ ഇല്ല. കുറ്റക്കാരെ സംരക്ഷിക്കാനുള്ള ഒരു ശ്രമവും നടത്തില്ല. ഞങ്ങളുടെ അംഗങ്ങള്‍ നല്‍കുന്ന പരാതിയില്‍ ഏതറ്റം വരെ പോയും പരിഹരിക്കുമെന്നും സിദ്ദീഖ് പറഞ്ഞു.