ഗൗരി ലങ്കേഷിനു ശേഷം ബി ജി കൊല്‍സേ പാട്ടീല്‍...?; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹിന്ദുത്വ കൊലയാളി
അന്ധവിശ്വാസത്തിനെതിരായ ബില്ല് പാസ്സാക്കുന്നതിനു വേണ്ടി ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതാണ് ജസ്റ്റിസ് ബി ജി കൊല്‍സേ പാട്ടീലിനെ ലക്ഷ്യമിടാന്‍ കാരണം.
മുംബൈ: ഹിന്ദുത്വ വിമര്‍ശകരായ കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ വെടിവച്ചു കൊന്ന ഹിന്ദുത്വ കൊലയാളി സംഘത്തിന്റെ അടുത്ത ലക്ഷ്യം ആരായിരുന്നു...?. ബോംബെ ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ബി ജി കൊല്‍സേ പാട്ടീലായിരുന്നു അത്. വെളിപ്പെടുത്തിയിരിക്കുന്നത് മറ്റാരുമല്ല, മേല്‍പ്പറഞ്ഞ കൊലക്കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ ശരദ് കലസ്‌കറാണ്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പിടിയിലായ കലസ്‌കറെ ചോദ്യം ചെയ്തപ്പോഴാണ് അടുത്ത ലക്ഷ്യം ആരാണെന്നു വ്യക്തമായത്. സലസ്‌കര്‍ക്കെതിരേ ഗൗരി ലങ്കേഷ് വധത്തിലെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. കുറ്റപത്രത്തിലെ മൊഴിയുടെ പകര്‍പ്പിലെ വിവരങ്ങള്‍ എന്‍ഡിടിവിയാണ് പുറത്തുവിട്ടത്. പിശാചിന്റെ സന്തതികളാണ് ഇവരെല്ലാമെന്ന് വിശേഷിപ്പിച്ച കലസ്‌കര്‍ ഇവരെയെല്ലാം കൊലപ്പെടുത്തുകയായിരുന്നു തങ്ങളുടെ പദ്ധതിയെന്നും വെളിപ്പെടുത്തി. മുന്‍ ജഡ്ജി ബി ജി കൊല്‍സേ പാട്ടീലിനെ കുറിച്ച് നിരീക്ഷിച്ചിരുന്ന ഗൂഢാലോചക സംഘത്തിലെ പ്രധാനിയുമായ അമോല്‍ കാലേ ഇപ്പോള്‍ ജയിലിലാണെന്നും കലസ്‌കര്‍ പറഞ്ഞു.
അന്ധവിശ്വാസത്തിനെതിരായ ബില്ല് പാസ്സാക്കുന്നതിനു വേണ്ടി ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതാണ് ജസ്റ്റിസ് ബി ജി കൊല്‍സേ പാട്ടീലിനെ ലക്ഷ്യമിടാന്‍ കാരണം. ഇത് എല്ലാവര്‍ക്കുമറിയാം, ഞങ്ങളെ സംബന്ധിച്ച് ഇത് പുതുമയല്ലെന്നും അദ്ദേഹം പറഞ്ഞു. പാട്ടീലിനെ ഒരു ടെലിവിഷന്‍ ഷോയില്‍ സനാതന്‍ സന്‍സ്ഥയുടെ അഭിഭാഷകന്‍ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. നിരവധി ഭീഷണിക്കത്തുകള്‍ ലഭിച്ചെന്നും അവ പോലിസിനു കൈമാറിയെന്നും അദ്ദേഹം പറഞ്ഞിരുന്ന കാര്യവും പോലിസിനോടു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇത്രയധികം ഭീഷണി നിലനില്‍ക്കുമ്പോഴും ജസ്റ്റിസ് കൊല്‍സേ പാട്ടീലിനു പോലിസ് സുരക്ഷയൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. അടുത്ത ലക്ഷ്യം താനാണെന്നു പരസ്യപ്പെടുത്തിയിട്ടും തനിക്ക് സുരക്ഷയൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും ഇതിനെതിരേ നാഗ്പൂര്‍ ബാര്‍ അസോസിയേഷന്‍, പൂനെ ബാര്‍ അസോസിയേഷന്‍, അഹ്മദ് നഗര്‍ ബാര്‍ അസോസിയേഷന്‍ എന്നിവയെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ നാലുമാസം മുമ്പാണ് കൊല്‍സേ പാട്ടീലിനു പ്രത്യേക യൂനിറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ഓരോ 12 മണിക്കൂര്‍ കഴിയുമ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറിയിരുന്നത്. എന്നാല്‍, ധബോല്‍ക്കര്‍ വധക്കേസുമായി ബന്ധമുള്ള കലസ്‌കറുടെ കുറ്റസമ്മത മൊഴിയെ ഗൗരി ലങ്കേഷ് വധവുമായി ബന്ധിപ്പിക്കാനാവില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍, എല്ലാ സംഭവങ്ങളിലെയും ഗൂഢാലോചന കണ്ടെത്താനും സത്യം വെളിപ്പെടുത്താനും കുറ്റസമ്മത മൊഴി സഹായകമാവുമെന്നാണു അന്വേഷണ സംഘത്തിന്റെയും വിശ്വാസം.