'താഴേതട്ടില്‍ കോണ്‍ഗ്രസ് ദുര്‍ബലം'; കപില്‍ സിബലിനു പിന്നാലെ പി ചിദംബരവും

Update: 2020-11-18 13:54 GMT

ന്യൂഡല്‍ഹി: ബിഹാറിലെ ദയനീയ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ മുതിര്‍ന്ന നേതാക്കളുടെ പരസ്യ വിമര്‍ശനം തുടരുന്നു. ബിജെപിക്കു ബദലായി ജനം കോണ്‍ഗ്രസിനെ കാണുന്നില്ലെന്ന കപില്‍ സിബലിന്റെ വിമര്‍ശനത്തിനു പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവ് പി ചിദംബരവും രംഗത്തെക്കി. താഴേത്തട്ടില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ബലമാണെന്നു മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പി ചിദംബരം പറഞ്ഞു. ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിമര്‍ശനം.

    കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് ഏറെ നിര്‍ണായകമാവും. ആവശ്യത്തിലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ് ബിഹാറില്‍ മല്‍സരിച്ചു. എന്നാല്‍ നേട്ടമുണ്ടാക്കാനായില്ല. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം കൂടുതല്‍ ആശങ്കപ്പെടുത്തുന്നു. കൊവിഡ് വ്യാപനം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ കേന്ദ്ര വിരുദ്ധ നടപടികളൊന്നും പ്രചാരണത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് ജയിക്കാനായി. ബിഹാറില്‍ ജയിക്കാനുള്ള എല്ലാസാധ്യതയുമുണ്ടായിരുന്നു. എന്നിട്ടും എന്താണ് തോല്‍ക്കാന്‍ കാരണമെന്ന് സമഗ്രമായി പഠിക്കണം. സിപിഐഎംഎല്‍, എഐഎംഐഎം പോലുള്ള ചെറുപാര്‍ട്ടികള്‍ പോലും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുകയും മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു. അതിനാല്‍ താഴെതട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും ചിദംബരം തുറന്നടിച്ചു.

    എന്നാല്‍, കപില്‍ സിബലിന്റെ പരസ്യവിമര്‍ശനത്തെ കോണ്‍ഗ്രസ് ലോക്‌സഭാ പാര്‍ട്ടി ലീഡര്‍ അധിര്‍ രഞ്ജന്‍ ചൗധരിയും സല്‍മാന്‍ ഖുര്‍ഷിദും വിമര്‍ശിച്ചിരുന്നെങ്കിലും പി ചിദംബരം പാര്‍ട്ടി നേതൃത്വത്തെയാണ് വിമര്‍ശിക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്തില്‍ 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയുടെ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ പ്രസിഡന്റിനെ ആവശ്യമാണെന്നും സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാല്‍ കത്തയച്ചവരെ രാഹുല്‍ ഗാന്ധി വിമര്‍ശിക്കുകയും ഗാന്ധി കുടുംബം വിരോധികളായി മുദ്രകുത്തുകയും ചെയ്തതോടെ നേതൃനിരയില്‍ ഭിന്നത ഉടലെടുത്തു. കത്തില്‍ ഒപ്പിട്ടവരില്‍ പ്രധാനിയായ കപില്‍ സിബല്‍ ബിഹാര്‍ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം വീണ്ടും പരസ്യവിമര്‍ശനത്തിനു മുതിര്‍ന്നതോടെ പോര് രൂക്ഷമായി. ഇരുപക്ഷവും പരസ്യവിമര്‍ശനം നടത്തുന്നതിനിടെയാണ് നേതൃത്വത്തിനു നല്‍കിയ കത്തില്‍ ഒപ്പിടാത്ത ചിദംബരവും പാര്‍ട്ടിയുടെ ദൗര്‍ബല്യം തുറന്നുകാട്ടിയത്.

After Sibal, it's Chidambaram now Congress leaders exchange jibes

Tags:    

Similar News